Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightദേ... പിന്നെയും പ്രേമം...

ദേ... പിന്നെയും പ്രേമം 24X7 നേരവും!

text_fields
bookmark_border
ദേ... പിന്നെയും പ്രേമം 24X7 നേരവും!
cancel

ദൃശ്യമാധ്യമങ്ങള്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി മലയാളിയുടെ നിത്യജീവിതത്തിന്‍െറ ഭാഗമാണ്. കേരളീയ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ മണ്ഡലത്തെ അത് പോസിറ്റിവായും നെഗറ്റീവായും സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന്‍െറ പശ്ചാത്തലത്തില്‍ കൊള്ളാവുന്ന ഒരു സിനിമ പോലും മലയാളത്തില്‍ നിര്‍മിക്കപ്പെട്ടിട്ടില്ല. ശ്രീബാല കെ. മേനോന്‍െറ ‘ലവ് 24x7’ എന്ന ചിത്രം ആ കുറവ് നികത്തുമെന്നായിരുന്നു ഈയുള്ളവന്‍ കരുതിയിരുന്നത്. കാരണം ശ്രീബാല കഴിവുള്ള എഴുത്തുകാരിയാണ്. ദൃശ്യമാധ്യമരംഗവുമായി അവര്‍ക്ക് അടുത്ത ബന്ധമുണ്ട്. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് ചിത്രം തെളിയിക്കുന്നു. ആ മാധ്യമലോകത്തേക്കുള്ള പാളിനോട്ടം പോലുമാവുന്നില്ല ഈ സിനിമ. ക്യാമറക്കു പിന്നിലെ വാര്‍ത്താവതാരകരുടെ സാധാരണജീവിതത്തിലേക്കു കണ്ണയക്കുന്നതാണ് തന്‍െറ ആദ്യ സിനിമ എന്ന ശ്രീബാലയുടെ അവകാശവാദം ഇവിടെ അസ്ഥാനത്താവുന്നു. ചാനല്‍രംഗത്തെ കിടമല്‍സരങ്ങളെക്കുറിച്ചും വേജ്ബോഡ് സമരത്തെക്കുറിച്ചും ഹയര്‍ ആന്‍റ് ഫയര്‍ സംസ്കാരത്തെക്കുറിച്ചുമൊക്കെ അങ്ങിങ്ങ് ചില പരാമര്‍ശങ്ങളുണ്ട് എന്നുമാത്രം. കേരളത്തിലെ ചാനല്‍രംഗത്തെക്കുറിച്ചുള്ള ചില കമന്‍റുകള്‍ സ്ഥാനത്തും അസ്ഥാനത്തും കഥാപാത്രങ്ങളുടെ വായില്‍ തിരുകിക്കയറ്റിയിട്ടുണ്ട്. അത്രയേയുള്ളൂ. ചാനല്‍ലോകത്തിന്‍െറ ഉള്ളറകള്‍ തുറന്നുകാട്ടുന്ന ഒരു ദൃശ്യംപോലും ചിത്രത്തിലില്ല. ദൃശ്യമാധ്യമപ്രവര്‍ത്തനത്തിലെ പോസിറ്റിവോ നെഗറ്റീവോ ആയ, ത്രസിപ്പിക്കുന്ന, ഉദ്വേഗഭരിതമായ ഒരു ചലനം പോലും ഇതില്‍ കാണാനാവില്ല. ഒരു ചാനലിന്‍െറ ഓഫീസില്‍ നടക്കുന്ന അതിസാധാരണമായ പ്രണയകഥ. അത് ചാനലിലല്ല ചായക്കടയില്‍ നടന്നാലും ഒരു വ്യത്യാസവുമുണ്ടാവാന്‍ പോവുന്നില്ല.

