Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightരസണ്ട് ഈ മലപ്പുറം...

രസണ്ട് ഈ മലപ്പുറം വണ്ടി

text_fields
bookmark_border
രസണ്ട് ഈ മലപ്പുറം വണ്ടി
cancel

മലപ്പുറം കത്തി, പൈപ്പ് ബോംബ്, ബഹുഭാര്യത്വം (നാല് ഭാര്യമാര്‍), കള്ളപ്പണം, കള്ളക്കടത്ത് , ഭീകരത, സംസ്ക്കാരമില്ലായ്മ, ഗുണ്ടകളും വില്ലന്‍മാരുമായ മമ്പുറം ബാവമാര്‍ തുടങ്ങി മലയാള സിനിമയിലുണ്ടായ വാര്‍പ്പ്മാതൃകകളുടെ കേന്ദ്രമാണ് മലപ്പുറം ജില്ല. സിനിമകളില്‍ മാത്രമല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മലപ്പുറത്തെ അപര വത്കരിക്കുന്ന ധാരാളം ഉദാഹരണങ്ങള്‍ കാണാവുന്നത്. അവിടെ മലപ്പുറം ഭീകരതാ റിക്രൂട്ട്മെന്‍റിന്റെഉല്‍ഭവ കേന്ദ്രം, അയുധ കലയും തീവ്രവാദവും പഠിപ്പിക്കുന്ന മദ്രസകള്‍, നോമ്പിനു കടയടപ്പിക്കുന്ന മത മൗലിക വാദികള്‍, ഇന്ത്യാ -പാക് ക്രിക്കറ്റ് മത്സരത്തില്‍ പാക്കിസ്താന് 'ജയ്' വിളിക്കുന്ന ജനത തുടങ്ങിയ തരത്തിലുള്ള നവീകരിച്ച ഫാസിസ്റ്റ് കടന്നാക്രമണവും നടക്കുന്നു. ഇത്തരത്തില്‍ ഒരു പൊതു ബോധം വളര്‍ത്തുന്നതില്‍ സിനിമ ഉണ്ടാക്കിയെടുത്ത പങ്ക് വളരെ വലുതാണ്. നടന്‍ മാമുക്കോയ ഒരിക്കല്‍ പറഞ്ഞത് ഇത് മലബാറിന്റെയാ മലപ്പുറത്തിന്റെയാ രാഷ്ര്ടീയമോ പാരമ്പര്യമോ സംസ്കാരമോ അറിയാത്ത സിനിമക്കാര്‍ കേട്ടുകേള്‍വി മാത്രം അടിസ്ഥാനമാക്കി തുടങ്ങിവെച്ച രീതിയാണ്. ഇത് മനപ്പൂര്‍വ്വമോ അല്ലാതെയോ അവര്‍ പിന്തുടരുകയായിരുന്നു. ഇന്നും സിനിമ കൈകാര്യം ചെയ്യുന്ന തെക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ഈ വിഷയത്തിലൊന്നും വേണ്ടത്ര അവഗാഹമി െല്ലന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫാസിസ്റ്റ് ചിഹ്നങ്ങള്‍ മുഖമുദ്രയാക്കി ഇറങ്ങിയ, ഇറങ്ങിക്കൊണ്ടിരിക്കുന്ന സിനിമകള്‍ എല്ലാം പരിശോധിച്ചാല്‍ മാമുക്കോയ പറഞ്ഞതിന്റെയാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവും. ഇത്തരം ആരോപണങ്ങളും ആക്ഷേപങ്ങളും തുടരുമ്പോഴും സാമുദായിക സൗഹാര്‍ദ്ദത്തില്‍ മറ്റ് ഏത് ജില്ലയേക്കാളും നന്നായി മുന്നോട്ട് പോകുന്നത് മലപ്പുറം ജില്ലയിലാണ്. എന്നാല്‍ സിനിമാ വീണ്ടും വീണ്ടും മലപ്പുറത്തെ അപരവത്കരിക്കുന്നു.

