മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടമല്ല, സുരഭി മലയാളത്തിെൻറ സൂര്യതേജസ്സ്
text_fieldsകോഴിക്കോട്: ‘നമ്മുടെ പഴയ പുരാണങ്ങൾ, ആലോചിക്കാൻ കഴിവില്ലാത്ത ആണുങ്ങളുണ്ടാക്കിവെച്ചിരിക്കുന്ന തോന്നലുകളാണ്. പെണ്ണിെൻറ ശരീരം അവെൻറ സുഖത്തിനുള്ളതാണെന്ന്, അതിെൻറ കുഴപ്പമാണ് ഈ പറഞ്ഞ ആക്രമണങ്ങളൊക്കെ! അല്ലാതെ സ്ത്രീക്ക് ഭർത്താവില്ലാത്തതുകൊണ്ടോ അവൾ ഒറ്റക്ക് നടക്കുന്നതുകൊണ്ടോ ഒന്നുമല്ല’ -മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭി ലക്ഷ്മിയുടെ കഥാപാത്രം പറയുന്ന വികാരതീവ്രമായ വാക്കുകളാണിത്.
‘മൂസക്കായി’യോട് അതുമിതും പറഞ്ഞ് കാണികളെയൊന്നാകെ ചിരിപ്പിക്കുന്ന മീഡിയവൺ ടിവിയിലെ എം.80 മൂസയിലെ പാത്തുവായി മാത്രമല്ല, അതിശക്തമായ അമ്മവേഷത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടാമെന്നുവരെ തെളിയിച്ചിരിക്കുകയാണ് കോഴിക്കോട്ടുകാരുടെ സ്വന്തം സുരഭി. ‘മിന്നാമിനുങ്ങി’ൽ പേരു പോലുമില്ലാത്ത കഥാപാത്രത്തെ അവതരിപ്പിച്ച് ഇന്ത്യൻ ചലച്ചിത്രപുരസ്കാരത്തിെൻറ ഉത്തുംഗശൃഖങ്ങളിലെത്തി നിൽക്കുമ്പോഴും ഈ നാട്ടിൻ പുറത്തുകാരിക്ക് ഗമയൊട്ടുമില്ല. തുള്ളിച്ചാടാനുള്ള സന്തോഷത്തോടൊപ്പം അവാർഡ് പ്രഖ്യാപിച്ച ദിവസം നാട്ടിലില്ലാതെ പോയല്ലോ എന്ന കുഞ്ഞുസങ്കടം മാത്രം.
ഒമാനിൽ എം.80 മൂസ സംഘത്തോടൊപ്പം പരിപാടിക്കായി പോയതാണ് സുരഭി. എം.80 മൂസയിലെ നാടൻവർത്തമാനം പറയുന്ന പാത്തുവിൽനിന്ന് ‘മിന്നാമിനുങ്ങി’ലെ അമ്മവേഷത്തിലേക്ക് ചെറുതല്ലാത്ത ദൂരമുണ്ട്. സ്വന്തം ജീവിതവും ഭാഷയുമായി ഏറെ അടുത്തുനിൽക്കുന്ന കഥാപാത്രമായിരുന്നു പാത്തുവെങ്കിൽ ‘മിന്നാമിനുങ്ങി’ൽ സുരഭി അഭിനയിച്ചുഫലിപ്പിച്ചത് മകളെ പഠിപ്പിച്ച് ഒരു കരപറ്റിക്കാൻ കഠിനപ്രയത്നത്തിലേർപ്പെടുന്ന തിരുവനന്തപുരത്തുകാരിയായ ഒരമ്മയുടെ ദൈന്യതകളും നിസ്സഹായാവസ്ഥയുമായിരുന്നു.
ഒറ്റക്ക് പൊരുതുന്നൊരു വിധവ സമൂഹത്തിൽനിന്ന് നേരിടുന്ന ആക്രമണങ്ങളെയും മകൾക്കുമാത്രമായുള്ള അതിജീവനത്തെയും സുരഭി ഭാവതീവ്രമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. മിന്നാമിനുങ്ങെന്ന ചിത്രം സുരഭി ഒറ്റക്കാണ് ചുമലിലേറ്റിയതെന്നായിരുന്നു ദേശീയ അവാർഡ് ജൂറി ചെയർമാൻ പ്രിയദർശെൻറ വാക്കുകൾ. നീണ്ട 14 വർഷങ്ങൾക്കുശേഷം ഇതാദ്യമായാണ് മലയാള സിനിമയെ മികച്ച നടിക്കുള്ള അവാർഡ് തേടിയെത്തുന്നത്. 2003ൽ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിൽ മീര ജാസ്മിനാണ് അവസാനമായി അവാർഡ് നേടിയത്. സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പരാമർശത്തിലൊതുങ്ങിയ സുരഭി ദേശീയ അവാർഡിലൂടെ അത് മറികടക്കുകയാണ്.
കാലടി ശ്രീശങ്കര സർവകലാശാലയിൽനിന്ന് ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും പിന്നീട് തിയറ്റർ ആർട്സിൽ പി.ജിയും നേടി. അമൃത ടി.വിയിലെ ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിലെ വിജയത്തിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. അഭിനയിച്ച നാടകങ്ങളിലൂടെയും നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നരിക്കുനി ചാലിൽ പരേതനായ കെ.പി. ആണ്ടിയുടെയും വീട്ടമ്മയായ രാധയുടെയും മകളാണ് സുരഭി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.