Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2015 10:45 AM GMT Updated On
date_range 1 Jun 2015 10:45 AM GMTമലയാളത്തില്‍ ഒരു ഇംഗ്ളീഷ് സിനിമ
text_fieldsbookmark_border
ശ്യാമപ്രസാദിന്‍െറ മുഴുനീള ഇംഗ്ളീഷ് സിനിമ ‘ബോക്ഷു ദ മിത്ത്’ 13 വര്‍ഷം മുമ്പ് തിരുവനന്തപുരം ചലച്ചിത്രമേളയില്‍നിന്നാണ് കണ്ടത്. 2013ല്‍ മികച്ച നടനുള്ള ദേശീയപുരസ്കാരം നേടിയ ഇര്‍ഫാന്‍ ഖാനും നോബല്‍ ജേതാവ് അമര്‍ത്യാസെന്നിന്‍െറ മകള്‍ നന്ദന സെന്നുമായിരുന്നു മുഖ്യവേഷങ്ങളില്‍. അത് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമയല്ല എന്ന് ശ്യാമപ്രസാദിനുപോലും അഭിപ്രായമുണ്ടായിരുന്നു. അത് അദ്ദേഹം മാധ്യമങ്ങള്‍ മുമ്പാകെ പറയുകയും ചെയ്തു. ശ്യാമപ്രസാദിന്‍െറ കരിയറിലെ ഏറ്റവും മോശം ചിത്രമാണ് അത്. ഇന്ത്യന്‍ ആത്മീയതയും മിത്തും പുരാവൃത്തങ്ങളുമെല്ലാം വിദേശത്തുകൊണ്ടുപോയി കച്ചവടം ചെയ്യാനുള്ള സര്‍ഗാത്മക കുതന്ത്രമായിരുന്നു, ഗംഗാപ്രസാദ് വിമലിന്‍െറ ‘മൃഗാന്തക്’ എന്ന ഹിന്ദിനോവലിന്‍െറ ഈ അനുകല്‍പ്പനം. രണ്ട് അമേരിക്കന്‍ നരവംശശാസ്ത്രജ്ഞന്മാര്‍, കാണാതായ പ്രൊഫസറെ തേടി ഹിമാലയത്തിലെ ദുരൂഹമായ ഒരിടത്ത് എത്തുന്നതും അവിടത്തെ ആഭിചാരക്രിയകളുമൊക്കെയായിരുന്നു കഥാതന്തു എന്ന് ഓര്‍ക്കുന്നു. സൈക്കോളജിക്കല്‍ സസ്പെന്‍സ് ത്രില്ലര്‍ എന്നൊക്കെയാണ് അന്ന് ഈ ചിത്രം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. മന$ശാസ്ത്രമോ ഉദ്വേഗമോ ചിത്രത്തിലെവിടെയും കണ്ടില്ളെന്നു മാത്രം.
ഇത്തവണ അപൂര്‍വമായി മാത്രം മലയാളം സംസാരിക്കുന്ന ഇംഗ്ളീഷ് സിനിമയുമായാണ് അദ്ദേഹം വന്നിരിക്കുന്നത്. ‘ഇവിടെ’യില്‍ എഴുപതുശതമാനം സംഭാഷണങ്ങളും ഇംഗ്ളീഷിലായത് സംഭവം നടക്കുന്നത് അങ്ങ് അമേരിക്കയിലെ അറ്റ്ലാന്‍റയിലായതു കൊണ്ടാണ്. യു.എസ് ആക്സന്‍റ് മനസ്സിലാവാത്ത മലയാളിപ്രേക്ഷകനായി ഉപശീര്‍ഷകങ്ങള്‍ കൊടുത്തിട്ടുണ്ട്. സബ്ടൈറ്റില്‍സ് ടൈപ്പു ചെയ്തയാള്‍ക്ക് മലയാളഭാഷ നന്നായി അറിയാത്തതുകൊണ്ട് സ്കൂള്‍കുട്ടി പോലും വരുത്താത്ത അക്ഷരപ്പിശക് നല്ളോണം കാണാം. അതൊരു കല്ലുകടിയായി. എങ്കിലും മലയാളിതാരങ്ങള്‍ അഭിനയിക്കുന്ന ഇംഗ്ളീഷ് സിനിമ കാണാന്‍ കൊതിച്ചവര്‍ക്ക് ‘ഇവിടെ’ ഇഷ്ടപ്പെടും. എന്നാല്‍ ഹോളിവുഡിന്‍െറ സാങ്കേതികവിസ്മയങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അല്ളെങ്കിലും സാങ്കേതികവിസ്മയമൊരുക്കലല്ലല്ളോ ശ്യാമപ്രസാദിന്‍െറ ശൈലി. അകലെ, ഒരേ കടല്‍, അഗ്നിസാക്ഷി പോലുള്ള സിനിമകളില്‍ നാം കണ്ടതുപോലെ കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങളില്‍തന്നെയാണ് ഇക്കുറിയും സംവിധായകന്‍െറ ഫോക്കസ്. ശ്യാമപ്രസാദിന്‍െറ സമീപകാല സിനിമകളില്‍ ‘ഇംഗ്ളീഷി’ന് പത്തുപടി മുകളിലും ‘ആര്‍ട്ടിസ്റ്റി’ന് അഞ്ചു പടി താഴെയുമാണ് ‘ഇവിടെ’യുടെ നില്‍പ്പ്.
