ഒളിനോട്ടങ്ങളിലേക്കു കണ്ണയക്കുന്ന ‘ലെന്‍സ്’
text_fieldsനഗ്നത മറച്ചുവെക്കാന്‍ എപ്പോഴെങ്കിലും ഒരു പെണ്‍കുട്ടിക്കു കഴിയുമോ? ഓരോ ദൂരദര്‍ശിനിയും അവള്‍ പുടവയഴിക്കുന്നേടത്താണ്. എത്ര അകലത്തു നിന്നാലും അവളുടെ അവയവങ്ങള്‍ ക്ളോസപ്പിലാണ്. വെളിച്ചമില്ലാത്ത കല്‍ത്തുറുങ്കില്‍ കിടന്നാലും അവള്‍ എവന്‍െറയോ മനസ്സിലോടുന്ന നീലപ്പടമാണ്.
-മേതില്‍ രാധാകൃഷ്ണന്‍ (ഉടല്‍ ഒരു ചൂഴ്നില)
മുന്‍നിര താരങ്ങളില്ലാത്ത സ്വതന്ത്ര സിനിമകളെ കൈപിടിച്ചുകയറ്റാന്‍ നമ്മുടെ വിനോദവ്യവസായ രംഗത്തെ അതികായര്‍ തയാറാവുന്നു എന്നത് ഒരു ശുഭസൂചനയാണ്. ‘ഒഴിവു ദിവസത്തെ കളി’യെ ആഷിഖ് അബുവും ‘ലെന്‍സി’നെ ലാല്‍ജോസും തിയറ്ററില്‍ എത്തിച്ചിരിക്കുന്നു. മലയാളിയായ ജയപ്രകാശ് രാധാകൃഷ്ണന്‍ സംവിധാനംചെയ്ത ‘ലെന്‍സി’നെ പക്ഷേ മലയാളസിനിമ എന്നു വിശേഷിപ്പിക്കാനാവില്ല. പ്രധാനമായും ഇംഗ്ളീഷ് സംസാരിക്കുന്ന ബഹുഭാഷാ ചിത്രമാണിത്. ഹിന്ദിയും തമിഴുമൊക്കെ ഇതില്‍ കടന്നുവരുന്നു.
ത്രില്ലര്‍ഗണത്തില്‍പെടുന്ന സിനിമയാണ് ‘ലെന്‍സ്’. നാലു കഥാപാത്രങ്ങളില്‍ കേന്ദ്രീകരിച്ച ആഖ്യാനം രണ്ട് അപ്പാര്‍ട്ടുമെന്‍റുകളിലായി പൂര്‍ത്തിയാവുന്നു. അമേരിക്കയിലെ ബഹുരാഷ്ട്രകമ്പനിയില്‍ സോഫ്റ്റുവെയര്‍ എഞ്ചിനിയറായി പത്തുവര്‍ഷത്തോളം ജോലിചെയ്ത ജയപ്രകാശ് രാധാകൃഷ്ണന്‍ തന്നെയാണ് മുഖ്യകഥാപാത്രങ്ങളിലൊന്നായ അരവിന്ദിനെ അവതരിപ്പിച്ചിരിക്കുന്നത്. സിയാറ്റില്‍ ആക്ടിങ് സ്കൂളില്‍ അഭിനയം പഠിച്ച അദ്ദേഹം ‘ഉറുമി’, ‘യെന്നൈ അറിന്താല്‍’ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്്.
