രണ്ട് കണ്‍ട്രികളുടെ കഥ
text_fieldsറാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ദിലീപ് ചിത്രമാണ് 2 കണ്‍ട്രീസ്. തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ് പോലുള്ള മെഗാഹിറ്റുകള്‍ ഒരുക്കിയ റാഫിമെക്കാര്‍ട്ടിന്‍ ടീമിലെ റാഫി അനുജന്‍ ഷാഫിക്കുവേണ്ടി ഒരുക്കിയ തിരക്കഥ. നായകന്‍ ഉല്ലാസിനെപ്പോലുള്ള തനി നാട്ടിന്‍പുറത്തുകാരുടെ കഥ എന്ന അര്‍ഥത്തിലും കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന കഥ എന്നീ അര്‍ഥത്തിലുമാവും ചിത്രത്തിന് ഇങ്ങനെയൊരു പേരിട്ടിരിക്കുന്നത്. ദിലീപിന്‍െറ സിനിമകള്‍ ഉല്‍സവകാലത്തിനുവേണ്ടി ഒരുക്കുന്നവയാണല്ലോ. അതിനുവേണ്ട ചേരുവകള്‍ ഒന്നൊഴിയാതെ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. പൊട്ടിച്ചിരിക്കാനുള്ള വക സിനിമയിലുടനീളം ഒരുക്കിയിട്ടുണ്ട് ഷാഫി. 2015 ദിലീപിന് പറയത്തക്ക ഹിറ്റുകളൊന്നുമില്ലായിരുന്നു.
ഇവന്‍ മര്യാദരാമന്‍, ചന്ദ്രേട്ടന്‍ എവിടെയാ, ലവ് 24x7, ലൈഫ് ഓഫ് ജോസൂട്ടി എന്നിവയുടെ ബോക്സോഫീസ് വിധി ദിലീപിന്‍െറ മിനിമം ഗ്യാരണ്ടി താരം എന്ന നില പരുങ്ങലിലാക്കിയിരുന്നു. എന്നാല്‍ 2 കണ്‍ട്രീസ് ആ ക്ഷീണമകറ്റുന്ന വിധത്തിലുള്ള പ്രകടനമാണ് തിയറ്ററുകളില്‍ കാഴ്ചവെക്കുന്നത്. വിനോദമൂല്യം മാത്രം പ്രതീക്ഷിച്ചു പോവുന്നവര്‍ക്ക് പൈസ വസൂലാക്കാനുള്ള വക ചിത്രത്തിലുണ്ട്. അല്ലെങ്കില്‍ അതിലപ്പുറമൊന്നും ഒരു ദിലീപ് ചിത്രത്തില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നില്ലല്ലോ. പുതുമയുള്ള ഒന്നും തന്നെ അബദ്ധത്തില്‍ പോലും ചിത്രത്തില്‍ വന്നിട്ടില്ല. കല്യാണരാമന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ഹിറ്റുകള്‍ ഒരുക്കിയ ഷാഫി-ദിലീപ് കൂട്ടുകെട്ട് ഒരിക്കല്‍ക്കൂടി തിയറ്ററുകളെ പൂരപ്പറമ്പാക്കിയിരിക്കുന്നു. ന്യൂജനറേഷന്‍ സിനിമ അകാലചരമമടഞ്ഞതിനാല്‍ പഴയ വീഞ്ഞു തന്നെ കുടിച്ച് കഴിയാനാണ് പ്രേക്ഷകന്‍െറ വിധി.
