അപരനും ആള്‍മാറാട്ടവും
text_fieldsഅപരന്മാരുടെയും ആള്മാറാട്ടത്തിന്െറയും കഥ മലയാളസിനിമയില്‍ പുതുമയുള്ളതല്ല. പത്മരാജന്‍െറ ‘അപരന്’ എന്ന ചിത്രം സാമാന്യം ഭംഗിയായി കൈകാര്യം ചെയ്ത വിഷയമാണത്. രൂപസാദൃശ്യം എന്ന യാദൃച്ഛികത ഒരു വ്യക്തിയുടെ സ്വത്വപ്രതിസന്ധിക്ക് ഇടയാക്കുന്നതിന്‍െറ വൈകാരികാവിഷ്കാരമായിരുന്നു ‘അപരന്’. ഞാനാരായിട്ടാണ് ജീവിക്കേണ്ടത്? ഞാനായിട്ടോ അതോ അവനായിട്ടോ എന്ന വിശ്വനാഥന്‍െറ ചോദ്യവും രാത്രിയില്‍ എരിഞ്ഞടങ്ങാത്ത ചിതക്കു മുന്നില്‍നിന്നുള്ള പ്രഹേളികാ സ്വഭാവമുള്ള ആ ചിരിയും മലയാളിപ്രേക്ഷകര്‍ക്കു മറക്കാനാവില്ല. തൊണ്ണൂറുകളിലെ എണ്ണമറ്റ മിമിക്രി കോമഡി സിനിമകളുടെ പ്രമേയം ആള്‍മാറാട്ടമായിരുന്നു. ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ തന്നെ നൂറ്റൊന്നാവര്‍ത്തിച്ച ഈ പ്രമേയമാണ് ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിന്‍െറയും ഇതിവൃത്തം.
ബാലതാരമായി അഭിനയരംഗത്ത് എത്തിയ വിനീത് കുമാറിന് ആദ്യമായി ഒരു ചിത്രമൊരുക്കാന്‍ കഥ കൊടുത്തത് രഞ്ജിത്ത്. കൊയിലാണ്ടിയില്നിന്നും ഗുജറാത്തില്‍ പോയി ടയര്‍ പഞ്ചറടയ്ക്കുന്ന പണി ചെയ്യുന്ന പ്രകാശന്‍െറ ജീവിതം എന്ന ഒറ്റവരിയില്‍ ഒരു നല്ല കഥക്കു സാധ്യതയുണ്ടായിരുന്നു. ബ്ളെസിയുടെ ‘കാഴ്ച’ പോലെ അപൂര്‍വം ചില ചിത്രങ്ങളില്‍ മാത്രമേ ഗുജറാത്ത് മലയാള സിനിമയില്‍ കടന്നുവന്നിട്ടുള്ളൂ. പ്രകാശന്‍െറ ഗുജറാത്ത് ജീവിതം വിനീത്കുമാര്‍ അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ അരമണിക്കൂറെങ്കിലും മികച്ച നിലവാരമുള്ള സിനിമയാണല്ളോ ഈ കന്നിക്കാരന് ഒരുക്കിയിരിക്കുന്നത് എന്നൊക്കെ നമ്മള്‍ക്കു തോന്നിപ്പോവും. പക്ഷേ അതൊരു തോന്നല്‍ മാത്രമായിരുന്നുവെന്ന് പിന്നീടുള്ള രംഗങ്ങള്‍ തെളിയിക്കും. പ്രശ്നം വിനീത് കുമാറിന്േറതല്ല. അദ്ദേഹം സിനിമയുടെ ക്രാഫ്റ്റ് അറിയാവുന്ന സംവിധായകന് തന്നെയാണ് എന്ന് ഗുജറാത്ത് ദൃശ്യങ്ങള്‍ അടിവരയിട്ടു പറയുന്നുണ്ട്. കഥയാണ് വില്ലന്‍. പഴകിപ്പുളിച്ച കഥ പുതിയ കുപ്പിയിലാക്കാതെ പറഞ്ഞാല്‍ അതു പഴങ്കഥ തന്നെയായിപ്പോവും. അതാണ് ഈ ചിത്രത്തിനു പറ്റിയത്.
