Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightരണ്ടാമത്തെ ഊഴം

രണ്ടാമത്തെ ഊഴം

text_fields
bookmark_border
രണ്ടാമത്തെ ഊഴം
cancel

1988ല്‍ ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പേരാണ് ‘ഊഴം’. ബാലചന്ദ്രന്‍ ചുള്ളിക്കാടും ജോണ്‍പോളും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. കാണാനഴകുള്ള മാണിക്യക്കുയിലേ കാടാറുമാസം കഴിഞ്ഞില്ലേ എന്ന വേണുഗോപാലിന്‍െറ പാട്ടുള്ള, ദേവനും പാര്‍വതിയുമൊക്കെ അഭിനയിച്ച പടം മലയാളികള്‍ മറക്കാറായിട്ടില്ല. അതിനു മുമ്പേ വന്നു ദാ അതേ പേരിലൊരു പടം. ഒരു സിനിമ തുടങ്ങുമ്പോള്‍ അതിന് പുതിയ ഒരു പേരു കണ്ടെത്താന്‍ പോലും ജിത്തു ജോസഫിനു കഴിഞ്ഞില്ല എന്നത് തന്നെ ഭാവനാദാരിദ്ര്യത്തിന്‍റെ ആദ്യ ഉദാഹരണമാവുന്നു. ഇനി സിനിമ തുടങ്ങിയാലോ? അതിലുമില്ല പുതുമ.

സംവിധായകന്‍ സിനിമയില്‍ വന്ന കാലത്ത് മനസ്സിലുണ്ടായിരുന്ന കഥയാണ് ഇപ്പോള്‍ സിനിമയാക്കിയിരിക്കുന്നത്. ജീത്തു ജോസഫിന്‍റെ ആദ്യ സിനിമ ‘ഡിറ്റക്ടീവ്’പ്രദര്‍ശനത്തിന് എത്തുന്നത് 2007ലാണ്. അപ്പോള്‍ പൃഥ്വിരാജ് ‘കാക്കി’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ആ കാലത്താണ് ഊഴത്തിന്‍റെ കഥപറയുന്നതെന്ന് പൃഥ്വി പറഞ്ഞിട്ടുണ്ട്. പറഞ്ഞുവന്നത് ഒരു പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട് സിനിമക്ക് എന്നാണ്. വെബ്കാമും ഇ-മെയില്‍ ഹാക്കിങ്ങുമൊക്കെയായി അന്നിത് ഇതേ പോലെ ഇറങ്ങിയിരുന്നെങ്കില്‍ അങ്ങനെയൊരു പുതുമയെങ്കിലുമുണ്ടായിരുന്നേനെ. എന്നും ചെലവാകുന്ന ട്രെന്‍ഡാണ് പ്രതികാരം അതുകൊണ്ട് കഥയുടെ കാലപ്പഴക്കം ചിത്രത്തിനെ മോശമായി ബാധിക്കില്ല എന്ന ശുഭാപ്തിവിശ്വാസത്തിലായിരുന്നു ജീത്തു ജോസഫ്. പക്ഷേ മൂന്നാംദിവസം തിയറ്ററിലെ തണുത്ത പ്രതികരണം കാണുമ്പോള്‍ ആ വിശ്വാസം അസ്ഥാനത്തായി എന്നു തന്നെ പറയേണ്ടിവരും.

ലൈഫ് ഓഫ് ജോസൂട്ടിക്കുശേഷം ജീത്തു ജോസഫ് സമ്മാനിച്ച രണ്ടാമത്തെ നിരാശയായി ഊഴം. ഡിറ്റക്ടീവ്, മമ്മി ആന്‍റ് മി, മെമ്മറീസ്, മൈ ബോസ്, ദൃശ്യം എന്നിവ കണ്ടിരിക്കാന്‍ കൊള്ളാവുന്ന സിനിമകളായിരുന്നു. പഴയ കഥകള്‍ പൊടിതട്ടിയെടുക്കുമ്പോള്‍ അത് ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ നിലനില്‍പ്പിനെ ഭദ്രമാക്കുമോ എന്ന് അടിയന്തിര ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു അദ്ദേഹം.

