വിരുന്നെത്തിയ കിസ്മത്ത്
text_fieldsപഴയകാല ഓർമകൾ പ്രത്യേകിച്ചും വിശേഷദിവസങ്ങളിലേത് മനസ്സിന് സുഖം തരുന്നതാണ്. ചെറിയ സന്തോഷമാണെങ്കിലും സങ്കടമായാലും മനസ്സിൽ തട്ടിയത് പെട്ടെന്നൊന്നും മാഞ്ഞുപോകില്ല. പെരുന്നാൾ ദിനവും ഒരാളുടെ ജീവിതത്തിൽ ഒരുപിടി ഒാർമകൾ സമ്മാനിച്ചാണ് കടന്നുപോകുന്നത്. കിസ്മത്ത്, കെയർ ഒാഫ് സൈറാ ബാനു തുടങ്ങി ഒരുപിടി സിനിമകളിലൂടെ യുവത്വത്തിെൻറ പ്രസരിപ്പാർന്ന അഭിനയശൈലി കാഴ്ചവെച്ച ഷൈൻ നിഗം എന്ന പുതുതലമുറ നടൻ, ജീവിതത്തിലെ ഏറ്റവും വിശേഷദിനമായ പെരുന്നാൾ ഒാർമകൾ പങ്കുവെക്കുന്നു. നടൻ അബിയുടെ മകനാണ് ഷൈൻ നിഗം.
സന്തോഷനാളിലെ കൂട്ടുചേരൽ
മാതാപിതാക്കൾ, കുടുംബം തുടങ്ങി എല്ലാവരിലും സൗരഭ്യം പരത്തുന്ന ആനന്ദമാണ് പെരുന്നാള്‍. ഉമ്മയുടെയും ഉപ്പയുടെയും കൂടെ കുടുംബവീടുകളിൽ പോകുന്നതും ഒത്തുചേരുന്നതും ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു. എല്ലാവരോടൊപ്പം ഭക്ഷണം കഴിക്കുന്നതും വിശേഷങ്ങൾ പങ്കുവെക്കുന്നതും പെരുന്നാൾ നൽകുന്ന നല്ല ഒാർമകളാണ്. ഉമ്മച്ചിയുടെയും ഉപ്പച്ചിയുടെയും വീടുകൾ പെരുന്നാളിന് സന്ദർശിക്കും. എല്ലാ ആഘോഷങ്ങളിലും പങ്കുചേരും. എല്ലാ പെരുന്നാളിനും വാപ്പച്ചി കൂടെയുണ്ട്. പെരുന്നാളിെൻറ പ്രധാന ചടങ്ങാണ് പടി (പങ്ക്) പരസ്പരം നൽകുന്നത്. കുടുംബങ്ങളിലെ എല്ലാവർക്കും വിതരണം ചെയ്യും. പ്രായത്തിനനുസരിച്ചാണ് പടിയുടെ അളവും. കുട്ടികൾക്ക് കുറച്ചാണ് ലഭിക്കുക. നമസ്കാരത്തിന് ശേഷം വീട്ടിലെത്തിയാൽ വാപ്പച്ചിക്കും ഉമ്മച്ചിക്കും കൂടെ ഭക്ഷണം കഴിക്കും. ബിരിയാണി, പായസം, പത്തിരി, ഇറച്ചി എന്നിവയാണ് പ്രധാന വിഭവങ്ങൾ. അത്കഴിഞ്ഞ് ചിലപ്പോൾ സുഹൃത്തുക്കളോടൊപ്പം യാത്ര േപാകും. ചിലപ്പോൾ കുടുംബാംഗങ്ങളോടൊപ്പം സിനിമക്ക് പോകും. പെരുന്നാളിനും അല്ലാത്തപ്പോഴും സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യും. പ്രത്യേകിച്ച് ഒരു വിഭവത്തിനോടും താൽപര്യമില്ല. എല്ലാം കഴിക്കും. വാപ്പച്ചിയുടെ കൂട്ടുകാരും മറ്റു സിനിമ പ്രവർത്തകരും വീടുകളിൽ വരും. ദിലീപ്, നാദിർഷ തുടങ്ങി ഒരുപാട് പേർ പെരുന്നാളിന് വീട്ടിൽ വന്നിട്ടുണ്ട്.
