ശ്രീദേവി കാമറക്കു പിന്നിൽ പൂച്ച; മുന്നിൽ പുലി
text_fieldsഎന്നും എെൻറ നല്ല അയൽക്കാരിയായിരുന്നു ശ്രീദേവി. അപ്രതീക്ഷിതമായുണ്ടായ അവരുടെ വിയോഗം എനിക്ക് താങ്ങാനാവാത്തതാണ്. സത്യത്തിൽ ഷോക്കേറ്റതുപോലെയാണ് ശ്രീദേവിയുടെ മരണവാർത്ത ഞാൻ അറിയുന്നത്. കഴിഞ്ഞ 35 വർഷത്തിലേറെയായി ഞാനും ശ്രീദേവിയും അടുത്ത സുഹൃത്തുക്കളാണ്. ചെന്നൈയിൽ എെൻറ വീടിനോട് തൊട്ടടുത്താണ് ശ്രീദേവിയുടെ വീട്. എെൻറ ഏറ്റവും പ്രിയപ്പെട്ട അയൽക്കാരിയായിരുന്നു ശ്രീദേവി. അവരുടെ കുടുംബവുമായും ഞങ്ങൾക്ക് നല്ല അടുപ്പമുണ്ടായിരുന്നു. വിളിച്ചാൽ കേൾക്കാവുന്നത്ര അകലമേ ഞങ്ങളുടെ വീടുകൾ തമ്മിലുണ്ടായിരുന്നുള്ളൂ. ശ്രീദേവിയുടെ എല്ലാ കാര്യങ്ങൾക്കും ഞാൻ കൂടെയുണ്ടാകുമായിരുന്നു^ നല്ലതും ചീത്തയുമായ എല്ലാറ്റിനും. അവരുടെ അച്ഛനും അമ്മയും മരിച്ചപ്പോഴും ഞാൻ കൂടെയുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഞങ്ങൾ പങ്കുെവച്ചിരുന്നു. കുറെനാളുകളായി അവർ ചെന്നൈയിൽ താമസിക്കുന്നില്ലായിരുന്നു. എങ്കിലും ഇടക്കിടെ ഇവിടെയെത്തും. അപ്പോഴെല്ലാം ഞാനും കുടുംബവും അവരുടെ കാര്യങ്ങൾക്ക് സഹായിക്കാൻ കൂടെക്കൂടുമായിരുന്നു. അങ്ങനെ എല്ലാംെകാണ്ടും വളരെയേറെ അടുപ്പം ഞങ്ങൾ തമ്മിലുണ്ടായിരുന്നു.
ഐ.വി. ശശി സംവിധാനം ചെയ്ത ‘ആ നിമിഷം’ എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിൽ മധു സാറും കവിയൂർ പൊന്നമ്മയുമൊക്കെ ഉണ്ടായിരുന്നു. അവർ മലയാളത്തിൽ കുറെ സിനിമകളിൽ അഭിനയിച്ചു. കൂടുതലും ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രങ്ങൾ. ആലിംഗനം, ആശീർവാദം, അംഗീകാരം, അന്തർദാഹം തുടങ്ങിയവ. ശരിക്കും ആ സിനിമകൾ എല്ലാംതന്നെ േപ്രക്ഷകർ ശ്രീദേവി സിനിമകൾ എന്ന രീതിയിലായിരുന്നു ഹൃദയത്തിലേറ്റിയത്. വളരെ ചെറിയ പ്രായംമുതലേ സിനിമയിൽ അഭിനയിച്ചുതുടങ്ങിയ ശ്രീദേവി അവസാന നാളുകൾവരെ സജീവമായി നിന്നു. പല ഭാഷകളിലായി ഒരുപാട് സിനിമകൾ ചെയ്തു. ഒേട്ടറെ സ്വഭാവഗുണമുള്ള ഒരാളായിരുന്നു ശ്രീദേവി. കാമറക്കു പിന്നിൽ ഒരു പൂച്ചയെപ്പോലെയും കാമറക്കുമുന്നിൽ പുലിയെപ്പോലെയുമാണ് അവർ. സത്യസന്ധമായി സംസാരിക്കുകയും കാപട്യവും കളങ്കവുമില്ലാതെ എല്ലാം തുറന്നുപറയുകയും ചെയ്തു. ഒന്നും മറച്ചുവെക്കാത്ത സ്വഭാവം. എല്ലാവരോടും സ്നേഹത്തോടെ മാത്രമേ അവർ പെരുമാറുകയുള്ളൂ. വളരെയേറെ പ്രശസ്തയായ ആർട്ടിസ്റ്റായിട്ടുപോലും അവർ ഒരിക്കലും അഹങ്കരിച്ചില്ല. ലാളിത്യവും എളിമയുമെല്ലാം അവരുടെ പ്രത്യേകതകളായിരുന്നു. എെൻറ കുടുംബവുമായി അവർ അടുത്തബന്ധം പുലർത്തിയിരുന്നു.