എന്നാല്‍, നവാഗതനായ മുഹ്സിന്‍ പെരാരി സംവിധാനം ചെയ്ത 'കെ.എല്‍ 10 പത്ത്' മലപ്പുറത്തെ കുറിച്ചുള്ള ധാരണകളെ പൊളിച്ചടുക്കുന്നുണ്ട്. ഒരു രാഷ്ട്രീയ സിനിമയായി അനുഭവപ്പെടില്ലെങ്കില്‍ കൂടി സ്വഭാവികമായ രീതിയില്‍ മലപ്പുറത്തെകുറിച്ച് സിനിമാ ലോകത്തും പൊതു ധാരയിലും നിലനില്‍ക്കുന്ന പൊതു ബോധത്തെ സിനിമ സര്‍ഗാത്മകമായി ചോദ്യം ചെയ്യുന്നുണ്ട്.

മലപ്പുറത്തിന്റെസാംസ്കാരിക തനിമ, ഭാഷ, മതം, ബഹുസ്വരത, ഫുട്ബാള്‍ ജ്വരം, രാഷ്ട്രീയം, സൗഹാര്‍ദ്ദം, ആത്മീയം തുടങ്ങിയ മേഖലകളെ സിനിമ സ്പര്‍ശിക്കുന്നു. ഫുട്ബാളും പ്രണയവും രാഷ്ര്ടീയവുമെല്ലാം പരസ്പര ബന്ധിതമായി മുന്നൊട്ട് നീങ്ങുന്ന പുതുമയാര്‍ന്ന നോണ്‍ ലീനിയര്‍ ശൈലിയിലൂടെയാണു സിനിമ മുന്നോട്ട് പോകുന്നത്. ശ്രീനാഥ് ഭാസി അവതരിപ്പിച്ച ' ജിന്നിന്റെ' പാശ്ചാത്തലത്തിലാണു കഥ ചലിക്കുന്നത്. എന്നാല്‍ മലയാളി പ്രക്ഷേകര്‍ക്ക് സുപരിചിതമല്ലാത്ത നോണ്‍ ലീനിയര്‍ ശൈലിയില്‍ സിനിമ അവതരിപ്പിച്ചതിനാല്‍ പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.  ഇതുവരെ സിനിമയില്‍ പറയാത്ത പൊതു മണ്ഡലത്തില്‍ ശരിയായ വ്യാഖ്യാനങ്ങള്‍ ലഭിക്കാത്ത ജിന്ന് പോലുള്ള ആശയങ്ങള്‍ ഫാന്‍റസിക്കലായി നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞത് പ്രസ്തുത വിഷയങ്ങളില്‍ വേണ്ടത്ര അവബോധമില്ലാത്ത പ്രേക്ഷകര്‍ക്ക് തെല്ല് അലോസരം സൃഷ്ടിക്കുന്നു എന്നത് ശരിയാണ്. എന്നാല്‍ ധൈര്യപൂര്‍വം ആ വെല്ലുവിളി ഏറ്റെടുക്കുകയും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുക കൂടി ചെയ്തു എന്ന സവിശേഷത കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ജിന്നിന്റെകഥാ പാത്രം താന്‍ ആരാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന രീതി കൊണ്ട് സിനിമയുടെ ആദ്യ ഘട്ടത്തില്‍ തന്നെ മലപ്പുറത്തിന്റെസമകാലീന ആത്മീയ വിഷയത്തിലേക്ക് രസകരമായി വിരല്‍ ചൂണ്ടുന്നുണ്ട്. മുസ് ലിം സമുദായത്തിലെ ഒരു വിഭാഗത്തിനകത്ത് നടക്കുന്ന ജിന്ന് ചര്‍ച്ചയെ സിനിമ പരിഹസിക്കുന്നുണ്ട്.

