പ്രയാഗിന്‍റെ സിനിമ പ്രയാണം...
text_fieldsകണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക്.. അവിടെ നിന്ന് മുബൈയിലേക്ക്, പിന്നെ ഡെൽഹി, ചെന്നൈ, ഹൈദരാബാദ് ഒടുവിൽ ബംഗളുരു. പ്രയാഗ് മുകുന്ദൻ എന്ന യുവ മലയാളി ഛായാഗ്രാഹകന്‍റെ സിനിമാ യാത്രയാണിത്. സിനിമയോടുള്ള താത്പര്യം കൊണ്ട് കൊച്ചിയിലെത്തുമ്പോൾ ആഗ്രഹങ്ങളും നിശ്ചയദാർഡ്യവും മാത്രമായിരുന്നു മനസിൽ. ഇന്ന് ആ യാത്ര ബംഗളുരുവിലെത്തി നിൽക്കുമ്പോൾ പ്രയാഗ് സ്വതന്ത്ര ഛായാഗ്രാഹകനാണ്. ചുരുങ്ങിയ കാലയവളവിൽ ഒട്ടെറെ നേട്ടങ്ങളാണ് പ്രയാഗ് മുകുന്ദനെ തേടിയെത്തിയത്.
ഒാണം വന്നല്ലോ ഊഞ്ഞാലാടണ്ടേ.. ഒാണക്കാലത്ത് ഈ പാട്ട് മൂളാത്ത മലയാളികളുണ്ടാകില്ല. സംഗീത സംവിധായകൻ ബിജിപാലിെൻറ ബോദി സൈലന്‍റ് സ്കേപ്പിലൂടെ വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചെറു വീഡിയോ ആൽബം ഇപ്പോഴും യുട്യൂബിലും നവമാധ്യമങ്ങളിലും ഹിറ്റാണ്. അതുപോലെ ബിജിപാലും സംഘവും ആദ്യമായി മലയാളത്തിൽ 360 ഡിഗ്രി വീഡിയോ ആൽബം പുറത്തിറക്കിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. റീമ കല്ലിങ്കൽ ഉൾപെടെയുള്ള പ്രമുഖ കലാകാരികൾ അണിനിരന്ന ബാലെ എന്ന നൃത്ത ആൽബവും അടുത്ത കാലത്ത് യുട്യൂബിൽ ഹിറ്റായിരുന്നു. നടൻ ജയസൂര്യയുടെ മകൻ അദ്വൈത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം, ശ്രയ ജയദീപിന്‍റെ ആദ്യ തമിഴ് മ്യൂസിക് വീഡിയോ ആയ അലകുതിക്കും എന്ന ഗാനം എന്നിവയും നവമാധ്യമങ്ങൾ ഏറ്റെടുത്തവയായിരുന്നു. ഈ ഹിറ്റുകളുടെയെല്ലാം ദൃശ്യങ്ങൾക്ക് പിന്നിൽ മലയാളിയായ കണ്ണൂർ കുറ്റ്യാട്ടൂരിലെ പ്രയാഗ് മുകുന്ദൻ എന്ന യുവ ഛായാഗ്രാഹകനാണ്.
ആദ്യം കുറെയെറെ സംഗീത വിഡിയോ, പിന്നീട് ഹ്രസ്വചിത്രങ്ങൾ, ഫിലീം പ്രമോഷൻ പാട്ടുകൾ, പരസ്യചിത്രങ്ങൾ പിന്നെ മലയാളത്തിലും ബോളിവുഡിലുമായി ഹിറ്റ് ചിത്രങ്ങളുടെ അസി. ക്യാമറാമാൻ. ഇപ്പോൾ തുർത്തു നിർഗമന (എമർജെൻസി എക്സിറ്റ്) എന്ന കന്നഡ ചിത്രത്തിലൂടെയാണ് പ്രയാഗ് സ്വതന്ത്ര ഛായാഗ്രഹാകനാകുന്നത്. മലയാളത്തിലും മറ്റു ഭാഷകളിലുമായി കുറച്ചു പ്രൊജക്ടുകൾ വന്നിരുന്നെങ്കിലും തുടക്കമെന്ന നിലയിലും തിരക്കഥയിലെ പ്രത്യേകതയുമാണ് കന്നട സിനിമയിലേക്ക് പ്രയാഗിനെ എത്തിച്ചത്. ബംഗളുരുവിലും മൈസുരുവിലും പൊള്ളാച്ചിലുമായി ചിത്രീകരണം പൂർത്തിയായ ഹേമന്ത് കുമാർ സംവിധാനം ചെയ്യുന്ന സിനിമ അധികം വൈകാതെ റിലീസ് ചെയ്യും. കന്നടയിലെ മുൻ സൂപ്പർ സ്റ്റാർ സുനിൽറാവു കേന്ദ്രകഥാപാത്രമായി തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. പ്രയാഗിന്‍റെ അടുത്ത ഊഴം ബോളിവുഡിലാണ്.
