ചാർലി, എന്നിലേക്കും നിന്നിലേക്കും തുറക്കുന്നൊരു വാതില്‍
text_fieldsടി.വി ചന്ദ്രന്‍റെ കഥാവശേഷനിൽ ആത്മഹത്യ ചെയ്ത ഗോപിനാഥ മേനോന്‍റെ ജീവിതം തേടി രേണുക നടത്തുന്ന യാത്രക്ക് സമാനമാണ് ചാര്‍ലിയെ അന്വേഷിച്ച് ടെസ നടത്തുന്ന യാത്രയെന്ന് ചുരുക്കിപ്പറയാം! അല്ലെങ്കില്‍, പല ഋതുക്കളിലായി ടെസ കണ്ടെടുത്ത ചാർലി ആത്മഹത്യ ചെയ്യാന്‍ തയാറല്ലാത്ത ഗോപിനാഥനാണെന്നും പറയാം! ഗോപിനാഥ മേനോനും ചാര്‍ളിയും ഏറെ സമാനതയുള്ള കഥാപാത്രങ്ങളാണ്. കള്ളന് കൂട്ടുപോകുന്ന ഭ്രാന്തികളെയും വേശ്യകളെയും വൃദ്ധരെയും ചേര്‍ത്തുപിടിക്കുന്ന മനുഷ്യരായിരുന്നു അവര്‍....! കേവലമായ സ്വത്വവാദങ്ങള്‍ക്കപ്പുറത്തേക്ക് കാല്‍പ്പനികതയുടെ കുപ്പായമിട്ട വെള്ളിത്തിരയിലെ മനുഷ്യരായിരുന്നു, ഗോപിനാഥനും ചാര്‍ളിയും...
മനുഷ്യന്‍, എന്നത് എത്ര സുന്ദരമായ പദം എന്ന മാക്‌സിം ഗോര്‍ക്കിയുടെ വിശേഷണങ്ങള്‍ ഏറെ ചേരുന്നത് വെള്ളിത്തിരയിലെ ഈ മനുഷ്യര്‍ക്കാണ്! കള്ളന്‍റെ സമ്പാദ്യം മോഷ്ടിക്കുന്ന പൊലീസുകാരനെതിരെ നില്‍ക്കുന്ന ഗോപിനാഥനും കള്ളനൊപ്പം മോഷണം നടത്തി ന്യൂ- ഇയര്‍ ആഘോഷിക്കാന്‍ പുറപ്പെടുന്ന ചാര്‍ളിയും ഒരേ രാഷ്ട്രീയത്തിന്‍റെ ഭിന്നരൂപങ്ങളാണ്. ഈ രണ്ടു സിനിമയിലും നായകന്‍റെ ജീവിതത്തിലേക്കുള്ള താക്കോൽ നായികക്ക് നല്‍കുന്നത് കള്ളന്മാരാണ്. വെറുമൊരു മോഷ്ടാവായ തന്നെ കള്ളനെന്ന് വിളിച്ചതിന്‍റെ പ്രതിഷേധം കവിതയായും വരയായും കഥയായും ഈ സിനിമകളില്‍ രേഖപ്പെടുത്തുന്നുണ്ട്.
വിവിധ കഥാപാത്രങ്ങളിലൂടെ കേട്ടറിഞ്ഞ കഥാപാത്രത്തെ തന്‍റെ പ്രണയ നായകനായി ടെസ കണ്ടെടുക്കുന്നത് വരെയുള്ള യാത്രയാണ് ചാർലിയുടെ ആഖ്യാന ഭൂമിക. വിവാഹത്തോടുള്ള വിസമ്മതം രേഖപ്പെടുത്തിക്കൊണ്ട് വീട് വിടുന്ന ടെസ കൊച്ചിയിലെ ഒരു വാടകക്കെട്ടിടത്തില്‍ താമസമാരംഭിക്കുന്നു. തനിക്ക് മുമ്പ് താന്‍ താമസിച്ചിരുന്ന മുറിയിലുണ്ടായിരുന്ന ചാർലിയെക്കുറിച്ചുള്ള കേട്ടറിവുകളില്‍ നിന്നും അയാള്‍ അടയാളപ്പെടുത്തിപ്പോയ ഗ്രാഫിക് കഥയില്‍ നിന്നും കൗതുകത്തിനൊരു യാത്ര തുടങ്ങുകയാണ് ടെസ. തുടര്‍ന്നവള്‍, മേരിയിലേക്കും പത്രോസിലേക്കും കനിയിലേക്കും അങ്ങനെയങ്ങനെ ചാര്‍ലിയിലേക്കും എത്തി നില്‍ക്കുന്നിടത്താണ് ഈ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം അവസാനിക്കുന്നത്.
