Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_right...

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കേരളീയ പരിച്ഛേദം

text_fields
bookmark_border
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കേരളീയ പരിച്ഛേദം
cancel

മോണ്‍ട്രീയല്‍, തെഹ്റാന്‍, ന്യൂയോര്‍ക്, ജര്‍മനി, റഷ്യ തുടങ്ങി 15ലധികം ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രം, ഇറാനിലെ തെഹ്റാന്‍ മേളയില്‍ മികച്ച നടനുള്ള ‘ക്രിസ്റ്റല്‍ സിമോര്‍ഗ്’ പുരസ്കാരം, റഷ്യയിലെ കസാന്‍ ചലച്ചിത്രമേളയില്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം, ജയ്പുര്‍ ചലച്ചിത്രമേളയില്‍ മികച്ച ലോക സന്ദേശത്തിനുള്ള പുരസ്കാരം, മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരാജ് വെഞ്ഞാറമൂടിന് നേടിക്കൊടുത്ത ചിത്രം -തീര്‍ച്ചയായും സമകാലിക മലയാള ചലച്ചിത്രത്തിന് അഭിമാനാര്‍ഹമായ നേട്ടമാണ് ഡോ. ബിജുവിന്‍െറ ‘പേരറിയാത്തവര്‍’ നേടിത്തന്നത്. എന്നാല്‍, തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ദിനേന ഓരോ ഷോയും തിരുവനന്തപുരത്ത് രണ്ട് ഷോയും മാത്രമാണ് ഈ ചിത്രത്തിന്‍െറ പ്രദര്‍ശനവിധി.

ഭരണകൂടത്താല്‍ ഇരകളാക്കപ്പെടുന്ന വിവിധ തുറകളിലെ മനുഷ്യരുടെ കേരളീയ പരിച്ഛേദമാണ് സിനിമ അനാവരണം ചെയ്യുന്നത്. ഭൂമി തരൂ, ഭൂമി തരൂ, ഭൂമി തരൂ സര്‍ക്കാരെ എന്നുതുടങ്ങുന്ന മുദ്രാവാക്യത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. ഇതേ രംഗംതന്നെയാണ് സിനിമയുടെ അവസാനവും. എക്കാലവും  മലയാള സിനിമ മുഖംതിരിച്ച ജനകീയ സമരങ്ങളെ ഡോ. ബിജു തന്‍െറ ചലച്ചിത്രങ്ങളില്‍ പ്രതിപാദിക്കുന്നത് പ്രശംസനീയംതന്നെ. ‘പേരറിയാത്തവര്‍’ സിനിമയുടെ അവസാനം ഇത്തരം സമരങ്ങളുടെ ഫൂട്ടേജ് കാണിക്കുന്നതിലൂടെ സിനിമ കൂടുതല്‍ യാഥാര്‍ഥ്യങ്ങളിലേക്കിറങ്ങിനില്‍ക്കുകയും രാഷ്ട്രീയം വിളിച്ചു പറയുകയും ചെയ്യുന്നു.

പേരില്ലാ നഗരത്തിലെയും പേരില്ലാ കാട്ടിലെയും പേരില്ലാ മനുഷ്യരുടെ കഥയാണ് ‘പേരറിയാത്തവര്‍’. എന്നാലവര്‍ക്ക് കൃത്യമായ ഐഡന്‍റിറ്റിയുണ്ട്. നഗരത്തിനോട് അരികുപറ്റി ചേരിയില്‍ ജീവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. ചേരിയിലെ കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളിയായ ഒരാളുടെയും മകന്‍െറയും ജീവിതത്തിലൂടെ കേരളത്തിലെ ദലിത്-പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതപരിച്ഛേദത്തെ മുഴുവനായി ഫ്രെയിമിലാക്കാനുള്ള ശ്രമം സിനിമയില്‍ കാണാം. ആദിവാസി ഭൂസമരം, റോഡ് വികസനത്തിനായുള്ള കുടിയൊഴിപ്പിക്കലിനെതിരെയുള്ള ജനങ്ങളുടെ ചെറുത്തുനില്‍പ്പ്, നഗരമാലിന്യം കൊണ്ടിടുന്നതിനെതിരെ നഗരോരപ്രദേശത്തെ ജനങ്ങളുടെ സമരം തുടങ്ങി ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റംവരെ പ്രതിപാദിക്കുന്നു.