കൊലപാതക ദുരൂഹതകള്‍ ചുരുളഴിക്കുന്ന സസ്പെന്‍സ് ത്രില്ലര്‍ എന്നൊക്കെയാണ് പടം തുടങ്ങുമ്പോള്‍ നാം കരുതുക. പക്ഷേ ത്രസിപ്പിക്കുകയും ഉദ്വേഗമുണര്‍ത്തുകയും ചെയ്യുന്ന ത്രില്ലര്‍ അല്ല ‘ഇവിടെ’. പതിഞ്ഞ മന്ദതാളത്തിലാണ് ഇതിന്‍െറ ആഖ്യാനം. കുടിയേറ്റത്തിന്‍െറയും തൊഴില്‍നഷ്ടങ്ങളുടെയും പ്രതിസന്ധികള്‍, അന്യവത്കരണത്തിന്‍െറ സ്വത്വസംഘര്‍ഷങ്ങള്‍ എന്നീ പ്രശ്നങ്ങള്‍ ഉപരിപ്ളവമായെങ്കിലും പറഞ്ഞുപോവുന്നുണ്ട്. അതുകൊണ്ടുതന്നെ സാധാരണ എസ്.എന്‍ സ്വാമി ടൈപ്പ് ത്രില്ലറുകള്‍ പ്രതീക്ഷിച്ചുപോവുന്നവര്‍ക്ക് നിരാശയാവും ഫലം. ചടുലവേഗത്തില്‍ ഇതേ ഇതിവൃത്തം തന്നെ അവതരിപ്പിച്ചിരുന്നെങ്കില്‍ പോലും ത്രില്ലര്‍പ്രേമികളെ ത്രില്ലടിപ്പിക്കാനുള്ള ത്രസരേണുക്കള്‍ കഥാതന്തുവിലില്ല.
ശ്യാമപ്രസാദിന്‍െറ അച്ഛന്‍ അരുവിക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാണ്. കേരളത്തില്‍ ജനിച്ചുപോയതുകൊണ്ട് എന്നും തോല്‍ക്കാന്‍ വിധിക്കപ്പെട്ട ബി.ജെ.പി നേതാവ്. ഒ.രാജഗോപാലിന്‍െറ മകന്‍െറ സിനിമയില്‍ കാവിരാഷ്ട്രീയത്തിന്‍െറ ബിംബങ്ങള്‍ തിരഞ്ഞുപിടിക്കണം എന്ന് ഈയുള്ളവന് നിര്‍ബന്ധമില്ല. പക്ഷേ കണ്ടത് പറയണമല്ളോ. കൃഷ് ഹെബ്ബാര്‍ എന്നാണ് നിവിന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍െറ പേര്. കര്‍ണാടകയിലെ ബ്രാഹ്മണന്മാര്‍ക്കാണല്ളോ ഹെബ്ബാര്‍ എന്ന വാലുള്ളത്. ജീവിതത്തിന്‍െറ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ താനൊരു തിരിച്ചറിവിലത്തെുന്നതായി അറ്റ്ലാന്‍റയിലൂടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ പഴയ സഹപാഠിയായ കോട്ടയത്തുകാരിയോട് അയാള്‍ പറയുന്നുണ്ട്. ‘പൂണൂല്‍ ധരിച്ചവര്‍ക്ക് വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഈ ലോകത്ത് രക്ഷപ്പെടാന്‍ കഴിയൂ’ എന്ന കണ്ടത്തെലാണ് അത്. ഈ ബ്രാഹ്മണിക്കല്‍ മൂല്യബോധത്തെയാണ് മുഖ്യകഥാപാത്രങ്ങളിലൊന്നിന്‍െറ ജീവിതദര്‍ശനമായി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ഒ.രാജഗോപാല്‍ വര്‍ണാശ്രമധര്‍മത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് ബ്രാഹ്മണരുടെ വംശശുദ്ധിയെപ്പറ്റി തെല്ലും സംശയമില്ലാത്തയാളാണ്.
