Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightമലയാളിക്ക്...

മലയാളിക്ക് പ്രണയിക്കാന്‍ ഒരു പ്രേമം...

text_fields
bookmark_border
മലയാളിക്ക് പ്രണയിക്കാന്‍ ഒരു പ്രേമം...
cancel

പ്രണയം പ്രമേയമായി വന്ന നിരവധി സിനിമകള്‍ മലയാളികള്‍ നെഞ്ചലേറ്റിയിട്ടുണ്ട്. സിനിമകളേക്കാള്‍ അതിലെ നടനെയും നടിയെയുമാണ് പ്രേക്ഷകര്‍ പ്രണയിച്ചതെന്നു പറയുന്നതാവും കൂടുതല്‍ ശരി. ശോഭന, പാര്‍വതി, മഞ്ജുവാര്യര്‍, സംയുക്താവര്‍മ, ശാലിനി തുടങ്ങിയ നായികമാരെയും മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ നായകന്മാരെയും മലയാളികള്‍ സത്യത്തില്‍ പ്രണയിക്കുകയായിരുന്നു. മിക്ക കഥകളും നായകനും നായികയും തമ്മിലുള്ള പ്രണയ കാലവും ഇടയില്‍ കടന്നുവരുന്ന സംഘര്‍ഷങ്ങളും ശേഷമുള്ള ശുഭ/ദുരന്ത പര്യവസായിയും അടങ്ങുന്ന പതിവു പല്ലവികളോടെയാണ് പ്രേക്ഷകനു മുന്നിലെത്തിയതെങ്കിലും അവയെ മലയാളി ഇരുകൈയും നീട്ടി സ്വീകരിച്ചു.

എന്നാല്‍, ഒരു നായകന് മൂന്ന് നായികമാരോടുള്ള പ്രണയം നൊസ്റ്റാള്‍ജിയയുടെ ചരടില്‍ കോര്‍ത്തിണക്കി ഹാസ്യത്തില്‍ ചാലിച്ച് പറഞ്ഞ് ഫലിപ്പിച്ചത് കൊണ്ടാണ് അല്‍ഫോന്‍സ് പുത്രന്‍െറ 'പ്രേമം' മികച്ച കൈയ്യടി നേടി തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഇതിന് മുമ്പ് എബ്രിഡ് ഷൈന്‍െറ '1983'യും ജൂഡ് ആന്‍റണിയുടെ 'ഓം ശാന്തി ഓശാന'യും നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ ചിത്രങ്ങളായിരുന്നു. രണ്ടിലും നായകന്‍ നിവിന്‍ പോളിയും. 'നേര'ത്തിന് ശേഷം അല്‍ഫോന്‍സ് പുത്രനും നിവിന്‍ പോളിയും ഒന്നിക്കുന്ന പ്രേമത്തിലെ വിഡിയോ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറങ്ങിയ അന്നുമുതല്‍ സിനിമക്കായി കാത്തു കാത്തിരുന്നവരെ സംവിധായകന്‍ നിരാശരാക്കിയില്ല എന്നുതന്നെ പറയാം. ഹാസ്യത്തിലൂടെ കംപ്ളീറ്റ് എന്‍റര്‍ടെയിനര്‍ ഒരുക്കിയിരിക്കുന്നു അല്‍ഫോന്‍സും കൂട്ടരും.