ഡിജിറ്റല്‍ലോകത്തെ ഒളിനോട്ടത്തിന്‍െറയും സൈബര്‍രതിയുടെയും ഇരുണ്ട ഇടങ്ങളിലേക്കാണ് ജയപ്രകാശ് ലെന്‍സ് തിരിച്ചുവെച്ചിരിക്കുന്നത്. വീഡിയോ ചാറ്റ് സേവനം നല്‍കുന്ന അപ്ളിക്കേഷനായ സ്കൈപ്പ് വഴിയുള്ള സംഭാഷണങ്ങളിലൂടെയാണ് ചിത്രത്തിന്‍െറ ആഖ്യാനം. ദൃശ്യപ്രധാനമല്ല, സംഭാഷണപ്രധാനമാണ് സിനിമ. സംഭാഷണങ്ങളിലൂടെ പതുക്കെ പതുക്കെ മാത്രം സസ്പെന്‍സ് പുറത്തുവിടുന്ന ‘എബൗട്ട് എല്ലി’യുടെയും ‘സെപറേഷന്‍െറയും സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ സമര്‍ഥമായ രചനാതന്ത്രത്തെ ഓര്‍മിപ്പിക്കുന്നുണ്ട് ലെന്‍സിന്‍െറ ആഖ്യാനഘടന. ഒരു മെയിന്‍ക്യാമറയും രണ്ടു വെബ്ക്യാമറകളും രണ്ടിടങ്ങളിലായി സജ്ജീകരിച്ച് ലൈവ് ആയാണ് വീഡിയോ ചാറ്റ് ലൈവായി ചിത്രീകരിച്ചത് എന്ന് ജയപ്രകാശ് പറയുന്നു.
അപരിചിതനായ ‘നിക്കി’യില്‍നിന്നും ഫേസ്ബുക്കില്‍ സൗഹൃദാഭ്യര്‍ഥന ലഭിക്കുമ്പോള്‍ അത് ഒരു പെണ്‍കുട്ടിയാണെന്ന ധാരണയില്‍ അരവിന്ദ് ചാറ്റ് തുടങ്ങുന്നു. സ്കൈപ്പില്‍ സല്ലാപം തുടങ്ങുമ്പോഴാണ് അത് ഒരു പുരുഷനാണ് എന്ന് അയാള്‍ മനസ്സിലാക്കുന്നത്. തന്‍െറ മരണം നിങ്ങള്‍ ലൈവായി കാണണം എന്ന വിചിത്രമായ ആവശ്യം അയാള്‍ മുന്നോട്ടുവെക്കുന്നു. അതിന് അരവിന്ദ് തയാറാവുന്നില്ല. പക്ഷേ ആ വീഡിയോചാറ്റ് അവസാനിപ്പിക്കാന്‍ കഴിയാത്ത വിധം വിദൂരതയില്‍ എവിടെയോ ഇരുന്നുകൊണ്ടുതന്നെ അയാള്‍ കെണിയൊരുക്കി കഴിഞ്ഞിരുന്നു. തുടര്‍ന്ന് അരവിന്ദ് ആ പ്രതീതിലോകത്തില്‍ ബന്ദിയാക്കപ്പെടുകയാണ്. എന്തുകൊണ്ട് അയാള്‍ അരവിന്ദിനെ തേടിവന്നു എന്നത് ഉദ്വേഗജനകമായ സംഭാഷണങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും ചുരുളഴിയുന്നു.
