മോക്ഷനഗരിയിലെ വിസ്മയ ജീവിതങ്ങൾ
text_fields22 വയസ്സാണ് ജിതിൻ മജീദ് എന്ന മലയാളി സംവിധായകന്. കന്നി ചിത്രത്തിലൂടെ ഇൗ ചലച്ചിത്ര വിദ്യാർഥി കീഴടക്കിയത് സമാനതകളില്ലാത്ത ഉയരങ്ങൾ. ‘മോക്ഷ’ എന്നു പേരിട്ട ഈ ഡോക്യുമെൻററി മികച്ച ഛായാഗ്രഹണത്തിനുള്ള ബ്രിട്ടനിലെ ഏറ്റവും വലിയ ടെലിവിഷൻ അവാർഡുകളിലൊന്നായ 2019 റോയൽ ടെലിവിഷൻ സൊസൈറ്റി (ആർ.ടി.എസ്) സ്റ്റുഡൻറ് അവാർഡ് ആണ് സ്വന്തമാക്കിയത്.
ബ്രിട്ടനിൽ ഒരു വിദ്യാർഥിക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണിത്. ലണ്ടൻ റീജൻറ്സ് യൂനിവേഴ്സിറ്റിയിൽ ബി.എ ഒാണേഴ്സ് ഫിലിം- മീഡിയ ആൻഡ് ഡിജിറ്റൽ പ്രൊഡക്ഷൻ അവസാന വർഷ വിദ്യാർഥിയായിരിക്കെ കോഴ്സ് പൂർത്തീകരണത്തിെൻറ ഭാഗമായി നിർമിച്ച ചിത്രമാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു ലണ്ടനിൽ അവാർഡ് ദാന ചടങ്ങ് നിശ്ചയിച്ചിരുന്നത്. ലണ്ടൻ യാത്രക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നിൽക്കവെയാണ് ലോകമൊട്ടാകെ കോവിഡ് പടരുന്നത്. പിന്നീട് ഒാൺലൈനായാണ് ചടങ്ങ് നടന്നത്.
ഹിന്ദുമത വിശ്വാസികളുടെ രാജ്യത്തെ സുപ്രധാന തീർഥാടന നഗരിയായ, ഉത്തർപ്രദേശിലെ വാരാണസിയെയും അവിടത്തെ ജീവിതങ്ങളെയും കുറിച്ച ഷോർട്ട് ഡോക്യുെമൻററിയാണ് ജിതിൻ മജീദ് നിർമിച്ചത്. സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങുമെല്ലാം തനിയെ നിർവഹിച്ചു. വാരാണസിയിലെ അസാധാരണമായ വിശ്വാസക്കാഴ്ചകളെ അതിമനോഹരമായി പകർത്തിവെക്കുകയാണ് 16 മിനിറ്റുള്ള ഇൗ ചിത്രം.
തഴക്കം വന്ന ഒരു സംവിധായകെൻറയോ ഛായാഗ്രാഹകെൻറയോ സൃഷ്ടിപോലെ, ഒരോ ഫ്രെയ്മും ഒന്നിനൊന്ന് വിസ്മയകരമാണ്. വാരാണസിയുടെ ചരിത്രം, വർത്തമാനം, ജീവിതങ്ങൾ, വിശ്വാസങ്ങൾ എന്നിവയിലൂടെയെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ സംവിധായകൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. കോഴിക്കോട് മാങ്കാവ് പേട്ടൽതാഴം സ്വദേശി പഴേടത്ത് അബ്ദുൽ മജീദ്, റജീന മജീദ് ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവനാണ് ജിതിൻ മജീദ്. തെൻറ സിനിമയെക്കുറിച്ചും ലണ്ടൻ സിനിമ അനുഭവങ്ങളെക്കുറിച്ചും ജിതിൻ മജീദ് സംസാരിക്കുന്നു.
