Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഇനിയും മറക്കാത്ത...

ഇനിയും മറക്കാത്ത ജയന്‍...

text_fields
bookmark_border
Jayan-ol
cancel

കറ കറ ശബ്ദത്തോടെ ഇനിയൊരിക്കല്‍ കൂടി ഫിലിം റോളുകള്‍ തിയറ്ററുകളിലേക്ക് തിരിച്ചുവരാന്‍ സാധ്യത കാണുന്നില്ല. അത്രമേല്‍ മാറിക്കഴിഞ്ഞ സാങ്കേതികവിദ്യയുടെ കാലത്ത് അതുകൊണ്ടുതന്നെ ഒരിക്കല്‍ കൂടി പഴയ ശബ്ദ ഗാംഭീര്യത്തോടെ ജയന്‍ വെള്ളിത്തിരയിലേക്ക് തിരിച്ചുവരാനും സാധ്യതയില്ല. എന്നിട്ടും, സാങ്കേിതക വിദ്യയുടെ ഒൗദാര്യത്തില്‍ ഇപ്പോഴും ജയന്‍ അനശ്വരനായിക്കൊണ്ടേയിരിക്കുന്നു. യൂ ട്യൂബിലൂടെയും കോംപാക്ട് ഡിസ്കുകളിലൂടെയും 37 വര്‍ഷം മുമ്പ് ഇതേ ദിവസം മരണം വരിച്ച ആ ധീരനായ അഭിനേതാവിനെ ഓര്‍മിച്ചുകൊണ്ടേയിരിക്കുന്നു.

Jayan
 
അങ്ങാടിയിൽ ജയൻ

ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ജയന് 78 വയസ്സ് കാണുമായിരുന്നു. ചിലപ്പോള്‍ ഏതെങ്കിലും വൃദ്ധ വേഷങ്ങളില്‍ സിനിമയുടെ നരച്ച കാന്‍വാസുകളില്‍ അങ്ങനെയൊരു നടനും കൂടി കഴിഞ്ഞുപോയേനെ. പക്ഷേ, ജയന് അതാകുമായിരുന്നില്ല. ജീവിതത്തിന്‍െറ ഉച്ചകോടിയില്‍ നായകത്വത്തിന്‍െറ പരമോന്നതിയില്‍നിന്ന് താഴെയിറങ്ങാന്‍ കൂട്ടാക്കാതെ ഇന്നും യുവത്വത്തിന്‍െറ പ്രസരിപ്പില്‍ ജയന്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്... വരച്ചുവെച്ചതുപോലുള്ള മീശയും കത്തുന്ന കണ്ണുകളും ചെരിച്ചു പിടിച്ച തലയുമായി സ്റ്റൈലൈസ്ഡ് ആയ അതേ മുഖഭാവത്തോടെ. 

സത്യനെപ്പോലെ അഭിനയത്തിന്‍െറ അനായാസ്യതയും തന്മയത്വവും ഇഴുകിച്ചേര്‍ന്ന നടന്മാരായിരുന്നില്ല പ്രേംനസീറും ജയനും. സത്യന്‍ വിടവാങ്ങി മൂന്നുവര്‍ഷത്തിനു ശേഷമായിരുന്നു ജയന്‍ സിനിമയിലത്തെിയതുപോലും. പക്ഷേ, ഒരു കാലത്ത് തിയറ്ററുകളെ ഇളക്കിമറിക്കാനും ഹിറ്റുകളില്‍നിന്ന് ഹിറ്റുകളിലേക്ക് കൊടികെട്ടി പായാനും ഈ രണ്ടു നടന്മാര്‍ക്കും കഴിഞ്ഞിരുന്നു. 41 സിനിമകളില്‍ ഒന്നുചേര്‍ന്നഭിനയിച്ച ഈ ജോഡികളെ അച്ചുതണ്ടാക്കി  ഒരുകാലം മലയാള സിനിമ വ്യവസായം ഭ്രമണം ചെയ്തിരുന്നു. 

