നോമ്പുകാലം പോലെ ഒരു ലോക്ഡൗൺ കാലവും
text_fieldsഒരു വൈറസിന് ലോകത്തിെൻറ ഗതിയെ തന്നെ മാറ്റാൻ കഴിഞ്ഞിരിക്കുന്നു. മത്സരിച്ചും യുദ്ധംചെയ്തും വെട്ടിപ്പിടിച്ച് മുന്നോട്ടുപോകുന്ന മനുഷ്യന് ഏറെ ചിന്തിക്കാനുള്ള അവസരമാണിത്. ആത്മ നിയന്ത്രണത്തിലൂടെയാണ് നാം ആ വൈറസിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നത്. അതിനാൽ തന്നെ റമദാൻ കാലത്തിനും ലോക്ഡൗൺ കാലത്തിനും ഒരുപാട് സമാനതകളുണ്ട്.
വിശപ്പും ദാഹവും അറിയാൻ ശ്രമിക്കുന്ന നോമ്പുകാലത്തെ പോലെയാണ് ലോക്ഡൗൺ കാലവും. സൗഹൃദത്തിെൻറ വിരുന്നുകളായി മാറുന്ന ഇഫ്താർ, കൂട്ട പ്രാർഥനകൾ എല്ലാം ഒഴിവാക്കി കൊണ്ടുള്ള നോമ്പുകാലം ചിലപ്പോൾ ആത്മീയതയിലേക്ക് തിരിച്ചുപോകാൻ ദൈവം ഒരു അവസരം നൽകിയതായിരിക്കാം. നോമ്പുകാലത്തെ ഷൂട്ടിങ് വേളകളിൽ മമ്മൂട്ടിക്കും ഫഹദ് ഫാസിലിനും നോമ്പ് തുറക്കാനും അത്താഴത്തിനുമുള്ള ഭക്ഷണം എത്തിച്ചിരുന്ന കാര്യമാണ് ഇപ്പോൾ മനസിലേക്ക് വരുന്നത്. സെറ്റിൽ നോമ്പുകാരുള്ളത് കൊണ്ട് തന്നെ അക്കാലയളവിൽ ആർഭാട ഭക്ഷണങ്ങൾ ഒഴിവാക്കാറാണ് പതിവ്. എത്ര വലിയവനായാലും ഒരു നിയന്ത്രണം വേണം എന്ന മഹത്തായ കാര്യമാണ് കോവിഡ് നമ്മെ പഠിപ്പിക്കുന്നത്.
കനോലി കനാലിലെ മലിനമായിരുന്ന വെള്ളം ഇപ്പോൾ തെളിനീരായി ഒഴുകാൻ തുടങ്ങിയിരിക്കുന്നു. ഈ അടച്ചിരിപ്പ് കാലത്ത് പ്രകൃതിക്ക് പലതും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. നമ്മളില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്ന് പ്രകൃതി തന്നെ നമ്മോട് വിളിച്ചു പറയുന്നു. സമ്പന്നർ സ്വയം ക്രമീകരണത്തിനുള്ള ഒരവസരമായി ഇക്കാലം മാറ്റണം. വീട്ടുജോലികൾ പലരും മറ്റുള്ളവരുടെ സഹായം ഇല്ലാതെ ചെയ്തു തുടങ്ങിയ പോലെ പച്ചക്കറികളും നമുക്ക് തന്നെ ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വളരണം.
അതേസമയം, വരുംകാല ജീവിതത്തെക്കുറിച്ച് ഉള്ളിൽ ഭീതിയും മുളപൊട്ടിയിട്ടുണ്ട്. കൃഷിയും വായനയും അല്ലാതെ എഴുത്തിെൻറയും സിനിമയുടെയും ചിന്തകൾ തുടക്കത്തിൽ മനസിൽ ഉണ്ടായിരുന്നു. എന്നാൽ കൃഷിയും വായനയുമായി ലോക്ഡൗൺ കടന്നുപോകുമ്പോൾ ചിന്തകളിൽ എഴുത്ത് നിറയുന്നില്ല. ചുറ്റുപാടുകൾ ശാന്തമാവുമ്പോഴല്ലേ നമുക്ക് ആശ്വസിക്കാനാവുക...
തയാറാക്കിയത്: റഹ്മാൻ കുറ്റിക്കാട്ടൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.