ആഖ്യാനത്തിലും പാത്രസൃഷ്ടിയിലും ടി.വി. ചന്ദ്രന്‍റെ ഗോപിനാഥ മേനോന്‍ തന്നെയാണ് ചാര്‍ളിയുടെ പൂര്‍വ്വ മാതൃക!
2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിനോടുള്ള സ്വാഭാവികമായ പ്രതികരണമായിരുന്നു ടി.വി. ചന്ദ്രന്‍റെ കഥാവശേഷന്‍. 2004ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകന്‍ ആത്മഹത്യ ചെയ്തത് ഗുജറാത്ത് കലാപകാലത്ത് ക്രൂരമായ ബലാത്സംഗത്തിന് ഇരയായി മരിച്ച, തന്‍റെ പരിചയത്തിലുള്ള ഒരു മുസ് ലിം പെണ്‍കുട്ടിയുടെ മരണത്തില്‍ മനംനൊന്തിട്ടായിരുന്നു... ഗോപിനാഥ മേനോന്‍റെ ആത്മഹത്യാക്കുറിപ്പില്‍ ജീവിച്ചിരിക്കുക എന്ന നാണക്കേടോര്‍ത്ത് (For the Shame of Being Alive) ആത്മഹത്യ ചെയ്യുന്നു എന്ന് രേഖപ്പെടുത്തുന്നുമുണ്ട്. അപരസ്‌നേഹത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ആത്മഹത്യക്കളും ആത്മത്യാഗങ്ങളും മതങ്ങളുടെ കോളങ്ങളിലേക്ക് എടുത്ത് വെക്കുമ്പോള്‍ ഗോപിനാഥ മേനോന്‍ ആത്മഹത്യ ചെയ്യേണ്ടവനല്ലെന്ന് തിരുത്തുകയാണ് ചാർലി ചെയ്യുന്നത്.
തീവണ്ടിയുടെ മുന്നില്‍പെട്ട രാമനെ രക്ഷിക്കാനായി തുനിഞ്ഞ അബ്ദുറഹ്മാന്‍റെ ജീവത്യാഗത്തോടെ മനുഷ്യനന്മയെന്നത് മതത്തിന് മാത്രം പതിച്ചു നല്‍കിയതാണെന്ന സിദ്ധാന്തങ്ങള്‍ രൂപപ്പെടുകയുണ്ടായി. ഏപ്രില്‍ 8, 2015ല്‍ നടന്ന ഈ അപകടത്തെ തുടര്‍ന്ന് അബ്ദുറഹ്മാന്‍റെ ജീവത്യാഗം കേരളത്തിലാകമാനം ചര്‍ച്ചയായി. ഇതേത്തുടര്‍ന്ന്, സാംസ്കാരിക നായകര്‍ ചേരിതിരിഞ്ഞ് മനുഷ്യനന്മയുടെ ഉറവിടം ഏതെന്ന് കണ്ടെത്താനുള്ള തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഈ തര്‍ക്കങ്ങളുടെ ക്ലൈമാക്‌സിലേക്ക് പില്‍ക്കാലത്ത് നൗഷാദിന്‍റെയും ബാബുവിന്‍റെയും ജീവത്യാഗങ്ങള്‍ കൂടി കണ്ണിചേര്‍ക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയോ ഒരു ജീവനെ ചൊല്ലി സങ്കടപ്പെടുകയോ ചെയ്യുന്നത് വര്‍ത്തമാനകാലത്ത് മണ്ടത്തരവും ചെയ്യാന്‍ പാടില്ലാത്തതുമായി പലരും വിലയിരുത്തപ്പെടുന്നുണ്ട്. നൗഷാദിനെ അപഹസിച്ച വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന് കയ്യടിച്ച ജനക്കൂട്ടത്തിന് മുന്നിലേക്ക് കൂടിയാണ് കഥാവശേഷനും ചാർലിയും തങ്ങളുടെ ജീവിതവീക്ഷണം മുന്നോട്ട് വെക്കുന്നത്!
കനിയുടെ (അപര്‍ണ ഗോപിനാഥ്) ജീവിതം രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ചാർലി മരിച്ചു പോയിരുന്നെങ്കില്‍, അല്ലെങ്കില്‍ ജീവിച്ചിരിക്കുക എന്ന നാണക്കേടോര്‍ത്ത് ചാർലി ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ മതവല്‍ക്കരിക്കപ്പെട്ട ജീര്‍ണമായ സ്വത്വം മരണാനന്തരം അയാളിലേക്ക് ആരോപിക്കപ്പെടുമായിരുന്നു. ഇത്തരം, ആരോപിക്കപ്പെടലുകളില്‍ നിന്നും സ്വത്വങ്ങളില്‍ നിന്നും അറിഞ്ഞു കൊണ്ടുള്ള കുതറിമാറലാണ് ചാർലി നടത്തുന്നത്. ചാർലി എന്ന പേര്, സിനിമയില്‍ നാമ മാത്രമായാണ് ഉപയോഗിക്കുന്നത്! മറ്റുള്ളവര്‍ക്ക്, അയാള്‍ ജിന്നും പുണ്യാളനും മനുഷ്യനും ഒക്കെയാകുന്നു.
ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍, സ്വഭാവിക പ്രതികരണമെന്നോണം സുഹറക്ക് തര്‍ക്കമന്ദിരം എന്നെഴുതിയത് തിരുത്താനായി നല്‍കിയ ചുല്യാറ്റ് ക്രൂശിക്കപ്പെടുകയാണ്. ബാബരി മസ്ജിദ് തകര്‍ത്തവരേക്കാള്‍ കൂടുതല്‍ എതിര്‍ക്കപ്പെടേണ്ടതെന്ന് ചുല്യാറ്റാണെന്ന രാഷ്ട്രീയ മുദ്രാവാക്യം കാലഹരണപ്പെട്ടതാണെന്ന മുറുമുറുപ്പുകള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കഥാവശേഷനില്‍ നിന്നും സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയ വാചകങ്ങള്‍ കൂടി കൂട്ടി വായിക്കേണ്ടി വരും, For the Shame of being Alive After gujarath riot. മോഡിയുടെ ഫാസിസ്റ്റ് കാലം അത്തരം ഒരു പുനര്‍വായനയെ ഓര്‍മപ്പെടുത്തുന്നുണ്ട്. ഗോപിനാഥ മേനോന്‍റെ ആത്മഹത്യയും ജീവിതവും കാലഹരണപ്പെട്ടതാവുകയാണ്. കഥാവശേഷന്‍ പുറത്തിറങ്ങി ഏകദേശം ഒരു വ്യാഴവട്ടക്കാലം തികക്കുമ്പോള്‍ അതേ രാഷ്ട്രീയം പ്രണയത്തിന്‍റെയും യാത്രയുടെയും രൂപത്തില്‍ പുനരാവിഷ്ക്കരിക്കുകയാണ് ചാര്‍ലിയിലൂടെ... നീ പറമ്പിലോ പാറപ്പുറത്തോ വെളിക്ക് ഇരിക്ക് എന്ന് പത്രോസിനോട് കല്‍പ്പിക്കുന്ന, വേശ്യയെ ചേര്‍ത്തുപിടിച്ച് കടലു കാണിക്കുന്ന ചാര്‍ലിയിലെ ഉന്മാദിയെ മനുഷ്യനെന്ന സുന്ദര പദം കൊണ്ട് അടയാളപ്പെടുത്തുമ്പോള്‍ അയാളില്‍ നീയും ഞാനും നമ്മുടെ ജീവിതവും രസകരമായി തുന്നിച്ചേര്‍ക്കുക തന്നെയാണ് ചെയ്തിട്ടുള്ളത്.
നമ്മള്‍ കണ്ട ദിവസം ഞാനിന്നും ഓര്‍ക്കുന്നു, അലക്ഷ്യമായി സ്‌കൂട്ടറോഡിച്ചു വരുന്ന എന്നോടൊരു ലിഫ്റ്റ് ചോദിച്ചു കൊണ്ടാണ് നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയത്. യാത്രാക്ഷീണം കൊണ്ട് നിന്‍റെ കണ്ണുകള്‍ വല്ലാതെ വരുന്നെങ്കിലും കണ്ണുകളിലണയാത്ത കൗതുകമുണ്ടായിരുന്നു. പാതിവഴിയിലെവിടെയോ നീ ഇറങ്ങിപ്പോയി. പിരിയുന്നതിന് മുമ്പ് നമ്മളൊന്നിച്ചൊരു ഫോട്ടോ എടുത്തു... പിന്നീട് നമ്മളൊരിക്കലും കണ്ടതേയില്ല. പക്ഷേ, ആരൊക്കെയോ പറഞ്ഞും കേട്ടും അറിഞ്ഞും നീ എന്നിലേക്ക് ഒഴുകുകയായിരുന്നൂ... നീ, എന്നെ പ്രണയിച്ചു തുടങ്ങുന്ന അതേ നിമിഷത്തില്‍ ഞാന്‍ നിന്നേയും പ്രണയിച്ചു തുടങ്ങിയിരുന്നു... രണ്ടാമതായി നമ്മള്‍ കാണുമ്പോള്‍ നമ്മള്‍ പ്രണയത്തിലായിരുന്നു... ടെസയുടെ അന്വേഷത്തിലല്ലായിരുന്നു ചാർലി ചിത്രീകരിക്കപ്പെട്ടിരുന്നതെങ്കില്‍, ചാർലിയുടെ കാഴ്ചയിലെ ടെസയാണ് പ്രശ്‌നവല്‍ക്കരിക്കപ്പെട്ടതെങ്കില്‍ ഈ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തിന് കുറച്ചുകൂടി ജൈവികത അനുഭവപ്പെടുമായിരുന്നു...