ചെറുപ്പത്തിൽ ചിത്രവരയിലും പെയിന്‍റിങ്ങിലുമായിരുന്നു പ്രയാഗിന് കമ്പം. പിന്നീട് പ്ലസ്ടു പഠനത്തിനു ശേഷം കൊച്ചിയിൽ ആനിമേഷൻ സിനിമ നിർമാണം പഠിക്കാൻ ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കാനായില്ല. തുടർന്ന് കൊച്ചിയിലെ നിയോ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും രണ്ടു വർഷത്തെ സിനിമാേടാഗ്രഫിയിൽ ഡിപ്ലോമ പൂർത്തിയാക്കി. പഠനശേഷം ഛായാഗ്രഹണത്തിെൻറ സാങ്കേതിക വശങ്ങൾ പഠിച്ചെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന പ്രയാഗ് ലെൻസ് ഇല്ലാതെ ഫോട്ടോയെടുക്കാവുന്ന ആദ്യകാല ക്യാമറയായ പിൻഹോൾ കാമറയും സ്വന്തമായി നിർമിച്ചു. ചെറിയ പ്രായത്തിൽ തന്നെ കാമറയുടെ നിർമാണത്തിൽ പ്രയാഗിന്‍റെ അറിവും താത്പര്യവും മുബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ ഛായഗ്രഹണത്തിൽ അവസരം ലഭിക്കാൻ സഹായകമായിട്ടുണ്ട്. ശങ്കരാടി മെമ്മോറിയലിന്‍റെ ഹ്രസ്വ ചലച്ചിത്രമേളയിൽ മികച്ച കാമറാമാനുള്ള പുരസ്കാരവും പ്രയാഗിന് ലഭിച്ചിട്ടുണ്ട്. നാലു വർഷത്തോളും അസി. ക്യാമാറമാനായും പരസ്യചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചും പ്രയാഗ് സജീവമാണ്.
ബോംബെയിലെത്തിയ ശേഷമാണ് പ്രയാഗ് അസിസ്റ്റന്‍റ് ക്യാമറാനമായി കഴിവു തെളിയിക്കുന്നത്. ബോളിവുഡിലെ പ്രശസ്തനായ മലയാളി ഛായാഗ്രാഹകൻ സി.കെ. മുരളീധരന് കീഴിൽ പി.കെ എന്ന അമീർഖാന്‍റെ ഹിറ്റ് ചിത്രത്തിൽ അസി. ക്യാമറമാനാകുള്ള ഭാഗ്യവും പ്രയാഗിന് ലഭിച്ചു. മലയാളത്തിൽ റോഷൻ ആൻഡ്രൂസിന്‍റെ സ്കൂൾ ബസിലും പ്രയാഗ് അസി. ക്യാമറാനായി. ത്രീ ഇഡിയറ്റ്സിന്‍റെ വി.എഫ്.എക്സ് ഡയറക്ടർ ഡി. ബിജുവുമായുള്ള സൗഹൃദവും പ്രയാഗിന് കൂടുതൽ പ്രചോദനമായി. പ്രയാഗിന്‍റെ കരിയറിലെ വഴികാട്ടിയും ഗുരുവുമാണ് ബിജു. പിന്നീട് സുധീർ പാൾസേനിനൊപ്പം ഡോക്യുമെൻററി മോഷൻ ക്യാപ്ച്ചറിങ്, ഫെരാരി കി സവാരി എന്ന ഹിന്ദി ചിത്രം എന്നിവയിലും സഹായിയായി.
ബോബൈ ഐ.ഐ.ടിയിൽ നിർമിച്ച ദണ്ഡിയാത്രയെക്കുറിച്ചുള്ള ഡോക്യുമെൻററി ചിത്രത്തിന്‍റെ ക്യാമറയും സ്റ്റിൽസ് ഫോട്ടോഗ്രഫിയും നിർവഹിച്ചത് പ്രയാഗായിരുന്നു. ഇതിനിടയിൽ ഒരുപാട് ഷോർട്ട് ഫിലിമുകൾക്കും പരസ്യചിത്രങ്ങൾക്കും കാമറ ചലിപ്പിച്ചു. നാലു വർഷത്തിനുള്ളിൽ 150ൽപരം വർക്കുകളിൽ സ്വതന്ത്രമായും അല്ലാതെയും പ്രയാഗ് പങ്കാളിയായിട്ടുണ്ട്. ബോംബെ ഐ.ഐ.ടിയിൽ ഇൻഡസ്ട്രിയൽ ഡിസൈൻ സെന്‍ററിൽ സുധീഷ് ബാലന് കീഴിൽ ഡോക്യുമെന്‍ററി നിർമാണത്തിൽ റിസർച്ച് അസിന്‍റായും പ്രയാഗ് പ്രവർത്തിച്ചിരുന്നു. പ്രയാഗ് കാമറ ചലിപ്പിച്ച മാജിക് കളേഴ്സിന്‍റെ പരസ്യ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു.
