രണ്ടാം പുണ്യാളൻ എല്ലാവർക്കും സ്വീകാര്യൻ: രഞ്ജിത്ത് ശങ്കർ
text_fieldsനടനും സംവിധായകനും തമ്മിലുള്ള കൂട്ടുകെട്ടുകളും അത്തരം കൂട്ടുകെട്ടുകളിൽ പിറവിയെടുത്ത മികവുറ്റ ചിത്രങ്ങളും മലയാള ചലച്ചിത്ര രംഗത്ത് ധാരാളം ഉണ്ടായിട്ടുണ്ട്. രഞ്ജിത് ശങ്കർ-ജയസൂര്യ കൂട്ടുകെട്ടും ഈ വിഭാഗത്തിൽ പെടുന്നു. ‘പുണ്യാളൻ അഗർബത്തീസ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അതേ ചിത്രത്തിെൻറ രണ്ടാം ഭാഗമായ ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡി’ലൂടെ ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുന്നു. തിയറ്ററുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഇതിനോടകം പ്രേക്ഷക പ്രീതി പിടിച്ചു പറ്റിക്കഴിഞ്ഞു. ചിത്രത്തിന്‍റെ കൂടുതൽ വിശേഷങ്ങളുമായി സംവിധായകൻ രഞ്ജിത്ത് ശങ്കർ ‘മാധ്യമം ഒാൺലൈനി’നോട് സംസാരിക്കുന്നു...
ആദ്യ ഭാഗമായ പുണ്യാളൻ അഗർബത്തീസും രണ്ടാം ഭാഗമായ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡും പിന്തുടരുന്നത് ഒരേ പാറ്റേൺ ആണ്. ഫസ്റ്റ് ഹാഫ് കോമഡിയും സെക്കൻറ് ഹാഫ് സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളും. ആവർത്തനത്തിന് പിന്നിലെ കാരണം?
അടിസ്ഥാനപരമായി ഇതൊരു പൊളിറ്റിക്കൽ സറ്റയർ അഥവാ സോഷ്യൽ സറ്റയർ ആയ സിനിമയാണ്. ഇത് ആദ്യ ഭാഗത്തേക്കാൾ കുറച്ചുകൂടി വലുപ്പമുള്ള സിനിമയാണ്. ആദ്യഭാഗം പോലെ രണ്ടാംഭാഗം ആകാതിരിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. എനിക്ക് തോന്നുന്നു, ഈ സിനിമ ചെയ്യുമ്പോൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി തന്നെ രണ്ട് സിനിമകളും പറയുന്ന രീതികൾ തമ്മിൽ സാദൃശ്യം തോന്നാതിരിക്കുക എന്നതാണ്. ഇപ്പോൾ സിനിമ കാണുന്ന പ്രേക്ഷകർ എല്ലാവരും ഒന്നടങ്കം നന്നായിട്ടുണ്ട് എന്ന് പറയുന്നത് കേൾക്കുമ്പോൾ ഉള്ള ഒരു ആശ്വാസത്തിലാണ് ഞാൻ. അതിനു വേണ്ടി ബോധപൂർവം ശ്രമിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ഒരു സീക്വൻസ് ആലോചിക്കുമ്പോൾ ആ സീക്വൻസ് പ്രായോഗികമാകാത്തതിെൻറ ഒരു അടിസ്ഥാന കാരണം, ഒന്നാം ഭാഗത്തിൽ വർക്ക് ആകുന്ന ചില കാര്യങ്ങൾ ഉണ്ടാകും. അത് നമ്മൾ ആവർത്തിക്കുേമ്പാൾ ഒരിക്കലും രണ്ടാം ഭാഗത്തിൽ കിട്ടിയില്ലെന്നു വരാം. അത് ഒരു മാജിക് ആണ്. ഉദാഹരണമായി അജുവിന്‍റെ കഥാപാത്രവും ജയസൂര്യയുടെ കഥാപാത്രവും തമില്ലുള്ള കെമിസ്‌ട്രി ഒന്നാം ഭാഗത്തിൽ പരമാവധി ഉപയോഗപ്പെടുത്തി കഴിഞ്ഞു. വീണ്ടും അജുവിനെ മുഴുവനായി ആയി വെച്ചു കഴിഞ്ഞാൽ അത് ആളുകൾക്ക് ബോറടിക്കും. അത്തരം കാര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്. രണ്ടാം ഭാഗം പുതിയൊരു കഥയാണ്. രണ്ട് സിനിമകളും തമ്മിലുള്ള വ്യത്യാസമായി പറയാവുന്നത് പുണ്യാളൻ-1 തൃശ്ശൂർ ഭാഗത്തു നന്നായി ഓടിയിരുന്നു. പക്ഷേ, പുണ്യാളൻ-2 എല്ലായിടത്തും ഒരുപോലെ ഓടുന്നു എന്നതാണ്.
