ഉലകനായകന്റെ കേരളവും ഓണവും
text_fields‘‘മലയാളികളുടെ ആഘോഷങ്ങളിെലല്ലാം ഒരുകാലത്ത് ഞാനുമുണ്ടായിരുന്നു. ഒരു കാലത്ത് എന്ന് പ്രത്യേകം പറഞ്ഞത് ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കേരളത്തിൽ സജീവമായി ഞാൻ നിന്നിരുന്ന കാലമായതുകൊണ്ടാണ്. പലരും പറയാറുണ്ട്, സിനിമയിലെ പഴയ കൂട്ടായ്മ ഇന്ന് എവിടെയോ നഷ്ടപ്പെട്ടുേപായെന്ന്. ആ കൂട്ടായ്മ നഷ്ടപ്പെടാതിരുന്ന കാലത്ത് സെറ്റുകളിൽ ആഘോഷിച്ചിരുന്ന ഒാണത്തെക്കുറിച്ചും ബക്രീദിനെക്കുറിച്ചും ക്രിസ്മസിനെക്കുറിച്ചുമൊക്കെയാണ് എനിക്ക് പറയാനുള്ളത്.’' മഴ പെയ്തുകൊണ്ടിരുന്ന ആ പകലിൽ കമൽഹാസൻ പറഞ്ഞു തുടങ്ങി.
നായകന്മാർ ഏറെയുള്ളപ്പോഴും മലയാളത്തിെൻറ പ്രിയപ്പെട്ട നായകനായിരുന്നു കമൽഹാസൻ; അന്നും ഇന്നും. ‘കന്യാകുമാരി’യിലൂടെ തന്നെ നായകനായി അംഗീകരിച്ച മലയാളമണ്ണിനെ നന്ദിയോടെ ഓർക്കുന്നു കമൽഹാസൻ. 40ഒാളം മലയാള സിനിമകളിൽ വേഷമിട്ട അനുഭവങ്ങളൊന്നും കമൽ മറന്നിട്ടില്ല. സത്യൻ മുതൽ മോഹൻലാൽ വരെയുള്ള നടന്മാർക്കൊപ്പവും കെ.എസ്. സേതുമാധവൻ മുതൽ ജിത്തു ജോസഫ് വരെയുള്ള സംവിധായകർക്കൊപ്പവും എം.ടി മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെയുള്ള എഴുത്തുകാർക്കൊപ്പവുമുള്ള മലയാളിയുമായി ബന്ധപ്പെട്ട തന്റെ ജീവിതം ഹൃദയത്തോട് ചേർത്തുെവച്ചിരിക്കുകയാണ് ഈ മഹാനടൻ. ആടിയും പാടിയും സങ്കടപ്പെടുത്തിയും അഭ്രവിസ്മയങ്ങൾ തീർത്ത കമൽഹാസനെ മലയാളത്തിെൻറ തിരശ്ശീലയിൽ കണ്ടിട്ട് വർഷങ്ങളായെങ്കിലും മലയാളിക്ക് ഇന്നും കമൽഹാസൻ നായകൻതന്നെയാണ്. തലമുറകൾക്കോ തരംഗങ്ങൾക്കോ മാറ്റിമറിക്കാനാകാത്ത ഒറ്റനക്ഷത്രം. തലമുറകളുടെ താരം.
"ചിത്രം ഒാർമയില്ലെങ്കിലും കേരളത്തിലെ ലൊക്കേഷനുകളിൽ താരങ്ങളുടെ വീടുകളിൽനിന്ന് വെച്ചുകൊണ്ടുവരുന്ന വിഭവങ്ങൾ നാക്കിലയിൽ ലൈറ്റ് ബോയിയും സൂപ്പർതാരങ്ങളും ചേർന്ന് വിളമ്പുന്നത് കാണുേമ്പാൾ തന്നെ മനസ്സിന് വല്ലാത്ത ഒരു സുഖമുണ്ടായിരുന്നു. നസീർ സാറിെൻറ വീട്ടിൽനിന്ന് കൊണ്ടുവന്ന വ്യത്യസ്തമായ വിഭവങ്ങൾ തിരുവോണം സിനിമയുടെ സെറ്റിലിരുന്ന് കഴിച്ചത് ഒാണത്തിനായിരുന്നില്ല. പക്ഷേ, ഒാണത്തിെൻറ മാധുര്യം ആ ഉൗണിനും മനസ്സിനുമുണ്ടായിരുന്നു.