അമ്മയോടായിരുന്നു ഏറ്റവും കൂടുതൽ ഇഷ്ടം. അമ്മ പറയുന്നതുമാത്രമേ അവർ ചെയ്യൂ. അമ്മയുടെ അഭിപ്രായത്തിന് ഒരിക്കലും എതിരുനിൽക്കില്ല. അതിനുവേണ്ടി സ്വന്തം ഇഷ്ടങ്ങളെ മാറ്റിെവക്കൻ അവർ തയാറായിരുന്നു. നമുക്ക് അദ്ഭുതം തോന്നും അത്തരം പ്രവൃത്തികൾ കാണുമ്പോൾ. പരിപാടികൾക്കും മറ്റും പോകുമ്പോൾ അമ്മയാണ് ഡ്രസ് എല്ലാം സെലക്ട് ചെയ്യുന്നത്. നീ ഈ സാരിയുടുത്തു പോയാൽ മതി എന്ന് അമ്മ പറഞ്ഞാൽ ശ്രീദേവി പിന്നെ എതിരുനിൽക്കില്ല. എതിരഭിപ്രായവും പറയാറില്ല.
സ്ത്രീകൾക്ക് അസൂയ തോന്നത്തക്കവിധം ഉള്ളേറെയുള്ളതായിരുന്നു അവരുടെ മുടി. ഒരിക്കൽ സിനിമയുടെ ആവശ്യത്തിനായി അവരുടെ മുടി മുറിക്കേണ്ടിവന്നു. അന്ന് മുടി മുറിക്കാൻ ശ്രീദേവിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. പക്ഷേ, ആ കഥാപാത്രത്തിെൻറ പൂർത്തീകരണത്തിനുവേണ്ടി മുടി മുറിച്ചേ തീരൂ... അന്നും അമ്മയാണ് നിർബന്ധിച്ച് മുടി മുറിപ്പിച്ചത്. അന്ന് ശ്രീദേവി എെൻറ അടുക്കൽ വന്ന് ഒരുപാടു കരഞ്ഞു. മുടി പോയതിൽ അവർക്ക് ഒരുപാട് സങ്കടമുണ്ടായിരുന്നു. ഇപ്പോഴും ആ സന്ദർഭം ഞാൻ ഓർക്കുന്നു. അങ്ങനെ ഒരുപാട് ഓർമകൾ എനിക്കുണ്ട്. ഇന്ന് എെൻറ പ്രിയപ്പെട്ട അയൽക്കാരി കൂടെയില്ലായെന്ന് വിശ്വസിക്കാനാവുന്നില്ല. എെൻറ വീടിെൻറ പൂമുഖത്തുനിന്ന് നോക്കിയാൽ ശ്രീദേവിയുടെ വീടു കാണാം. അവിടെ ആ വീടിപ്പോൾ അടഞ്ഞുകിടക്കുന്നു. ഇനിയൊരിക്കലും എെൻറ പ്രിയപ്പെട്ട അയൽക്കാരി ആ വീട്ടിലേക്ക് വരില്ല എന്നത് ഒാർക്കാൻപോലും പറ്റാത്ത കാര്യമാണ്. മരണം അനിവാര്യമാണ്. ഇനി ശ്രീദേവി കൂടെയില്ല... കൂടെയുള്ളത് കുറെ നല്ല ഓർമകൾ മാത്രം.
തയാറാക്കിയത്: പി.ആർ. സുമേരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.