സമകാലിക രാഷ്ട്രീയം രണ്ടാം ഭാഗത്തിലും ഇത്രയേറെ ഉപയോഗപ്പെടുത്താനുണ്ടായ പ്രചോദനം?
യഥാർത്ഥത്തിൽ ഞാൻ പുതിയൊരു കഥാപാത്രത്തെ വെച്ച് പുതിയൊരു കഥയായി പുതിയ ഒരു സിനിമയായി ചെയ്യണമന്നായിരുന്നു ആദ്യം വിചാരിച്ചത്. അതേക്കുറിച്ച് വിശദമായി ആലോചിക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് മനസ്സിൽ തോന്നിയ കാര്യം നെടുനെടുങ്കൻ ഡയലോഗായി കഥ പറഞ്ഞ് അവതരിപ്പിക്കുമ്പോൾ കാഴ്ചക്കാർക്ക് പിടിക്കില്ല എന്നതാണ്. എങ്കിൽ പിന്നെ തൃശൂർ ഭാഷയായിരിക്കും പ്രയോഗിക്കാൻ എളുപ്പമെന്ന് തോന്നി. കാരണം തൃശൂർ ഭാഷയിൽ പറയുമ്പോൾ ലളിതമായി പറയാം, വലിയൊരു ട്രീറ്റ് മെന്‍റ് ഇല്ലാതെ വളരെ സാധാരണമായി കഥ പറയാം. അപ്പോൾ തോന്നി തൃശൂർകാരനാണെങ്കിൽ എന്ത് കൊണ്ട് ജോയ് താക്കോൽക്കാരനായിക്കൂടാ എന്ന്. ജോയ് താക്കോൽക്കാരന് ഇപ്പോൾ തന്നെ ജനങ്ങൾക്കിടയിൽ സ്വീകാര്യത ഉണ്ട്. അയാൾക്ക് പ്രേക്ഷകരോട് പല കാര്യങ്ങളും പറയാൻ സാധിക്കും. മറ്റേതൊരു പുതിയ കഥാപാത്രത്തെക്കാളും. അങ്ങനെയാണ് ഈ കഥ ഉണ്ടാകുന്നത്.
രഞ്ജിത്ത് ശങ്കർ-ജയസൂര്യ കൂട്ടുകെട്ടിനു പിറകിലെ കെമിസ്‌ട്രിയെ കുറിച്ച്?
അങ്ങോട്ടുമിങ്ങോട്ടും അറിയാം എന്നുള്ളതു തന്നെയാണ് കാരണം. ഞങ്ങൾക്കിടയിൽ വളരെ അടുത്ത ഒരു സൗഹൃദം ഉണ്ട്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ ഒരു സൗഹൃദമുണ്ട്. എന്‍റെ മക്കളും ജയന്‍റെ മക്കളും നല്ല സുഹൃത്തുക്കളാണ്. ഭാര്യമാർ തമ്മിൽ നല്ല സൗഹൃദമാണ്. നല്ല സൗഹൃദത്തിൽ നിന്ന് നല്ല സിനിമകൾ പിറക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം അങ്ങനെ ജയനെ വെച്ച് മാത്രമേ ഞാൻ സിനിമ ചെയൂ എന്നൊന്നും ഇല്ല. ഈ സിനിമ പോലും വേറെ ആക്ടറെ വെച്ച് ചെയ്യാനായിരുന്നു ചിന്തിച്ചത്. അത് ജയനിലോട്ടു എത്തിച്ചേർന്നതാണ്. എല്ലാ സിനിമകളും അങ്ങനെയാണ്. അല്ലാതെ ജയനു വേണ്ടി ഒരു സിനിമ ചെയ്യുക എന്ന ഒരു തീരുമാനം ഇല്ല.