മുന്‍കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ മരിച്ചപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന്‍െറ വാര്‍ത്താവതാരകന്‍ ഒ. രാജഗോപാലിനെ ഫോണില്‍ വിളിച്ചു. ‘ഇദ്ദേഹത്തിന്‍െറ കുടുംബത്തില്‍ അകാലമരണം തുടര്‍ക്കഥയാവുകയാണോ? മുണ്ടെയുടെ ഭാര്യയുടെ സഹോദരനായിരുന്നു പ്രമോദ് മഹാജന്‍. അദ്ദേഹത്തിനും അകാലമരണം സംഭവിക്കുകയായിരുന്നു’ എന്ന് പറഞ്ഞ് പ്രതികരണം തേടി. അതിന് രാജേട്ടന്‍െറ മറുപടി ഇങ്ങനെയായിരുന്നു. ‘മുണ്ടെയുടെ കുടുംബം എന്നു പറഞ്ഞുകൂടല്ളോ. മഹാജന്‍ ബ്രാഹ്മണ സമൂഹത്തില്‍ പെട്ട ആളാണ്. ഇദ്ദേഹം പിന്നാക്ക വിഭാഗത്തില്‍പെട്ട ആളാണ്.’ ബ്രാഹ്മണന്‍െറ സഹോദരിയെ വിവാഹം ചെയ്തതുകൊണ്ടുമാത്രം എങ്ങനെ പിന്നാക്കക്കാരന്‍ അയാളുടെ കുടുംബക്കാരനാവും എന്നു ചോദിച്ചയാളുടെ മകന്‍െറ സിനിമയില്‍ ഇങ്ങനെ കേള്‍ക്കുമ്പോള്‍ ബ്രാഹ്മണിക്കല്‍ അധികാരഘടനയോടുള്ള സര്‍ഗാത്മകവിധേയത്വമായി സംസ്കാരപഠിതാക്കള്‍ക്ക് അതിനെ വായിക്കാവുന്നതാണ്. പിതാവിന്‍െറ രാഷ്ട്രീയ വീക്ഷണത്തെ ചോദ്യംചെയ്യാത്ത പാരമ്പര്യത്തിന്‍െറ ലജ്ജാകരമായ തുടര്‍ച്ചയായും കാണാം. പൂണൂലിട്ടവനെ മനുഷ്യനാക്കിയ നവോത്ഥാനകേരളം ലജ്ജിച്ചു തലതാഴ്ത്തട്ടെ. ശ്യാമപ്രസാദ് കൃത്യവും കണിശവുമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര സമീപനങ്ങളോടെ സിനിമ എടുക്കുന്ന ആളല്ല. സിനിമയുടെ സൗന്ദര്യശാസ്ത്രപരമായ മാനങ്ങളിലാണ് അദ്ദേഹത്തിന്‍െറ ഊന്നല്‍. പക്ഷേ ഒരു സാംസ്കോരികോല്‍പന്നം എന്ന നിലയില്‍ സിനിമ ഒരു സമൂഹത്തില്‍ വിനിമയം ചെയ്യപ്പെടുമ്പോള്‍ അതിന്‍െറ രാഷ്ട്രീയം കൂടി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
രോഷ്നി മാത്യുവിനെപ്പോലുള്ള ക്രിസ്ത്യാനിപ്പെണ്‍കുട്ടികള്‍ അങ്ങ് അമേരിക്കയില്‍ പോയി പാശ്ചാത്യസംസ്കാരത്തിനടിപ്പെട്ടു ജീവിച്ചാല്‍ അവള്‍ അവിടത്തെപ്പോലെ എളുപ്പം വിവാഹമോചനത്തിന് വശംവദയാവും. എന്നാല്‍ രാവിലെ കുളിച്ചു തൊഴുത് ബാലമുരളീകൃഷ്ണയുടെ ശാസ്ത്രീയസംഗീതംകേട്ട് ജോലിക്കുപോവുന്ന ബ്രാഹ്മണന് അവളെ ഒരു ഭാരതീയ കുലസ്ത്രീയാക്കി മാറ്റിയെടുക്കാന്‍ എളുപ്പം