സുജിത്ത് വാസുദേവിന് കീഴിൽ പുണ്യാളൻ അഗർബത്തീസ് എന്ന ഹിറ്റ് ചിത്രത്തിന്‍റെ അസി. ക്യാമറാമാനായിരുന്ന പ്രയാഗ്. 'ആശിച്ചവന് ആകാശത്തൂന്നൊരാനയെക്കിട്ടി' എന്ന ജയസൂര്യ പാടിയ സൂപ്പർഹിറ്റ് ഗാനത്തിന്‍റെ പ്രമോ സോങ് ചിത്രീകരിച്ചത് പ്രയാഗായിരുന്നു. പുണ്യാളൻ അഗർബത്തിസീലെ പാട്ട് സൂപ്പർ ഹിറ്റായതോടെ ഹാപ്പി ജേണി എന്ന ചിത്രത്തിലെ 'മൈയാ മോറി..' എന്ന പ്രമോഷണൽ ഗാനും കാമറയിൽ പകർത്താൻ പ്രയാഗിന് അവസരം ലഭിച്ചു. മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മലയാള സിനിമയിലെ വമ്പൻ താരനിര അണിനിരന്ന കൊച്ചയിലെ ലിസി ആശുപത്രിയുടെ തീം സോങിന്‍റെ ഛായാഗ്രഹണവും പ്രയാഗാണ് നിർവഹിച്ചത്.
കണ്ണൂർ കുറ്റ്യാട്ടൂർ സാൻഗ്രിലയിൽ മുകുന്ദന്‍റെയും പ്രസന്നയുടെയും മകനാണ് പ്രയാഗ്. സഹോദരി മേഘ മുകുന്ദൻ എം.ബി.എ വിദ്യാർഥിയാണ്. അച്ഛൻ മുകുന്ദൻ ന്യു ഇന്ത്യൻ ഇൻഷുറൻസ് കമ്പനിയിലെ റിട്ട. ഉദ്യോഗസ്ഥാനാണ്. 'എമർജെൻസി എക്സിറ്റ്' എന്ന കന്നട ചിത്രത്തിലൂടെ സിനിമ മേഖലയിൽ കാലുറിപ്പിക്കുന്ന പ്രയാഗിന് 2018 പ്രതീക്ഷകുളുടെതാണ്. മാജിക്കൽ റിയലിസവുമായി ബന്ധപ്പെട്ട ഈ കന്നട സിനിമയിൽ വിഷ്വൽസിനും ഏറെ പ്രധാന്യമുണ്ട്. നല്ലൊരു അനുഭവം തന്നെയാണ് കന്നട സിനിമലോകം സമ്മാനിച്ചതെന്ന് പ്രയാഗ് പറയുന്നു.
മലയാളത്തിലും രണ്ടു ചിത്രങ്ങളുടെ ചർച്ച നടക്കുന്നുണ്ട്. വൈകാതെ ഇതും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ബോളിവുഡിലും രണ്ടു ചിത്രങ്ങൾ ഏകദേശം ധാരണയായിട്ടുണ്ട്. ഏതാണ് ആദ്യം വരുന്നതെന്ന് നോക്കി ചെയ്യുമെന്ന് പ്രയാഗ് പറയുന്നു. മലയാളത്തിൽ സ്വന്തമായി ഛായാഗ്രഹം ഒരു ചിത്രം അതാണ് പ്രയാഗിന്‍റെ സ്വപ്നം. മാർച്ചിൽ ബോളിവുഡിലെ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഭാഷാ വ്യത്യാസമില്ലാതെ കുറെയെറ നല്ല സിനിമകളുടെ ഭാഗമാകാനാണ് പ്രയാഗ് ആഗ്രഹിക്കുന്നത്. കണ്ണൂരിൽ നിന്നും തുടങ്ങിയ പ്രയാഗിന്‍റെ സിനിമ യാത്ര ഇപ്പോഴും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.