ചിത്രം കാണുമ്പോള്‍ ആദ്യം തോന്നുക ഇക്കൊല്ലം തന്നെ ഇതേ കഥയുള്ള ഒരു സിനിമ കണ്ടിരുന്നല്ലോ എന്നാണ്. ശരിതന്നെ. ജീത്തു ജോസഫിന്‍െറ ലൈഫ് ഓഫ് ജോസൂട്ടി എന്ന കഥയില്‍ നിന്ന് ചെറിയ ചില മാറ്റങ്ങളേയുള്ളൂ ഈ ചിത്രത്തിനും. മുഖ്യകഥാപാത്രങ്ങള്‍ രണ്ടുപേര്‍ക്കും രണ്ടു ചിത്രങ്ങളിലും ഏതാണ്ട് ഒരേ സ്വഭാവം. ലൈഫ് ഓഫ് ജോസൂട്ടിയില്‍ കുറേ ചിരി നിറച്ചാല്‍ അത് ‘2 കണ്‍ട്രീസ്’ ആവും. ജീവിതപ്രശ്നങ്ങളില്‍ പെട്ട് നട്ടംതിരിയുന്ന യുവാവ് വിദേശത്തെ സമ്പന്നയായ മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതാണ് രണ്ടു ചിത്രങ്ങളുടെയും പ്രമേയം. രണ്ടു ചിത്രങ്ങളിലും തനി ‘കണ്‍ട്രി’യാണ് നായകന്‍ ദിലീപ്. നഗരത്തിന്‍െറ പരിഷ്കാരങ്ങളൊന്നും പരിചയമില്ലാത്ത തനി ഗ്രാമീണന്‍. ഇരുവരും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് കഥാഗതി നിര്‍ണയിക്കുന്നത്. തിരക്കഥ ഒരുക്കിയത് ‘പഞ്ചാബി ഹൗസി’ന്‍െറ സഹകര്‍ത്താവ് റാഫിയായതിനാല്‍ ചിലയിടങ്ങളില്‍ പഞ്ചാബി ഹൗസിനെയും ഓര്‍മിപ്പിക്കും ഈ ചിത്രം.
പഞ്ചാബി ഹൗസിലെ ബധിരയും മൂകയുമായ മോഹിനിയെയും ജോമോളിനെയും ഓര്‍മിപ്പിക്കും വീല്‍ ചെയറിലുള്ള ഇഷ തല്‍വാറും മംമ്ത മോഹന്‍ദാസും. ‘മീശമാധവന്‍’ തൊട്ടു തുടങ്ങിയ ബാല്യകാല പ്രണയത്തിന്‍െറ കണ്ടുമടുത്ത കാഴ്ചകള്‍ ഇതിലും ആവര്‍ത്തിക്കുന്നുണ്ട്. മിമിക്രി സ്കിറ്റുകളില്‍ പതിവായി ഉപയോഗിച്ചു വരാറുള്ള ഒരു തന്ത്രമാണ് പോപ്പുലര്‍ സിനിമകളിലെ കഥാസന്ദര്‍ഭങ്ങളെ അവയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ വിളക്കിച്ചേര്‍ക്കുക എന്നത്. അത് ഈ ചിത്രത്തിന്‍െറ തിരക്കഥയിലും ഉപയോഗിച്ചിരിക്കുന്നു. അങ്ങനെയാണ് മൊയ്തീന്‍ വാരിയ പ്രണയിനിയുടെ കാല്‍പാടുകള്‍ പതിഞ്ഞ മണ്ണും ബാംഗ്ലൂര്‍ ഡേയ്സില്‍ പഴയ കൂട്ടുകാരിയുടെ ഓര്‍മകള്‍ അടച്ചുവെച്ച മുറിയും ഏഴാം കടലിനക്കരെയിലെ പാട്ടുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നത്. മൂന്നു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഒരു കോമഡി സ്കിറ്റ് പോലെ തോന്നിക്കുന്നുണ്ട് പലപ്പോഴും ഈ ചിത്രത്തിന്‍െറ തിരക്കഥ. ഏട്ടന്‍ അനിയന് സംവിധാനം ചെയ്യാന്‍ എഴുതിക്കൊടുത്ത തിരക്കഥയാണെങ്കിലും ലൈംഗികച്ചുവയുള്ള നര്‍മങ്ങള്‍ക്ക് ഒരു കുറവുമില്ല.