​​
പ്രേംനസീറിനൊപ്പം ജയൻ

ഒരു മികച്ച അഭിനേതാവ് എന്ന നിലയില്‍ പ്രേംനസീര്‍ പരീക്ഷിക്കപ്പെട്ടത് അവസാന നാളുകളിലായിരുന്നു. ഒരു പൊടിക്ക് സ്ത്രൈണാംശം വിളക്കി ചേര്‍ത്ത നായകസ്വരൂപത്തിനിടയില്‍ സത്യന് കിട്ടിയപോലെ അഭിനേതാവിനെ മൂര്‍ച്ച കൂട്ടി അവതരിപ്പിക്കാന്‍ പ്രേംനസീറിന് അവസരങ്ങളുണ്ടായിരുന്നില്ല. അന്നത്തെ സിനിമ അദ്ദേഹത്തില്‍നിന്ന് അത് ആവശ്യപ്പെട്ടിരുന്നുമില്ല.  

ഏതാണ്ട് അതേ അവസ്ഥ തന്നെയായിരുന്നു ജയന്‍േറതും. സാങ്കേതിക വിദ്യകള്‍ അത്രകണ്ട് വികാസം പ്രാപിക്കാത്ത മലയാള സിനിമയില്‍ അതിസാഹസിക രംഗങ്ങളില്‍ ആ നടന്‍ കാഴ്ചവെച്ച അത്യസാധാരണമായ തികവായിരുന്നു തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചിരുന്നത്. പ്രത്യേകം പരിശീലനം കിട്ടിയ പകരക്കാരെ വെച്ച് രംഗങ്ങള്‍ ചിത്രീകരിക്കാമെന്നിരിക്കെ അതിന് ഒരുമ്പെടാതെ സ്വയം ചെയ്യുന്നതിലായിരുന്നു ജയന് താല്‍പര്യം. അത്തരം ഓരോ സീനുകളും കഴിഞ്ഞ് സംവിധായകര്‍ കട്ട് പറയുമ്പോള്‍ ഉയര്‍ന്ന കൈയടികളില്‍ ആ നടന്‍ നിര്‍വൃതി നുണഞ്ഞിരുന്നു. ആ ആനന്ദം ഒടുവില്‍ മരണത്തിലേക്കും സ്വയം എടുത്തെറിഞ്ഞു.

Jayan in Naayaattu
ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്​ത ‘നായാട്ട്’​ എന്ന ചിത്രത്തിൽ ജയൻ (ശ്രീകുമാരൻ തമ്പി ഫേസ്​ബുക്കിൽ പങ്കുവെച്ച ചിത്രം)

മലയാള സിനിമ അതുവരെ കണ്ടിട്ടില്ലാത്ത പോളോ മത്സരം പശ്ചാത്തലമാക്കിയായിരുന്നു 1980 നവംബര്‍ 22ന് ‘ദീപം’ എന്ന സിനിമ റിലീസ് ചെയ്തത്. മധു, ശ്രീവിദ്യ, സീമ, സത്താര്‍ എന്നിവര്‍ക്കൊപ്പം ജയന്‍ നായക വേഷത്തിലത്തെിയ, പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍െറ സഹസംവിധായകന്‍  സത്യന്‍ അന്തിക്കാടായിരുന്നു. ആദ്യ ദിവസം തന്നെ ചിത്രം ഹിറ്റാകുമെന്നുറപ്പായി. നിറഞ്ഞുകവിഞ്ഞ തിയറ്ററുകള്‍ക്കു മുന്നില്‍ ഹൗസ്ഫുള്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കൈ്ളമാക്സില്‍ പോളോ മൈതാനത്ത് വില്ലന്മാരെ കുതിരപ്പുറത്തിരുന്ന് ജയന്‍ അടിച്ചു പരത്തുമ്പോള്‍ തിയറ്ററുകള്‍ ആരവത്തില്‍ മുങ്ങി. 
അഞ്ചാം ദിനം നവംബര്‍ 26ന് ബുധനാഴ്ച തിങ്ങിനിറഞ്ഞ തിയറ്ററില്‍ സിനിമയുടെ ഇടയില്‍ തികച്ചും അപ്രതീക്ഷിതമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട സൈ്ളഡിലെ കറുപ്പം വെളുപ്പും വാചകം കണ്ട് പ്രേക്ഷകര്‍ ഞെട്ടിത്തരിച്ചു. 