കഴിയും. ഇങ്ങനെ എളുപ്പം പരിഹരിച്ചെടുക്കാവുന്ന ചില അന്യവത്കരണപ്രശ്നങ്ങളാണ് ചിത്രത്തിലുള്ളത്. ഇന്ത്യയില്‍ വേരുകളുള്ള അമേരിക്കന്‍ പൗരനാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന വരുണ്‍ ബ്ളേക്ക്. വ്യക്തിപരവും തൊഴില്‍പരവുമായ നിരവധി സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന ഒരാളായാണ് വരുണിനെ നാം കാണുന്നത്. എന്നാല്‍ ആ കഥാപാത്രത്തിന്‍െറ സ്വഭാവവ്യാഖ്യാനത്തില്‍ അവ്യക്തതകള്‍ ഏറെ. അസ്തിത്വത്തെ സംബന്ധിച്ച ചില ചോദ്യങ്ങള്‍ അയാള്‍ ഉയര്‍ത്തുന്നുണ്ടെന്നത് ശരിതന്നെ. ആറാംവയസ്സില്‍ തന്നെ ദത്തെടുത്ത വെള്ളക്കാരിയോട് അയാള്‍ കയര്‍ക്കുന്നുണ്ട്. താനൊരു വളര്‍ത്തുമൃഗമല്ല എന്നാണ് അയാള്‍ പറയുന്നത്. വംശീയസ്വത്വത്തിന്‍െറ ഈ സംഘര്‍ഷങ്ങള്‍ ഒട്ടും ന്യായീകരിക്കപ്പെടാതെ പോവുന്നു. അയാളുടെ അരക്ഷിതാവസ്ഥക്കും മുന്‍വിധികള്‍ക്കും പലപ്പോഴും കാരണങ്ങള്‍ നാം കാണുന്നില്ല. ഇന്ത്യക്കാര്‍ക്ക് തൊഴിലുകള്‍ പുറംകരാറിനു കൊടുക്കുന്നതുമൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ പ്രമേയതലത്തില്‍ ഉപരിപ്ളവമായി സ്പര്‍ശിച്ചുപോവുന്നുണ്ട്. കഥാഗതിയില്‍ പലയിടങ്ങളിലും യുക്തിഭംഗങ്ങളുടെ ഘോഷയാത്ര തന്നെ കാണാം. പ്രത്യേകിച്ചും മൂര്‍ത്തിയെ കൃഷ് കെണിയില്‍ കുടുക്കുന്നതുപോലുള്ള രംഗങ്ങളില്‍.
ചിത്രം കണ്ടിറങ്ങിയ പലരും പ്രകീര്‍ത്തിച്ചുകണ്ടത് പൃഥിരാജിന്‍െറ ഇംഗ്ളീഷ് ഉച്ചാരണത്തെയാണ്. നിവിന്‍ പോളിയും ഭാവനയും തങ്ങളുടെ ഭാഗങ്ങള്‍ വലിയ കുഴപ്പമില്ലാതെ ഒപ്പിച്ചപ്പോള്‍ പൃഥ്വിരാജിന്‍േറത് ഹോളിവുഡ് ശൈലിയിലുള്ള അഭിനയം എന്നാണ് പലരും വിശേഷിപ്പിച്ചത്. വലിയ വായില്‍ സംസാരിക്കാതെ മിതമായ ശരീരഭാഷയുപയോഗിക്കുന്ന ഹോളിവുഡ് ശൈലി അനുകരിക്കാന്‍ പൃഥ്വിരാജ് ശ്രമിച്ചിട്ടുണ്ട്. എറിക് ഡിക്കിന്‍സണിന്‍െറ കാമറയും റഫീക്ക് അഹമ്മദിന്‍െറ ഗാനങ്ങളും ഗോപിസുന്ദറിന്‍െറ പശ്ചാത്തല സംഗീതവും ചിത്രത്തിനു മിഴിവേകുന്നു. ശ്യാമപ്രസാദിന്‍െറ തന്നെ ‘ഇംഗ്ളീഷി’നു വേണ്ടി എഴുതിയതിനേക്കാളും ഭേദപ്പെട്ട തിരക്കഥയാണ് അജയന്‍ വേണുഗോപാലന്‍ ഒരുക്കിയിരിക്കുന്നത്.