രജിസ്റ്റര്‍ കല്ല്യാണം നടത്തുവാന്‍ സാഹസികമായി ഇറങ്ങി പുറപ്പെട്ട കഥാ നായകന്‍ അഹമ്മദിനെ ( ഉണ്ണി മുകുന്ദന്‍ ) തിരഞ്ഞ് ഇറങ്ങുന്ന സഹോദരന്മാരുടെയും കൂട്ടുകാരുടെയും പാശ്ചാത്തലത്തിലൂടെയാണു സിനിമ മുഴു നീളെ മുന്നോട്ട് നീങ്ങുന്നത്. പ്രണയവും രാഷ്ര്ടീയവും ഫുട്ബാളുമാണ് അഹമ്മദിനെ ' ബല്ലാത്ത എടങ്ങേറാക്കുന്നത് ( സിനിമയിലെ ഭാഷ ). എന്നാല്‍ സഹോദരനെയും കൂട്ടുകാരെയും എടങ്ങേറാക്കുന്നത് ഫുട്ബാളും രാഷ്ര്ടീയവുമാണ്. അഹമ്മദിനെ തേടിയുള്ള യാത്രയിലൂടെ മലപ്പുറത്തിന്റെഎല്ലാ മേഖലകളിലൂടെയും സംവിധായകന്‍ സഞ്ചരിക്കുന്നുണ്ട്. രജിസ്റ്റര്‍ കല്ല്യാണത്തിനു അഹമ്മദ് സഹായം തേടുന്നത് കണ്ണൂരിലെ ഇടതു പക്ഷ നേതാക്കളോടാണ്. ഇടതുപക്ഷം പിന്തുടരുന്ന സവര്‍ണ ബോധത്തെയും പുരോഗമനമെന്ന വ്യജേനയുള്ള കേവല യുക്തിവാദത്തെയും ചില സംഭാഷണങ്ങളിലൂടെ പരിഹസിക്കുന്നുണ്ട്. ഒരു സഖാവ് നായികയായ ഷാദിയ (ചാന്ദ്നി ) ധരിച്ച വസ്ത്രം (ഹിജാബ്) തങ്ങള്‍ക്കിഷ്ടമല്ലെന്ന് പറയുന്നുണ്ട്. ഇവിടെ മുസ്ളിം പ്രീണനത്തിന്റെമേച്ചില്‍ പുറങ്ങളില്‍ പരാജയം തിരയുന്ന കമ്മ്യുണിസ്റ്റ് നേതാക്കളെ വരച്ച് കാണിക്കുന്നുണ്ട് സിനിമ. എന്നാല്‍ ഗുണ്ടാ രാഷ്ര്ടീയമെന്ന് അടച്ചാക്ഷേപിക്കുന്ന കണ്ണൂര്‍ ഇടത് രാഷ്ര്ടീയ നേതാക്കളിലെ സഹിഷ്ണുതയെ സത്യസന്ധമായി അവതരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. മലപ്പുറത്തെ പഠന രീതിയെയും പൗരോഹത്യം കുത്തി നിറക്കുന്ന യാഥാസ്ഥിക വാദത്തിന്റെമറുപുറവും നര്‍മ്മത്തില്‍ ചാലിച്ച് തുറന്ന് കാണിക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. അഹമ്മദും ഷാസിയയും അറബി കോളേജിലെ 'റൂമി ' ഫെസ്റ്റിനു വേദിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയില്‍ കയറി വരുന്ന പുരോഹിതനെ പിശാചായി അവതരിപ്പിച്ചത് തന്നെ പൗരോഹിത്യത്തിനുള്ള നല്ല അടിയായി.

അത്രയൊന്നും കേട്ടും വായിച്ചും അറിഞ്ഞും പരിചയമില്ലാത്ത ഒന്നാണ് സൂഫി, മിസ്റ്റിക് തലങ്ങള്‍. അതിനാല്‍ തന്നെ അവ മനസ്സിലാകാത്തവര്‍ക്ക് ചിത്രത്തിലെ പ്രണയം നന്നായില്ലെന്ന് തോന്നാം. തൃശൂരില്‍ നടന്ന മഴവില്‍മേള ചലച്ചിത്രോത്സവത്തില്‍ ആനന്ദ് പട്വര്‍ധന്‍െറ ഡോക്യുമെന്‍ററി പ്രദര്‍ശനം തടയാന്‍ വന്ന ഫാസിസ്റ്റുകളെ ഗോബാക്ക് വിളിച്ച് തുരത്തിയ സംഭവം ചിത്രത്തില്‍ പുനരാവിഷ്കരിച്ചിട്ടുണ്ട്. രാഷ്ര്ടീയത്തിനും മതത്തിനുമപ്പുറം സൗഹാര്‍ദ്ദത്തിനും മനുഷ്യത്വത്തിനും മൂല്യം കല്‍പ്പിക്കുന്ന അഹമ്മദിന്റെചങ്ങാതി കൂട്ടത്തെ കാണുമ്പോള്‍ 'സ്നേഹത്തിന്റെആര്‍.ഡി.എക്സു കളാണു മലപ്പുറത്തിന്റെബോംബെന്ന് ബോധ്യമാവും. രാഷ്ര്ടീയത്തിനും മതത്തിനും അപ്പുറം ചലിക്കുന്ന ജില്ലയാണ് മലപ്പുറം. സാമുദായിക സൗഹാര്‍ദത്തിന്‍െറ വിശാല തലം പകര്‍ത്തുക മാത്രമാണു മുഹ്സിന്‍ പെരാരി കെ.എല്‍ ടെന്‍ പത്തിലൂടെ ചെയ്തിരിക്കുന്നത്. ആകാംക്ഷ നിറഞ്ഞ ഫുട്ബാള്‍ മത്സരത്തിന്റെപാശ്ചാത്തലത്തില്‍ ചിത്രത്തിന്റെകൈ്ളമാക്സ് ഒരുക്കിയ രീതിയും ഒരു വിനോദ സിനിമ എന്ന അര്‍ത്ഥത്തില്‍ കെ.എല്‍ 10 നെ വേറിട്ട് നിര്‍ത്തുന്നു.