ഊഴത്തെപ്പറ്റി വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തേണ്ടതില്ല എന്ന് ജീത്തു ജോസഫ് മുന്നറിയിപ്പു തന്നിരുന്നല്ലോ. മറ്റൊരു ദൃശ്യമോ മെമ്മറീസോ പ്രതീക്ഷിച്ച് പോകേണ്ടതില്ല എന്ന അര്‍ഥത്തില്‍ അദ്ദേഹം സംസാരിച്ചിരുന്നു. ഊഴം സസ്പെന്‍സ് ത്രില്ലറല്ല. അതു പ്രതീക്ഷിച്ചുവന്നാല്‍ നിങ്ങള്‍ നിരാശരാവുമെന്നാണ് സംവിധായകന്‍ പറഞ്ഞത്. ശരി സസ്പെന്‍സ് വേണ്ട എന്നു തന്നെ വെക്കാം. കൊലയാളികളെ ആദ്യത്തെ അരമണിക്കൂറിനുള്ളില്‍ തന്നെ നാം അറിയുന്നു. പിന്നെയുമുണ്ടല്ലോ രണ്ടു മണിക്കൂര്‍. ഊഴം വെച്ച് ഓരോരുത്തരെയും കൊന്നൊടുക്കുന്ന ഉദ്വേഗഭരിതമായ ഒരു നിമിഷം പോലുമില്ലാത്ത രണ്ടു മണിക്കൂറാണ് പിന്നീട് തള്ളിനീക്കേണ്ടിവരുന്നത്. ലക്ഷ്യകേന്ദ്രത്തെ മാത്രം തകര്‍ക്കുന്ന നിയന്ത്രിത സ്ഫോടനങ്ങളാണ് നായകന്‍ നടത്തുന്നത്. അതു മാത്രമാണ് ഈ ചിത്രത്തില്‍ ഉള്ള ഒരു പുതുമ. ഊഴം വെച്ചുള്ള പകരം വീട്ടലുകളില്‍ പക്ഷേ മുഷിയാതെ ഇരിക്കാനുള്ള ഉദ്വേഗമൊന്നുമില്ല.

പൃഥ്വിരാജിന്‍റെ സ്ക്രീന്‍ പ്രസന്‍സ് ഇഷ്ടപ്പെടുന്നവര്‍ക്ക് ചിത്രം കണ്ടിരിക്കാം. പശുപതിയുടെ പ്രകടനവും കൊള്ളാം. ക്ലൈമാക്സ് എങ്ങനെ സംഭവിക്കുന്നുവെന്ന് വിശദീകരിക്കാത്തത് തിരക്കഥാകൃത്തിന്‍റെ എളുപ്പപ്പണിയായി പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം. നേര്‍രേഖയിലൂടെയല്ലാത്ത ഒരു കഥപറച്ചില്‍ രീതി സ്വീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ചിത്രത്തിലുടനീളം നീണ്ടുനില്‍ക്കുന്ന, നായകനെ വില്ലന്മാര്‍ പിന്തുടരുന്ന ഒറ്റരംഗത്തിന്‍റെ ആ ദൃശ്യത്തുടര്‍ച്ചയില്‍ രസകരമായ ഒന്നുമില്ല എന്നതാണ് വാസ്തവം. ഒരു ഘട്ടത്തില്‍ നായകന്‍ പിടിക്കപ്പെടുന്നു എന്ന സൂചന നല്‍കാനേ അതിനു കഴിയുന്നുള്ളൂ. നോണ്‍ ലീനിയര്‍ നരേഷന്‍ നമ്മുടെ ന്യൂജനറേഷന്‍ സിനിമ കുറേ പരീക്ഷിച്ചതാണ്. പക്ഷേ അത് കഥാഗതിയെ രസകരമായി മുന്നോട്ടുകൊണ്ടുപോവാനുള്ള ഒരു സങ്കേതമായിരുന്നു. ഇവിടെ നായകനെ വില്ലന്‍മാര്‍ ഓടിച്ചിട്ടു പിടിക്കുന്ന രംഗം മാത്രം ചിത്രത്തിലുടനീളം കാണിക്കുകയും ബാക്കിയെല്ലാം രേഖീയമായി തന്നെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിന്‍റെ ആവര്‍ത്തനം വിരസവുമാണ്. വലിയ ഒരളവോളം വിഷ്വല്‍ ഇഫക്റ്റുകള്‍ ആവശ്യമായി വന്ന സിനിമയാണ് ഇത്.