പൃഥ്വിരാജിന്‍െറ പ്രതിച്ഛായയും ഇംഗ്ളീഷും
ദക്ഷിണേന്ത്യയില്‍ ഇംഗ്ളീഷ് സംസാരിക്കാന്‍ കഴിയുന്ന ഏകനടന്‍ എന്ന ഭാര്യയുടെ പരാമര്‍ശത്തിന്‍െറ പേരില്‍ ഒരുകാലത്ത് വ്യാപകമായി അപഹസിക്കപ്പെട്ട നടനായിരുന്നു രാജു. തെക്കന്‍ വിനോദവ്യവസായത്തിന്‍െറ സാമ്പത്തിക വര്‍ത്തമാനം റിപ്പോര്‍ട്ടു ചെയ്യാനൊരുങ്ങിയ ബി.ബി.സി ലേഖിക സുപ്രിയ ദക്ഷിണേന്ത്യയില്‍ ഇംഗ്ളീഷ് സംസാരിക്കാനറിയുന്ന ഏക നടന്‍ എന്ന ധാരണയിലാണത്രെ പൃഥ്വിരാജിനെ സമീപിച്ചത്. ഇംഗ്ളീഷ് ഭാഷയില്‍ സ്വയം ശബ്ദം നല്‍കി അവതരിപ്പിച്ച വേഷത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം വാങ്ങിയ മമ്മൂട്ടിയും കമല്‍ഹാസനും മറ്റു തെന്നിന്ത്യന്‍ നടന്മാരും ആംഗലേയം പേശുന്ന വീഡിയോ ക്ളിപ്പുകള്‍ കൊണ്ട് മലയാളികള്‍ ഈ ധാരണക്ക് ചുട്ടമറുപടി നല്‍കി. കരിയര്‍ തുടങ്ങി കേവലം ഒമ്പതു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്‍െറ ജനപ്രിയസംസ്കാരത്തില്‍ അപഹസിക്കപ്പെടുന്ന താരസ്വരൂപമായി പൃഥ്വിരാജ് എന്ന യുവതാരം മാറിയതിന്‍െറ സാമൂഹികശാസ്ത്രപരവും സാംസ്കാരികവുമായ കാരണങ്ങള്‍ പലതായിരുന്നു.
ആസ്ട്രേലിയന്‍ വിദ്യാഭ്യാസത്തിനിടെ മലയാളസിനിമയില്‍ അഭിനയിക്കാനത്തെിയ പൃഥിരാജിന്‍െറ മലയാളിത്തത്തില്‍നിന്നുള്ള ബോധപൂര്‍വോ അബോധപൂര്‍വമോ ആയ സാംസ്കാരിക വിച്ഛേദം, അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ നാഗരികസ്വഭാവം എന്നിവ കാരണം കേരളീയ യുവത്വത്തിന്‍െറ ബഹുമുഖമായ പ്രതിനിധാനം സാധ്യമാക്കാന്‍ ഈ താരത്തിന് കഴിയാതെ പോയി. അത് പൃഥിരാജിന്‍െറ പ്രതിച്ഛായാനിര്‍മിതിയെ തന്നെ ദോഷകരമായി ബാധിച്ചു. യുവജനത ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍, മൊബൈല്‍ തുടങ്ങിയ സാങ്കേതിക, ആശയവിനിമയ മാധ്യമങ്ങളിലൂടെയായിരുന്നു അന്നത്തെ ഈ യുവതാരവിരുദ്ധ പ്രചാരണം എന്നത് ശ്രദ്ധേയമാണ്. എല്ലാ അഭിമുഖങ്ങളിലും ഇംഗ്ളീഷ് കലര്‍ത്തി സംസാരിക്കുന്ന പതിവുണ്ടായിരുന്നു അന്ന് പൃഥ്വിരാജിന്. മലയാളിത്തത്തില്‍നിന്നും ഭാഷാപരമായി മലയാളി ആര്‍ജിച്ചെടുക്കുന്ന സാംസ്കാരികസ്വത്വത്തില്‍നിന്നും സ്വയം വിച്ഛേദിക്കുന്ന ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ നടപടിയായാണ് വിമര്‍ശകര്‍ അതിനെ കണ്ടത്. പൃഥ്വിരാജിന്‍െറ ഇംഗ്ളീഷ് പരിജ്ഞാനത്തെ കളിയാക്കാന്‍ ചില ഇ-മെയിലുകളും എസ്.