‘ജയന്‍ അന്തരിച്ചു..’ 
വിശ്വസിക്കാന്‍ കഴിയാതെ സിനിമ നിര്‍ത്തിവെച്ച് പുറത്തിറങ്ങിയ അവര്‍ നിലവിളിച്ചുപോയി... വാര്‍ത്തകളുടെ സഞ്ചാരവേഗം കുറവായിരുന്ന അന്നത്തെ കാലത്ത് അത് ശരിവെക്കാന്‍ പിന്നെയും സമയമെടുത്തു.  മദിരാശി നഗരത്തില്‍നിന്നും 24 കിലോ മീറ്റര്‍ അകലെ ഷോലാവരത്ത് സിനിമ ചിത്രീകരണത്തിനിടയില്‍ ജയന്‍ മരിച്ചു...

വിജയനാന്ദ് സംവിധാനം ചെയ്ത ‘കോളിളക്ക’ത്തിന്‍െറ കൈ്ളമാക്സ് സീന്‍ ഒരിക്കല്‍ കൂടി കണ്ടുനോക്കൂ...
കൃഷിക്ക് മരുന്നു തളിക്കുന്ന ഒരു ഹെലികോപ്റ്ററില്‍ ബാലന്‍ കെ. നായര്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ വലിഞ്ഞുകയറി തടയുന്ന ജയന്‍. ബാലന്‍ കെ. നായര്‍ ഹെലികോപ്റ്ററില്‍ കയറുന്നത് കണ്ട് സുകുമാരന്‍ ബൈക്കില്‍ പിന്തുടരുന്ന രംഗം. ബൈക്കിനു പിന്നില്‍ കയറി ഇരിക്കുകയല്ല ജയന്‍ചെയ്തത്, സീറ്റില്‍ കയറി നില്‍ക്കുകയാണ്. ഇടതു കാല്‍ നിലത്തുരച്ച് ഏറെ പാടുപെട്ടാണ് ജയനെയും കൊണ്ട് സുകുമാരന്‍ ബൈക്ക് ഓടിച്ചത്. ആ ബൈക്കില്‍ കയറിനിന്നാണ് ജയന്‍ വിമാനത്തിന്‍െറ ലാന്‍റിംഗ് പാഡില്‍ കയറി തൂങ്ങുന്നത്....

ഒട്ടും യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ഒരു സീനും ജയന്‍െറ ആവേശവും അമിത ആത്മവിശ്വാസവും ക്ഷണിച്ചുവരുത്തിയതായിരുന്നു ആ അപകടം. നിയന്ത്രണം നഷ്ടമായ ഹെലിക്കോപ്റ്റര്‍ നിലത്തിടിക്കുമ്പോള്‍ അതില്‍ ജയന്‍ മാത്രമേയുണ്ടായിരുന്നുള്ളു. പൈലറ്റ് ചാടി രക്ഷപ്പെട്ടിരുന്നു. ബാലന്‍ കെ. നായര്‍ പരിക്കുകളോടെ പുറത്തേക്ക് തെറിച്ചുവീണിരുന്നു. തലയുടെ പിന്‍ഭാഗം നിലത്തിടിച്ച ജയനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പലവട്ടം ആ സീന്‍ ചിത്രീകരിച്ചിട്ടും തൃപ്തിവരാതെ ജയന്‍ തന്നെ റീ ടേക്കുകള്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പറയുന്നവരുണ്ട്. ജയന്‍െറ മരണത്തില്‍ ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ജയന്‍ മരിച്ചിട്ടില്ളെന്നും അമേരിക്കയില്‍ ജീവിച്ചിരിപ്പുണ്ടെന്നും കഥകള്‍ പ്രചരിച്ചിരുന്നു. അത്തരം കഥകള്‍ നിറഞ്ഞ പുസ്തകങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. 

