ദേശഭക്തനാകും വിധം
text_fieldsനിങ്ങളുടെ പേര്, മതം, വേഷഭൂഷാദികൾ ഇതെല്ലാം ലേബൽ ചെയ്യപ്പെടുന്ന അവസ്ഥ അനുഭവിച്ചിട്ടുണ്ടോ? അതിെൻറ പേരിൽ ഒരു തെറ്റും ചെയ്യാത്തയാൾ ശിക്ഷയനുഭവിക്കുന്നതു കണ്ടിട്ടുണ്ടോ? തേൻറതല്ലാത്ത കാരണങ്ങളാൽ തീവ്രവാദിപ്പട്ടം ചാർത്തിക്കിട്ടുന്നയാൾ, ഏറെക്കാലത്തെ പീഡനാനുഭവങ്ങൾക്കുശേഷം മോചിതനാവുമ്പോൾ ജീവിതം എങ്ങനെ മാറിപ്പോവുന്നു എന്നതിെൻറ നേർച്ചിത്രം വരച്ചിടുന്ന ഹ്രസ്വചിത്രം... ‘ബുഹാരി സലൂണി’നെ ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. മുസ്ലിം നാമവും താടിയും തീവ്രവാദം അടിച്ചേൽപിക്കാനുള്ള എളുപ്പവഴികളാവുന്ന കാലത്ത് ബാവുക്ക എന്ന ബാർബർക്കും അധികം കാരണമൊന്നും വേണ്ട ഒരു തീവ്രവാദിയാവാൻ.
അധ്യാപകനും ഫ്രീലാൻസ് ഡിസൈനറുമായ പ്രഭുല്ലാസിെൻറ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ പ്രശസ്ത ഹാസ്യതാരം നിർമൽ പാലാഴിയാണ് മുഖ്യവേഷമിട്ടിരിക്കുന്നത്. ആരുമായും ഒരു പ്രശ്നത്തിനും പോവാത്ത, എല്ലാവരോടും ശാന്തമായും സൗമ്യമായും പെരുമാറുന്ന ബാവുക്കയുടെ സ്വച്ഛമായ ജീവിതത്തിലേക്ക് സെക്കന്ദരാബാദ് സ്ഫോടനക്കേസിലെ പ്രതിയെന്നാരോപിക്കപ്പെടുന്നയാൾ എത്തുന്നതോടെയാണ് അയാൾ ലോകത്തിനു മുന്നിൽ തീവ്രവാദിയായി മാറുന്നത്. ബീഡിപ്പുകയേറ്റാൽപോലും ശ്വാസംമുട്ടലുണ്ടാവുന്ന ബാവുവിനെ ഭീകരവിരുദ്ധ സേന ഏറെക്കാലം തടവിലിടുന്നു. അതിനവർക്കുള്ള ന്യായീകരണം വളരെ ലളിതമാണ്.
ഭീകരവാദിയായ ഒരാളുടെ താടിവടിച്ചുവെന്നതാണാ കാരണം. അതുവഴി ബാർബറായ ബാവുക്കക്ക് അന്താരാഷ്ട്ര ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് അവർ ‘സ്വാഭാവികമായും’ സംശയിക്കുന്നു. ബുഹാരി സലൂൺ, ബാവു എന്നീ പേരുകൾ മാത്രം മതി ഈ സംശയം അരക്കിട്ടുറപ്പിക്കാൻ. അങ്ങനെ ഭരണകൂടത്തിെൻറ ‘തീവ്രവാദം തുടച്ചുനീക്കൽ യജ്ഞത്തിെൻറ’ ഭാഗമായി ആ ഹതഭാഗ്യൻ ഏറെക്കാലം തടവറയിൽ കഴിയുകയാണ്. ജയിലിൽ പോകുമ്പോൾ ഗർഭിണിയായിരുന്ന ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും അവൾ വളർന്ന് ഒരു ബാലികയായി മാറുകയും ചെയ്തതിനുശേഷമാണ് അയാൾക്ക് മോചനം കിട്ടുന്നത്.
അനുഭവങ്ങളിലൂടെ വലിയ പാഠം പഠിച്ച ബാർബർ ബാവു തിരിച്ചുവരുന്നത് പുതിയ മനുഷ്യനായാണ്. സാധാരണ ഇസ്ലാംമത വിശ്വാസിയായിരുന്ന അയാൾ പുറത്തിറങ്ങിയ ശേഷം ആദ്യമായി ചെയ്യുന്നത് ബുഹാരി സലൂൺ എന്ന പേരുമാറ്റി ഭാരത് എന്നാക്കുകയാണ്. മുഹമ്മദ് റഫിയുടെയും ഹിന്ദി ഗസലുകളുടെയും ആരാധകനായിരുന്ന അയാൾ തെൻറ കടയിൽ ദേശീയ ചിഹ്നങ്ങൾക്കൊപ്പം ഗാന്ധിജിയുടെയും നെഹ്റുവിെൻറയും മൗലാന അബുൽകലാം ആസാദിെൻറയുമെല്ലാം ചിത്രങ്ങൾ പ്രതിഷ്ഠിക്കുകയാണ്. ഗസലുകളിൽ മുഴുകിയിരുന്ന അയാളുടെ ജോലിനേരങ്ങൾ ദേശഭക്തിഗാനങ്ങളിലേക്ക് കൂടുമാറുന്നു. ഒടുവിൽ തെൻറ സലൂണിലേക്ക് താടിവടിക്കാനെത്തുന്നവരോട് തിരിച്ചറിയൽ കാർഡ് ചോദിക്കേണ്ടിവരുന്ന, അവരുടെ ഒപ്പ് ശേഖരിക്കേണ്ടിവരുന്ന ദയനീയ സാഹചര്യത്തിലേക്ക് ബാർബർ ബാവുക്ക മാറുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
തന്മയത്വത്തോടെ ബാർബർ ബാവുവിെൻറ കഥാപാത്രത്തെ അവതരിപ്പിക്കാൻ നിർമൽ പാലാഴിക്ക് കഴിയുന്നുണ്ട്. തുടക്കത്തിൽ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം പിന്നീട് സഞ്ചരിക്കുന്നത് ഗൗരവതരമായ വഴികളിലൂടെയാണ്. ഏറെ കനപ്പെട്ട, അതിലേറെ കാലികപ്രസക്തിയുള്ള ചിത്രം അതിെൻറ ഗൗരവം ഒട്ടും ചോർന്നുപോവാതെ എന്നാൽ ലളിതമായിത്തന്നെ അവതരിപ്പിക്കാൻ പ്രഭുല്ലാസിനും കൂട്ടുകാർക്കും സാധിച്ചിട്ടുണ്ട്. ആനന്ദ് ബാൽ, പി.എ.എം. ഹനീഫ്, സുലോചന നന്മണ്ട, ബിന്ദു ജയൻ എന്നിവരും വേഷമിട്ടു. സുഭാഷ് മന്ത്രയുടേതാണ് കഥ. കമുറ വിഷ്വൽ സിഗ്നൽസിെൻറ ബാനറിൽ എ.പി. മുഹമ്മദ് അഫ്സലാണ് ചിത്രം നിർമിച്ചത്. ഇതിനകം ബ്ലോസം ഒാൾകേരള ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡ്, സോളിഡാരിറ്റി യൂത്ത്സ്പ്രിങ് ചലച്ചിത്രമേളയിലെ മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡ്, ചൈത്രം ഫിലിം സൊസൈറ്റിയുടെ ഷോർട്ട്ഫിലിം മത്സരത്തിൽ പ്രത്യേക പുരസ്കാരം എന്നിവ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.