എന്െറ നോമ്പ്, ആണായും പെണ്ണായും...
text_fieldsപടിഞ്ഞാറൻ ആകാശക്കോണിൽ പെരുന്നാളിൻ വരവറിയിച്ചുകൊണ്ട് ശവ്വാലമ്പിളി തെളിയുമ്പോൾ മാമന്മാരും മേമമാരും ചേർന്ന് കൈനിറയെ പെരുന്നാൾകോടി സമ്മാനിച്ചിരുന്ന ബാല്യകാലമുണ്ടായിരുന്നു. തറവാട്ടിലെ പെൺകുട്ടികളെല്ലാം ചേർന്ന് പെരുന്നാൾത്തലേന്ന് കൈവെള്ളയിൽ ചന്തത്തിൽ മൈലാഞ്ചിയിടുമ്പോൾ എെൻറ ഉള്ളിലെ പെൺകുട്ടിയും മൈലാഞ്ചിച്ചോപ്പണിയാൻ ഏറെ കൊതിച്ചിരുന്നു.
ആൺകുട്ടിയായാണ് ജനിച്ചതെങ്കിലും പെണ്ണായി മാറീടാൻ ആഗ്രഹിച്ച ബാല്യം. മൈലാഞ്ചി പോലുള്ള പെൺചാപല്യങ്ങളെല്ലാം അന്നുതൊട്ടേ എന്നിലുണ്ടായിരുന്നു. ഉമ്മ ചെറുപ്പത്തിൽ മരിച്ചതിെൻറ സങ്കടം ഉള്ളിലുണ്ടായിരുന്നെങ്കിലും ബന്ധുക്കളുടെ സ്നേഹം വേദനകളെ മറച്ചു. ആ സ്നേഹത്തെയെല്ലാം പിറകിലുപേക്ഷിച്ച് നാടുവിട്ടതിൽ ഇന്ന് ഞാനേറെ വേദനിക്കുന്നു.
കോയമ്പത്തൂരിലെ എെൻറ വീടിനടുത്തുള്ള മസ്ജിദിൽനിന്ന് മഗ്രിബ് ബാങ്കൊലികൾ ഉയരുമ്പോൾ ഓർമകൾ അറിയാതെ കോഴിക്കോട് താമരശ്ശേരിയിലെ എെൻറ തറവാട്ടുവീട്ടിലേക്ക് അരിച്ചിറങ്ങും. നിറമുള്ള നോമ്പുകാലമായിരുന്നു ബാല്യത്തിൽ. നോമ്പിന് പുലർച്ചെ തണുപ്പത്ത് എഴുന്നേൽക്കുന്നതുതന്നെ പ്രത്യേക അനുഭവമാണ്. പുലർച്ചെയുണ്ടാക്കുന്ന പപ്പായ ഉപ്പേരി, കൂർക്ക ഉപ്പേരി, മീൻ വറുത്തത്, മീൻ കറി ഇവയെല്ലാം കൂട്ടിയുള്ള മുത്താഴം. ഇന്നും ആ രുചി എൻെറ നാവിലുണ്ട്. ഭക്ഷണം കഴിഞ്ഞ ശേഷം മധുരം ചേർത്ത് ലൈറ്റ് കട്ടൻചായ. പിന്നെ ഉറങ്ങാൻ കിടക്കും. ഉറങ്ങാനാവില്ല, ഉറക്കംപിടിച്ചു വരുമ്പോഴേക്കും നമസ്കരിക്കാനുള്ള സമയമാവും.
വൈകീട്ട് നോമ്പു തുറക്കുന്നത് വത്തക്ക ജ്യൂസ് കഴിച്ചാണ്. അവിൽ, പഴം മിക്സ്, അതു കഴിഞ്ഞ് തരിക്കഞ്ഞി... പിന്നെ കുഞ്ഞിപ്പത്തിരി, ചട്ടിപ്പത്തിരി, ഉന്നക്കായ... അങ്ങനെ രുചിയേറുന്ന ഒട്ടേറെ വിഭവങ്ങൾ. മഗ്രിബ് നമസ്കരിച്ചതിനുശേഷം 20 മിനിറ്റോളം വിശ്രമമാണ്. പിന്നെ പത്തിരിയും ചിക്കൻ കറിയും, അല്ലെങ്കിൽ കപ്പയും ബീഫ് വരട്ടിയതും തുടങ്ങിയവയാണ് വിശദമായ ഭക്ഷണം. അതൊരു കാലമായിരുന്നു.
