സത്യൻ ചോദിച്ചു, ‘വരുന്നോ സിനിമയിലേക്ക്?’
text_fieldsകോഴിക്കോട്: ചിത്രംവരയും ഫോട്ടോപിടിത്തവുമായി നടന്ന ശശിധരനെന്ന കൗമാരക്കാരന് മലയാള സിനിമയുടെ സുവർണപാതയിലൂടെ കുതിച്ചോടാൻ പ്രചോദനം നൽകിയത് നടൻ സത്യെൻറ ചോദ്യമാണ്. ചെറുപ്പത്തിലേ ചിത്രംവരയിലും സംഗീതത്തിലും ഫോട്ടോഗ്രഫിയിലും സ്പോർട്സിലുമെല്ലാം പ്രത്യേക താൽപര്യം കാണിച്ച ഐ.വി. ശശി അക്കാലത്ത് മുൻകാല നാടക^ചലച്ചിത്ര നടനായിരുന്ന നെല്ലിക്കോട് ഭാസ്കരനൊപ്പമെത്തിയ സത്യെൻറ ചിത്രമെടുക്കാനായി നാഷനൽ സ്റ്റുഡിയോയിൽ പോയി. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഇത്. ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട സത്യൻ ശശിയോടു ചോദിച്ചു, ‘സിനിമയിൽ താൽപര്യമുണ്ടോ, വരുന്നോ സിനിമയിേലക്ക്?’ ആ ചോദ്യം കേട്ടയുടൻ അദ്ദേഹത്തിെൻറ മനസ്സിൽ സിനിമയുടെ വെള്ളിവെളിച്ചം നിറയുകയായിരുന്നു.
സത്യെൻറ ക്ഷണം കിട്ടിയ അന്ന് വീട്ടിലേക്കെത്തിയത് സൈക്കിളിലിരുന്ന് തുള്ളിക്കളിച്ചായിരുന്നുവെന്ന് ഐ.വി. ശശിയുടെ അനിയനും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമായ ഐ.വി. ശശാങ്കൻ ഓർക്കുന്നു. അച്ഛൻ ഇരുപ്പം വീട്ടിൽ ചന്തുവിെൻറ പരിപൂർണ പ്രോത്സാഹനം കൂടിയായതോടെ ആത്മവിശ്വാസം കൂടി. അക്കാലത്ത് പാരഗൺ ഹോട്ടൽ നിൽക്കുന്ന സ്ഥലത്ത് സ്റ്റുഡിയോ നടത്തുകയായിരുന്ന വിൻസൻറ് മാഷിെൻറ കത്തുമായി സിനിമക്കാരുടെ സ്വപ്നഭൂമിയായ മദ്രാസിലേക്ക് വണ്ടി കയറി. ചിത്രകാരനായതിനാൽ കലാസംവിധാനത്തിലായിരുന്നു തുടക്കം. കലാസംവിധായകൻ എസ്. കൊന്നനാടിെൻറ കീഴിൽ അസി. ആർട്ട് ഡയറക്ടറായി സിനിമയിൽ ചുവടുവെച്ചു.
പിന്നീട് കലാസംവിധായകൻ, സഹസംവിധായകൻ തുടങ്ങി ഒരുപാട് വേഷമിട്ടു. 27ാം വയസ്സിൽ സംവിധായകെൻറ കുപ്പായമണിഞ്ഞെങ്കിലും ടൈറ്റിലിൽ പേരൊന്നും ഇല്ലായിരുന്നു. ഉത്സവം എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യം സംവിധാനം ചെയ്തതായി അറിയപ്പെടുന്നത്. മറ്റു പല സിനിമാപ്രവർത്തകരെയുംപോലെ ഇല്ലായ്മയിൽനിന്നായിരുന്നു ഐ.വി. ശശിയുടെയും തുടക്കം. ചെന്നൈയിൽനിന്നും ചിത്രംവര തുടർന്നു. വീട്ടിൽ നിന്ന് പണം അയച്ചുകൊടുക്കുമായിരുന്നു അക്കാലത്ത്. ഐ.വി. ശശാങ്കനെക്കൂടാതെ ഐ.വി. സതീഷ്ബാബു, ശൈലജ എന്നിവരാണ് ഐ.വി. ശശിയുടെ സഹോദരങ്ങൾ. പ്രായത്തിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ സഹോദരങ്ങളെന്നതിനപ്പുറം സുഹൃത്തുക്കളായിരുന്നു തങ്ങളെന്ന് വെസ്റ്റ്ഹിൽ അത്താണിക്കലിലെ ഇരിപ്പം വീട്ടിലിരുന്ന് ശശാങ്കൻ ഓർക്കുന്നു. ഈ വീട്ടുപേരാണ് പിന്നീട് ചുരുക്കി ഐ.വി എന്നാക്കിയത്.
ഇവർ ജനിച്ചുവളർന്ന തറവാടുവീട് ഇപ്പോഴില്ലെങ്കിലും തൊട്ടടുത്തുതന്നെയാണ് പുതിയ വീട് നിർമിച്ചത്. ഒരുപാട് സിനിമകളുമായി തിരക്കായതിനുശേഷം പഴയതുപോലെ വീട്ടിൽ വന്ന് നിൽക്കാറില്ലെങ്കിലും കുടുംബവുമായുള്ള ബന്ധം എന്നും സുദൃഢമായിത്തന്നെ സൂക്ഷിച്ചു. സീമയെ വിവാഹം ചെയ്യാനുള്ള തീരുമാനവും വീട്ടിൽ വിളിച്ച് പിന്തുണ തേടിയതിനുശേഷമാണ് ഉറപ്പിച്ചത്. ആഗസ്റ്റിൽ സംവിധായകൻ ഹരിഹരന് ആദരമർപ്പിച്ച് കോഴിക്കോട്ട് നടത്തിയ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹം അവസാനമായി ജന്മനാട്ടിലെത്തിയത്. സീമയോടൊപ്പം കുടുംബവീട്ടിൽ പോയി ഊണ് കഴിക്കുകയും കുടുംബക്ഷേത്രത്തിൽ പ്രാർഥിക്കുകയും ചെയ്ത ശേഷമാണ് ഐ.വി. ശശി മടങ്ങിയത്. ആ യാത്ര വീട്ടിൽ നിന്നുള്ള പടിയിറക്കമായിരുന്നുവെന്ന് കോഴിക്കോട്ടെ കുടുംബാംഗങ്ങൾക്ക് വിശ്വസിക്കാനാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.