സൈബര്‍രതിക്കെതിരായ സോദ്ദേശ്യ സദാചാര സന്ദേശ സിനിമ എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ആ സങ്കുചിതവൃത്തത്തിനു പുറത്തേക്ക് പടരുന്ന വിധം ഇതിവൃത്തത്തെ വികസിപ്പിച്ചിട്ടുണ്ട് സംവിധായകന്‍. സ്വകാര്യതയിലേക്കുള്ള അധിനിവേശം ജീവിതങ്ങളെ എങ്ങനെ തകര്‍ത്തെറിയുന്നുവെന്ന് ജയപ്രകാശ് കാട്ടിത്തരുന്നു. ലോകത്തെ പുറത്താക്കി വാതിലടച്ച് മോണിറ്ററിനു മുന്നില്‍ വ്യാജസ്വത്വത്തില്‍ മറഞ്ഞിരിക്കുമ്പോള്‍ നിങ്ങള്‍ക്കു തോന്നുന്ന സുരക്ഷിത്വം വെറുതെയാണെന്നും ‘ലെന്‍സ്’ പറയുന്നു. അടച്ചിട്ട വാതിലുകള്‍ക്കുള്ളിലിരുന്ന് നിങ്ങള്‍ ചെയ്യുന്നത് ഇപ്പോള്‍ ലോകം മുഴുവന്‍ കാണാം. കാരണം ചെകുത്താന്‍മാര്‍ നിങ്ങളെ ചുറ്റിത്തിരിയുന്നുണ്ടെന്ന് അരവിന്ദിന്‍െറ പ്രതിയോഗി പറയുന്നുണ്ട്. നമുക്ക് എപ്പോള്‍ വേണമെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കിങിന്‍െറ ശൃംഖലയില്‍നിന്ന് സ്വയം വിച്ഛേദിച്ച് പുറത്തുകടക്കാമെന്നും നമ്മള്‍ സ്വതന്ത്രരാണെന്നുമുള്ള ധാരണ എല്ലാ സൈബര്‍ പൗരന്മാര്‍ക്കും ഉണ്ട്. എന്നാല്‍ അദൃശ്യമായ പാശങ്ങളാല്‍ നാം ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് സിനിമ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് കേവലം സ്കൈപ്പിന്‍െറ ചാറ്റ്റൂം വഴി യോഹാന് അരവിന്ദിനെ മണിക്കൂറുകളോളം ബന്ദിയാക്കാന്‍ കഴിയുന്നത്.
സ്വകാര്യതയുടെ അന്ത്യം
നാഗരിക ലോകത്തിന്‍െറ ഡിജിറ്റല്‍ ലാന്‍റ്സ്കേപ്പില്‍ നമുക്ക് നഷ്ടമാവുന്നത് സ്വകാര്യത എന്ന മൗലികാവകാശമാണ്. നാം എത്തിപ്പെടുന്ന ഇടങ്ങളില്‍ എവിടെയൊക്കെയാണ് ക്യാമറകള്‍ കണ്ണു തുറന്നിരിക്കുന്നത്, നമ്മുടെ ഏതെല്ലാം ചലനങ്ങള്‍ പകര്‍ത്തപ്പെടുന്നു, അവ എവിടെയെല്ലാം പ്രദര്‍ശിപ്പിക്കപ്പെടുന്നു എന്നീ കാര്യങ്ങളില്‍ ഒരുറപ്പുമില്ല. ഈ തുറുകണ്ണന്‍ലോകത്തിലെ ജീവിതത്തില്‍ സ്വകാര്യത ഒരവകാശമായി തിരിച്ചറിയപ്പെടുന്നുമില്ല. ഒളിഞ്ഞിരുന്ന് സ്വകാര്യതകളിലേക്ക് അധിനിവേശം നടത്തുന്ന ക്യാമറകളുടെ കാലത്തെ ദിബാകര്‍ ബാനര്‍ജിയുടെ ‘ലവ്, സെക്സ് ഒൗര്‍ ദോഖ’ (2010) സമീര്‍ താഹിറിന്‍െറ ‘ചാപ്പാ കുരിശ്’(2011) പോലെ അപൂര്‍വം ഇന്ത്യന്‍ സിനിമകള്‍ മാത്രമേ അടയാളപ്പെടുത്തിയിട്ടുള്ളൂ. വിപിന്‍ വിജയ് സംവിധാനം ചെയ്ത ‘ചിത്രസൂത്രം’ (2010) സൈബര്‍സ്പേസിലെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെ ആവിഷ്കരിക്കുന്ന ധൈഷണിക വ്യായാമമായിരുന്നു.
മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ സ്വകാര്യ ലൈംഗികതയുടെ ദൃശ്യങ്ങള്‍ വെബ്സൈറ്റുകളില്‍ നിറയാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷത്തോളമായി. 2004 നവംബറില്‍ ദല്‍ഹി പബ്ളിക് സ്കൂളിലെ പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥികളുടെ കൗമാരകേളികള്‍ പകര്‍ത്തിയ എം.എം.എസ് പ്രചരിച്ചതോടെയാണ് സെല്‍ഫോണ്‍ ക്യാമറ വില്ലനായി അവതരിക്കുന്നത്. കൗമാരക്കാര്‍ക്ക് സ്വകാര്യത നല്‍കുന്ന ഇന്‍റര്‍നെറ്റ് കഫെകളിലെ ക്യൂബിക്കിളുകള്‍ക്കിടയില്‍ പതിഞ്ഞിരുന്ന് ഒളിക്യാമറകള്‍ പകര്‍ത്തിയ ശാരീരികമായ കൊടുക്കല്‍വാങ്ങലുകളുടെ ദൃശ്യങ്ങളാണ് ആദ്യകാലത്ത് പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. വിവിധ ഇന്‍റര്‍നെറ്റ് കഫേകളില്‍നിന്നുള്ള കൗമാരക്കാരുടെ കേളികള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ബ്ളൂടൂത്ത് വഴി മൊബൈലിലേക്കു പകര്‍ത്തിക്കൊടുത്ത് പണം വാങ്ങുന്ന ഒരു മാഫിയ തന്നെ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. (‘മൊബൈലില്‍ ബ്ളൂ ട്രൂത്ത്, വനിത, 2008 ഏപ്രില്‍ 15- 30) പ്രൊഫഷനല്‍ നീലച്ചിത്രതാരങ്ങളുടെ യാന്ത്രികരതിയില്‍നിന്നും യഥാര്‍ഥരതിയുടെ ദൃശ്യപരമായ സ്വാഭാവികതയിലേക്ക് ഈ റിയാലിറ്റി പോണ്‍ കാഴ്ചക്കാരന് അനുഭവപ്പകര്‍ച്ച നല്‍കി. വ്യാജരതിമൂര്‍ച്ഛകളും കൃത്രിമമായ സീല്‍ക്കാരശബ്ദങ്ങളുമില്ലാത്ത ഒറിജിനല്‍ രതിദൃശ്യങ്ങള്‍ പകര്‍ത്തിയ വീഡിയോകള്‍ക്ക് അതോടെ പ്രിയംകൂടി. സാധാരണകാഴ്ചക്കാരനിലെ ഒളിഞ്ഞുനോട്ടക്കാരനെ പുറത്തുകൊണ്ടുവരുകയായിരുന്നു സാങ്കേതികതയും സാമൂഹിക മാധ്യമങ്ങളും. ഈ ഗുപ്തനേത്രങ്ങളുടെ ദമിതകാമനകള്‍ വ്യവസ്ഥാപിത സദാചാരത്തിന്‍െറ ഇരകളെ കാട്ടിത്തന്നു. അഭിനയരതിയിലെ ആകാംക്ഷകള്‍ കെട്ടടങ്ങുമ്പോഴാണ് യാഥാര്‍ഥരതിയുടെ ദൃശ്യങ്ങളോട് അഭിനിവേശം തോന്നുന്നത്. ഈ യാഥാര്‍ഥ്യതൃഷ്ണ (desire for the real) തന്നെയാണ് ഒളിക്കാഴ്ചകള്‍ക്കായി നിരന്തരം പ്രേരിപ്പിക്കുന്നത്.
