Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസൂപ്പര്‍ ഹിറ്റുകളുടെ...

സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകന്‍...

text_fields
bookmark_border
iv-sasi
cancel
camera_alt?.??. ???

ഒരു സംവിധായകന്‍െറ പേര് തിരശ്ശീലയില്‍ തെളിയുമ്പോള്‍ ആദ്യമായി കാണികള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചത് മലയാളത്തില്‍ 'ഐ.വി. ശശി' എന്ന പേരിനൊപ്പമായിരുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ അംഗീകാരമായ ജെ.സി. ഡാനിയേല്‍ പുരസ്കാരം ആ കൈകളിലേല്‍പിച്ച് വീണ്ടും മലയാളി എഴുന്നേറ്റു നിന്ന് കൈയടിച്ചു. 1968ല്‍ കോഴിക്കോട്ടു  നിന്ന് കോടമ്പാക്കത്തേക്ക് വണ്ടി കയറുമ്പോള്‍ ഇരുപ്പം വീട്ടില്‍ ശശിധരന്‍ എന്ന ചെറുപ്പക്കാരന് ആത്മവിശ്വാസമായി കൂടെയുണ്ടായിരുന്നത് ചിത്രകാരന്‍ എന്ന മേല്‍വിലാസമായിരുന്നു. ആര്‍ട്ട് ഡയറക്ടറായി തുടങ്ങി സഹസംവിധായകനും സംവിധായകനുമായ ശശിയോളം ട്രെന്‍ഡ് സെറ്ററായ മറ്റൊരു സംവിധായകന്‍ ഇനിയും മലയാളത്തിലുണ്ടായിട്ടില്ല. 

Aavanazhi

1975ല്‍ അന്നത്തെ ന്യൂജെന്‍ വിപ്ലവത്തിന് തുടക്കമിട്ട് ‘ഉത്സവം’ എന്ന ആദ്യ സിനിമയിലൂടെ വരവറിയിച്ച ഐ.വി. ശശിക്ക് പിന്നെ വീട്ടില്‍ വെറുതെയിരിക്കാന്‍ നേരമുണ്ടായിട്ടില്ല. ഒരു വര്‍ഷം 10 ചിത്രങ്ങള്‍ വരെ സംവിധാനം ചെയ്യുന്ന, അതിലേറെയും ഹിറ്റുകളായി തിയറ്ററുകളില്‍ നിറഞ്ഞോടുന്ന മറ്റൊരു പേര് അപൂര്‍വമായി. അതുവരെ വെളുത്ത മുഖമുള്ള നന്മയില്‍ ഗോപാലന്മാരെ മാത്രം നായകരായി കണ്ട സിനിമയില്‍ ആസുരതകളുടെ മുഖമിട്ട പരുക്കന്‍ മനുഷ്യരും അവരുടെ ജീവിതവും സൂപ്പര്‍ ഹിറ്റുകളാക്കി ഐ.വി. ശശി അതിശയം സൃഷ്ടിച്ചു. സുന്ദരമായ ജീവിതത്തിന്‍െറ പൂമുഖത്ത് കഥാപാത്രങ്ങളെ മുഖക്കൂട്ടിട്ട് സിനിമ എടുത്തവര്‍ക്കിടയില്‍ ഐ.വി. ശശി പലപ്പോഴും തിരഞ്ഞു പോയത് പിന്നാമ്പുറങ്ങളായിരുന്നു. ജീവിക്കാനായി പടപൊരുതുന്ന മനുഷ്യര്‍ അങ്ങനെ മലയാളികളുടെ വെള്ളിത്തിരയില്‍ തെളിഞ്ഞുനിന്നു. ഈറ്റവെട്ടുകാരും പനകയറ്റക്കാരും മീന്‍പിടിത്തക്കാരും ചുമട്ടുതൊഴിലാളികളും വേശ്യയുമൊക്കെ വിജയഗാഥ രചിച്ച നായികാ നായകന്മാരായി.