എം.എസുകളും പ്രചരിച്ചു. മോഹന്‍ലാലിന്‍െറയും മമ്മൂട്ടിയുടെയും വീട്ടില്‍ ആദായനികുതി റെയ്ഡ് നടന്നപ്പോള്‍ എന്‍െറ വീടും റെയ്ഡ് ചെയ്യണം എന്ന് രാജു പ്രസ്താവിച്ചതായി എസ്.എം.എസ് പ്രചരിച്ചിരുന്നു. ആ സമയത്തു വന്ന ഇ-മെയില്‍ വാര്‍ത്ത:
‘അവസാനം പൃഥ്വിയുടെ വീട്ടിലും റെയ്ഡ്. അനധികൃതമായി സൂക്ഷിച്ച സ്പോക്കണ്‍ ഇംഗ്ളീഷിന്‍െറ 25 ഓളം പുസ്തകങ്ങളും സ്വന്തം സിനിമയുടെ ലക്ഷക്കണക്കിന് ടിക്കറ്റുകളും പിടികൂടി. ഇന്‍കം ടാക്സ് ഓഫീസിലേക്കു വന്ന അജ്ഞാതകോള്‍ പൃഥ്വിയുടെ വീട്ടിലെ ലാന്‍ഡ്ഫോണില്‍നിന്നാണെന്ന് പിന്നീട് കണ്ടത്തെി.’
ഇത്തരം നര്‍മങ്ങളില്‍ പ്രധാനമായും അപഹസിക്കപ്പെട്ടത് പൃഥ്വിരാജിന്‍െറ ഇംഗ്ളീഷ് (അല്ളെങ്കില്‍ മലയാളഭാഷയോടുള്ള സാംസ്കാരികമായ അകല്‍ച്ച), സമകാലികരായ മുതിര്‍ന്ന നടന്മാര്‍ക്കു സമശീര്‍ഷനാണ് താനെങ്കിലും അങ്ങനെ അംഗീകരിക്കപ്പെടാത്തതിലുള്ള ഇച്ഛാഭംഗം, സിനിമയെപ്പറ്റി ആധികാരികമായി സംസാരിക്കുകയും പ്രമേയപരമായോ പരിചരണപരമായോ ഗുണമില്ലാത്ത സിനിമകളില്‍ അഭിനയിക്കുകയും ചെയ്യുന്നതിലെ വൈരുധ്യം എന്നിവയൊക്കെയാണ്. ഫിലിപ്പോ ഒസെല്ല, കരോളിന്‍ ഒസെല്ല എന്നീ നരവംശശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നതുപോലെ ബൗദ്ധികത മലയാളിയുടെ ഭ്രമാത്മക വംശീയസ്വത്വത്തിന്‍െറ ഭാഗമാണ്. ബുദ്ധിജീവികളെ അംഗീകരിക്കുമെങ്കിലും ബുദ്ധിജീവി എന്ന നാട്യം അംഗീകരിച്ചുകൊടുക്കാനുള്ള അവരുടെ വിമുഖതയും ഈ അധിക്ഷേപത്തിനിടയാക്കി. ദോഷൈകദര്‍ശനം പൊതുബോധത്തിന്‍െറ ഭാഗമായ ഒരു സമൂഹത്തില്‍ ഒരു പ്രതിഭയും എളുപ്പം അംഗീകരിക്കപ്പെടില്ല. വര്‍ഷങ്ങളുടെ പരീക്ഷണഘട്ടങ്ങളിലൂടെ അവര്‍ക്ക് കടന്നുപോവേണ്ടിവരും. ദശകങ്ങളുടെ അക്ഷീണമായ പ്രയത്നത്തിലൂടെയാണ് മമ്മൂട്ടിയും മോഹന്‍ലാലും നമ്മുടെ പോപുലര്‍ കള്‍ച്ചറിലെ അപ്രമാദിത്തമുള്ള ജനപ്രിയബിംബങ്ങളായി മാറിയത്.