വ്യക്തിയുടെ സ്വകാര്യത എന്ന മൗലികാവകാശത്തിന്‍െറ കുറ്റകരമായ ലംഘനമാണ് ഈ റിയാലിറ്റി പോണ്‍ വീഡിയോകള്‍ ചെയ്തത്. അര്‍ധനീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്ന രേഷ്മ എന്ന നടി കളമശ്ശേരിയില്‍ അറസ്റ്റിലായപ്പോള്‍ അവരെ ചോദ്യംചെയ്ത എസ്.ഐ ജോര്‍ജ് ജോസഫ് ആ ദൃശ്യങ്ങള്‍ തന്‍െറ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യൂട്യൂബില്‍ അപ്ലോഡു ചെയ്തു. വ്യാപകമായ രോഷമുയര്‍ന്നതിനെ തുടര്‍ന്ന് ഈ പൊലീസ് ഉദ്യോഗസ്ഥന്‍ പിന്നീട് സസ്പെന്‍റു ചെയ്യപ്പെട്ടു. അര്‍ധനീലരംഗങ്ങളില്‍ അഭിനയിക്കാന്‍ സന്നദ്ധയായ നടിയാണെങ്കിലും രേഷ്മ എന്ന വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള അധിനിവേശമായിരുന്നു അത്. വ്യാജപാസ്പോര്‍ട്ട് കേസില്‍ അധോലോകനായകന്‍ അബു സലീമിനൊപ്പം അകത്തായ ബോളിവുഡ് നടി മോണിക്ക ബേദി കുളിക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ ഭോപാല്‍ ജയിലിലെ കുളിമുറിക്കകത്ത് സ്ഥാപിച്ച ഒളിക്യാമറയില്‍ പകര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അതിന്‍െറ നിശ്ചലചിത്രങ്ങള്‍ ഒരു ടി.വി ചാനലിനു കൈമാറിയത് വിവാദമായിരുന്നു. ഇതത്തേുടര്‍ന്ന് ഇത്തരം ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് സുപ്രീംകോടതി ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി. (ഹിന്ദുസ്ഥാന്‍ ടൈംസ്, ആഗസ്റ്റ് 24, 2007) ഓണ്‍സ്ക്രീനില്‍ സ്വയം സന്നദ്ധരായി ശരീരപ്രദര്‍ശനം നടത്തുന്ന രേഷ്മയും മോണിക്ക ബേദിയും ഓഫ് സ്ക്രീനില്‍ സ്വകാര്യത അര്‍ഹിക്കുന്നില്ല എന്ന മുന്‍വിധിയായിരുന്നു ഈ അവകാശലംഘനങ്ങളുടെ മുഖ്യപ്രചോദനം.
ഇന്ത്യന്‍ റിയാലിറ്റി പോണ്‍വീഡിയോകള്‍ക്ക് പ്രാമുഖ്യമുള്ള അതേ പോണ്‍സൈറ്റ് ആണ് ‘ലെന്‍സി’ല്‍ പേരുപോലും മാറ്റാതെ മുഖ്യകഥാപാത്രത്തിന്‍െറ ദര്‍ശനരതിമേഖലയായി അവതരിപ്പിച്ചിരിക്കുന്നത്. റിയാലിറ്റി പോണിന്‍െറ അടിമയായ അരവിന്ദ് ആണ് ‘ലെന്‍സി’ലെ മുഖ്യകഥാപാത്രം. (അതിലൊരു വീഡിയോ അയാള്‍ 108 തവണ കണ്ടിട്ടുണ്ട്.)‘ലെന്‍സി’നെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം സ്ത്രീയുടെ ശരീരത്തിനു മേല്‍ സമൂഹം സൃഷ്ടിക്കുന്ന പവിത്രതയെ ആദര്‍ശവത്കരിക്കുന്നുവെന്നാണ്. നിലവിലുള്ള കുടുംബസദാചാര വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുന്ന സന്ദേശം പകരുകയും ഓണ്‍ലൈന്‍ രതിയുടെ ഉപഭോക്താക്കള്‍ കപടസദാചാരവ്യവസ്ഥയുടെ ഇരകളാണെന്ന യാഥാര്‍ഥ്യത്തോട് മുഖംതിരിക്കുകയും ചെയ്യുന്നുവെന്നും വിലയിരുത്തലുകളുമുണ്ടായി. സമൂഹം ഈ സിനിമയില്‍നിന്ന് എന്ത് ഉള്‍ക്കൊള്ളുന്നുവെന്നത് ഓരോ വ്യക്തിയുടെയും ആത്മനിഷ്ഠമായ ആസ്വാദനത്തെ ആശ്രയിച്ചിരിക്കുന്നു. സ്വകാര്യതയിലേക്കുള്ള അധിനിവേശം എന്ന മനുഷ്യാവകാശലംഘനത്തെ പ്രശ്നവത്കരിക്കുന്ന ചിത്രമായും ‘ലെന്‍സി’നെ കാണാം.