devasuram

പ്രണയവും രോഷവും മുതല്‍ അധോലോകവും രാഷ്ട്രീയവും ചരിത്രവും വരെ എല്ലാത്തരം ട്രെന്‍ഡുകളും സൃഷ്ടിക്കുകയും ഒരേസമയം കച്ചവട സിനിമയുടെയും കലാമൂല്യമുള്ള സിനിമകളുടെയും വക്താവായിരിക്കാനും കഴിഞ്ഞ അപൂര്‍വം സംവിധായകരില്‍ ഒരാളാണ് ഐ.വി. ശശി.ആലപ്പി ഷെരീഫിനൊപ്പം 23 ചിത്രങ്ങള്‍ ഒരുക്കിയ ശശി ടി. ദാമോദരനെ കൂട്ടുപിടിച്ച് തുരുതുരാ ഹിറ്റുകള്‍ സൃഷ്ടിച്ചു. ഇവയില്‍ മിക്കതും പില്‍ക്കാല സിനിമക്കാരുടെ പാഠപുസ്തകമായിരുന്നു.പ്രേം നസീര്‍, മധു, സോമന്‍, സുകുമാരന്‍, കമല്‍ഹാസന്‍, ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശ്രീവിദ്യ, സീമ, ശ്രീദേവി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഐ.വി. ശശിയുടെ സംവിധാന മികവില്‍ നടനവൈഭവം തെളിയിച്ചവരായിരുന്നു.എം.ടി. വാസുദേവന്‍ നായര്‍, പത്മരാജന്‍, ജോണ്‍പോള്‍, ലോഹിതദാസ്, രഞ്ജിത്ത് തുടങ്ങിയ മലയാളത്തിലെ മുന്‍നിരക്കാര്‍ ശശിയുടെ സിനിമക്ക് തിരക്കഥയൊരുക്കിയിരുന്നു.

Aavanazhi-

ഐ.വി. ശശി എന്ന സംവിധായകന്‍െറ ഡേറ്റിനായി നിര്‍മാതാക്കള്‍ മദിരാശിയിലെ വീടിനു മുന്നില്‍ ഉറക്കമൊഴിച്ച് കാത്തിരുന്നിട്ടുണ്ട്. തുടര്‍ച്ചയായി വര്‍ഷംതോറും എട്ടും ഒമ്പതും പത്തുംവരെ സിനിമകള്‍ ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി. നടന്മാരുടെ ആധിക്യമായിരുന്നു ശശി സിനിമകളുടെ പ്രത്യേകത. നൂറുകണക്കിന് അഭിനേതാക്കളെ ഒരു കാന്‍വാസില്‍ ഒതുക്കി വരക്കുന്ന ചിത്രംപോലെ അനായാസമായി അദ്ദേഹം കാമറയില്‍ ഒപ്പി. ലോറന്‍സ് ഓഫ് അറേബ്യയും ഡോ. ഷിവാഗോയുമൊക്കെ കണ്ടവര്‍ ഐ.വി. ശശിയെ നോക്കി ‘മലയാളത്തിന്‍െറ ഡേവിഡ് ലീന്‍’ എന്നുവരെ വിളിച്ചു. 1921 എന്ന ദൃശ്യവിസ്മയം ഹോളിവുഡ് മികവോടെ ഐ.വി. ശശി ഒരുക്കിയത് ഇന്നത്തെ സാങ്കേതിക വിദ്യകള്‍ ഒന്നുമില്ലാതിരുന്ന കാലത്താണെന്നോര്‍ക്കുക.

avalude

‘തൃഷ്ണ’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെയും ‘ഉയരങ്ങളി’ലൂടെ നായകനായും പരീക്ഷിക്കാന്‍ ധൈര്യം കാണിച്ചത് ഐ.വി. ശശിയായിരുന്നു. ‘ദേവാസുരം’ എന്ന ചിത്രം മോഹന്‍ലാലിന്‍െറ ജീവിതത്തിലെ വഴിത്തിരിവുമായി. സിനിമയിലെ നായിക സീമയെ സ്വന്തം ജീവിതനായികയുമാക്കി. അവളുടെ രാവുകള്‍, ഇതാ ഇവിടെവരെ, അങ്ങാടി, മീന്‍, അഹിംസ, ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരം, ആവനാഴി, അടിയൊഴുക്കുകള്‍, അതിരാത്രം, അടിമകള്‍ ഉടമകള്‍, ഈനാട്... ഐ.വി. ശശി സൃഷ്ടിച്ച സൂപ്പര്‍ ഹിറ്റുകളില്‍ ചിലതുമാത്രം. ‘ന്യൂ ജെന്‍’ സിനിമകള്‍ ആഘോഷമാകുന്ന ഈ കാലത്ത് മലയാളത്തിലെ ആദ്യത്തെ ന്യൂ ജെന്‍ സംവിധായകന്‍ സിനിമകളില്‍നിന്ന് അകന്ന് ചെന്നൈയിലായിരിക്കുമ്പോഴാണ് ഈ മഹാപുരസ്കാരം തേടിയത്തെുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film directormalayalam cinemaiv sasimalayalam newsmovies news
News Summary - IV Sasi Is a Director of Super Hits -Movies News
Next Story