മൈ ബോസ് എന്ന ജീത്തു ജോസഫ് ചിത്രത്തില്‍ പരീക്ഷിച്ചു വിജയിച്ച ഫോര്‍മുലയാണ് മംമ്ത മോഹന്‍ദാസും ദിലീപും തമ്മിലുള്ള ‘വര്‍ഗ സമര’ത്തിന്‍െറ കഥ. മംമ്തയുടെ ഓണ്‍സ്ക്രീന്‍/ഓഫ് സ്ക്രീന്‍ ഇമേജ് തന്നെ വിദേശത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മലയാളി പെണ്‍കുട്ടി എന്നാണ്. ദിലീപ് ആകട്ടെ തനി സാധാരണക്കാരനായ ഇംഗ്ലീഷറിയാത്ത ‘അയല്‍പക്കത്തെ പയ്യനും’. ഇവര്‍ ഒരുമിച്ചാലുണ്ടാവുന്ന പ്രശ്നങ്ങളാണ് ‘മൈ ബോസി’ല്‍ ജീത്തു ജോസഫ് അവതരിപ്പിച്ചത്. അതേ തന്ത്രം തന്നെയാണ് ഇവിടെ റാഫിയും ഷാഫിയും കൂടി ഒരിക്കല്‍ കൂടി പയറ്റുന്നത്. ഒരു വിജയ ഫോര്‍മുലയുടെ ചുവടു പിടിച്ചുപോയി മറ്റൊരു വിജയം കൊയ്യുകയാണ് ഇരുവരും. മംമ്ത മോഹന്‍ദാസ് ദിലീപിനെ പേടിപ്പിക്കാന്‍ മൈ ബോസിലേതു പോലെ തന്നെ ഒഴുക്കുള്ള വിദേശ ആക്സന്‍റില്‍ ഇംഗ്ലീഷ് സംസാരിക്കുന്നു. മലയാളിത്തമുള്ള ഇംഗ്ലീഷില്‍ ദിലീപ് മറുപടി പറയുന്നു. പ്രേക്ഷകര്‍ ചിരിക്കുന്നു. പ്രേക്ഷകര്‍ക്ക് എളുപ്പം താദാത്മ്യം പ്രാപിക്കാനാവുന്ന കഥാപാത്രമാണ് മൈ ബോസിലെയും ടു കണ്‍ട്രീസിലെയും ദിലീപ്. ഇംഗ്ലീഷ് പഠിച്ചിട്ടുണ്ടെങ്കിലും ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ കഴിയാത്തവരാണല്ലോ കേരളത്തില്‍ ഏറെയും. അവര്‍ക്ക് ദിലീപില്‍ തന്നത്തെന്നെ കണ്ടുകൊണ്ട്, സ്വന്തം ദൗര്‍ബല്യങ്ങളെ അപഹസിച്ചുകൊണ്ട് പൊട്ടിപ്പൊട്ടി ചിരിക്കാം. അതുകൊണ്ട് ദിലീപ്-മംമ്ത ടീമിന്‍െറ ഇത്തരത്തിലുള്ള സിനിമകള്‍ക്ക് ഇനിയും മാര്‍ക്കറ്റ് ഉണ്ടാവും.
ദിലീപിന്‍െറ എല്ലാ സിനിമകളും ആണത്തത്തിന്‍െറ നഗ്നമായ ആഘോഷങ്ങളാണ്. സ്ത്രീവിരുദ്ധമായ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നിറഞ്ഞവയാണ് പൊതുവെ ദിലീപ് ചിത്രങ്ങളിലെ തമാശകള്‍. ‘മായാമോഹിനി’ അതിന്‍െറ അങ്ങേയറ്റമായിരുന്നു. വംശവെറി കൂടി ഇപ്പോള്‍ അതില്‍ കടന്നുവരുന്നു. ദിലീപിന്‍െറ സുഹൃത്തായ സുരാജ് വെഞ്ഞാറമ്മൂടിന്‍െറ ഡ്രൈവര്‍ കഥാപാത്രത്തിന്‍െറ ഭാര്യ ഒരു കറുത്ത വര്‍ഗക്കാരിയാണ്. ഒരു പാര്‍ട്ടിയില്‍ സുന്ദരിമാരായ പെണ്‍കുട്ടികളെ കാണുമ്പോള്‍, ‘ഇമ്മാതിരിയോരോന്നിനെ കാണുമ്പഴാ വീട്ടിലിരിക്കുന്നതിനെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്’ എന്ന് സുരാജ് പറയുന്നു. ഉറക്കത്തിനിടെ അല്‍പം തടിച്ച ഭാര്യ കാലെടുത്ത് സ്വന്തം വയറ്റത്ത് വെച്ചപ്പോള്‍ ‘മംഗള എക്സ് പ്രസിന്‍െറ അടിയില്‍ കിടക്കുന്നതു പോലുണ്ട്’ എന്നാണ് അയാള്‍ പറയുന്നത്. കറുത്ത വര്‍ഗക്കാരായ കുട്ടികള്‍ തന്നെ ഡാഡി എന്നു വിളിക്കുമ്പോള്‍ ‘‘എല്ലാരും എന്നെ ഡാഡീന്നാ വിളിക്കുന്നത്, ആരുടെയൊക്കെ കുട്ടികളാണ് എന്ന് തനിക്കറിയില്ല’’ എന്നാണ് അയാളുടെ സങ്കടം. ‘‘വെളുവെളുത്തൊരു പെണ്ണ്... തുടിതുടിക്കണ് കണ്ണ്...’’ എന്ന പാട്ട് കറുത്തവരോടുള്ള വംശീയ വിവേചനം കാട്ടുന്ന സിനിമയില്‍ ഉണ്ടാവുന്നത് യാദൃച്ഛികമായി തോന്നുന്നില്ല.
കറുത്തവരോടു മാത്രമല്ല ലൈംഗിക ന്യൂനപക്ഷങ്ങളോടും ചിത്രത്തിന്‍െറ അണിയറക്കാര്‍ക്ക് ഇതേ സമീപനമാണ്. റിയാസ് ഖാന്‍ അവതരിപ്പിക്കുന്ന ഗേ കഥാപാത്രം നായകനായ ഉല്ലാസിനെ സുഹൃത്തിന്‍െറ ഭര്‍ത്താവ് എന്ന നിലയില്‍ കെട്ടിപ്പിടിക്കുമ്പോള്‍ ഉല്ലാസ് കരുതുന്നത് അവന്‍െറ സ്പര്‍ശനങ്ങളില്‍ ഒരു സ്വവര്‍ഗരതിക്കുള്ള പ്രലോഭനങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ്. വിമത ലൈംഗിക സ്വത്വങ്ങളുടെ സ്വയം നിര്‍ണയാവകാശങ്ങളെക്കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്ന, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനത്തിനെതിരായ ട്രാന്‍സ് ജെന്‍ഡര്‍ പോളിസി വ്യക്തമാക്കിക്കഴിഞ്ഞ കേരളത്തിലാണ് ഇത്തരം രംഗങ്ങളുള്ള സിനിമകള്‍ നിര്‍മിക്കപ്പെടുന്നതും പ്രേക്ഷകര്‍ അതുകണ്ട് ആര്‍ത്തു ചിരിക്കുന്നതും.
അടങ്ങാത്ത പെണ്ണിനെ അടിച്ചൊതുക്കുന്ന രംഗങ്ങള്‍ക്ക് മലയാള സിനിമയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. കാനഡയില്‍ ജനിച്ചു വളര്‍ന്ന വിദ്യാഭ്യാസമുള്ള, മദ്യപിക്കുന്ന പെണ്ണിനെ അടിച്ചൊതുക്കാന്‍ തന്നെയാണ് ദിലീപിന്‍െറയും പടപ്പുറപ്പാട് എന്ന് ആ വിമാനയാത്രയിലെ കരണത്തടി രംഗത്തു നിന്നുതന്നെ നമുക്കു മനസ്സിലാവും. അതിര്‍ത്തി കടന്നാല്‍ ഞാന്‍ വേറെയൊരാളാവും എന്ന് ഉല്ലാസ് മുന്നറിയിപ്പു തരുന്നുണ്ട്. നായകന്‍െറയും നായികയുടെയുമൊക്കെ മാനസാന്തരങ്ങള്‍ക്ക് സിനിമ ഒരു തരത്തിലുള്ള ന്യായീകരണവും നല്‍കുന്നില്ല. മദ്യപിക്കുന്ന പെണ്ണിനെപ്പറ്റി ലാല്‍ജോസ് ഒരു സിനിമയെടുത്തിട്ട് അധികനാളായിട്ടില്ല. നീനയുടെ മറ്റൊരു ഭാഷ്യമാണ് 2 കണ്‍ട്രീസ് എന്നു പറയാം.