ശ്രീബാല കെ. മേനോന്‍ എഴുത്തുകാരിയെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് സിനിമാ രംഗത്ത് എത്തുന്നത്. ‘19, കനാല്‍ റോഡ്’ എന്ന പുസ്തകം 2005ലെ മികച്ച ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു. ഒരു ദശകം മുമ്പ് ഒരു വനിതാപ്രസിദ്ധീകരണത്തില്‍ അവര്‍ എഴുതിയിരുന്ന പ്രതിമാസപംക്തി നര്‍മത്തിന്‍െറ ശക്തമായ അടിയൊഴുക്കുള്ള ആഴമേറിയ ജീവിതവീക്ഷണങ്ങളാല്‍ സമൃദ്ധമായിരുന്നു. ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന ചിത്രം മുതലാണ് അവര്‍ സത്യന്‍ അന്തിക്കാടിന്‍െറ അസിസ്റ്റന്‍റാവുന്നത്. ‘ഭാഗ്യദേവത’ എന്ന ചിത്രത്തോടെ അസോസിയേറ്റ് ഡയരക്ടറായി. ഒരു എഴുത്തുകാരിയുടെ ചിത്രമെന്ന നിലയില്‍ പ്രേക്ഷകനു പ്രതീക്ഷിക്കാവുന്ന പ്രമേയഗൗരവമോ, പ്രമുഖ സംവിധായകന്‍െറ കളരിയില്‍ പഠിച്ചുവളര്‍ന്ന ചലച്ചിത്രകാരിയെന്ന നിലയില്‍ ഈ മാധ്യമത്തിലുള്ള കൈത്തഴക്കമോ പ്രതീക്ഷിച്ചുപോവുന്നവര്‍ക്ക് കടുത്ത നിരാശയായിരിക്കും ഫലം. ഒരു എഴുത്തുകാരിയെന്ന നിലയിലും ചലച്ചിത്രകാരിയെന്ന നിലയിലും അഞ്ജലി മേനോനുമായി വിദൂരമായ താരതമ്യംപോലും അര്‍ഹിക്കുന്നില്ല ശ്രീബാല കെ. മേനോന്‍ എന്നുകൂടി പറയട്ടെ.
ഒരു ദൃശ്യത്തിലോ വാക്കിലോ പോലും പുതുമയുണ്ടാവരുത് എന്ന നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു സംവിധായികക്ക് എന്നു തോന്നും ചിത്രം കണ്ടാല്‍. പിന്നെ പ്രമേയത്തില്‍ മാത്രമായിട്ടെന്തിന് പുതുമ?. പ്രേമം എന്നു തന്നെയാണ് സിനിമയുടെ പേര്. ഇംഗ്ളീഷില്‍ എഴുതിയിരിക്കുന്നുവെന്നു മാത്രം. അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞുപഴകിയ പ്രേമകഥ പുതുമയോടെ പറഞ്ഞ് കൈയടി നേടിയപ്പോള്‍ ശ്രീബാല നൂറ്റൊന്നാവര്‍ത്തിച്ച കഥ അത്രയുംതന്നെ പഴകിയ ആഖ്യാനത്തില്‍ പറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ കൈയടി പോയിട്ട് ആളനക്കമില്ല തിയറ്ററില്‍. ആദ്യദിനത്തില്‍ പോലും.
