ഫാഷിസത്തെ എതിർക്കണമെങ്കിൽ കമ്യൂണിസം നശിക്കാതിരിക്കണം –ഏണസ്റ്റോ അര്‍ഡിറ്റോ
text_fieldsതിരുവനന്തപുരം: പൊള്ളുന്ന രാഷ് ട്രീയ പ്രമേയങ്ങളാണ് അർജൻറീനിയൻ ചലച്ചിത്രങ്ങളുടെ അന്തര്‍ധാര. ലോകം കൈവെക്കാൻ അറച്ചുനിന്ന വിഷയങ്ങൾ ഒരുമടിയും കൂടാതെ സ്പര്‍ശിക്കാനും അവയെ തിരശ്ശീലയിലേക്ക് എത്തിക്കാനും മത്സരിച്ച സംവിധായകരുടെ നാട്. ആരാധക ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിച്ച സോക്കർ സിനിമകൾക്കൊപ്പം തീക്ഷ്ണമായ രാഷ്ട്രീയ സിനിമകളും ഇവിടെനിന്ന് പിറവിയെടുത്തു. അത്തരത്തിെല സിനിമയാണ് രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിെല ‘സിംഫണി ഫോർ അന’. അർജൻറീനിയൻ സംവിധായകരും ദമ്പതികളുമായ ഏണസ്റ്റോ അര്ഡിറ്റോയുടെയും വിര്‍ന മൊലിനയുടെയും ആദ്യസിനിമ. അർജൻറീനിയൻ സിനിമകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ഇരുവരും ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.
•പ്രേക്ഷക പ്രീതി നേടിയ മത്സരചിത്രങ്ങളിലൊന്നാണ് ‘സിംഫണി ഫോർ അന’. എന്തുതോന്നുന്നു?
മൊലിന: വളരെ സന്തോഷം, സിനിമക്ക് അവാർഡൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, കാരണം ലോകസിനിമാ ഭൂപടത്തിലെ കുഴിയാനകളാണ് ഞങ്ങളും ‘സിംഫണി ഫോർ അന’യും. 10 ഡോക്യുമെൻററികൾ മാത്രം ചെയ്ത അനുഭവ സമ്പത്തിൽനിന്നാണ് അനയുെട പിറവി. രണ്ടുവർഷത്തെ ഞങ്ങളുടെ ജീവിതമാണ് ഈ സിനിമ. അവ അംഗീകരിച്ചതിൽതന്നെ ഏറെ സന്തോഷം. എഴുപതുകളിലെ അർജൻറീനയിലെ രാഷ് ട്രീയ പശ്ചാത്തലം വരച്ചുകാട്ടാനാണ് ശ്രമിച്ചത്. രാജ്യത്ത് കമ്യൂണിസ്റ്റ് ആശയങ്ങൾ നശിക്കാതിരിക്കേണ്ടതിെൻറയും രാഷ് ട്രീയബോധമുള്ള തലമുറ ഉയർന്നുവരേണ്ടതിെൻറയും ആവശ്യകത ബോധ്യപ്പെടുത്തുക എന്നുമാത്രമേ ചിത്രംകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. അതിനായി അർജൻറീനയുടെ ചരിത്രത്തിലെ ഒരേട് ഞങ്ങൾ മോഷ്ടിച്ചെന്ന് മാത്രം.
•സ്വതന്ത്രമായി ചിന്തിക്കുന്ന സംവിധായകരെ പ്രോത്സാഹിപ്പിക്കുന്ന ഭരണമാണോ ഇപ്പോൾ അർജൻറീനയിൽ?