സിനിമ പഠനം @ ലണ്ടൻ
സിനിമയിൽ ഉയർന്ന് പഠിക്കുക എന്നത് വലിയ മോഹമായിരുന്നു. കോഴിക്കോട് ആണ് പ്ലസ്ടു വരെ പഠിച്ചത്. പ്ലസ്ടു പഠനം യു.കെ സിലബസിലായിരുന്നു. അതുകൊണ്ട് ലണ്ടനിലെ യൂനിവേഴ്സിറ്റിയിൽ പ്രവേശനം എളുപ്പമായി. ആദ്യമൊക്കെ ചില പ്രയാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും യു.കെയിൽ എത്തിയതോടെ സ്കോളർഷിപ് ഒക്കെ ലഭിക്കുകയുണ്ടായി. നമ്മുടെ നാട്ടിലേതിൽനിന്ന് തീർത്തും വിഭിന്നമായ പഠനാന്തരീക്ഷമാണ് അവിടെയുള്ളത്. ക്ലാസ്മുറി കേന്ദ്രീകൃത പഠനം ഒട്ടുമില്ല എന്നുതന്നെ പറയാം. അസൈൻെമൻറുകൾ അവർ തുടർച്ചയായി തരും. നമ്മൾ പുറത്തുപോയി അത് ചെയ്തുവരുക എന്ന രീതിയാണ് അവിടെ. സിനിമ മേഖലയിലെ പ്രഫഷനലുകൾതന്നെയാണ് അധ്യാപകർ. അവരുടെ പരിചയ സമ്പത്തും പ്രായോഗിക അനുഭവങ്ങളും ഏറെ മുതൽക്കൂട്ടായി. വളരെ കുറച്ച് തിയറി ക്ലാസുകളിലാണ് ഞാൻ ഇരുന്നിട്ടുള്ളത്. അവസാന വർഷം ഏറക്കുറെ പൂർണമായും കാമറയുമായി പുറത്തായിരുന്നു.
എന്തുകൊണ്ട് വാരാണസി
2017 ലാണ് അയേസ് എന്ന ചലച്ചിത്രകാരെൻറ വാരാണസിയെക്കുറിച്ചുള്ള ഒരു ഡോക്യുമെൻററി കാണുന്നത്. വാരാണസിയെക്കുറിച്ച് കൂടുതൽ പഠിക്കാനും അവിടെ പോകാനും എല്ലാം അതാണ് പ്രചോദനമായത്. ലോകത്തിെൻറ വിവിധ ഭാഗത്തുനിന്ന് ആയിരക്കണക്കിന് തീർഥാടകർ ദിനേന കാശിയെന്നും ബനാറസ് എന്നും വാരാണസി എന്നും പേരുള്ള ഇൗ മണ്ണിലെത്തുന്നുണ്ട്. പവിത്രനദിയായ ഗംഗാ തീരത്തെ ഇൗ മണ്ണിൽനിന്നുള്ള മരണത്തിലൂടെ മോക്ഷം കാംക്ഷിച്ച് വർഷങ്ങളായി ഇവിടെ കഴിയുന്നവർ വേറെ. അങ്ങനെ ആത്മീയതയുടെ വല്ലാത്തൊരു അനുഭവം നൽകുന്ന സ്ഥലമാണിത്.
സ്വന്തം രാജ്യത്തെക്കുറിച്ചുതന്നെയാകണം ആദ്യ ഒഫീഷ്യൽ സിനിമ എന്ന ആഗ്രഹമുണ്ടായിരുന്നു. വാരാണസി മുമ്പ് സന്ദർശിച്ചിട്ടില്ല. 2017 മേയ് മുതൽ ഇതിെൻറ റിസർച്ചും മറ്റു പ്രീ പ്രൊഡക്ഷൻ ജോലികളും തുടങ്ങി. ലഭ്യമായ എല്ലാ വഴികളിലൂടെയും കാശിയെക്കുറിച്ച് അറിയാൻ ശ്രമിച്ചു. 2019 ജനുവരിയിലാണ് ഷൂട്ടിനായി ലണ്ടനിൽനിന്ന് വാരാണസിയിലെത്തുന്നത്. കൂട്ടിന് ഒരു സുഹൃത്തുമാത്രം. 15 ദിവസംകൊണ്ടാണ് ജോലികൾ പൂർത്തീകരിച്ചത്. പ്രത്യേകിച്ച് അനുമതി ഒന്നും ഷൂട്ടിനായി തേടിയിരുന്നില്ല.