നിയന്ത്രിതാഭിനയത്തിലൂടെ മലയാള സിനിമയില്‍ പകര്‍ന്നാട്ടത്തിന്‍െറ പുതുമാതൃക അവതരിപ്പിച്ചയാളാണ് ഫഹദ് ഫാസില്‍. അദ്ദേഹത്തിന്‍െറ ഗംഭീരമായ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്‍െറ ഹൈലൈറ്റ്. ഗുജറാത്തിലെ പ്രകാശനായും ബംഗുളുരുവിലെ അപരനായിട്ടും ഫഹദ് ഫാസില്‍ നിറഞ്ഞാടുന്നു. ശരീരഭാഷയിലെ മിതത്വംകൊണ്ട് പലയിടങ്ങളിലും വിസ്മയിപ്പിക്കുന്നു. ഇടക്കെങ്കിലും കല്ലുകടിയായി തോന്നിയത് കൊയിലാണ്ടിയുടെ നാട്ടുമൊഴിവഴക്കങ്ങള്‍ ചില സീനുകളില്‍ മാത്രം വഴങ്ങാതെ പോവുന്നതാണ്. അങ്ങേയറ്റം ക്ളീഷെ ആയ രംഗങ്ങളില്‍ പോലും അതിന്‍െറ ചെടിപ്പിനെ മറികടക്കാന്‍ പ്രേക്ഷകരെ സഹായിക്കും ഫഹദിന്‍െറ സാന്നിധ്യം. അതുകൊണ്ടുതന്നെ ഈ നടന്‍െറ ആരാധകര്‍ക്ക് നല്ളൊരു ദൃശ്യവിരുന്നാണ് ഈ ചിത്രം.
യുക്തിഭംഗങ്ങളുടെ ഘോഷയാത്രയാണ് ചിത്രത്തിന്‍െറ രണ്ടാംപകുതിയില്‍ നമുക്കു കാണാനാവുക. പ്രശസ്ത ചലച്ചിത്രതാരത്തിന്െറ രൂപസാദൃശ്യമുള്ള പ്രകാശനെക്കൊണ്ട് വിഡ്ഢിവേഷം കെട്ടിക്കുന്ന ഭാഗങ്ങള്‍ പ്രേക്ഷകന്‍െറ സാമാന്യയുക്തിയെ നോക്കി കൊഞ്ഞനംകുത്തുന്നു. ബംഗളുരുവിലെ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ഒന്നടങ്കം മന്ദബുദ്ധികളാണെന്ന് തോന്നും അപരന്‍െറ സ്വച്ഛഭാരത് പ്രസംഗം കേട്ട് അവര്‍ കൈയടിക്കുന്നതു കണ്ടാല്‍. കഥാപാത്രങ്ങള്‍ക്ക് സാമാന്യബുദ്ധിയില്ളെന്ന് കരുതാന്‍ കഥാകൃത്തിന് ന്യായമായും അവകാശമുണ്ട്. പക്ഷേ പ്രേക്ഷകര്‍ക്ക് അതില്ളെന്നു കരുതുകയും അവരുടെ യുക്തിബോധത്തെ അപഹസിക്കുകയും ചെയ്യുമ്പോള്‍ അത്തരം ചിത്രങ്ങള്‍ അവര്‍ തിരസ്കരിക്കും. അങ്ങനെയൊരു മുന്‍വിധിയും കരുതലും വേണമായിരുന്നു വിനീത്കുമാര്‍, ഒരു പഴങ്കഥക്ക് തിരക്കഥയൊരുക്കുമ്പോള്‍.
