ലീല; ആണ്‍ അഹന്തകളെ താലോലിക്കുന്ന ചിത്രം
text_fieldsഅച്ഛനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട ലീലയുടെ അനുഭവങ്ങള്‍ വേട്ടയാടപ്പെടാതെ ആര്‍. ഉണ്ണിയുടെ 'ലീല' എന്ന കഥ വായിച്ചു തീര്‍ക്കാനാവില്ല. ലീലയിലൂടെ സ്ത്രീത്വത്തിന്‍റെ വേട്ടയാടലുകളും കുട്ടിയപ്പനിലൂടെ പൗരുഷത്തിന്‍റെ അഹന്തതകളും വരച്ചുകാട്ടിയ മികച്ച ചെറുകഥയായിരുന്നു അത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ചെറുകഥയെ ആസ്പദമാക്കി കഥാകൃത്ത് ഉണ്ണിയുടെ തന്നെ തിരക്കഥയില്‍ 'ലീല' വെള്ളിത്തിരയിലെത്തുന്നത്. സിനിമയുടെ ഭാഷക്കുമപ്പുറത്താണ് ലീലയുടെ സഞ്ചാരമെന്ന് കഥ വായിച്ചവര്‍ക്ക് ബോധ്യമാവും. അതു തന്നെയാണ് വെള്ളിത്തിരയിലെ ലീലയുടെ പ്രധാന പോരായ്മയും.
വന്യമായ ആഗ്രഹങ്ങള്‍ പേറുന്ന കുട്ടിയപ്പനാണ് രഞ്ജിത്തിന്‍റെ ലീലയില്‍ നിറഞ്ഞ് നിൽക്കുന്നത്. തന്‍റെ മുന്‍ നായകന്മാരുടെ പിന്‍ഗാമിയായാണ് കുട്ടിയപ്പനെയും രഞ്ജിത് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന കാര്യം പറയാതെ വയ്യ. ഫ്യൂഡല്‍ ആണത്തമാണ് കുട്ടിയപ്പന്‍റെ വന്യമായ ആഗ്രഹങ്ങളുടെ അടിസ്ഥാനം. ദേവാസുരത്തിലും ആറാം തമ്പുരാനിലും നരസിംഹത്തിലും രഞ്ജിത് ഇത്തരം കഥാപാത്രങ്ങളെ മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്. അവരില്‍നിന്ന് കുട്ടിയപ്പനുള്ള വ്യത്യാസം അയാളുടെ രാഷട്രീയ നിലപാടുകൾ മാത്രമാണ്. കാലാനുസൃതമായി കുട്ടിയപ്പന്‍റെ നിലപാടുകളെ തിരക്കഥയില്‍ മാറ്റിയെഴുതിയിരിക്കുന്നു.
കേരളാ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന കോട്ടയംകാരനാണ് അയാൾ. അതോടൊപ്പം ദൈവങ്ങളുടെ നിരയില്‍ ഡിങ്കനും കുട്ടിയപ്പന്‍ ഇടം നൽകിയിട്ടുണ്ട്. മുന്‍ നായകന്മാര്‍ സവർണ ഹൈന്ദവ പാരമ്പര്യത്തിന്‍റെ വക്താക്കളായിരുന്നെങ്കില്‍ പേരില്‍ ക്രിസ്ത്യാനിയാണെങ്കിലും കുട്ടിയപ്പന്‍ മതേതരനാണ്. വ്യത്യസ്തതകള്‍ അന്വേഷിച്ച് കാടുകയറുമ്പോഴും സ്വന്തം മുറിയില്‍ ഒറ്റക്ക് കിടന്നുറങ്ങാന്‍ വരെ അയാള്‍ക്ക് പേടിയാണ്.
ആണ്‍ അഹന്തകൾക്കേല്‍ക്കുന്ന പ്രഹരമെന്നാണ് ലീലയെ സംവിധായകനും തിരക്കഥാകൃത്തും വിശേഷിപ്പിച്ചിരുന്നത്. ആ വിശേഷണത്തെ ഒരു പരിധിവരെ മാത്രമേ ലീല സാധൂകരിക്കുന്നുള്ളൂ. സ്ക്രീനിന്‍റെ ഭൂരിഭാഗവും കുട്ടിയപ്പന്‍ എന്ന പുരുഷ വന്യത നിറഞ്ഞാടുക തന്നെയാണ്. ഫ്യൂഡല്‍ കാഴ്ചകളിലേക്കാണ് ചിത്രം പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നത്. ആറ്റിക്കുറുക്കിയ കഥയായിരുന്നു ലീല. ആ കഥയെ സിനിമയുടെ ഭാഷയിലേക്ക് മാറ്റിയപ്പോള്‍ നടത്തിയ കൂട്ടിച്ചേര്‍ക്കലുകള്‍ വിപരീതഫലമാണ് ചെയ്തത്. കഥയിൽ നിന്ന് വിഭിന്നമായി സിനിമയില്‍ കുട്ടിയപ്പന്‍റെ വന്യമായ ആഗ്രഹം പ്രേക്ഷകരെപ്പോലെ സന്തത സഹചാരിയായ പിള്ളേച്ചനുപോലും അറിയില്ല. സിനിമയുടെ രസച്ചരട് പൊട്ടിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിലും ഈ രീതി വിജയിച്ചിട്ടുണ്ടെന്ന് പറയാം. എന്നാല്‍, കഥ വായിച്ച ഒരാളെ സംബന്ധിച്ച് ക്ലൈമാക്സ് എങ്ങനെയാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത് എന്ന ആകാംക്ഷയാണ് മുന്നോട്ടുകൊണ്ടു പോവുക.