‘ഇടിമുഴക്കം’ എന്ന ചിത്രത്തിൽനിന്ന്​ (ശ്രീകുമാരൻ തമ്പി ഫേസ്​ബുക്കിൽ പങ്കുവെച്ച ചിത്രം)

ഒരിക്കല്‍ വിജയിച്ച ഫോര്‍മുല ഒരു മടിയുമില്ലാതെ ആയിരംവട്ടം ആവര്‍ത്തിക്കാന്‍ മടിയില്ലാത്തവരാണ് സിനിമക്കാര്‍. പാട്ടു സീനുകളില്‍ പ്രേം നസീര്‍ കാഴ്ചവെച്ചിരുന്ന മികവ് കാരണം അദ്ദേഹത്തിന്‍െറ സിനിമയില്‍ തലങ്ങും വിലങ്ങും പാട്ടുകളുടെ പ്രളയമായിരുന്നു. അതുകൊണ്ട് ഒട്ടേറെ മികച്ച ഗാനങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായി എന്നത് നിഷേധിക്കുന്നില്ല. അതുപോലെയായിരുന്നു ജയന്‍െറ കാര്യവും. അഭിനയ മികവിനെക്കാള്‍ സാഹസിക രംഗങ്ങളില്‍ അജയ്യനായിരുന്നതിനാല്‍ എല്ലാ ജയന്‍ സിനിമകളിലും സാഹസിക രംഗങ്ങള്‍ കുത്തിനിറയ്ക്കാന്‍ സംവിധായകര്‍ തിരക്കഥാകൃത്തുക്കളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. മുതലയുമായും പുലിയുമായും ആനയും കുതിരയുമായും മല്‍പിടുത്തം നടത്താന്‍ സര്‍ക്കസിലെ റിംഗ് മാസ്റ്റര്‍മാരെ പോലെ അവര്‍ ജയനെ നിരന്തരം ഇറക്കിവിട്ടു. അതീവ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ചുമാത്രം ഹോളിവുഡ് താരങ്ങള്‍ അത്തരം സീനുകളില്‍ അഭിനയിച്ചപ്പോള്‍ ചോരയില്‍ കലര്‍ന്ന സാഹസിക വീര്യത്തിന്‍െറ മാത്രം ബലത്തില്‍ ജയന്‍ അത്തരം സീനുകളില്‍ തകര്‍ത്തഭിനയിച്ചു. അതൊരു ലഹരിയായി ആ മനുഷ്യനില്‍ പടര്‍ന്നുകയറിയിരുന്നു. നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന അനുഭവവും ജയനെ സാഹസികനാക്കി.

