കലര്‍പ്പില്ലാത്ത കരിക്കിന്‍വെള്ളം
text_fieldsമലയാള സിനിമയെ സെമി റിയലിസം പിടികൂടിയത് ഏതായാലും നന്നായി. അത് രണ്ടു തരത്തില്‍ മലയാള സിനിമക്ക് ഗുണം പകരുന്നുണ്ട്. ഒന്നാമത്, പടുകൂറ്റന്‍ സെറ്റുകളും ബ്രഹ്മാണ്ഡ രംഗങ്ങളും വെട്ടിത്തിളങ്ങുന്ന കോസ്റ്റ്യൂമും ചായത്തില്‍ മുങ്ങിയ താരങ്ങളുമാണ് സിനിമ എന്ന മുന്‍ധാരണയെ അത് തിരുത്തിക്കുറിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉള്ളുപൊള്ളയായ മസാലക്കാഴ്ചകളില്‍നിന്നും സിനിമ മണ്ണിലേക്കിറങ്ങുന്നു എന്ന ഗുണമാണ് ഒരു കലാരൂപം എന്ന നിലയില്‍ ഇത്തരം ചിത്രങ്ങള്‍ മൂലമുള്ള നേട്ടം. രണ്ടാമത്തേത് വലിയ ഒരുക്കങ്ങളൊന്നും വേണ്ടാത്തതുകൊണ്ട് ഒരു വ്യാവസായിക ഉല്‍പ്പന്നം എന്ന നിലക്ക് നിര്‍മാതാവിന് കൈപൊള്ളാതിരിക്കാന്‍ അത് സഹായിക്കും എന്നതാണ്.
സെമി റിയലിസ്റ്റിക് ആയി സിനിമയെടുക്കാന്‍ കുറച്ച് പാടുണ്ട്. കളര്‍ഫുള്‍ ആയി മസാലപ്പടം എടുക്കുന്നപോലെ അത് എടുക്കാന്‍ പറ്റില്ല. അതിന് കുറച്ച് പ്രതിഭ ആവശ്യമാണ്. അല്‍ഫോൻസ് പുത്രനും ബാഷ് മുഹമ്മദിനും ദിലീഷ് പോത്തനുമൊക്കെ ആ പ്രതിഭയുള്ളതുകൊണ്ടാണ് പ്രേമവും ലുക്കാചുപ്പിയും മഹേഷിന്റെ പ്രതികാരവും പോലുള്ള സിനിമകള്‍ എടുക്കാന്‍ കഴിഞ്ഞത്. നമുക്ക് അനുരാഗകരിക്കിന്‍ വെള്ളം പകര്‍ന്നുതന്നുകൊണ്ട് അക്കൂട്ടത്തിലേക്ക് നിഷ്പ്രയാസം നടന്നുകയറുകയാണ് ഖാലിദ് റഹ്മാന്‍. കുറഞ്ഞ ബജറ്റില്‍ നിര്‍മിക്കപ്പെടുന്ന റിയലിസ്റ്റിക് സ്പര്‍ശമുള്ള ഇത്തരം സിനിമകള്‍ വിജയം നേടുമ്പോള്‍ മസാലച്ചേരുവകള്‍ കുത്തിനിറച്ച കെട്ടുകാഴ്ചകളോട് പ്രേക്ഷകര്‍ വിടപറയും. അതോടെ സ്വപ്‌നസ്വര്‍ഗങ്ങളില്‍നിന്ന് സിനിമയെയും വിണ്ണില്‍നിന്ന് താരങ്ങളെയും മണ്ണിലിറക്കുന്ന പ്രതിഭാശാലികളായ സംവിധായകര്‍ക്ക് അവസരങ്ങള്‍ കൂടുതല്‍ കിട്ടും. അത് സിനിമയെ പ്രതിഭകളുടെ മല്‍സരവേദിയാക്കും. അവരില്‍നിന്ന് നല്ല രചനകള്‍ പിറക്കും.