അതുപോലെ, മധു സാറും സോമനും സുകുമാരനുമൊക്കെ തങ്ങളുടെ വീടുകളിൽ പലപ്പോഴായി എനിക്കായി ഭക്ഷണങ്ങൾ കൊണ്ടുവരുമായിരുന്നു. അതെല്ലാം മനസ്സിൽ നിറക്കുന്നത് ഒാണത്തിെൻറ ആഘോഷമല്ലാതെ മറ്റെന്താണ്! പ്രത്യേകിച്ച് മലയാളത്തിലെ നായികമാർ വെച്ചുവിളമ്പിത്തന്ന അവിയലും പുളിശ്ശേരിയും തോരനും അടങ്ങിയ ആഹാരത്തിെൻറ രുചി ഒരു ഫൈവ്സ്റ്റാർ ഹോട്ടലിൽനിന്നും എനിക്ക് കിട്ടിയിട്ടില്ല. ഇന്ന് മലയാളികളുടെ ഭക്ഷണരീതി പാടേ മാറിയെന്നാണ് പറയുന്നത്. കേരളത്തിൽ പഴയപോലെ ഞാൻ വരാറില്ല. അതുകൊണ്ടുതന്നെ പുതിയ രുചിക്കൂട്ടുകളെക്കുറിച്ച് എനിക്ക് വലിയ ധാരണയുമില്ല." ഉലകനായകൻ ആ കാലത്തിലേക്ക് നടന്നു.
"ആലപ്പുഴയിൽനിന്ന് പുട്ടും കടലയും പപ്പടവും കൂട്ടിക്കുഴച്ചുകഴിച്ചതും, കരിമീൻ പൊള്ളിച്ചത് ആവോളം ഭക്ഷിച്ചതും മറക്കാനാവില്ല. പല കാലങ്ങളിൽ, പല ദേശങ്ങളിൽ പല രുചിക്കൂട്ടുകളുമായി പൊരുത്തപ്പെട്ട എനിക്ക് കേരളത്തിലെ ആഹാരം എന്നും മനസ്സുനിറക്കുന്ന ഒാണമാണ്. മാറിയ നമ്മുടെ സമൂഹത്തിൽ ഇൗ ആഘോഷങ്ങൾ പുതിയ രുചികളോടെയാണ് നൽകുന്നതെങ്കിലും സെറ്റുകളിലുണ്ട ഒാണം ഇന്നും മറക്കാനാകാത്ത ഒരു ഒാർമയും അനുഭവവുമാണ്."
മലയാളത്തിൽ സജീവമായ കാലം
എം.ടി. സാറിെൻറ തിരക്കഥയിൽ സേതുമാധവൻ സാറിെൻറ സംവിധാനത്തിൽ ‘കന്യാകുമാരി’യിൽ നായകനാകാൻ കഴിഞ്ഞത് മഹാഭാഗ്യമാണ്, ഗുരുത്വമാണ്. പിന്നീട് മലയാളത്തിലെ പ്രഗത്ഭരായുള്ള നടീനടന്മാർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. ഒന്നും ഞാൻ മറന്നിട്ടില്ല. മലയാളത്തിൽ എനിക്കൊപ്പം അഭിനയിച്ച പലരും ഇന്നില്ല. ആ ശൂന്യത ഇപ്പോഴും എന്നിലുണ്ട്.
‘കണ്ണും കരളിലെ’ ബാലതാരം
സേതുമാധവൻ സാറിെൻറ സംവിധാനത്തിൽ സത്യൻമാഷായിരുന്നു ആ സിനിമയിലെ നായകൻ. അവർ രണ്ടുപേരും നൽകിയ വാത്സല്യം മറക്കാനാവില്ല. സേതു സാർ പറഞ്ഞുതന്നതുപോലെ അഭിനയിച്ചു എന്നതിനപ്പുറം കുട്ടിയായ എനിക്ക് എന്തുചെയ്യാനാവും. പിന്നീടുള്ളതെല്ലാം പഠനമായിരുന്നു. അറിഞ്ഞും അനുഭവിച്ചുമുള്ള വളർച്ച. ഇന്നോർക്കുമ്പോൾ, സത്യൻ എന്ന മഹാനടനൊപ്പമാണല്ലോ മലയാളത്തിൽ തുടക്കംകുറിക്കാനായത് എന്നതിൽ തികഞ്ഞ അഭിമാനം മാത്രമേയുള്ളൂ.
കൊറിയോഗ്രാഫറുടെ വേഷത്തിൽ
നസീർ സാറിെൻറ പല ചിത്രങ്ങളിലും കൊറിയോഗ്രാഫറുടെ അസിസ്റ്റൻറായി ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് നൃത്തത്തിെൻറ ചുവടുകൾ പറഞ്ഞുകൊടുത്തു എന്നു വേണമെങ്കിൽ പറയാം. അതിനപ്പുറം േപ്രംനസീർ എന്ന വ്യക്തിയെ ഞാൻ അറിഞ്ഞിട്ടുണ്ട്. നടനേക്കാൾ വലിയ മനുഷ്യനായിരുന്നു നസീർ സാർ. ഒരുദിവസം നാലും അഞ്ചും ചിത്രങ്ങളിൽ അഭിനയിക്കുക, സമ്പാദിച്ചതിെൻറ വലിയൊരു ഭാഗവും മറ്റാരുമറിയാതെ കഷ്ടപ്പെടുന്നവർക്കായി മാറ്റിവെക്കുക. എത്രപേർക്ക് ഇങ്ങനെ ചെയ്യാനാവും? സിനിമയുടെ തിരക്കുകളിൽനിന്നൊഴിഞ്ഞ കാലത്ത് ഞാൻ സാറിനോട് ചോദിച്ചു: മടുക്കുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: ‘‘കമൽ, നമ്മൾ 25 നിലയുള്ള ഒരു കെട്ടിടത്തിെൻറ ഏറ്റവും മുകളിൽ എത്തിയാൽ പിന്നീട് എങ്ങോട്ട് കയറും? ശാന്തനായി താഴേക്കിറങ്ങുകയേ വഴിയുള്ളൂ. ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.’’ നസീർ സാറിെൻറ ഈ വാക്കുകൾ വലിയൊരു പാഠമാണ്. ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും അഹങ്കരിക്കാതിരിക്കുക. എന്നെങ്കിലുമൊരിക്കൽ താഴേക്കിറങ്ങേണ്ടിവരും.
മധു സാറിന്റെ സ്നേഹം
പരിചയപ്പെട്ട നാളിൽ തന്ന ആ സ്നേഹം ഇപ്പോഴും കുറഞ്ഞിട്ടില്ല. അധികം കൂടിക്കാഴ്ചകളോ ഫോൺവിളികളോ ഒന്നും ഞങ്ങൾക്കിടയിലില്ല. എങ്കിലും കാണുമ്പോൾ ‘കമൽ...’ എന്ന സ്നേഹത്തോടെയുള്ള വിളിയിൽ എല്ലാമുണ്ട്. ഇന്ത്യൻ സിനിമയുടെ നൂറാം പിറന്നാളാഘോഷത്തിലാണ് ഞങ്ങൾ അവസാനമായി കണ്ടത്. അന്നു മധു സാറിനെ ആദരിച്ചിരുന്നു. മോഹൻലാലും മമ്മൂട്ടിയും ഞാനും ചേർന്നാണ് അദ്ദേഹത്തിന് ഹാരമണിയിച്ചത്. നസീർ സാറിനെപ്പോലെ മധു സാറിനുവേണ്ടിയും ഞാൻ കൊറിയോഗ്രഫി അസിസ്റ്റൻറായി വർക്ക് ചെയ്തിട്ടുണ്ട്.
എം.ജി. സോമൻ, ആത്മമിത്രം
മധു സാറിെൻറ ‘മാന്യശ്രീ വിശ്വാമിത്രൻ’ എന്ന സിനിമക്കു വേണ്ടിയാണെന്നു തോന്നുന്നു സോമനെ ഞാൻ നൃത്തം പഠിപ്പിച്ചത്. അന്നു തുടങ്ങിയ സൗഹൃദം മരണംവരെ ഞങ്ങൾ കാത്തുസൂക്ഷിച്ചു. വളരെ സൗമ്യനായിരുന്നു. പ്രായത്തിൽ എന്നേക്കാൾ മൂത്തതാണെങ്കിലും ഒരു എടാ പോടാ ബന്ധമായിരുന്നു ഞങ്ങളുടേത്. വ്യക്തിപരമായി ഏറ്റവും അടുപ്പമുള്ള ബന്ധമാണ് സോമനുമായുണ്ടായിരുന്നത്. ആ വേർപാടും വല്ലാത്തൊരു വേദനയാണ്.
ജയന്റെ മരണം
ആ വേർപാട് ആരിലാണ് വേദന സൃഷ്ടിക്കാത്തത്? ജയൻ വില്ലനും ഞാൻ നായകനുമായി പല ചിത്രങ്ങളിലും ഞങ്ങൾ ഒന്നിച്ചു. അന്നേ വലിയ സാഹസിക മനോഭാവമാണ് ജയൻ കാണിച്ചത്. ഡ്യൂപ്പിനെവെച്ച് ഒന്നും ചെയ്യാൻ സമ്മതിക്കില്ല. കൊച്ചിയിൽ ഏതോ ഒരു സിനിമയുടെ ഷൂട്ടിങ് കാലത്ത് ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് ഒരു മുറിയിലാണ് താമസിച്ചിരുന്നത്. വെളുപ്പിനു നാലുമണിയാകുമ്പോഴേക്കും ജയൻ ഉണരും. നല്ല ഉറക്കത്തിലായിരിക്കുന്ന എന്നെ നിർബന്ധപൂർവം എഴുന്നേൽപിച്ച് വ്യായാമം ചെയ്യിപ്പിക്കും. വ്യായാമം ചെയ്ത് ദൃഢപ്പെടുത്തിയ ശരീരമായിരുന്നെങ്കിലും ജയെൻറ മനസ്സുനിറയെ നന്മയും സ്നേഹവുമായിരുന്നു. കഴിവുകൾ പ്രയോജനപ്പെടുത്തുംമുേമ്പ ജയൻ മരണത്തിനു കീഴടങ്ങി. േപ്രക്ഷകരുടെ മനസ്സിൽ ജയൻ ഇന്നും യുവത്വത്തിെൻറ പ്രതീകമാണ്.