സിനിമ കണ്ട ജനങ്ങളുടെ പ്രതികരണം? പ്രത്യേകിച്ചും തൃശ്ശൂരിൽ നിന്നും?
വളരെ ആവേശകരമായ പ്രതികരണം ആയിരുന്നു.പ്രത്യേകിച്ചും തൃശ്ശൂർകാരിൽ നിന്നും. തിയറ്ററുകളിൽ ആളുകൾ ചെറുതായി ചിരിക്കുന്നു അവരുടെ കണ്ണുകൾ നിറയുന്നു ഇതെല്ലാം സ്വാഭാവികമാണ്. എന്നാൽ, ഇന്നത്തെ കാലത്ത് തിയറ്ററിൽ ആളുകൾ കൈയടിക്കുക എന്നത് എളുപ്പമല്ല. ജോയ് താക്കോൽക്കാരൻ എന്തെല്ലാം പറഞ്ഞോ അതെല്ലാം തന്നെ ജനങ്ങൾ പറയാൻ ആഗ്രഹിച്ചതായിരുന്നു എന്നതാണ് കാരണം.
ആദ്യ ഭാഗത്തിലെ നായികയായ നൈല ഉഷയെ രണ്ടാം ഭാഗത്തിൽ ഒഴിവാക്കിയത് മനപൂർവമാണോ?
വാസ്തവത്തിൽ ആദ്യം ചിന്തിച്ചിരുന്നത് വേറൊരു കഥയായിരുന്നു. ഈ കഥയിലെ നായകന് ഭാര്യയോ കുട്ടിയോ കുടുംബമോ ഒക്കെയായാൽ ഈ കഥയിൽ പറഞ്ഞപോലുള്ള കാര്യങ്ങളൊക്കെ ചെയ്യാൻ പ്രായോഗികമായി ബുദ്ധിമുട്ടാകും. കാരണം ഭാര്യയോ കുട്ടിയോ ജയിലിൽ കിടക്കാനും ഈവക പരിപാടിക്ക് പോകാനും അയാളെ സമ്മതിക്കില്ല. അപ്പോൾ അത് കഥയിലെ ഒരു ഏച്ചുകെട്ടിയ അവസ്ഥയിൽ നിൽക്കും. പ്രേക്ഷകരെ അത് ബോധ്യപ്പെടുത്താൻ ഏറെ ബുദ്ധിമുേട്ടണ്ടിവരും.
സിനിമയിൽ പറയുന്ന രാഷ്ട്രീയം സിനിമയ്ക്കായി ഉണ്ടാക്കിയതാണോ അതോ താങ്കളുടെ നിലപാടുകളിലൂടെ ഉണ്ടായതോ?
തീർച്ചയായും എന്‍റെ സിനിമ, എന്‍റെ നിലപാടുകൾ തന്നെയാണ്. വ്യക്തിപരമായോ ഏതെങ്കിലും പാർട്ടിപരമായോ അല്ല അത്. സ്വതന്ത്രപരമായാണ്. ഒരു സ്വതന്ത്ര നിലപാടാണ്. ഇപ്പോഴത്തെ കാലത്ത് ജീവിക്കുന്ന സാധാരണ പൗരനെന്ന നിലയിലെ നിലപാടാണ് ഈ സിനിമയിലൂടെ പറയുന്നത്. ഈ സിനിമ ഇപ്പോൾ ചെയ്യണമെന്ന് തോന്നാൻ കാരണം കുറച്ചു കഴിഞ്ഞാൽ ഇവിടുത്തെ അന്തരീക്ഷം മാറിയേക്കാം എന്നുള്ളതുകൊണ്ടാണ്. അപ്പോൾ പിന്നെ ഈ സിനിമ ചെയ്യണം എന്ന് തോന്നില്ല. അതാണ് പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.