ഓരോ വ്യക്തിക്കും അപരന് ഉണ്ടാവുന്നത് സ്വാഭാവികം. അത് സെലിബ്രിറ്റിക്ക് ആവുമ്പോള്‍ അതില്‍ ഒരു കൗതുകമുണ്ട്. മോഹന്‍ലാലിന്‍െറ അപരന് മദന്‍ലാലിനെ നായകനാക്കി വിനയന് 1990ല്‍ ഒരു സിനിമ തന്നെ ചെയ്തിട്ടുണ്ട്. ‘സൂപ്പര്‍സ്റ്റാര്‍’ എന്ന പേരില്‍. നിലവാരം കാരണം പടം അധികമാരും കണ്ടിട്ടില്ല. ജയന്‍െറയും മറ്റ് മലയാളിതാരങ്ങളുടെയും അപരന്മാരായ മിമിക്രി ആര്‍ട്ടിസ്റ്റുകളെ വെച്ച് നിസാര്‍ 2001ല്‍ ഒരുക്കിയതാണ് ‘അപരന്മാര് നഗരത്തില്‍’ എന്ന ചിത്രം. കാലം കുറേ മാറി. മാര്‍ഷല്‍ മക് ലൂഹാന്‍ പറഞ്ഞപോലെ ലോകം ഒരു ഗ്രാമമായി ചുരുങ്ങി. അയലത്തെ വീട്ടിലെന്ന പോലെ ലോകത്തെ എവിടത്തെയും സംഭവങ്ങള്‍ എളുപ്പം അറിയാനാവുന്ന വിധത്തില്‍ സാങ്കേതിക വിദ്യ പുരോഗമിച്ചു. വടക്കേ അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ കാനഡയില്‍ ഒരു മലയാളി കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അപരനെ കണ്ടത്തെിയപ്പോള്‍ തന്നെ സംഭവം നാടറിഞ്ഞു. കോട്ടയം കറുകച്ചാല്‍ സ്വദേശിയും ടൊറൊന്‍േറാ യൂനിവേഴ്സിറ്റിയിലെ സ്കൂള്‍ ഒഫ് കണ്ടിന്യൂയിംഗ് സ്റ്റഡീസ് വിദ്യാര്‍ഥിയുമായ വിനോദ് ജോണ്‍ അയാളുടെ പടം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെ വാട്സാപ്പു പോലുള്ള മറ്റു വിനിമയ സംവിധാനങ്ങളിലും അത് വൈറലായി പടര്‍ന്നു. ഗള്‍ഫ് നാടുകളിലും ഇദ്ദേഹത്തെ പോലുള്ള ഒരാളെ കണ്ടുവെന്ന് വാര്‍ത്ത പരന്നിരുന്നു. അതിന്‍െറ ചിത്രങ്ങളും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഒരു പ്രമുഖനായ വ്യക്തിയുടെ/ ഒരു സെലിബ്രിറ്റിയുടെ അപരന് എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ അത് നാടു മുഴുവന്‍ അറിയുന്ന കാലത്താണ് പ്രകാശന് അത്തരമൊരു സെലിബ്രിറ്റിയുടെ മറുപകര്പ്പായി ജീവിക്കുന്നത്. അതും ആരുമറിയാതെ. അതുവരെ കരുതലോടെ കൊണ്ടുവന്ന കഥയുടെ രസച്ചരട് അവിടെ മുറിയുകയാണ്.
ഒരു റൊമാന്റിക് കോമഡി ചിത്രമൊരുക്കുകയായിരുന്നു വിനീതിന്‍െറ ലക്ഷ്യം എന്നു തോന്നുന്നു. അതിനായി രണ്ടു നായികമാരെയും ഇരുപകുതികളിലായി ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. മൃദുല മുരളിയും ദിവ്യ പിള്ളയും തങ്ങളുടെ വേഷങ്ങള്‍ മനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ട്. പക്ഷേ റൊമാന്‍സോ കോമഡിയോ ഇല്ലാതെയാണ് ചിത്രത്തിന്‍െറ കഥാഗതിയുടെ ഭൂരിഭാഗവും മുന്നേറുന്നത്. കഥ തന്‍െറ ‘മായാമയൂരം’ പോലെയായിപ്പോവുമോ എന്ന് രഞ്ജിത്ത് വിചാരിച്ചിട്ടുണ്ടാവണം. മറിമായം എന്ന ആക്ഷേപഹാസ്യപരമ്പരയിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ രംഗപ്രവേശംചെയ്യുന്നതോടെ കോമഡി ട്രാക്കിന് ജീവന് വെക്കുന്നു. ടിനി ടോമും നോബിയും ദിനേഷ് പ്രഭാകറും ചില സംഭാഷണങ്ങളില്‍ ചിരിയുതിര്ക്കുന്നുണ്ട്. യുക്തിരഹിതമായ രണ്ടാംപകുതിയില്‍ ഇവരുടെ സാന്നിധ്യം കുറച്ച് ആശ്വാസം പകരുന്നുണ്ട് എന്നു പറയാതെ വയ്യ.