പി. ഭാസ്‌കരന്‍ എഴുതി ജോബ് മാസ്റ്റര്‍ ഈണം പകര്‍ന്ന 'അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം' എന്ന പാട്ടില്‍നിന്നാണ് അനുരാഗകരിക്കിന്‍വെള്ളം എന്ന പദം കടമെടുത്തിരിക്കുന്നത്. അനുരാഗത്തെ തനി നാട്ടിന്‍പുറത്തെളിമയാര്‍ന്ന ഒരു പ്രതീകവുമായി ബന്ധിപ്പിക്കുകയായിരുന്നു ഭാസ്‌കരന്‍ മാഷ്. ആ ക്ലാസിക് പ്രണയഗാനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് പ്രണയമധുരമുള്ള കഥ പറയുകയാണ് ഖാലിദ് റഹ്മാന്‍. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ കരിക്കിന്‍വെള്ളത്തില്‍ കളറോ കൃത്രിമരുചികളോ ഇല്ല. അങ്ങനെ പേരിടലില്‍ തന്നെ തുടങ്ങുന്നു അണിയറശില്‍പ്പികളുടെ സര്‍ഗാത്മകത.
രണ്ടു മണിക്കൂറില്‍ നാലു തലമുറകളുടെയെങ്കിലും കഥ പറഞ്ഞില്ലെങ്കില്‍ സിനിമയാവില്ല എന്നൊക്കെയാണ് നമ്മുടെ സിനിമാ കഥയെഴുത്തുകാരുടെ തോന്നല്‍. എന്നാല്‍ ഒരു നുറുങ്ങ് അനുഭവത്തില്‍നിന്ന് ചെറുകഥ പോലെ സുന്ദരമായ സിനിമയെടുക്കാം എന്നാണ് മഹേഷിന്റെ പ്രതികാരവും അനുരാഗകരിക്കിന്‍വെള്ളവുമൊക്കെ കാണിച്ചുതരുന്നത്. നായകന്‍ ആര്, വില്ലന്‍ ആര് എന്നൊക്കെയുള്ള പതിവുചോദ്യങ്ങളെ ഇത്തരം സിനിമകള്‍ അപ്രസക്തമാക്കുന്നു. 'അനുരാഗ കരിക്കിന്‍ വെള്ള'ത്തില്‍ ബിജുമേനോനും ആസിഫ് അലിയും നായകന്മാരാണ്. ഇരുവരുടെയും പ്രണയാനുഭവങ്ങള്‍ രണ്ടു സമാന്തരപാതകളില്‍ ഒരുമിച്ചുനീങ്ങുന്നു. നാല്‍പതുകളുടെ മധ്യത്തില്‍നില്‍ക്കുന്ന കഥാപാത്രമായി ബിജുമേനോനും ഇരുപതുകളില്‍ സഞ്ചരിക്കുന്ന ആസിഫ് അലിയും ഇതേ പ്രായഗണത്തില്‍ പെട്ട പ്രേക്ഷക സമൂഹത്തോട് നേരിട്ട് സംവദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ന്യൂജന്‍, 'പഴംജെന്‍' (ഈ പ്രയോഗത്തിന് വാട്‌സാപ്പ് വൈറല്‍ തമാശകളോടു കടപ്പാട്) പ്രേക്ഷകര്‍ക്ക് ഒരുപോലെ ഇഷ്ടപ്പെടും ഈ ചിത്രം.