ഓരോ നിയന്ത്രിതസ്ഫോടനങ്ങള്‍ അവതരിപ്പിക്കുമ്പോഴും നാം കാണുന്ന വി.എഫ്.എക്സ് തമിഴ്, തെലുങ്ക് സിനിമകളെ അപേക്ഷിച്ച് താരതമ്യേന ദുര്‍ബലമാണ് എന്നു തന്നെ പറയേണ്ടിവരും. ദുര്‍ബലമായ തിരക്കഥ കാരണം പൊട്ടിക്കുന്ന ബോംബുകളെല്ലാം നനഞ്ഞ പടക്കങ്ങളായേ കാണികള്‍ക്കു തോന്നുന്നുള്ളൂ.

കോയമ്പത്തുരാണ് കഥ നടക്കുന്നത്. തമിഴും മലയാളവും ഇംഗ്ളീഷും കലര്‍ന്ന ഭാഷയാണ് കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്. പക്ഷേ തമിഴും മലയാളവും കലര്‍ന്ന കൃഷ്ണമൂര്‍ത്തിയുടെ കുടുംബത്തിന്‍റെ സംസാരം അത്ര സ്വാഭാവികമായി തോന്നിയില്ല. മലയാളത്തില്‍നിന്ന് തമിഴിലേക്കും തമിഴില്‍നിന്ന് മലയാളത്തിലേക്കുമുള്ള സംസാരമാറ്റങ്ങള്‍ ഒഴുക്കോടെയല്ല സംഭവിക്കുന്നത്.  പഴയ കെട്ടിടങ്ങള്‍ നിയന്ത്രിതസ്ഫോടനത്തിലൂടെ നശിപ്പിക്കുന്ന വിദഗ്ധനായി അമേരിക്കയില്‍ ജോലി ചെയ്യുന്ന സൂര്യ കൃഷ്ണമൂര്‍ത്തിയായാണ് പൃഥ്വിരാജ് രംഗത്ത് എത്തുന്നത്.  അയാളുടെയും പെങ്ങളുടെയും വിവാഹാലോചനകള്‍ നടക്കുന്നു. ബാലചന്ദ്ര മേനോന്‍ അവതരിപ്പിക്കുന്ന കൃഷ്ണമൂര്‍ത്തി എന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മക്കളാണ് അവര്‍. പെങ്ങളുടെ കല്യാണം ആ വീട്ടില്‍ വലിയ എന്തോ പ്രശ്നമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഈ കാലത്തും പെണ്‍കുട്ടികള്‍  ഇത്ര വലിയ ഭാരമാണോ മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക്? അച്ഛന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സഹോദരന്‍ യു.എസില്‍ ജോലി. എന്നിട്ടും അവിടെ പെണ്‍കുട്ടിയുടെ വിവാഹം കുടുംബത്തിന് ബാധ്യതയാവുന്ന എന്തോ വലിയ സംഭവമാകുന്നു.