മരിച്ചുപോയ അമ്മയോടുള്ള മകന്‍െറ സംസാരത്തിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. സാധാരണഗതിയില്‍ ചലച്ചിത്രകാരന്മാര്‍ സിനിമ സംവേദനക്ഷമമല്ലാതാകുമ്പോള്‍ ഉപയോഗിക്കുന്ന സൂത്രപ്പണിയാണ് ‘നരേഷന്‍’. എന്നാല്‍, ‘പേരറിയാത്തവരി’ല്‍ നരേഷന്‍ ഒരു ഉപകരണമായി തന്നെ  ഉപയോഗിക്കുന്നു. സിനിമയുടെ അവസാനമാണത് ബോധ്യപ്പെടുക. എന്നാല്‍, ദൃശ്യങ്ങളിലൂടെതന്നെ സംവേദനക്ഷമമായ രംഗങ്ങളില്‍ കഥാപാത്രങ്ങളെക്കൊണ്ട് കമന്‍ററി ചെയ്യിപ്പിക്കുന്നത് കല്ലുകടിയായി എന്ന് പറയാതെ വയ്യ.  

കൃത്യമായി വേര്‍തിരിക്കാവുന്ന രണ്ടു ഭാഗങ്ങളുണ്ട് സിനിമക്ക്. ഒന്ന്, നഗരവും നഗരവികസനത്തിന്‍െറ ഇരകളായ മനുഷ്യരുടേതുമാണ്. വര്‍ക്ഷോപ്പും ബാന്‍ഡ്സംഘവും ആശുപത്രിവിരികള്‍ അലക്കുന്ന പെണ്ണുങ്ങളും കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികളും ചേര്‍ന്ന ദുരിതജീവിതം പേറുന്നവര്‍. രണ്ട്, ആദിവാസി ഊരാണ്. അവിടെ അവര്‍ക്ക് ഭൂമിയില്ല. നല്ല ആശുപത്രിയോ മറ്റു ഭൗതികസൗകര്യമോ ഇല്ല. അവിടെയും പുഴ മലിനീകരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ആദിവാസി ഊര് ഒരു സ്വര്‍ഗവും നഗരജീവിതം ഒരു നരഗവും എന്ന രീതിയിലേക്ക് സിനിമയെ കൊണ്ടത്തെിക്കാത്തത് യാഥാര്‍ഥ്യങ്ങളോടുള്ള ചലച്ചിത്രകാരന്‍െറ സത്യസന്ധതയാണ്. അതേസമയംതന്നെ, ആദിവാസി ഭൂസമരത്തിന്‍െറ നേതൃകര്‍തൃത്വം കമ്യൂണിസ്റ്റുകാരനു മാത്രമേ സാധിക്കൂവെന്ന ചലച്ചിത്രഭാഷ്യം സമകാലിക യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല.

അഭിനേതാക്കളുടെ പ്രകടനങ്ങള്‍ മികച്ചതാണ്. സുരാജ് അതിഭാവുകത്വമില്ലാതെ തന്‍െറ ശാരീരിക പരിമിതികള്‍ കഥാപാത്രത്തെ അണിയിച്ച് മികച്ചുനിന്നു. മാസ്റ്റര്‍ ഗോവര്‍ധന്‍, ഭൂസമരത്തില്‍ പങ്കെടുത്താല്‍ ജോലി നഷ്ടപ്പെടുമെന്ന് പേടിക്കുന്ന ചാമിയായി ഇന്ദ്രന്‍സ്, നെടുമുടി വേണു... എല്ലാവരും കഥാപാത്രങ്ങളായി ജീവിച്ചു. മികച്ച ഛായാഗ്രഹണം, സാങ്കേതികതയുടെ പരിപൂര്‍ണത എല്ലാം കൊണ്ടും ചിത്രം ഏറെ മുന്നില്‍ നില്‍ക്കുന്നു.

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perariyathavar
Next Story