മധ്യവയസ്സിലെത്തിയ ദാമ്പത്യത്തില്‍ പ്രണയവും കാല്‍പനികതയും കരുതലും പൊതുവെ കുറയും. എ.എസ്.െഎ ആയ രഘു രാവിലെ ജോലിക്കിറങ്ങുമ്പോള്‍ ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ പോവുമ്പോള്‍ അതിനെന്താ ഞാന്‍ നോക്കുന്നില്ലേ എന്നാണ് ആശാ ശരത് അവതരിപ്പിക്കുന്ന ഭാര്യ സുമ ആശ്വാസംകൊള്ളുന്നത്. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തില്‍ ശ്രീദേവി അവതരിപ്പിച്ച ശശിയെപ്പോലുള്ള ഒരു ഭാര്യയാണ് അവള്‍. കുടുംബത്തിന് അകത്ത് ബഹുമാനം കിട്ടാത്ത, പരിഗണന കിട്ടാത്ത സ്ത്രീ. ഭര്‍ത്താവിനോട് സ്‌നേഹമുണ്ടെങ്കിലും അയാളുടെ നിര്‍വികാരമായ പെരുമാറ്റത്തില്‍ വിഷമമുണ്ട് അവള്‍ക്ക്. പിന്നീട് ഭര്‍ത്താവിന്‍റെ ചെറിയ പരിഗണനകളില്‍ പോലും സുമ അതിരറ്റ് സന്തോഷിക്കുന്നു. ഭര്‍ത്താവാണ് അവളുടെ ഹീറോ. അയാള്‍ ഭാര്യയെ സന്തോഷിപ്പിക്കാന്‍ പാട്ടുപാടുമ്പോള്‍ എത്ര അരോചകമായിരുന്നിട്ടും അവളത് ആസ്വദിക്കുന്നുണ്ട്. (നന്നായി പാടാനറിയുന്ന ബിജുമേനോന്‍ പാടാനറിയാത്ത ആളായി പാടി അഭിനയിക്കാന്‍ വല്ലാതെ പാടുപെട്ടിട്ടുണ്ടാവും!) നിശ്ശബ്ദയായ, പരാതികളില്ലാത്ത ഇത്തരം സ്ത്രീകളെയാണ് പൊതുവെ ആണ്‍കോയ്മാ വാദികള്‍ ഇഷ്ടപ്പെടുന്നത്. രഘുവും അത്തരത്തില്‍പെട്ട ഒരാളാണ്. രഘുവിന്‍റെ പഴയ കാല പ്രണയം, ഭാര്യയോടുള്ള അയാളുടെ തണുത്ത സമീപനം എന്നിവയിലൂടെയാണ് കഥാഗതി മുന്നേറുന്നത്. കേരളത്തിലെ ഇടത്തരം കുടുംബങ്ങളിലെ ഗാര്‍ഹികാ-ന്തരീക്ഷങ്ങളെ ഒട്ടും അതിഭാവുകത്വം കലരാതെ അതിന്‍റെ വിശദാംശങ്ങളോടെ തന്നെ ചിത്രീകരിച്ചിട്ടുണ്ട് ഖാലിദ് റഹ്മാന്‍. സെമി റിയലിസ്റ്റിക് ആയി സിനിമയെടുക്കുന്നവര്‍ ശ്രദ്ധവെക്കുന്ന കാര്യമാണ് ഓരോ സീനിന്‍റെയും ഡീറ്റെയിലിങ്. അതിസൂക്ഷ്മമായ ചില വശങ്ങളെയും അവരുടെ ക്യാമറ വിദഗ്ധമായി പിടിച്ചെടുക്കുന്നു.
ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിലെ ചില ആണധികാര പ്രയോഗങ്ങളെ ഈ സിനിമ രസകരമായി കുടഞ്ഞെറിയുന്നത് കാണാം. അഭിക്ക് എലിസബത്ത് ഒരു ശല്യമാണ്. പിന്നാലെ നടന്ന് അവളെ കാമുകിയാക്കിയതോടെ അവന് പ്രണയത്തില്‍ ആവേശം നഷ്ടപ്പെടുന്നു. അവളുടെ നിരന്തരമുള്ള വിളികള്‍, അവളുടെ കരുതലാണെന്നും സ്‌നേഹമാണെന്നും അവന്‍ മനസ്സിലാക്കുന്നില്ല. അഭി എത്രമാത്രം സ്വാര്‍ഥനാണ് എന്ന് ഈ കഥാപാത്രത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അഭിയുടെ ഈ ആണധികാരത്തെയാണ് അവള്‍ തികച്ചും നിര്‍വികാരമായി ആ നിര്‍ണായകസന്ദര്‍ഭത്തില്‍ ചോദ്യംചെയ്യുന്നത്. അത് അഭി ഒരു ഞെട്ടലോടെ കണ്ടുനില്‍ക്കുന്നു. അവളെ, അവളുടെ പ്രണയത്തെ, കരുതലിനെ ഒക്കെ അവഗണിക്കുന്ന അഭിക്ക് കിട്ടുന്ന ചുട്ട മറുപടിയാണ് അത്. പൊതുവെ നായകന്മാരെ ഇങ്ങനെ തിരിച്ചടിയേല്‍ക്കാന്‍ വിടില്ല നമ്മുടെ സിനിമക്കാര്‍. നായകന്മാര്‍ എല്ലാം നേടുന്നവരാണല്ലോ. അവര്‍ക്ക് ഒന്നും നഷ്ടപ്പെടാന്‍ വയ്യ എന്നതാണ് നമ്മുടെ സിനിമയിലെ കീഴ്‌വഴക്കം. ആണിനു മീതെ പെണ്ണ് ഒരു ഡയലോഗു കൊണ്ടുപോലും കേറി നില്‍ക്കാന്‍ പാടില്ലെന്നതാണ് നാട്ടുനടപ്പ്. അതിനെ രസകരമായി പൊളിച്ചെഴുതി എന്നത് തിരക്കഥാകൃത്ത് നവീന്‍ ഭാസ്‌കറിന്‍റെ മിടുക്ക്. അത് മനോഹരമായി അവതരിപ്പിച്ചുവെന്നത് ഖാലിദ് റഹ്മാന്‍റെ കരവിരുത്.
'എന്തിനായിരിക്കും അവളെന്നെ അടിച്ചത് എന്ന് അഭി രഘുവിനോട് ചോദിക്കുന്നുണ്ട്. ചില നേരങ്ങളില്‍ പെണ്ണുങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യുന്നുവെന്നതിന് ഒരു നിശ്ചയവുമില്ല എന്നാണ് അയാള്‍ നല്‍കുന്ന മറുപടി. അതാണ് ഈ ചിത്രത്തിന്‍റെ കാതല്‍. ഈ സംഭാഷണത്തിന്‍റെ വിപുലീകരണമാണ് സിനിമ. ഒടുവില്‍ എലിസബത്ത് എന്തുകൊണ്ട് അങ്ങനെ ചെയ്തുവെന്ന് അഭി തിരിച്ചറിഞ്ഞാല്‍ അത് അവന്‍റെ ആണധികാരബോധത്തിന് ഏല്‍ക്കുന്ന കനത്ത തിരിച്ചടിയായിരിക്കും. പെണ്ണിനെ അവഗണിക്കുന്ന പുരുഷന്‍, സ്‌നേഹവും പ്രണയവും പ്രകടിപ്പിക്കാനാവാത്ത പുരുഷന്‍ സ്ത്രീയുടെ മനസ്സില്‍ പുരുഷനല്ലെന്ന് അവനെ ബോധ്യപ്പെടുത്തുകയാണ് എലിസബത്ത്. ആ തിരിച്ചറിവ് രഘുവില്‍ ഉണ്ടാക്കാന്‍ അവള്‍ തനിക്കു കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ബിജുമേനോനും ആസിഫ് അലിയും തങ്ങളുടെ വേഷങ്ങളോട് നീതി പുലര്‍ത്തി. 