കൃഷ്ണമൂര്‍ത്തി ഒരു വലിയ മരുന്നുനിര്‍മാണക്കമ്പനിക്കെതിരെ ഒറ്റയാള്‍യുദ്ധം നയിക്കുന്നതും കമ്പനി അയാളുടെ കുടുംബത്തെ ഒന്നടങ്കം നശിപ്പിക്കുന്നതുമാണ് ചിത്രത്തിന്‍റെ തുടക്കം. തമിഴില്‍ കെ.വി ആനന്ദ് സംവിധാനം ചെയ്ത ‘മാട്രാന്‍’ എന്ന സിനിമയാണ് പെട്ടെന്ന് ഓര്‍മയിലേക്കു വന്നത്. ഇവിടെ മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച് രോഗം വിതച്ച് അതിനുള്ള മരുന്നുകള്‍ നല്‍കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നടത്തുന്ന വില്‍ഫ്രഡ് മാര്‍ക്കസ് ആണ് വില്ലന്‍. മാട്രാനില്‍ അത് കുട്ടികള്‍ക്കുള്ള എനര്‍ജി ഡ്രിങ്ക് ഉണ്ടാക്കുന്ന കമ്പനിത്തലവന്‍ ആണ് എന്നു മാത്രം. സ്വന്തം പിതാവിന്‍റ കമ്പനിയാണ് അതിനു പിന്നിലെന്നു തിരിച്ചറിഞ്ഞ് നായകന്‍ നടത്തുന്ന പോരാട്ടങ്ങളാണ് മാട്രാനില്‍ നാം കാണുന്നത്. കോയമ്പത്തൂരില്‍ രോഗം വിതക്കാനുള്ള മരുന്നുകമ്പനിയുടെ ഗൂഢാലോചന കൃഷ്ണമൂര്‍ത്തി എങ്ങനെ തിരിച്ചറിയുന്നു എന്നതിന് വിശദാംശങ്ങളില്ല. അദ്ദേഹം കടയില്‍ പോയി കുറേ മാസികകള്‍ വാങ്ങുന്നത് കാണിക്കുന്നുണ്ട്. അയാള്‍ വെട്ടിവെച്ച മാഗസിനുകള്‍ പിന്നീട് മകന്‍ പരിശോധിക്കുന്നുമുണ്ട്. പത്രങ്ങളില്‍ വന്ന ഈ വാര്‍ത്തകള്‍ എങ്ങനെയാണ് തെളിവാകുന്നത്? കൃഷ്ണമൂര്‍ത്തിയുടെ ക്ളിപ്പിങ്സും കട്ടിംഗ്സുമൊക്കെ എവിടെ സൂക്ഷിക്കുമെന്ന് മൂര്‍ത്തി ചോദിക്കുമ്പോള്‍ 25 എം.ബി വരെയാണെങ്കില്‍ ജി.മെയിലിന്‍െറ ഡ്രാഫ്റ്റില്‍ സൂക്ഷിക്കാം എന്നാണ് അജ്മലിന്‍െറ മറുപടി. ഇന്‍റര്‍നെറ്റില്‍ തന്നെ ലഭ്യമായ വാര്‍ത്തകളാണ് ഓണ്‍ലൈനായി സൂക്ഷിക്കുന്നത്. അതെന്തിനാണാവോ?