‘നീന’യിലുള്ള സ്ത്രീവിരുദ്ധത ഏറിയും കുറഞ്ഞും ഈ ചിത്രത്തിലുമുണ്ട്. പെണ്ണ് മദ്യത്തിന് അടിമയാവുന്ന സാഹചര്യങ്ങള്‍ വിവരിക്കുന്ന രംഗം ശ്രദ്ധിക്കുക. പുരുഷന്‍െറ മദ്യപാനാഘോഷങ്ങള്‍ക്ക് കൈയും കണക്കുമില്ല. പെണ്ണിനെയാണ് ആ കുറ്റത്തില്‍ നിന്ന് വിമോചിതയാക്കേണ്ടത്. അവള്‍ മദ്യപിക്കുന്നത് തെറ്റും അവന്‍ ശരിയുമാണ്. അതുകൊണ്ടാണ് മംമ്തയുടെ കഥാപാത്രം റിഹാബിലിറ്റേഷന്‍ സെന്‍ററിലേക്ക് അയക്കപ്പെടുന്നത്. നീനയിലെ നായികാകഥാപാത്രവും എത്തിപ്പെടുന്നത് അവിടെയാണ്. മദ്യം തൊടുമ്പോള്‍ അവള്‍ സ്വതന്ത്രയായ സ്ത്രീയാവുന്നു. മദ്യം ഉപേക്ഷിക്കുമ്പോള്‍ അവള്‍ പുരുഷന് മുന്നിലെ അനുസരണയുള്ള അടിമയാവുന്നു. അങ്ങനെ വ്യവസ്ഥക്കനുസരിച്ച്, കുടുംബ സദാചാരമൂല്യങ്ങള്‍ക്ക് അനുസരിച്ച് അവളെ മെരുക്കിയെടുക്കുകയാണ് ഈ ചിത്രവും.
നല്ല കോമഡി ടൈമിങ് ഉള്ള നടന്മാരായ മുകേഷിനെയും സുരാജിനെയും അജു വര്‍ഗീസിനെയും കൂട്ടിയാണ് ദിലീപ് ഇത്തവണ ചിരിക്ക് തിരി കൊളുത്താന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. മദ്യപിച്ചുള്ള രംഗങ്ങളില്‍ അല്‍പം അമിതാഭിനയം കാണാമെങ്കിലും മംമ്ത മൈ ബോസിലെന്ന പോലെ ദിലീപിനൊപ്പം പിടിച്ചുനിന്നു. അജു വര്‍ഗീസിന് നായകന്‍െറ നിഴല്‍പറ്റി നില്‍ക്കുന്ന സഹായിയാവാനാണ് എന്നും യോഗം. കാനഡയില്‍ വെച്ചു ചിത്രീകരിച്ച സിനിമയാണ് എന്നൊക്കെയാണ് വെപ്പ്. പേരിനു മാത്രമേ സിനിമയില്‍ കാനഡയുള്ളൂ. കഥ നടക്കുന്നതു മുഴുവന്‍ കേരളത്തിലെ ഏതോ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയിലാണ് എന്നു തോന്നും. വിനോദ വ്യവസായ രംഗത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വെച്ചുനോക്കുമ്പോള്‍ ക്രിസ്തുമസ് റിലീസ് ചിത്രങ്ങളില്‍ ‘ടു കണ്‍ട്രീസ്’ മെഗാഹിറ്റാവാനാണ് സാധ്യത. അതുകൊണ്ട് ഇതേ അച്ചില്‍ വാര്‍ത്തെടുത്ത ദിലീപ് ചിത്രങ്ങള്‍ എല്ലാ ഓണത്തിനും വിഷുവിനും പെരുന്നാളിനും ക്രിസ്തുമസിനും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.