'ഓര്‍ഡിനറി'ക്കു ശേഷം ഒരേ സ്വഭാവമുള്ള ഹാസ്യവേഷങ്ങളില്‍ തളച്ചിടപ്പെട്ട ബിജുവിന് ഇതൊരു വ്യത്യസ്ത വേഷമാണ്. നിയന്ത്രിതമായ ഭാവപ്രകടനങ്ങളില്‍ രഘുവിനെ അദ്ദേഹം അവതരിപ്പിച്ചു. കഥാപാത്രം ആവശ്യപ്പെടുന്ന വൈകാരികത മുഖത്തുകൊണ്ടുവന്ന് ആസിഫ് അലി അഭിക്ക് ജീവന്‍ പകര്‍ന്നു. കുറേക്കാലമായി ആസിഫ് അലിക്ക് ഇങ്ങനെയൊരു വേഷം കിട്ടിയിട്ട്. എന്നാല്‍ ഇരുവരെയും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് എലിസബത്തിനെ അവതരിപ്പിച്ച നവാഗതയായ രജിഷ വിജയന്‍േറത്. പ്രണയതീവ്രതയോടെ തന്‍റെ പുരുഷനെ വിടാതെ പിന്തുടരുന്ന എന്നാല്‍ സ്വന്തമായ തീരുമാനങ്ങളുള്ള പെണ്‍കുട്ടിയായി രജിഷ അതിമനോഹരമായ പ്രകടനം കാഴ്ചവെച്ചു. വിവിധ ചാനലുകളില്‍ ആങ്കറിങ് നടത്തിയ രജിഷുടെ അരങ്ങേറ്റം നന്നായി. ചിരിപ്പിക്കുക എന്നതാണ് സൗബിന്‍ ഷാഹിറിന്റെ ദൗത്യം. ടുവീലര്‍ മെക്കാനിക്കായി സൗബിന്‍ തന്‍റെ ദൗത്യം നിറവേറ്റി. ഹണിബീ പോലുള്ള പല സിനിമകളിലും ആവര്‍ത്തിച്ച കൂട്ടുകാരന്‍റെ വേഷമാണ് ശ്രീനാഥ് ഭാസിക്ക്. ഒന്നു രണ്ടുതവണ ചിരിയുണര്‍ത്താന്‍ ഭാസിക്കു കഴിഞ്ഞു.
ഹാസ്യത്തിനു വേണ്ടി ഹാസ്യരംഗങ്ങള്‍ സൃഷ്ടിച്ച് നമ്മെ കരയിപ്പിക്കുന്നില്ല തിരക്കഥാകൃത്ത്. തികച്ചും സ്വാഭാവികമായി നര്‍മം രംഗങ്ങളിലേക്കു കടന്നുവരുന്നു. പെണ്‍കുട്ടിയോട് മൊബൈല്‍ നമ്പര്‍ ചോദിക്കുമ്പോള്‍ നമ്പര്‍ 100 ആണ്, ഇടക്കിടെ വിളിക്കണേ എന്ന് അവള്‍ പറയുന്നത്, പൊലീസ് ആയ അച്ഛന്‍ പിന്തുടരുമ്പോള്‍ അച്ഛനാണ് എന്നു പറയുന്ന അഭിയോട് അച്ഛനാണെങ്കില്‍ വീട്ടിലിരുന്നാല്‍ പോരെ എന്ന് സൗബിന്‍റെ കഥാപാത്രം പറയുന്നത് എന്നിങ്ങനെ ചളിയല്ലാത്ത തമാശകള്‍ കുറച്ചുണ്ട് സിനിമയില്‍.
ജിംഷി ഖാലിദ് ഛായാഗ്രഹണവും നൗഫല്‍ അബ്ദുല്ല എഡിറ്റിങും നിര്‍വഹിച്ച ഈ സിനിമ നിര്‍മിച്ചിരിക്കുന്നത് പൃഥ്വിരാജും സന്തോഷ് ശിവനും ആര്യയും ചേര്‍ന്നാണ്. വലിയ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ചെറിയ മുതല്‍മുടക്കില്‍ നല്ല ചിത്രങ്ങള്‍ നിര്‍മിക്കുന്നത് ആശാവഹമായ കാര്യം തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.