കലവൂര്‍ രവികുമാര്‍ എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന സിനിമയുടെ കഥ തന്നെയാണ് ചിത്രത്തില്‍ സമാന്തരമായി വികസിക്കുന്ന ഉപകഥ. ചിലയിടങ്ങളില്‍ അതിന് ബ്ളസിയുടെ പ്രണയത്തോടും സാമ്യം കാണാം. പ്രത്യേകിച്ചും വാര്‍ധക്യത്തിലത്തെിയവരുടെ പ്രണയത്തിന്‍െറയും ആത്മബന്ധങ്ങളുടെയും ചിത്രീകരണത്തില്‍. ‘ഇഷ്ടം’ എന്ന സിനിമ സംവിധായിക നല്ളോണം ഓര്‍ക്കുന്നുവെന്ന് ഉറപ്പ്. ആ ചിത്രത്തിലെ ‘കണ്ടു കണ്ടു കണ്ടില്ല’ എന്ന പാട്ടിന്‍െറ ഈരടികള്‍ ഒരു കഥാപാത്രത്തെക്കൊണ്ട് പാടിക്കുന്നുണ്ട്. മല്‍സരോന്മുഖമായ വിപണിയില്‍ കോര്‍പറേറ്റ് യുക്തികള്‍ എങ്ങനെ പ്രയോഗിക്കുന്നുവെന്നു കാണിക്കുന്ന രംഗങ്ങള്‍ ‘ഇമ്മാനുവേല്‍’ എന്ന ലാല്‍ജോസ് ചിത്രത്തിന്‍െറ രണ്ടാംപകുതിയെയും ഓര്‍മിപ്പിക്കും.
പലപ്പോഴും അരോചകവും അസഹ്യവുമാണ് സുഹാസിനിയും ശശികുമാറും പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍. കൈയില്‍ ഗിറ്റാറുമായി പൂര്‍വവിദ്യാര്‍ഥിസംഗമത്തിന് ഡോ. സരയു പഴയ ഹിന്ദിപ്പാട്ടു പാടുന്ന രംഗം ഉള്ളില്‍ ഒരു കൂവലോടെയല്ലാതെ കണ്ടിരിക്കാനാവില്ല. അതുപോലെയാണ് ഡോ. സതീഷുമായുള്ള നാല്‍പതുവര്‍ഷത്തിനുശേഷമുള്ള സമാഗമത്തില്‍ അയാള്‍ പാടുന്ന പാട്ടും. ഒട്ടും സ്വാഭാവികതയില്ളെന്നു മാത്രമല്ല കൃത്രിമത്വം വല്ലാതെ മുഴച്ചുനില്‍ക്കുന്നുണ്ടുതാനും. കൂളിങ്ഗ്ളാസിട്ട ശശികുമാറിന്‍െറ കൂടെയുള്ള സുഹാസിനിയുടെ പ്രണയഗാനം കണ്ടപ്പോള്‍ പെരുന്നാളിനു കഴിച്ച ചിക്കന്‍ബിരിയാണിയിലെ കോഴി പോലും ഉള്ളില്‍ കിടന്ന് കൂവിപ്പോയി. തെന്നിന്ത്യയിലെ മികച്ച ഒരു നടിയും പ്രതിഭാശാലിയായ മാധ്യമപ്രവര്‍ത്തകനും അപഹാസ്യരായി മാറുന്നു ഈ രംഗങ്ങളില്‍.

ഒട്ടും ശില്‍പഭദ്രതയില്ലാത്ത തിരക്കഥയാണ് സംവിധായിക ഒരുക്കിയിരിക്കുന്നത്. മുഖ്യകഥ തുടങ്ങി പാതിവഴിയി ലെത്തുമ്പോഴേക്കും അതിനെ അവിടെ ഉപേക്ഷിച്ച് ഉപകഥ തുടങ്ങുന്നു. രണ്ടിനെയും സമാന്തരമായി വികസിപ്പിക്കാന്‍ ദുര്‍ബലമായ ശ്രമം നടത്തുന്നു. ഫലത്തില്‍ മുഖ്യകഥയും ഉപകഥയും രസച്ചരട് മുറിച്ചെറിയുന്നു. ഇരുകഥകളിലെയും കഥാപാത്രങ്ങളാവട്ടെ സ്വന്തം ഭൂതകാലം പറഞ്ഞ് നമ്മുടെ ക്ഷമ കെടുത്തുന്നു. മുഖ്യധാരാ സിനിമ ഇന്‍റര്‍വെല്‍ പഞ്ച് എന്നു വിളിക്കുന്ന ഒരു ആഖ്യാനസൂത്രമുണ്ട്. പ്രേക്ഷകന്‍ ഇടവേളക്ക് ഇറങ്ങിപ്പോവാതിരിക്കാന്‍ കാട്ടുന്ന തക്കിടിവേല. ഈ ചിത്രത്തിലെ ഇന്‍റര്‍വെല്‍പഞ്ചു കണ്ടാല്‍ ജിജ്ഞാസ സഹിക്കവയ്യാതെ നമ്മള്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ തിയറ്ററിനകത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടും. ‘പാഞ്ചജന്യം’ എന്ന പുതിയ ചാനല്‍ തുടങ്ങാന്‍ പോവുന്നു എന്ന ക്ളാസിഫൈഡ് പരസ്യം കഥാനായകന്‍ വായിക്കുന്നതാണ് ആ ദൃശ്യം. ഒപ്പം ഉപകഥയിലെ നായകന്‍ ശശികുമാര്‍ കടന്നുവരുന്നു.