മോഹന്‍ലാല്‍ യുവതൃഷ്ണകളുടെ നിയന്ത്രണങ്ങളില്ലാത്ത കുതറിച്ചാട്ടത്തിലൂടെ ശരീരസുഖങ്ങളുടെ ഭ്രമാത്മകതയിലേക്ക് യുവപ്രേക്ഷകനെ കൊണ്ടുപോവുമ്പോള്‍ മമ്മൂട്ടി ആ കുതറലിനെ പിടിച്ചുകെട്ടുന്ന, സാമൂഹിക നിയന്ത്രണങ്ങളും ധാര്‍മികസദാചാര ചര്യകളും ഓര്‍മിപ്പിക്കുന്ന രക്ഷാകര്‍തൃത്വമായിരുന്നു. ഈ വിരുദ്ധദ്വന്ദ്വങ്ങളുടെ സമന്വയം അടഞ്ഞ സദാചാരവ്യവസ്ഥയുള്ള കേരളത്തിന്‍െറ ഫാന്‍റസിജീവിതത്തിന് ആവശ്യമായിരുന്നു. അത്തരത്തില്‍ യുവതൃഷ്ണകളുടെ സാഫല്യത്തിനുതകുന്ന ഉത്തമപുരുഷ മാതൃകയായി ഉയരാന്‍ പൃഥ്വിരാജിന് കഴിഞ്ഞില്ല എന്നതും യുവജനതക്ക് അദ്ദേഹത്തോടുള്ള വിപ്രതിപത്തിക്ക് നിദാനമായി. ലൈംഗികതയുടെ മടിയില്ലാത്ത തുറന്ന പ്രകടനങ്ങള്‍, നടപ്പുസദാചാരത്തില്‍നിന്നുള്ള വിച്ഛേദം തുടങ്ങി യുവസമൂഹത്തിന്‍െറ അബോധകാംക്ഷകള്‍ സാക്ഷാത്കരിക്കാനുതകുന്ന കഥാപാത്രങ്ങള്‍ കിട്ടാത്തതും പൃഥിരാജിന് പ്രീതി നഷ്ടപ്പെടുത്തി.
തങ്ങളുടെ കരിയറിന്‍െറ ആദ്യപത്തുവര്‍ഷങ്ങളില്‍ ലാലും മമ്മൂട്ടിയും ചെയ്ത വേഷങ്ങളുടെ വൈവിധ്യമോ അഭിനയത്തികവോ ആ സമയത്ത് രാജുവിന് അവകാശപ്പെടാനില്ലായിരുന്നു. എന്നിട്ടും മലയാളസിനിമയില്‍ താന്‍ അദ്ഭുതം കാട്ടിയിരിക്കും എന്നതുപോലുള്ള അവകാശവാദങ്ങള്‍ രാജുവില്‍നിന്നു പുറത്തുവന്നപ്പോഴാണ് എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നത്. മാണിക്യക്കല്ല്, ഇന്ത്യന്‍ റുപ്പീ തുടങ്ങിയ ചിത്രങ്ങളില്‍ പ്രകടമായതുപോലെ മലയാളിസ്വത്വത്തിന്‍െറ/കേരളീയ സാംസ്കാരിക അസ്തിത്വത്തിന്‍െറ പ്രതിരൂപമാവാനുള്ള രാജുവിന്‍െറ വഴക്കമില്ലായ്മയും ഈ പ്രചാരണങ്ങള്‍ക്കു കാരണമായി.
പ്രചാരണങ്ങളുടെ അലയൊതുങ്ങിയപ്പോള്‍ പൃഥിരാജ് കൂടുതല്‍ സെലക്ടീവായി. സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍, മുംബൈ പൊലീസ്, സെവന്‍ത് ഡേ, മെമ്മറീസ് തുടങ്ങിയ വൈവിധ്യമാര്‍ന്ന ചിത്രങ്ങളിലൂടെ പൃഥ്വിരാജ് നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിച്ചു. തന്‍െറ ഇംഗ്ളീഷിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയായിട്ടാവണം ‘ഇവിടെ’യിലെ ഈ മുഴുനീള ഇംഗ്ളീഷ് വേഷം അദ്ദേഹം സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story