സിനിമ പ്രകടമായ രാഷ്ട്രീയമൊന്നും മുന്നോട്ടുവെക്കുന്നില്ല. സാധാരണ രഞ്ജിത്ത് രചന നിര്‍വഹിക്കുന്ന സിനിമകളിലുണ്ടാവുന്ന വംശീയ മുന്‍വിധിയും ഇതില്‍ കാണാനാവില്ല. എങ്കില്‍പോലും അറിഞ്ഞോ അറിയാതെയോ ഈ ചിത്രം പോസിറ്റിവ് ആയ ചില രാഷ്ട്രീയപരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. സംഭാഷണത്തില്‍ മാത്രമല്ല കഥാപശ്ചാത്തലദൃശ്യങ്ങളിലും. പലിശക്കാരനായ ജന്മിയുടെ കടം തീര്‍ക്കാന്‍ കൊയിലാണ്ടിയിലെ സ്ഥലം വില്ക്കാന് സുഹൃത്ത് അരവിന്ദേട്ടന് ആവശ്യപ്പെടുന്ന രംഗം ശ്രദ്ധിക്കുക. നാട്ടില്‍ പോയി ജീവിക്കാന്‍ അയാള്‍ ഉപദേശിക്കുമ്പോള്‍ അകലെയുള്ള പ്രണയിനി ഇഷയെ ഒളികണ്ണിട്ടുനോക്കി പ്രകാശന് പറയുന്നത് ‘തനിക്ക് ഗാന്ധിജിയുടെ നാടായ ഗുജറാത്തില്‍ കിടന്ന് മരിക്കണം’ എന്നാണ്. ‘കോണ്‍ഗ്രസുകാര്‍ പോലും ഇങ്ങനെ ഒരിക്കലും പറഞ്ഞുകേട്ടിട്ടില്ല’ എന്ന് അരവിന്ദേട്ടന്െറ ആത്മഗതം. ഈ സംഭാഷണശകലത്തിലൂടെ രണ്ടു കാര്യങ്ങളാണ് സിനിമ മുന്നോട്ടുവെക്കുന്നത്. ഒന്ന് ഗുജറാത്ത് മോദിയുടെ നാടല്ല. അത് ഗാന്ധിജിയുടെ നാടാണ്. രണ്ട് കോണ്‍ഗ്രസുകാര്‍ കൂടി ഗാന്ധിജിയെയും ഗുജറാത്തിനെയും കൈയൊഴിഞ്ഞിരിക്കുന്നു. സംഭാഷണമൊരുക്കിയ പ്രദീപ് കുമാര്‍ കാവുന്തറ അഭിനന്ദനമര്‍ഹിക്കുന്നു. മികച്ച നാടകരചനക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം നാലു തവണ നേടിയ രചയിതാവാണ് പ്രദീപ്. കൊയിലാണ്ടിക്കാരനായ പ്രകാശന്‍െറ ഭാഷാഭേദങ്ങള്‍ അതിനടുത്ത പ്രദേശമായ കാവുന്തറയില്നിന്നുള്ള പ്രദീപ് രസകരമായി എഴുതിയിട്ടുണ്ട്. ഞാന്‍ കീഞ്ഞുപാഞ്ഞു (ഇറങ്ങി ഓടി)എന്നതുപോലുള്ള സംഭാഷണങ്ങള്‍.