വനിതാസംവിധായിക എന്ന നിലയ്ക്ക് ഫെമിനിസ്റ്റ് സംവേദനക്ഷമതയുള്ള ചില സമീപനങ്ങള്‍ ശ്രീബാലയില്‍നിന്ന് ഉണ്ടാവും എന്നാരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കും കണക്കിനു കൊടുക്കുന്നുണ്ട്. ദിലീപാണല്ളോ ചിത്രത്തിലെ നായകന്‍. അപ്പോള്‍ നായകന്‍ എത്രത്തോളം വലിയ പുരുഷമേധാവിത്തത്തിന്‍െറ പ്രതിരൂപമായിരുന്നാലും ശരി, അയാള്‍ക്ക് ജയിക്കാതെ വയ്യല്ളോ. അങ്ങേയറ്റം സ്വാര്‍ഥവും ആധിപത്യപരവുമായ അയാളുടെ തീരുമാനങ്ങള്‍ കാമുകിയായ കബനിക്ക് വകവെച്ചുകൊടുക്കേണ്ടിവരുന്നുണ്ട്. അങ്ങനെ നമ്മുടെ സിനിമയിലെ ആണ്‍കോയ്മാ സംസ്കാരത്തെ ഒന്നുകൂടി ജയിപ്പിച്ചുവിടുന്നു ഈ പെണ്‍സംവിധായികയും. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കബനിക്ക് ഒരു വ്യക്തിത്വവുമില്ല. നായകന്‍െറ നിഴലായി ഒളിക്കുന്ന പതിവു നായിക തന്നെ അവള്‍. കേരളത്തില്‍നിന്നും ബംഗളുരുവിലേക്ക് ഒരു ഇന്‍റര്‍വ്യൂവിന് പോവാന്‍ കാമുകന്‍ കൂട്ടുവരാത്തത് അവളെ തെല്ളൊന്നുമല്ല പ്രശ്നത്തിലാക്കുന്നത്. ഒരു ജേണലിസ്റ്റിന് കേരളത്തില്‍നിന്ന് ബംഗളുരുവിലേക്കു പോവാന്‍ ആണ്‍തുണ വേണം!  എന്നാല്‍, ഡോ. സരയുവിന്‍െറ സംഭാഷണങ്ങളില്‍ ഏകാകിയായ ഒരു സ്ത്രീമനസ്സിന്‍െറ ചില വെളിപ്പെടലുകളുണ്ട്. ‘സ്പര്‍ശം എനിക്കു പ്രധാനമാണ്. നമ്മള്‍ മലയാളികള്‍ ആരെയും സ്പര്‍ശിക്കാറില്ലല്ളോ. സ്വന്തം അമ്മയെയും അച്ഛനെയും വരെ’ തുടങ്ങിയ സംഭാഷണങ്ങള്‍ പ്രത്യേകിച്ചും.