എഴുത്തുകാരിൽ പ്രിയം എം.ടിയോട്
എം.ടി സാറിനെ ഞാൻ ഗുരുതുല്യനായാണ് കാണുന്നത്. അദ്ദേഹം ആദ്യം സംവിധാനം ചെയ്ത നിർമാല്യം ഞാൻ രണ്ടുതവണ കണ്ടിട്ടുണ്ട്. ബാംഗ്ലൂരിലെ തിയറ്ററിൽ എന്നെ കൊണ്ടുപോയി ആ സിനിമ കാണിച്ചത് സുരാസുവാണ്. മലയാളത്തിൽ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ചിത്രവും നിർമാല്യമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരുടെ ചിത്രങ്ങളുടെ ഗണത്തിലാണ് ഞാൻ നിർമാല്യവും കാണുന്നത്. തകഴി സാറിെൻറയും ടി. പത്മനാഭൻ സാറിെൻറയും എഴുത്ത് എനിക്ക് വലിയ ഇഷ്ടമാണ്. ബാലചന്ദ്രൻ ചുള്ളിക്കാട് സാറിെൻറ കവിതകളും ഇഷ്ടമാണ്. അവരെയെല്ലാം ഞാൻ ബഹുമാനിക്കുന്നു.
മമ്മൂട്ടി, മോഹൻലാൽ
ഇന്ത്യൻ സിനിമയിലെ അത്ഭുതംതന്നെയാണ് രണ്ടുപേരും. വൈവിധ്യമാർന്ന എത്രയോ വേഷങ്ങളിലൂടെ മമ്മൂട്ടി സാർ കടന്നുപോയി. ശരിക്കും, സിനിമ മാത്രം സ്വപ്നംകണ്ടാണ് മമ്മൂട്ടി സാറിെൻറ യാത്ര. അതിെൻറ സാക്ഷ്യങ്ങളാണ് അദ്ദേഹത്തിെൻറ കഥാപാത്രങ്ങൾ. മോഹൻലാൽ സാറിന് അഭിനയിക്കാൻ അറിയുമോ? ബിഹേവ് ചെയ്യാനേ അദ്ദേഹത്തിന് അറിയൂ. വാനപ്രസ്ഥവും കിരീടവുമൊക്കെ ഒരു േപ്രക്ഷകനെന്ന നിലയിൽ എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഇത്രമാത്രം സ്വാഭാവികത മറ്റൊരു നടനിലും ഞാൻ കണ്ടിട്ടില്ല.
മറക്കില്ല
എനിക്കു പോറ്റമ്മയാണ് മലയാളം. ഞാൻ മലയാളത്തെ മറന്നിട്ടില്ല; മലയാളം എന്നെയും. നിങ്ങളെന്നെ നായകനായി അംഗീകരിച്ചിട്ട് 40 വർഷമായി. നല്ല ഒരു കഥയും കഥാപാത്രവും ഒത്തുവരുകയാണെങ്കിൽ ഞാൻ വീണ്ടുമെത്തും. മലയാളത്തിലെ അഭിനേതാക്കൾക്കൊപ്പം നടിക്കുന്നത് വലിയൊരനുഭവമാണ്. ആർട്ടിസ്റ്റുകളെക്കൊണ്ട് ഇത്രയേറെ സമ്പന്നമായ മറ്റൊരു ഭാഷയില്ല.
ഓർമകൾ വർണപ്പൂക്കളമിട്ട അനുഭവങ്ങളിലൂടെ കമൽ സഞ്ചരിച്ചു. മലയാളത്തെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകാത്തപോലെ. അടുത്ത ഷോട്ട് റെഡിയായെന്ന് അസിസ്റ്റൻറ് വന്നുപറഞ്ഞപ്പോൾ കമൽ പറഞ്ഞു: ‘‘ഇനി നമുക്ക് മറ്റൊരു ദിവസമാകാം.’’ കാമറക്ക് മുന്നിൽ അദ്ദേഹം ജീവിക്കാൻ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.