കുടുംബമാണ് എല്ലാം
ഉമ്മയോടുള്ള അടുപ്പം ‘കിസ്മത്ത്’ സിനിമയിലെ ഇർഫാനെപ്പോലെയാണ്. വാപ്പച്ചിയുമായും നല്ല സൗഹൃദമാണ്. വാപ്പച്ചി പെരുന്നാളിന് പ്രത്യേകിച്ച് സമ്മാനം നൽകിയിരുന്നില്ലെങ്കിലും പടിയായി നിശ്ചിത തുക കരുതിവെക്കും. സിനിമയിൽ അഭിനയിക്കാൻ ഉപ്പ പൂർണപിന്തുണ നൽകിയിരുന്നു. കൊച്ചി ഭവൻസ് സ്കൂളിലും കളമശ്ശേരി രാജഗിരി കോളജിലുമാണ് പഠിച്ചത്. വാപ്പച്ചിയുടെ മിമിക്രി അവതരണ കഴിവ് ഒഴികെ ബാക്കിയെല്ലാം പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് സീരിയലുകളിലും േകാളജ് പഠനകാലത്ത് ടെലിവിഷൻ ചാനലിൽ നൃത്തവും അവതരിപ്പിച്ചിരുന്നു. വാപ്പച്ചി അന്നത്തെ കാലത്ത് പ്രേക്ഷകരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങെളയാണ് സൃഷ്ടിച്ചത്. ആമിനത്താത്ത എന്നത് വാപ്പച്ചി റഫറൻസായി വികസിപ്പിച്ചെടുത്ത കാരക്ടറാണ്. വാപ്പച്ചിയുടെ അകന്ന ബന്ധത്തിലുള്ള ഒരാളാണ്. അവരുടെ പേര് യഥാർഥത്തിൽ ആമിനത്താത്ത എന്നല്ല.
കോളജിൽ പഠിക്കുന്ന കാലത്ത് കെയർ ഒാഫ് സൈറാ ബാനുവിലെ ജോഷ്വ പീറ്ററിനെ പോലെയുള്ള സ്വഭാവം ഉണ്ടായിരുന്നു. ഫോേട്ടാഗ്രഫിയും ഷോർട് ഫിലിം പിടിത്തവും. പിന്നീട് പഠനവുമായി ബന്ധപ്പെട്ട് അതിൽ താൽപര്യം കുറഞ്ഞു. ബി. ടെക് പഠനം കഴിഞ്ഞു. ഇനി സിനിമയിൽ സജീവമാകാനാണ് തീരുമാനം. സിനിമ ചെയ്യുന്നതിന് മുമ്പേ ലൊക്കേഷനും സിനിമരീതികളുമൊക്കെ പരിചയമുണ്ട്.
അങ്ങനെ ഞാനും നടനായി
അന്നയും റസൂലും, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നീ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. എല്ലാവരോടും അടുപ്പമുള്ളതിനാല്‍ ആദ്യമായി അഭിനയിച്ചപ്പോള്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും നേരിടേണ്ടിവന്നിട്ടില്ല. നടനായി വെള്ളിത്തിരയിൽ ശ്രദ്ധിക്കപ്പെട്ടത് നവാസ് കെ. ബാവുക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ്. കിസ്മത്ത് സിനിമ നിർമിച്ചതിൽ ഒരാൾ ഛായാഗ്രാഹകൻ രാജീവ് രവിയാണ്. രാജീവ് രവിയുടെ അന്നയും റസൂലും എന്ന സിനിമയിൽ നായികയുടെ സഹോദരനായി അഭിനയിച്ചിരുന്നു. രാജീവ് രവിയുടെ കീഴിൽ ഷാനവാസ് കെ. ബാവുക്കുട്ടി വർക്ക് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് രാജീവ് രവി കിസ്മത്ത് എന്ന സിനിമക്ക് വേണ്ടി എെൻറ പേര് നിർദേശിക്കുന്നത്. കിസ്മത്തിെൻറ ഷൂട്ടിങ് പൊന്നാനിയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്കകം പൂർത്തിയാക്കിയ സിനിമയാണിത്. റമദാൻ കാലത്തായിരുന്നു ഷൂട്ടിങ്. സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങളാണ് നോമ്പുതുറക്ക് അന്ന് കിട്ടിയത്.
പുതിയ പ്രോജക്ടുകൾ
നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന പറവ എന്ന സിനിമ റിലീസിന് ഒരുങ്ങുന്നു. ഷാജി എൻ. കരുൺ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് കണ്ണൂർ പുരോഗമിക്കുകയാണ്. പയ്യന്നൂർ, മുംെബെ എന്നിവിടങ്ങളിലാണ് ഷൂട്ടിങ്. ചിത്രസംയോജനത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ പ്രശസ്ത എഡിറ്റര്‍ ബി. അജിത്ത് കുമാർ സംവിധാനം ചെയ്യുന്ന ഇൗഡ എന്ന സിനിമയിലും അഭിനയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.