സംസ്കൃതപദജടിലമായ ഭാഷ അഭിമുഖത്തിന് ഉപയോഗിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.പി മോഹനനെ ആക്ഷേപഹാസ്യപരമായി ചിത്രീകരിക്കാന്‍ നിയുക്തനായിരിക്കുന്നത് പ്രമുഖ നാടകസംവിധായകന്‍ ജയപ്രകാശ് കുളൂര്‍ ആണ്. മാഹിക്കാരന്‍ രൂപേഷ് നമ്പ്യാരുടെ നാട്ടിലെ ഭാഷയും തിരുവനന്തപുരത്തുകാരി കബനിയുടെ ഭാഷയും ഒന്നുരണ്ടിടങ്ങളില്‍ ചിരിയുണര്‍ത്തുന്നു. മാധ്യമപ്രവര്‍ത്തകരുടെ ബൈലൈന്‍ നിശ്ചയിക്കുന്നതിനിടെ ജാതിവാല്‍ ഉള്‍പ്പെടെയുള്ള ചില പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിനെ ആക്ഷേപഹാസ്യവിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട് ചിത്രത്തില്‍. അങ്ങനെയാണ് കബനിയെ കബനി കാര്‍ത്തികയാക്കുന്നത്. മലയാള മാധ്യമലോകത്ത് ഏറ്റവും അശ്ളീലമായി കാണുന്നത് ബൈലൈനിലെ ജാതിവാലുകളാണ്. ശ്രീബാല കെ. മേനോന്‍െറ സിനിമയിലെ കേന്ദ്രകഥാപാത്രം രൂപേഷ് നമ്പ്യാരാണ് എന്നോര്‍ക്കുക. സംവിധായികയും അവര്‍ ആദര്‍ശവത്കരിച്ച കഥാപാത്രവും ഒരുപോലെ ജാതിവാല്‍ പേറുന്നവര്‍. നവചാതുര്‍വര്‍ണ്യത്തിന്‍െറ ജീര്‍ണതയെ ആഘോഷിക്കുന്നതിനിടെ ഒരു ദലിത് സ്ത്രീയെ കാണിക്കുന്നുണ്ട് സംവിധായിക. എന്തിനോ എന്തോ...!


കേരളത്തിലെ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത കൂടിയുണ്ട്. നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ അസംതൃപ്തരാണോ? ഈ രംഗത്തെ കിടമല്‍സരങ്ങള്‍ നിങ്ങളുടെ മനംമടുപ്പിച്ചുവോ? എങ്കില്‍ രൂപേഷ് നമ്പ്യര്‍ അങ്ങ് ഫ്രാന്‍സില്‍ നാലു സുഹൃത്തുക്കള്‍ക്ക് ഒപ്പം തുടങ്ങിയ വെബ്സൈറ്റില്‍ ജോയിന്‍ ചെയ്യുക. എല്ലാറ്റിനും ഒരു പരിഹാരമായിക്കിട്ടും. വെബ്സൈറ്റ് സൈബര്‍സ്പേസിലല്ളേ, അതിന് എന്തിനാ അങ്ങ് ഫ്രാന്‍സില്‍ പോകുന്നത്, ഫ്രഞ്ചുഭാഷയിലാണോ മാധ്യമപ്രവര്‍ത്തനം ഇത്യാദിയായ ചോദ്യങ്ങള്‍ അരുത്.
തന്‍െറ ഉല്‍സവചിത്രങ്ങളിലെ പതിവ് സ്ലാപ്സ്റ്റിക് കോമഡിവേഷങ്ങള്‍ക്ക് ഇടവേള നല്‍കിയ ദിലീപ് നിയന്ത്രിതമായ അഭിനയത്തിലൂടെ തന്‍െറ വേഷത്തോടു നീതിപുലര്‍ത്തി. പുതുമുഖം നിഖില വിമല്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മിഴിവേറിയ ദൃശ്യങ്ങള്‍ നിറഞ്ഞതാണ് സമീര്‍ ഹഖിന്‍െറ ഛായാഗ്രഹണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story