ഗുജറാത്ത് വികസനത്തിന്‍െറ ഫോട്ടോഷോപ്പ് പ്രചാരണവിദ്യകള് നാം ഏറെ കണ്ടതാണ്. എന്നാല്‍ വിനീത് കുമാറിനെ സംബന്ധിച്ചിടത്തോളം അതല്ല ഗുജറാത്ത് എന്നത് രാഷ്ട്രീയബോധമുള്ള പ്രേക്ഷകനെ ആഹ്ളാദിപ്പിക്കുന്ന വസ്തുതയാണ്. ഉപ്പുപാടങ്ങളും നരിമട പോലുള്ള കുടിലുകളും നിറഞ്ഞ ഗ്രാമീണഗുജറാത്താണ് നമുക്കിതില്‍ കാണാന്‍ കഴിയുന്നത്. വികസനം ചെന്നത്തൊത്ത ഒരുള്‍നാടന്‍ ഗ്രാമം. അവിടത്തെ പെട്രോള്‍ ബങ്കിനുപോലുമുണ്ട് ദാരിദ്ര്യം. ഇഷയും പ്രകാശനുമുപയോഗിക്കുന്ന വണ്ടികള്ക്കുപോലുമുണ്ട് ആ പ്രാകൃതത്വം. കൊള്ളപ്പലിശ ചുമത്തി ദരിദ്രരെ പീഡിപ്പിക്കുന്ന ഫ്യൂഡല്‍ മാടമ്പിമാരുണ്ട് അവിടെ. അത്തരമൊരു കഴുത്തറപ്പന്‍ പലിശക്കാരന്‍െറ ഇരയായാണ് പ്രകാശന് ഗുജറാത്ത് വിടേണ്ടിവരുന്നത്. നരേന്ദ്ര മോദിയുടെ സ്വച്ഛഭാരത് പ്രസംഗം കോമഡിയായാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
അനൂപ് ശങ്കര്‍ എഴുതി മനു രമേശന് ഈണമിട്ട നീലവാന്‍ മുകിലേ എന്ന ഗാനമുണ്ട് ചിത്രത്തില്‍. എന്താണ് നീലവാന്‍ മുകില്‍ എന്നു മനസ്സിലായില്ല. ആകാശം എന്നര്‍ഥമുള്ള വാനം ആണ് ഉദ്ദേശിച്ചതെങ്കില്‍ അതെങ്ങനെ വാന്‍ ആവും? വാന്‍ എന്ന ഇംഗ്ളീഷ് പദത്തിന് വണ്ടി എന്നാണ് അര്‍ഥം. കച്ചിന്‍െറ കാതലി നീയേ എന്നാണ് അടുത്ത വരി. പ്രണയിനി എന്നര്ഥത്തില് മലയാളത്തില്‍ പൊതുവെ പ്രയോഗിക്കാത്ത പദമാണ് കാതലി. ചിത്രത്തില്‍ തമിഴ് വരുന്നുമില്ല. ഇതുള്‍പ്പടെ ചിത്രത്തിലെ ഗാനങ്ങളൊന്നും മനസ്സില്‍ തൊടുന്നില്ല.
1988ല്‍ പി.എന്‍. മേനോന്‍െറ ‘പടിപ്പുര’യിലൂടെയാണ് വിനീത് കുമാര്‍ ചലച്ചിത്രരംഗത്ത് എത്തിയത്. എന്നാല്‍ ‘ഒരു വടക്കന്‍ വീരഗാഥ’യായിരുന്നു അഭിനേതാവ് എന്ന നിലയില്‍ വിനീത് കുമാറിന്‍െറ വരവറിയിച്ച ചിത്രം. അവതരിപ്പിച്ചത് ചന്തുവിന്‍െറ ബാല്യം. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അക്കൊല്ലം കിട്ടി.കണ്മഷി, പ്രണയമണിത്തൂവല്‍, മഴനൂല്‍ക്കനവ് തുടങ്ങിയ ചിത്രങ്ങളില്‍ നായകവേഷത്തിലും 35 ഓളം ചിത്രങ്ങളില്‍ മറ്റുവേഷങ്ങളിലും പ്രത്യക്ഷപ്പെട്ടുവെങ്കിലും അഭിനേതാവ് എന്ന നിലയില്‍ പേരെടുക്കാന്‍ കഴിഞ്ഞില്ല. ആര്‍ദ്രമധുരമായ ഗാനങ്ങള്‍ നിറഞ്ഞ ‘മഴ’ എന്ന ആല്‍ബം മനോഹരമായി ചിത്രീകരിച്ചുകൊണ്ടാണ് അദ്ദേഹം സംവിധാനരംഗത്ത് ശ്രദ്ധേയനാവുന്നത്. ദൃശ്യഭംഗിയുള്ള പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്ത വിനീത് കുമാര്‍ ആ കഴിവ് ചിത്രത്തിലെ ഗാനരംഗങ്ങളിലും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഷാംദത്തിന്െറ ക്യാമറ അതിന് കൂട്ടാവുകയുംചെയ്തു. ആദ്യസംരംഭത്തില്‍ വിനീത് ബാക്കിവെച്ചത് പ്രതീക്ഷയുണര്‍ത്തുന്ന സംവിധായകന് എന്ന പേരും ഫഹദിന്‍െറ മികച്ച പ്രകടനവുമാണ്. മികച്ച പ്രമേയവുമായി വന്നാല്‍ വിനീത് ഇവിടത്തെന്നെയുണ്ടാവും ഇനി കുറേക്കാലത്തേക്ക് എന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.