90കളുടെ പാലം കടന്ന് ന്യൂജനറേഷന്‍ കാലത്തെത്തിയ മലയാളി ‘ഗൃഹാതുരത്വം’ എപ്പോഴും കൂടെ കൊണ്ടു നടക്കുന്നു. എല്ലാ കാലത്തും മുതിര്‍ന്നവര്‍ പുതിയ തലമുറയോട് പറയുന്നത് ''ഹാ അതൊക്കെ ഒരു കാലം... അന്നെന്ത് രസായിരുന്നു'' എന്നാണ്. ആ രസത്തില്‍ പിടിച്ചാണ് അല്‍ഫോന്‍സും 'പ്രേമം' ഒരുക്കിയിരിക്കുന്നത്. ഒരു പക്ഷേ സംവിധായകന്‍െറ നൊസ്റ്റാള്‍ജിയ കൂടിയായിരിക്കാം ഈ ചിത്രം. മൂന്ന് കാലഘട്ടമാണ് ചിത്രത്തില്‍ നിവിന്‍ പോളിയിലൂടെ അവതരിപ്പിക്കുന്നത്. 1990കളും 2000വും 2014ലും. ചിത്രം പറയുന്നത് പോലെ 90കളെ പൂവാല കാലഘട്ടമെന്നും 2000ത്തെ പ്രേമ കാലഘട്ടമെന്നും 2014 നെ പ്രേമാനന്തര കാലഘട്ടമെന്നും വിളിക്കാം. ഈ മൂന്ന് കാലഘട്ടത്തിന്‍െറയും പ്രതിനിധിയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്ന ജോര്‍ജ്. 90കളിലെ പൂവാലനായിരുന്നു ജോര്‍ജ്. പത്തില്‍ പഠിക്കുന്ന മേരിയോട് പ്രണയമാണെന്ന് പറയാന്‍ നടക്കുന്ന പൂവാലന്‍ ജോര്‍ജ്. അവന് മാര്‍ഗ നിര്‍ദേശങ്ങള്‍ കൊടുക്കുന്ന രണ്ട് കൂട്ടുകാരും ഉള്‍പെടുന്നതാണ് ആദ്യ കാലഘട്ടം.

ഒരു നാട്ടിലെ ഒരായിരം പൂവാലന്മാര്‍ക്കിടയിലെ 'സുന്ദരനായ' പൂവലനാണ് ജോര്‍ജെങ്കിലും ആ പ്രണയം മൊട്ടിടും മുമ്പെ വാടിക്കരിയുന്നു. പൂവാല കാലഘട്ടത്തിലെ പ്രണയ പരീക്ഷയില്‍ ഇങ്ങനെ തോറ്റുപോയ ഒരായിരം പൂവാലന്മാരുടെ പ്രതിനിധി ആയിരിക്കണം അയാള്‍. അന്ന് പ്രണയത്തോല്‍വിയില്‍ മനസ് നീറി പ്രീഡിഗ്രിയിലും തോറ്റ് വീട്ടില്‍ നാറിയ ഓരോ പൂവാല ജീവിതവും ജോര്‍ജായി വെള്ളിത്തിരയില്‍ കാണുമ്പോള്‍ ഒരു നിമിഷം ആരും തന്‍െറ ആദ്യ പ്രണയമോര്‍ത്ത് പോകും. പിന്നീട് 2000ല്‍ കോളജ് കാലഘട്ടത്തിലെത്തുന്ന അതേ പൂവാലന്‍ ഒരു 'ഉത്തമ' കാമുകനായി മാറുന്നു. പക്ഷേ, അവിടെയും  പ്രണയ മൊട്ട് വിടരും മുമ്പേ വാടിക്കൊഴിയുന്നു.

എന്നാല്‍, പ്രണയാനന്തര കാലഘട്ടത്തില്‍ ജോര്‍ജിന്‍െറ പ്രേമം പൊടുന്നനെ പൂമ്പാറ്റയാകുന്നു. ഇതാണ് ചിത്രത്തിന്‍െറ ഇതിവൃത്തം. അഥവാ പറഞ്ഞ്  പറഞ്ഞ് പൈങ്കിളിയെന്ന് വിശേഷിപ്പിച്ച പ്രേമമാണ് ഇതിവൃത്തം. എന്നാല്‍ പൈങ്കിളിയല്ളെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഒരുക്കിയെന്നതാണ് ചിത്രത്തിന്‍െറ വിജയം. പ്രണയം അത് പല വഴിയായ് സഞ്ചരിച്ച് ഒടുക്കം ഒരു വഴിയില്‍ എത്തിനില്‍ക്കും. അത് തന്നെയാണ് ജീവിതം. ആദ്യ പ്രണയം പരാജയപ്പെട്ട് മറ്റൊന്ന് കിട്ടുമ്പോഴും, അതും പരാജയപ്പെട്ട് മറ്റൊരു പ്രണയത്തില്‍ ജീവിക്കുമ്പോഴും ആ പ്രണയമായിരിക്കും വലുത്. അക്കാര്യം തന്നെയാണ് അല്‍ഫോന്‍സ് പറഞ്ഞത്. ഇന്നലെകളെ മറന്ന് ഇന്നില്‍ ജീവിക്കുക എന്ന ലളിത യുക്തി.