യു.പി സ്കൂളിലൊക്കെ പഠിക്കുന്ന കാലത്ത് മുതിർന്നവർ വെള്ളം കുടിക്കരുത് എന്നെല്ലാം പറഞ്ഞാലും ആരും കാണാതെ വെള്ളം കുടിക്കുകയും പഴങ്ങൾ കഴിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. നോമ്പിന് ഒന്നും കഴിക്കാൻ പാടില്ലെന്ന് ആ പ്രായത്തിൽ അറിയില്ലായിരുന്നു. നോമ്പെടുത്താൽ സ്കൂളിലൊക്കെ പോകാൻ മടിയാവും. കുറച്ചു വലുതായപ്പോൾ നേരെ തിരിച്ചായിരുന്നു അവസ്ഥ. നോമ്പു മുറിയുമെന്ന് കരുതി ഉമിനീരു പോലും ഇറക്കാതെ തുപ്പിക്കൊണ്ടിരിക്കും.
വളരെയധികം മതനിഷ്ഠ പാലിക്കുന്ന കുടുംബമായിരുന്നു എേൻറത്. ചെറുപ്പത്തിലെ ചിട്ടകളൊക്കെ ഇപ്പോഴും ഞാൻ പാലിക്കുന്നുണ്ട്. ചെറിയ പ്രായത്തിൽ നോമ്പുകാലത്ത് ഉമ്മയുടെ സഹോദരിമാരുടെയും അവരുടെ മക്കളുടെയുമെല്ലാം കൂടെ അടുക്കളയിൽ ഭക്ഷണമുണ്ടാക്കാൻ കൂടും. സമൂസയൊക്കെയാണ് ഉണ്ടാക്കുക. പത്താംക്ലാസിൽ പഠിക്കുമ്പോൾ സഹപാഠിയായിരുന്ന രാഹുൽ നോമ്പുതുറക്കാൻ വരുന്നത് നല്ല ഓർമയുണ്ട്. ഓണത്തിനും വിഷുവിനുമൊക്കെ അവെൻറ വീട്ടിലേക്കും പോകും.
മതസൗഹാർദത്തിെൻറ നോമ്പുതുറയായിരുന്നു ഞങ്ങളുടെ നാട്ടിൽ. ക്ലാസിലെ ഇതരമതസ്ഥരായ കുട്ടികൾ ഞങ്ങളുടെ മുന്നിൽവെച്ച് ഒന്നും കഴിക്കില്ല. നോമ്പുകാലത്ത് അവർ മാറിയിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. നിറംമങ്ങിയ കുറെ നോമ്പുകാലങ്ങളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി എനിക്കുള്ളത്. കോയമ്പത്തൂരിലെ വീട്ടിൽ പലപ്പോഴും ഒറ്റക്കാണു ഞാൻ. തിരിഞ്ഞുനോക്കുമ്പോൾ സങ്കടകഥകൾ മാത്രം... പെരുന്നാളിന് പുത്തൻ വസ്ത്രമെടുത്തുതരാൻ ഇന്നെനിക്കാരുമില്ല. ഇന്നു ഞാനൊരു സെലിബ്രിറ്റിയാണ്. വലിയ വില കൊടുത്ത് വസ്ത്രങ്ങൾ വാങ്ങാനുള്ള കഴിവുണ്ട്.
എന്നാൽ, ഒരു ചുരിദാറെങ്കിലും ആരെങ്കിലും വാങ്ങിത്തന്നിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ചിട്ടുണ്ട്. നമ്മൾ വാങ്ങുന്നതിനല്ലല്ലോ മധുരം, നമ്മൾ സ്നേഹിക്കുന്ന മറ്റൊരാൾ വിലകുറഞ്ഞ വസ്ത്രമെങ്കിലും വാങ്ങിത്തരുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. പണ്ടത്തെപ്പോലെ ഇന്ന് നോമ്പുതുറക്കാൻ പത്തിരിയൊന്നുമില്ല, നോമ്പുസൽക്കാരങ്ങളും ഇല്ല. പുലർച്ചെ ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുന്ന എനിക്ക് രാത്രി മാത്രമായി ഭക്ഷണം. ഒരുപാട് മിസ് ചെയ്യുന്നുണ്ട്... പണ്ടത്തെ ഓർമകൾ, കുടുംബത്തിെൻറയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സ്നേഹം... എല്ലാം...
എഴുത്തും ചിത്രവും: പി. അഭിജിത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.