ശരീരത്തിനുമേലുള്ള വിലക്കുകളെ എതിര്‍ക്കാന്‍ സ്വമേധയാ ഉടല്‍ പരസ്യപ്പെടുത്താനുള്ള സ്ത്രീയുടെ അവകാശം പോലെതന്നെ പ്രധാനമാണ് അതിന്‍െറ സ്വകാര്യത പരിരക്ഷിക്കാനുള്ള അവകാശവും. അത് രേഷ്മയായാലും മോണിക്ക ബേദിയായാലും മറുവശത്ത് നില്‍ക്കുന്ന ‘ലെന്‍സി’ലെ ഏയ്ഞ്ചല്‍ ആയാലും. തന്‍െറ സ്വകാര്യനിമിഷങ്ങള്‍ കുഞ്ഞ് ഒരിക്കല്‍ കാണുമെന്ന ഏഞ്ചലിന്‍െറ ഭീതിയാണ് അവളെയും കുഞ്ഞിനെയും ഇല്ലാതാക്കിയത് എന്ന് യോഹാന്‍ തിരിച്ചറിയുന്നുണ്ട്. ആ ദുരന്തമാണ് അവളുടെ ഉടല്‍ പരസ്യമാക്കപ്പെട്ടതിനേക്കാള്‍ അയാളെ പ്രതികാരദാഹിയാക്കുന്നത്. മരിച്ച ദേഹത്തെ നീ ശവഭോഗംചെയ്യുകയായിരുന്നുവെന്ന് അരവിന്ദിനോട് യോഹാന്‍ പറയുന്നുണ്ട്. ഏയ്ഞ്ചല്‍ എന്ന പെണ്‍കുട്ടിയുടെ ശരീരത്തിനു മുകളിലുള്ള ആണധികാരത്തിന്‍െറ പ്രകടനമല്ല യോഹാന്‍േറത് എന്ന് വ്യക്തമാക്കുന്ന വേറെയും സൂചനകള്‍ പടത്തിലുണ്ട്.
യോഹാന്‍ മങ്കിക്യാപ് അണിയുന്നതും മുടി വടിക്കുന്നതും സ്വന്തം രൂപത്തെ ഡിഗ്ളാമറൈസ് ചെയ്യന്നതും തന്‍െറ സ്വകാര്യനിമിഷങ്ങളിലൂടെ വെളിവാക്കപ്പെട്ട യഥാര്‍ഥരൂപത്തെ സമൂഹത്തില്‍നിന്നു മറച്ചുവെക്കാനാണ്. അപ്പോള്‍ ആണുടലിന്‍െറ രൂപസൗകുമാര്യങ്ങളില്‍നിന്ന് അയാള്‍ തേടുന്ന വേഷപ്പകര്‍ച്ച, തന്നെ ചെകുത്താനുമായി താരതമ്യപ്പെടുത്തിയുള്ള അയാളുടെ സംഭാഷണങ്ങള്‍ എല്ലാം തന്‍െറ പ്രതിച്ഛായാനഷ്ടങ്ങളോടുള്ള അയാളുടെ പ്രതികരണങ്ങളാണ് എന്നു കാണാം. ആ പ്രതിച്ഛായാനഷ്ടം കൂടിയാണ് അയാളെ പ്രതികാരത്തിലേക്കും ആത്മനശീകരണത്തിലേക്കും നയിക്കുന്നത്. ‘നീയിത് ചെയ്തില്ലായിരുന്നെങ്കില്‍ ഞാനിപ്പോള്‍ ഒരു പിതാവായേനെ’ എന്ന് അയാള്‍ പറയുന്നുണ്ട്. അങ്ങനെ നീയെന്നിലെ പിതാവിനെയും കൊന്നു എന്ന് യോഹാന്‍ പറയുന്നു. അതായത് ഒരു പിതാവ് പിറവിയിലേ കൊലചെയ്യപ്പടുന്നത് സ്വകാര്യതാലംഘനത്തിലൂടെയാണ്. അതാണ് ആ പിതാവിനെ പിശാച് ആക്കുന്നത്.