ഏണസ്റ്റോ: ആരാണ് അങ്ങനെ പറഞ്ഞത്. രാജ്യത്തെ സിനിമ വ്യവസായത്തെ അപ്പാടെ തെൻറ കാൽകീഴിലൊതുക്കാനാണ് പ്രസിഡൻറ് മൗറിസീയോ മക്രി ശ്രമിക്കുന്നത്. സ്വതന്ത്ര സിനിമ നിര്‍മാണം വലിയൊരു വെല്ലുവിളിയായി അർജൻറീനയിൽ മാറിക്കൊണ്ടിരിക്കുന്നു. പണം ഉള്ളവനും സർക്കാറിന് താൽപര്യമുള്ളവർക്കും മാത്രമേ സിനിമ എടുക്കാൻ കഴിയൂ എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സിനിമ നിര്‍മാണത്തിന് ഏതു ഘട്ടത്തിലും തടസ്സമുണ്ടായേക്കാം. സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് പലതരം ഇടപെടലുകളുണ്ടാകുന്നു. സ്വതന്ത്ര സിനിമകളെ പിന്തുണക്കുന്ന നിര്‍മാതാക്കളും കുറവാണ്. സർക്കാർ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ചിത്രീകരണം പൂര്‍ത്തിയായ സിനിമകള്‍ പ്രദര്ശിപ്പിക്കാനാവാത്ത അവസ്ഥയുണ്ട്. ഫാഷിസം അതിെൻറ എല്ലാ ശക്തിയോടും കൂടി രാജ്യത്താകമാനം പടർന്നുപിടിക്കുന്നു. ഈ ഘട്ടത്തിൽ കമ്യൂണിസവും വിപ്ലവ പ്രസ്ഥാനങ്ങളും വേരറ്റുപോകാതെ കാത്തുസൂക്ഷിക്കേണ്ടത് വരുംകാലത്തിെൻറ ആവശ്യമാണ്.
•ഈ നിലപാട് തന്നെയാണോ രാജ്യത്തെ എല്ലാ പുതുതലമുറ സംവിധായകർക്കും?
മൊലിന: അല്ലെന്ന് പറയാനാവില്ല. അർജൻറീനയടക്കമുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പച്ചയായ ജീവിതം കടലും കടന്ന് കേരളത്തിലുള്ള ചലച്ചിത്രപ്രേമികൾ കാണുന്നുണ്ടെങ്കിൽ ഞങ്ങളെപ്പോലെ നൂറുകണക്കിന് പേർ നീതിക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടി സിനിമക്ക് അകത്തും പുറത്തുനിന്നുമായി കലഹിക്കുന്നത് കൊണ്ടാണ്. സിനിമ സംവിധായകെൻറ കലയാണ്. അവിടെ കത്രികവെക്കാനോ കൈകടത്താനോ ഒരു ഭരണകൂടത്തിനും അവകാശമില്ല.
•അർജൻറീനിയൻ നവതരംഗത്തെക്കുറിച്ച്് ?
മൊലിന: 2000 മുതലാണ് രാജ്യത്തെ സിനിമ ചിത്രീകരണരീതിയിൽ മാറ്റമുണ്ടായിത്തുടങ്ങിയത് എന്നാണ് ഞാൻ കരുതുന്നത്. ബ്രസീൽ, തുർക്കി, ഇറാൻ, ഫ്രഞ്ച് സിനിമകളെ പാഠപുസ്തമായി കണ്ട് തങ്ങളുടേതായ രീതിയിൽ സിനിമയുടെ വ്യാകരണ പുസ്തങ്ങളെ ഉടച്ചുവാർക്കാൻ ഞങ്ങളുടെ തലമുറക്ക് കഴിഞ്ഞു. വേരറ്റുപോകുമായിരുന്ന സിനിമാ സംസ്കാരത്തെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞു. ഒരുപക്ഷേ, സിനിമകളെക്കാളും ശക്തമായ ഡോക്യുമെൻററികൾ ഇക്കാലത്തുണ്ടായി. ഞാനടക്കമുള്ള കൂടുതൽ വനിതകൾ സിനിമയിലേക്ക് കടന്നുവരാൻ തുടങ്ങി. ഫുട്ബാളിനൊപ്പം ചേരിയിലെയും വേശ്യകളുടെയും പട്ടിണിപ്പാവങ്ങളുടെയും ജീവിതം ഞങ്ങൾ പറഞ്ഞു. ഫുട്ബാളിെൻറയും ലയണൽ മെസിയുടെയും മായികതക്കപ്പുറം ഇപ്പോഴും ലോകം കാണാത്ത അരികുപറ്റിയ ജീവിതകങ്ങൾ അർജൻറീനയിലുണ്ട്.
