കുഞ്ഞുനാൾ മുതൽ കല നെഞ്ചേറ്റിയ കലാകാരൻ
text_fieldsകോഴിക്കോട്: ചെറുപ്പത്തിൽതന്നെ കലയെ നെഞ്ചോട് ചേർത്തുപിടിച്ച കലാകാരനായിരുന്നു ശനിയാഴ്ച അരങ്ങൊഴിഞ്ഞ കെ.ടി.സി. അബ്ദുല്ല. സ്വാഭാവിക അഭിനയ മുഹൂർത്തങ്ങളെ ഒട്ടും കൃത്രിമമില്ലാതെ വേദിയിലും അഭ്രപാളികളിലും അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. 60കളിൽ കോഴിക്കോട്ട് ആരംഭിച്ച യുനൈറ്റഡ് ഡ്രാമാറ്റിക് അക്കാദമിയിലൂടെയാണ് നാടകാഭിനയ രംഗത്തേക്ക് വന്നത്. നാടകഭ്രമം മൂത്ത് എട്ടാംക്ലാസിൽ പഠനം നിർത്തി കലാരംഗത്ത് സജീവമായി.
ആൺവേഷം മോഹിച്ച് അരങ്ങിലെത്തിയ അബ്ദുല്ലയെ കാത്തിരുന്നത് ആദ്യ നാടകത്തിൽതെന്ന പെൺവേഷമായിരുന്നു. എ.കെ. പുതിയങ്ങാടിയുടെ ‘കണ്ണുകൾക്ക് ഭാഷയുണ്ട്’എന്ന നാടകം മലബാർ നാടകോത്സവത്തിൽ അവതരിപ്പിച്ചപ്പോൾ നടി വരാതിരുന്നതോടെയാണ് അദ്ദേഹത്തിന് പെൺവേഷമണിയേണ്ടി വന്നത്. ഇൗ സംഭവം അദ്ദേഹം പല സദസ്സുകളിലും പിൽക്കാലത്ത് വിവരിക്കുമായിരുന്നു. പിന്നീട് പി.എൻ.എം. ആലിക്കോയയുടെ ‘വമ്പത്തി നീയാണ് പെണ്ണ്’എന്ന നാടകത്തിലും സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനിടക്ക് സിനിമയിലേക്ക് രംഗപ്രവേശനം.
എം.ടി. വാസുദേവൻ നായർ, സത്യൻ അന്തിക്കാട്, ഹരിഹരൻ, ടി. ദാമോദരൻ, ഐ.വി. ശശി, ഭരതൻ തുടങ്ങിയ പ്രഗല്ഭരോടൊപ്പം ജോലിചെയ്തു. സംഗമം, സുജാത, മനസാ വാചാ കർമണ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, വാർത്ത, എന്നും നന്മകൾ, കവി ഉദ്ദേശിച്ചത്, അറബിക്കഥ, സുഡാനി ഫ്രം ൈനജീരിയ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളചലച്ചിത്ര സഹൃദയവേദിയുടെ പ്രേംനസീർ അവാർഡ് ലഭിച്ചിട്ടുണ്ട്. റേഡിയോ നാടകരംഗത്ത് എ ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയായിരുന്നു അബ്ദുല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.