ചിത്രത്തില്‍ ഓരോ കാലഘട്ടത്തെ ചിത്രീകരിച്ച രീതി പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണ്. ഓരോ കാലഘട്ടത്തിലെയും കഥാപാത്രങ്ങളുടെ ഗെറ്റപ്പ് മികച്ച രീതിയില്‍ അവതരിപ്പിച്ചു. ഗാനങ്ങളും പശ്ചാത്തല സംഗീതവും 'പ്രേമ' താളത്തിന് മിഴിവേകി. എല്ലാത്തിലുമുപരി ഒരു കൂട്ടായ്മയുടെ വിജയം കൂടിയാണ് ചിത്രം. ഊണിലും ഉറക്കിലും സിനിമ മാത്രം സ്വപ്നം കാണുന്ന ആലുവയിലെ ചെറുപ്പക്കാരുടെ കൂട്ടായ്മ. ആ കൂട്ടായ്മയുടെ രസതന്ത്രവും ചിത്രത്തില്‍ കാണാനാകും. സിനിമ സംവിധായകന്‍െറ മാത്രമല്ളെന്ന് പ്രേമം കണ്ടു കഴിഞ്ഞാല്‍ മനസിലാവും. ഓരോ കഥാപാത്രത്തിനും നല്‍കിയ പ്രാധാന്യം പ്രശംസനീയാര്‍ഹം. സംവിധായകന്‍െറ തന്നെ എഡിറ്റിങ്ങും ചിത്രത്തെ ആസ്വാദ്യമാക്കുന്നു. അഭിനയം അത്ര വലിയ സംഭവമല്ളെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ സംവിധായകന്‍ അല്‍ഫോന്‍സും സഹ സംവിധായകനായ ജൂഡ് ആന്‍റണിയും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. ഹാസ്യ കഥാപാത്രമായ വിനയ് ഫോര്‍ട്ടും പ്രേക്ഷകരുടെ കൈയ്യടി നേടി.

നിവിന്‍ പോളി എന്ന യുവ നടന്‍െറ കരിയറിലെ വഴിത്തിരിവ് കൂടിയാകും ചിത്രം എന്നതില്‍ സംശയമില്ല. പ്രണയ ചിത്രങ്ങളാണ് സൂപ്പര്‍ സ്റ്റാറുകളെ സൃഷ്ടിച്ചത്. ഈ ചിത്രം കണ്ട് കഴിഞ്ഞവരെല്ലാം ഒരു സൂപ്പര്‍ സ്റ്റാറിന്‍െറ പകര്‍ന്നാട്ടം നിവിന്‍ പോളിയില്‍ കണ്ടാല്‍ തെറ്റു പറയാറാവില്ല. ജോര്‍ജിനെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ നിവിന് കഴിഞ്ഞിരിക്കുന്നു. ചിത്രത്തിലെ മൂന്ന് നായികമാരും അവരുടെ ഭാഗം ഭംഗിയായി ചെയ്തു. എടുത്ത് പറയേണ്ടത് സായ് പല്ലവിയെ തന്നെയാണ്. അതിനാല്‍ തന്നെ സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും 'മലരി'നെ തേടിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ മലരിനെ കുറിച്ച് മാത്രം ചര്‍ച്ചകള്‍ ഉയരുന്നത്. മലരിനെ കാണണമെങ്കില്‍ ചിത്രം കാണുക തന്നെ ശരണം. കാരണം മലരിനെവെച്ച് സംവിധായകന്‍ ഇതുവരെ പോസ്റ്ററോ, സിനിമയുടെ ട്രെയ് ലറോ പുറത്തിറക്കിയിട്ടില്ല. സംവിധായകന്‍ മാത്രമല്ല മികച്ച മാര്‍ക്കറ്റിങ് മാനേജര്‍ കൂടിയാണ് അല്‍ഫോന്‍സ് എന്നു കൂടി ചിത്രം അടിവരയിടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story