•സെൻസർഷിപ്പിനെക്കുറിച്ച്?
ഏണസ്റ്റോ: ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന പദമാണത്. ഇതൊരു സാമൂഹിക അധഃപതനമാണ്. ഞാനടക്കമുള്ള സംവിധായകർ അർജൻറീനയിൽ ഇതിനെതിരെ ഇപ്പോഴും കലഹിച്ചുകൊണ്ടിരിക്കുന്നു. എന്തു കാണണം, കാണണ്ട എന്ന് ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും അതിനോട് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യവും കാഴ്ചക്കാരന് വിട്ടുകൊടുക്കണം. കാഴ്ചകൾ സെൻസർ ചെയ്യാൻ ഓരോ വ്യക്തിക്കും അറിയാം. അവിടെ ഭരണകൂടത്തിെൻറ ഇടപെടൽ ആവശ്യമില്ല. ഇവിടത്തെ ഓപൺ ഫോറത്തിൽ പങ്കെടുത്തപ്പോൾ ചില സിനിമകളുടെ പേര് സെൻസർവിഷയവുമായി ഉയർന്നുകേട്ടു. സെൻസർഷിപ്പിനെതിരെ ആഞ്ഞടിക്കേണ്ടത് മേളയുടെ സുഖലോലുപതയിലിരുന്നല്ല. തെരുവിലേക്കിറങ്ങുകയാണ് വേണ്ടത്.
•കേരളത്തെയും ഐ.എഫ്.എഫ്.കെയും കുറിച്ച് ?
ഏണസ്റ്റോ: നല്ലൊരു മേള, അതിനെക്കാളും മികച്ച കാഴ്ചക്കാർ, ഞങ്ങളുടെ രാജ്യത്തൊന്നും ചലച്ചിത്രമേളയിൽ ഇത്തരമൊരു ജനക്കൂട്ടത്തെ കണ്ടിട്ടില്ല. വെറുതെ സിനിമ കണ്ട് മടങ്ങുന്നവരല്ല ഇവിടത്ത കാഴ്ചക്കാരെന്ന് മീറ്റ് ദ ഡയറക്ടേഴ്സിൽ പങ്കെടുത്തപ്പോൾ മനസ്സിലാക്കാനായി. 19ാമത് മേളയിൽ സുവർണ ചകോരം നേടിയ ഡിഗോ ലേമാന് ഞങ്ങളുടെ നാട്ടുകാരനാണ്. അദ്ദേഹം പറഞ്ഞതനുസരിച്ചാണ് ഇത്തവണ സിനിമ ഐ.എഫ്.എഫ്.കെയിൽ അയച്ചത്. തിരുവനന്തപുരത്തെത്തിയാൽ ആദ്യം കാണാൻ ആഗ്രഹിച്ചത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രമായിരുന്നു. പക്ഷേ, ഞായാറാഴ്ച ക്ഷേത്രത്തിലെത്തിയെങ്കിലും വിദേശികളായതുകൊണ്ട് സുരക്ഷാകാരണങ്ങളാൽ ക്ഷേത്രത്തിനുള്ളിലേക്ക് പൊലീസ് പ്രവേശിപ്പിച്ചില്ല. അതിെൻറ ദേഷ്യം മൊലിനക്ക് മലയാളികളോടുണ്ട് (ചിരിക്കുന്നു).
•അടുത്ത പ്രോജക്ടുകൾ?
മൊലിന: അടുത്തത് ഡോക്യുമെൻററിയാണ്. ഇത്രയും കാലം ഞങ്ങൾ ഒരുമിച്ചാണ് ഡോക്യുമെൻററിയും സിനിമയും ചെയ്തത്. ഇനി സ്വതന്ത്രരായി ജോലികൾ ചെയ്തു തുടങ്ങണം. ഏണസ്റ്റോ അർജൻറീനയിലെ ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ച് ഒരു ഡോക്യുമെൻറി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. എേൻറത് വരും കാലത്തെ കാഴ്ചയുടെ രാഷ് ട്രീയത്തെക്കുറിച്ചാണ്. കൂടുതലൊന്നും ഇപ്പോൾ പറയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.