പുതിയ എഴുത്തുകാരില്‍ ശ്രദ്ധേയനാണ് ആര്‍. ഉണ്ണി. മുന്നറിയിപ്പ്, ചാര്‍ളി തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് മുമ്പും ഉണ്ണി തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട്. ഉണ്ണിയുടെ കഥകളിലും സിനിമകളിലും പുരുഷത്വത്തിന്‍റെ ആഘോഷമായിരിക്കും ഇതിവൃത്തം. ഈയിടെ പുറത്തിറങ്ങിയ ചാര്‍ളി ഒരുദാഹരണം മാത്രം. ക്രൈം ത്രില്ലര്‍ സ്വഭാവമുള്ള മുന്നറിയിപ്പും അത്തരമൊരു സിനിമയായിരുന്നു. പുരുഷന്‍റെ സ്വാതന്ത്ര്യത്തിനു മുന്നില്‍ വിലങ്ങുതടിയാകുന്നത് സ്ത്രീകളാണെന്ന് മുന്നറിയിപ്പില്‍ പറയാതെ പറയുന്നുണ്ട്. ഇതേ മാതൃകതന്നെയാണ് തിരക്കഥാകൃത്തും കുട്ടിയപ്പനില്‍ ചാര്‍ത്തുന്നത്.
ആണ്‍ അഹന്തയെ വെല്ലുവിളിക്കണമെങ്കിൽ പെണ്ണിനെ കുരുതികൊടുക്കണമെന്ന അപരിഷ്കൃത കാഴ്ചപ്പാടിലേക്കാണ് ഒടുവില്‍ സിനിമയുടെ സഞ്ചാരം. ആണ്‍ അഹന്തകള്‍ ഒരു കൊമ്പനാനയുടെ മദപ്പാടിന് മുന്നില്‍ വഴിമാറുന്നതിലുപരി പൊതുസമൂഹം ലൈംഗികതക്ക് കല്‍പിച്ചുവെച്ച പാപ, പുണ്യ ധാരകളത്തെന്നെയാണ് കുട്ടിയപ്പനും പിന്തുടരുന്നത്.
മലപ്പുറമെന്ന ദേശത്തെയും ജനതയെയും പലസിനിമകളിലും മോശമായി ചിത്രീകരിച്ചിട്ടുണ്ട്. ലീലയിലുമുണ്ട് അത്തരമൊരുശ്രമം. മലപ്പുറത്തുകാര്‍ പൊറോട്ടയും ബീഫും കഴിക്കുന്ന, അന്യന്‍റെ കാര്യത്തില്‍ അകാരണമായി തലയിടുന്ന വിഭാഗമായും പരിഹാസ കഥാപാത്രമായും ലീലയിലും പ്രത്യക്ഷപ്പെടുന്നു.
കുട്ടിയപ്പനായി മികച്ച പ്രകടനമാണ് ബിജുമേനോന്‍ കാഴ്ചവെച്ചതെങ്കിലും വെള്ളിമൂങ്ങയിലെയും ഓര്‍ഡിനറിയിലെയും കഥാപാത്രങ്ങളുടെ ഒരു പ്രേതം ബിജുമേനോനില്‍ അവശേഷിക്കുന്നതായി തോന്നും. പിള്ളേച്ചനായി വിജയരാഘവനും പിമ്പ് ദാസപാപ്പിയായി ഇന്ദ്രന്‍സും മികച്ച പ്രകടനം നടത്തുന്നു. ചെറുചലനങ്ങളില്‍ പോലും വിജയരാഘവന്‍ അത്ഭുതപ്പെടുത്തുന്നുണ്ട്. ലീലയുടെ അച്ഛനായി വേഷമിട്ട ജഗദീഷാണ് അമ്പരപ്പിച്ച മറ്റൊരു നടന്‍. ഈയടുത്ത കാലത്തൊന്നും ഇത്തരമൊരു കഥാപാത്രം ജഗദീഷ് ചെയ്തിട്ടില്ല. ഈ സിനിമ കണ്ട് പത്തനാപുരത്തെ സ്ത്രീവോട്ടര്‍മാര്‍ ജഗദീഷിന് വോട്ട് ചെയ്തില്ലെങ്കില്‍ പോലും അദ്ഭുതപ്പെടാനില്ല.
ലീലയായി വേഷമിട്ട പാര്‍വതി നമ്പ്യാരും തന്‍റെ കഥാപാത്രം മികച്ചതാക്കി. ഒരു ഡയലോഗ് പോലും പറയാതെ ലീലയുടെ എല്ലാ വിഹ്വലതകളും പാര്‍വതി ഏറ്റുവാങ്ങുന്നു. വയനാടിന്‍െറ വന്യത കാമറക്കണ്ണില്‍ ഒപ്പിയെടുക്കുന്നതില്‍ പ്രശാന്ത് രവീന്ദ്രന്‍ വിജയിച്ചു. ബിജിബാലിന്‍െറ പശ്ചാത്തല സംഗീതം സിനിമയുടെ അനുഭവങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.