സ്വമേധയാ ഒരു കാമ വസ്തുവായി മാറാനുള്ള സന്നദ്ധതയോടെ ഉടലിനെ തുറന്നുകാണിക്കുന്ന പോണ്‍താരത്തിന് അത് ശരീരത്തിന്‍െറ സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാണ്. പക്ഷേ തന്‍െറ അനുവാദമില്ലാതെ നയനഭോഗംചെയ്യപ്പടുന്ന സ്ത്രീക്ക് അത് അവളുടെ ശരീരത്തിന്‍െറ സ്വയം നിര്‍ണയാവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ്. അതാണ് ഏയ്ഞ്ചലിന്‍െറ പ്രശ്നം. അവള്‍ പുറത്തുപോവുമ്പോള്‍ കൗമാരക്കാരാല്‍ തിരിച്ചറിയപ്പെടുന്നതിനാല്‍ ഉടല്‍ അവള്‍ക്ക് അസ്വാതന്ത്ര്യത്തിന്‍െറ കൂടാവുന്നു. അവളെ പുറത്തേക്കിറങ്ങാന്‍ അനുവദിക്കാത്ത കൂടും കെണിയുമാവുന്നു ഉടല്‍. ഉടലിന്‍െറ തടവില്‍നിന്ന് സ്വാതന്ത്ര്യം നേടാന്‍ അവള്‍ ക്യാമറക്കു മുന്നില്‍ തന്‍െറ മനസ്സ് എഴുതിക്കാട്ടുന്നു. തന്‍െറ സ്വകാര്യതാനഷ്ടത്തിന് ഇടയാക്കിയ വ്യക്തിയെ അവള്‍ നേരിടുന്നത് തന്‍െറ മരണത്തെ അങ്ങനെ ചലനദൃശ്യങ്ങളായി രേഖപ്പെടുത്തിയാണ്. അത് വാസ്തവത്തില്‍ തന്‍െറ സ്വകാര്യതയെ പരസ്യപ്പെടുത്തിയവനോടുള്ള പ്രതികാരം തന്നെയാണ്. കാരണം ആ ദൃശ്യങ്ങളാണ് പിന്നീട് യോഹാന് പ്രതികാരത്തിനു തുണയാവുന്നത്; പ്രതിയോഗിയെ തുറന്നുകാട്ടാനുള്ള ഉപാധിയാവുന്നത്. ആ അര്‍ഥത്തില്‍ ഇതിലെ പ്രതികാരം ഏയ്ഞ്ചലിന്‍േറതു കൂടിയാണ്. യോഹാന്‍േറതു മാത്രമല്ല.
പ്രതിനായകനായ യോഹാനെ അവതരിപ്പിച്ച ആനന്ദ് സ്വാമി വിസ്മയകരമായ ഭാവപ്രകടനങ്ങളാല്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു പുതിയ നടന്‍െറ വരവറിയിച്ചു. ജയപ്രകാശ് തന്‍െറ വേഷത്തോട് നീതിപുലര്‍ത്തി. പറങ്കിമല, സാരഥി, ഉല്‍സാഹക്കമ്മിറ്റി, ഭയ്യാ ഭയ്യാ എന്നീ ചിത്രങ്ങളില്‍ വേഷമിട്ട വിനുത ലാല്‍ ആണ് ഏഞ്ചലിനെ അവതരിപ്പിച്ചിരിക്കുന്നത്. സുബ്രഹ്മണ്യപുരത്തിന്‍െറ ഛായാഗ്രഹണം നിര്‍വഹിച്ച എസ്.ആര്‍ കതിര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.