അറബിക് കോളേജിന്റെപാശ്ചാത്തലവും മുസ്ളിയാരുടെ യാഥാസ്തിക വാദത്തെ മത വിശ്വാസത്തിലൂന്നി കൊണ്ട് തന്നെ ചോദ്യം ചെയ്യുന്ന അഹമ്മദിന്റെരീതിയും പുതുമ നിറഞ്ഞ ദൃശ്യാവിഷ്കാരങ്ങളാണ്. റോഷന്‍ എന്ന മതേതരവാദിയിലൂടെ മതേതരത്വം എന്ന വിശുദ്ധ പശുവിനെ സംവിധായകന്‍ വിമര്‍ശിക്കുന്നുണ്ട്. കൂടാതെ പലയിടങ്ങളിലായി ബീഫ് നിരോധനത്തിന്റെരാഷ്ര്ടീയവും സിനിമ പറയാതെ പറയുന്നുണ്ട്.

ചിത്രത്തിലെ പ്രണയരംഗങ്ങളില്‍ കൊണ്ടുവന്ന പുതുമ എടുത്ത് പറയേണ്ടതാണ്. കൂടാതെ ചിത്രത്തിലെ ഗാനങ്ങളും സംഗീതവും സിനിമക്ക് തുടക്കം മുതല്‍ അവസാനം വരെ ഒരു താളം നിലനിര്‍ത്തുന്നുണ്ട്. സന്തോഷ് വര്‍മ്മ രചിച്ച് ബിജിപാല്‍ ഈണമിട്ട ' എന്താണു ഖല്‍ബെ ' എന്ന ഗാനം പ്രണയത്തിലെ മിസ്റ്റിക്കല്‍ തലങ്ങളെ ആവിഷ്കരിക്കുന്നുണ്ട്. ദുനിയാവിന്‍ മൈതാനത്തെന്ന സന്തോഷ് വര്‍മ്മ രചിച്ച് ബിജി പാല്‍ തന്നെ അലപിച്ച ഗാനവും റഫീഖ് ഉംബാച്ചിയുടെ ഗാനവും മലപ്പുറം പ്രാദേശിക ഭാഷയില്‍ തത്ത്വജ്ഞാനം ഉള്‍ക്കൊള്ളിക്കുന്ന പുതിയതും ആസ്വാദ്യകരവുമായ പരീക്ഷണമാണ്. സിനിമയിലുടനീളം ഉപയോഗിച്ച  മലപ്പുറം ഭാഷ ശൈലി സിനിമയെ വ്യത്യസ്തമാക്കി. മലപ്പുറത്തിന്‍െറ ഗ്രാമങ്ങളിലെ മനോഹാരിത അതുപോലെ പകര്‍ത്താന്‍ ഛായാഗ്രാഹകന്‍  വിഷ്ണു നാരായണനായിട്ടുണ്ട്. അതിനാല്‍ തന്നെ കെ.എല്‍ ടെന്‍ പത്ത് മലപ്പുറത്തിന്‍െറ യാഥാര്‍ഥ്യത്തിലേക്ക് അടിച്ച ഫുട്ബാളാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story