jayan-death-
ജയ​​​െൻറ മരണത്തിലേക്ക്​ നയിച്ച ‘കോളിളക്ക’ത്തി​​​െൻറ ക്ലൈാമാക്​സ്​

സംഘട്ടന - സാഹസിക രംഗങ്ങളില്‍ ജയനൊപ്പം അഭിനയിച്ചവര്‍ വിസ്മയത്തോടെ അത് ഓര്‍മിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ ജയനല്ലാതെ മറ്റൊരാളല്ല. വെറും ആറ് വര്‍ഷം നീണ്ട കരിയറില്‍ 125ലേറെ സിനിമകള്‍. ചെറുവേഷത്തില്‍ തുടങ്ങി വില്ലനും നായകനുമായി മലയാള സിനിമയിലെ ഏറ്റവും വിലയേറിയ താരമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. മരണത്തിന് ഏഴു മാസങ്ങള്‍ക്കു മുമ്പാണ് ഐ.വി. ശശി സംവിധാനം ചെയ്ത ‘അങ്ങാടി’ റിലീസായത്. സര്‍വകാല റെക്കോര്‍ഡുകളും തിരുത്തിയ ആ ചിത്രം ജയനെ സൂപ്പര്‍ താരമാക്കി. ജയന്‍ മരിച്ച 1980ല്‍ മാത്രം റിലീസ് ചെയ്തത് 20 ഓളം സിനിമകളായിരുന്നു. ശക്തി, ചന്ദ്രഹാസം, തീനാളങ്ങള്‍, പാലാട്ടു കുഞ്ഞിക്കണ്ണന്‍, ഇത്തിക്കരപക്കി, നായാട്ട്, കാന്തവലയം, കരിമ്പന, ഇടിമുഴക്കം, മീന്‍ , കരിപുരണ്ട ജീവിതങ്ങള്‍, അന്തപ്പുരം, ലൗ ഇന്‍ സിംഗപ്പൂര്‍, ചാകര, അങ്ങാടി,  ബെന്‍സ് വാസു, ദീപം, മൂര്‍ഖന്‍, മനുഷ്യമൃഗം തുടങ്ങിയവ... എല്ലാം വമ്പന്‍ ഹിറ്റുകള്‍...

ബെല്‍ബോട്ടം പാന്‍റ്സും വിസ്താരമേറിയ കോളറുള്ള കോട്ടും മുഖം നിറഞ്ഞ കൂളിംഗ് ഗ്ളാസും വരച്ചുവെച്ച മീശയും വിരിച്ചുപിടിച്ച കൈകളും മുഴങ്ങുന്ന ശബ്ദവുമുള്ള ജയന്‍െറ ഭാവത്തില്‍ ‘ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍...’ എന്ന് നീളത്തില്‍ മിമിക്രിക്കാര്‍ വിലപിച്ച് ചിരിപ്പിക്കാന്‍ വഴി തേടുമ്പോള്‍ , 37 വര്‍ഷം മുമ്പത്തെ ആ നവംബര്‍ 16, സിനിമയെ സ്നേഹിച്ച മലയാളികള്‍ വാവിട്ടു നിലവിളിച്ച, ഇനി ജീവിച്ചിരിക്കുന്നതെന്തിന് എന്നുപോലും വിചാരിച്ച ദിവസമായിരുന്നു എന്ന് മറക്കരുത്.

ഇടിമുഴക്കം എന്ന ചിത്രത്തി​​​െൻറ ഷൂട്ടിങ്ങിനിടയിൽ ജയനും ശ്രീകുമാരൻ തമ്പിയും (ശ്രീകുമാരൻ തമ്പി ഫേസ്​ബുക്കിൽ പങ്കുവെച്ച ചിത്രം)
 
വര്‍ഷങ്ങള്‍ ചിലതുകൂടി കഴിയുമ്പോള്‍ ഇനിയും ഉഴുതുമറിക്കാനിരിക്കുന്ന സിനിമയുടെ വ്യാകരണങ്ങളില്‍ ഇന്നത്തെ നായകന്മാരും കോമാളികളാകും. സംശയമുണ്ടെങ്കില്‍ ബെല്‍ബോട്ടം ധരിച്ച മോഹന്‍ലാലിന്‍െറയും മമ്മൂട്ടിയുടെയും പഴയ സിനിമകള്‍ യൂട്യൂബിലെടുത്ത് ഒന്നുകൂടെ കണ്ടുനോക്കൂ.. ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങാന്‍ വേറെന്നും വേണ്ട. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death anniversarymalayalam newsmovie newsActor JayanJayan Death
News Summary - Jayan Commemoration-Movie News
Next Story