ഏതൊരു മനുഷ്യനേയും പോലെ ഇത്തിരി ആത്മരതിയുടെ അസുഖമുള്ള മനുഷ്യനാണ് ചാർലി, അയാളുടെ യാത്രകളില്‍ പ്രണയത്തില്‍, ജീവിതത്തില്‍, അങ്ങനെ തിയേറ്ററിന്‍റെ ഇരുട്ടില്‍ എല്ലാ സ്വാഭാവികതയോടും കൂടി നാം നമ്മെയും നമുക്ക് ചുറ്റുമുള്ള ജീവിതത്തേയും ചെറിയ രീതിയിലെങ്കിലും അനുഭവിക്കാനാവുന്നു. നാട്ടുരാജാവിലെ പുലിക്കാട്ടില്‍ ചാര്‍ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ അമാനുഷികതയില്‍ നിന്നും മനുഷ്യനായ ചാർലിയിലേക്കുള്ള ദൂരം വളരെ കൃത്യമായി തന്നെ സംവിധായകന്‍ അടയാളപ്പെടുത്തുന്നുണ്ട്. നാലഞ്ച് ആളുകളെ അടിച്ചിട്ട് സ്ലോമോഷനില്‍ നടക്കാനൊന്നും പറ്റില്ലെന്ന പ്രഖ്യാപനത്തോടെ ദൗര്‍ബല്യവുമുള്ളവന്‍ കൂടിയാണ് നായകനെന്ന് തുറന്നു പറയുന്നുണ്ട് പുതിയകാലത്തെ ചാർലി. ഈയൊരു കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ആണത്വത്തിന്‍റെ അതിഭാവുകത്വങ്ങളെ കച്ചവടസിനിമയുടെ ചിട്ടവട്ടങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് നേര്‍പ്പിച്ചെടുക്കാനുള്ള ശ്രമം കൂടിയുണ്ട് ചാർലിയിലെന്ന് പറയേണ്ടി വരും.
22 ഫീമെയില്‍ കോട്ടയം, റാണി പത്മിനി എന്നീ അഷിഖ് അബു സിനിമകളില്‍ കൊണ്ടാടപ്പെട്ട സ്ത്രീ വിമോചനത്തിന്‍റെ കപടമുഖത്തേയും കൃത്രിമ യാത്രയുടെ പൊള്ളത്തരങ്ങളേയും പൊളിക്കുന്നുണ്ട്. സിനിമയുടെ പേര് ചാർലിയുടേതാണെങ്കിലും ടെസ എന്ന സ്ത്രീയുടെ വീടിന് പുറത്തേക്കുള്ള യാത്രയും ആ യാത്രയിലെ കൗതുകം നിറഞ്ഞൊരു പ്രണയം മാത്രമാണ് ചാർലിയും എന്നത് ശ്രദ്ധേയമാണ്. ആദര്‍ശവല്‍ക്കരിക്കുന്ന നന്മക്കും ആത്മരതിക്കുമപ്പുറം നൈസര്‍ഗികമായി സ്ത്രീയെയും പുരുഷനെയും ആവിഷ്‌ക്കരിക്കാന്‍ ചാർലിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തിയേറ്ററിനകത്തും പുറത്തും ചാർലിയുടേയും ടെസയുടേയും ലോകത്തിന് അസ്ഥിത്വമുണ്ട്. സിനിമ കണ്ടിറങ്ങിയ ഒാരോരുത്തർക്കും ചാർലിയായും ടെസയായും മാറാന്‍ കഴിയുന്നു. ചാർലി, എന്നിലേക്കും നിന്നിലേക്കും തുറക്കുന്ന വാതിലാണ്...
NB: ടെസയും ചാർലിയും കാറ്റു പോലെയുള്ള മനുഷ്യരാണ്....! കാറ്റിനെ നിര്‍വചിക്കുക, അസാദ്ധ്യമെത്രേ... കാറ്റിന്‍റെ ഫോട്ടോ എടുക്കുന്നതിനെ കുറിച്ച് സ്വപ്നം കാണുന്ന ഒരു കൂട്ടുകാരിയുണ്ടെനിക്ക്! അതുകൊണ്ട് അവളോടൊപ്പം കാറ്റിന്‍റെ ഫോട്ടോ എടുത്ത് കാറ്റിനെ പോലെ യാത്ര ചെയ്യുക എന്നൊരു സ്വപ്നത്തെ തീവ്രമാക്കി എന്നതാണ് അടിസ്ഥാനപരമായി ചാർലിയെ കുറിച്ച് നല്‍കാന്‍ കഴിയുന്ന ഏറ്റവും ജൈവികമായ ആസ്വാദനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.