സാധാരണ ടൂറിസ്റ്റിനെ പോലെയാണ് അവിടെ അത്രയും ദിവസം കഴിഞ്ഞത്. ഡ്രോൺ ഉപയോഗിച്ചും ബോട്ടിൽ സഞ്ചരിച്ചും ലോങ് ലെൻസ് ഉപയോഗിച്ചുമൊക്കെയാണ് പല രംഗങ്ങളും ഷൂട്ട് ചെയ്തത്. ഗംഗാ തീരത്തെ ദഹിപ്പിക്കലിെൻറ രംഗങ്ങളൊക്കെ അങ്ങനെയാണ് പകർത്തുന്നത്. ഒരു ഒഴുക്കിനൊപ്പം പോയി, അവ എന്ത് കഥകളാണ് നമുക്ക് തരുന്നത് അത് സ്വീകരിക്കുക എന്നതായിരുന്നു ഞാൻ പിന്തുടർന്ന രീതി. ഒരു രംഗവും ആസൂത്രണം ചെയ്തില്ല, കാണുന്ന കാഴ്ചകൾക്കൊപ്പം കാമറയുമായി സഞ്ചരിക്കുകയായിരുന്നു.
മരണത്തെക്കുറിച്ചും മോക്ഷത്തെ ക്കുറിച്ചുമുള്ള വാരാണസിയുടെ സങ്കൽപമാണ് സിനിമയുടെ ആകത്തുക. മരണം നല്ലതിനാണ് എന്നതാണ് അതിെൻറ അടിസ്ഥാനം. പശ്ചാത്യരെ സംബന്ധിച്ചിടത്തോളം അത് പുതുമയുള്ള ഒരു ആശയമാണ്. അവിടെ സിനിമ അത്രമേൽ ശ്രദ്ധിക്കപ്പെടാനുള്ള കാരണവും അതാകാം. വാരാണസിയെ അറിയുകയും അനുഭവിക്കുകയും ചെയ്ത സ്വദേശികളും വിദേശികളും ഡോക്യുെമൻററിയിൽ വരുന്നുണ്ട്. അതിൽ ഒരാൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കാശിയിൽ സ്ഥിരതാമസമാക്കിയ യൂറോപ്യനാണ്.
അവാർഡും സ്വപ്നങ്ങളും
തീർത്തും അപ്രതീക്ഷിതംതന്നെയായിരുന്നു അവാർഡ്. കോളജിലെ അധ്യാപകർതന്നെയാണ് അവാർഡിന് അപേക്ഷിക്കാൻ നിർദേശിച്ചത്. ബ്രിട്ടനിൽ ഒരു വിദ്യാർഥിക്ക് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ പുരസ്കാരമാണ് അത്. കരിയറിെൻറ തുടക്കത്തിലെ ഇത്രയും വലിയ പുരസ്കാരം ലഭിച്ചത് ആത്മവിശ്വാസം വർധിപ്പിക്കുന്നു. കോവിഡ് മഹാമാരി കാരണം അവാർഡ് ദാന ചടങ്ങിൽ പെങ്കടുക്കാൻ ഭാഗ്യമുണ്ടായില്ല. കാര്യങ്ങൾ സാധാരണ നിലയിലായിക്കഴിഞ്ഞാൽ തിരികെ പോയി അവാർഡ് ഏറ്റുവാങ്ങണം. ചില അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് സിനിമ തിരഞ്ഞെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ യുട്യൂബ് പോലുള്ള മാധ്യമങ്ങളിൽ സിനിമ ലഭ്യമല്ല ഇപ്പോൾ.
ഭാവി പദ്ധതികൾ
നാട്ടിൽ സിനിമ മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞാൽ സന്തോഷമേയുള്ളൂ. എന്നാൽ, അത് അത്ര എളുപ്പമല്ലെന്ന് തോന്നുന്നു. ലണ്ടനിൽ പക്ഷേ, ഇൗ മേഖലയിൽ അത്യാവശ്യം ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഒക്ടോബറിലാണ് നാട്ടിലെത്തിയത്. ഇൗ സമയം അവിടെ ഉണ്ടാകേണ്ടതാണ്. പഠന കാലത്തേ യു.കെയിലെതന്നെ മീഡിയ ഏജൻസിക്കായി എഡിറ്റിങ് ജോലികൾ ചെയ്തിരുന്നു. ഇപ്പോൾ ഒാൺലൈനായി അത് നിർവഹിക്കുന്നുണ്ട്. ഇൗ സാഹചര്യങ്ങൾ മാറിയാൽ പുതിയ വിസ എടുത്ത് ലണ്ടനിൽ പോകണം. സിനിമ രംഗത്തുതന്നെ ഫ്രീലാൻസറായി ജോലി ചെയ്യാനാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.