തന്‍െറ കുടുംബത്തെ നശിപ്പിച്ചവര്‍ക്കെതിരെ പകരം വീട്ടാന്‍ സൂര്യ ഇറങ്ങിത്തിരിക്കുകയാണ്. കൃഷ്ണമൂര്‍ത്തിയുടെ ദത്തുപുത്രന്‍ അജ്മല്‍, മരുന്നുകമ്പനിക്ക് എതിരെ കേസന്വേഷിച്ച പൊലീസ് ഓഫീസറുടെ സഹോദരി ഗായത്രി എന്നിവരുമുണ്ട് സൂര്യക്ക് കൂട്ടിന്. രണ്ടു ലക്ഷം രൂപ ശമ്പളം കിട്ടുന്ന മൈക്രോസോഫ്റ്റിലെ ജോലി കളഞ്ഞു വന്നിരിക്കുകയാണ് ഹാക്കര്‍ ആയ അജ്മല്‍. വില്ലന്മാരുടെ ഇ-മെയില്‍ ഹാക്കു ചെയ്യുന്നതിനപ്പുറമുള്ള സാങ്കേതിക വൈദഗ്ധ്യമൊന്നും അവന്‍ കാട്ടുന്നില്ല. കൃഷ്ണമൂര്‍ത്തിയെ മാത്രം നാമാവശേഷനാക്കിയാല്‍ തീരുമായിരുന്ന കമ്പനിയുടെ ശത്രുത എന്തിന് ആ കുടുംബത്തെ മുഴുവന്‍ നശിപ്പിച്ചുവെന്നതിനും വിശദീകരണങ്ങളില്ല. അങ്ങനെ പിഴവുകളും പഴുതുകളും ഏറെയാണ് തിരക്കഥയില്‍. ഏറ്റവും വലിയ പഴുതു കിടക്കുന്നത് കൈ്ളമാക്സ് സീനിലാണ്. സ്പോയിലര്‍ ആവുമെന്നതിനാല്‍ ഇവിടെ പറയുന്നില്ല. പഴുതടച്ച തിരക്കഥയല്ലെങ്കില്‍ ഏതൊരു റിവന്‍ജ് ഡ്രാമക്കും ആസ്വാദനക്ഷമത കുറയും. അതുതന്നെയാണ് ഇവിടെ സംഭവിച്ചിരിക്കുന്നതും. വില്ലന്‍മാര്‍ ബുദ്ധിശൂന്യരാവുന്നതുകൊണ്ടാണല്ലോ പൊതുവെ ഇത്തരം സിനിമകളില്‍ നായകന്മാര്‍ ജയിക്കുന്നത്. പക്ഷേ ഇവിടെ വില്ലന്‍ ബുദ്ധിമാനായ പ്രതിനായകനെ പണംകൊടുത്ത് നിര്‍ത്തുന്നുണ്ട്. അയാള്‍ എത്ര വലിയ ബുദ്ധിശൂന്യനാവുന്നത് എങ്ങനെയാണ് എന്ന് മനസ്സിലാക്കാന്‍ പ്രേക്ഷകര്‍ക്ക് അവകാശമില്ലേ? അന്വേഷണം സൂര്യയിലേക്ക് എത്താന്‍ എടുക്കുന്ന കാലതാമസം ഒന്നു മാത്രം മതി ചിത്രത്തിന്‍റെ യുക്തിരാഹിത്യം മനസ്സിലാവാന്‍.

ജീത്തു ജോസഫിന്‍റെ മാനസഗുരുവാണ് ബാലചന്ദ്രമേനോന്‍ എന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. തന്നെ സംവിധാന സഹായിയാക്കണം എന്ന് ആവശ്യപ്പെട്ട് ജീത്തു ആദ്യമായി ഒരു കത്തെഴുതിയതും ബാലചന്ദ്രമേനോനായിരുന്നു. അതുകൊണ്ട് ഈ ചിത്രത്തില്‍ ബാലചന്ദ്രമേനോന് പ്രധാനപ്പെട്ട വേഷം നല്‍കിയിരിക്കുന്നു ജീത്തു. ഒരു രോഗകാലം കടന്നുവന്നതിന്‍റെ ക്ഷീണം മുഖത്ത് പ്രകടമാണെങ്കിലും അദ്ദേഹം കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിയിരിക്കുന്നു. പുതുമുഖതാരമായ രസ്നയാണ് പൃഥ്വിരാജിന്‍െറ സഹോദരിയായി വേഷമിടുന്നത്. രസ്ന തന്‍െറ തുടക്കം മികച്ചതാക്കി. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ നാരായണ്‍ കൃഷ്ണനെ അവതരിപ്പിച്ച വി. ജയപ്രകാശ് ആണ് വില്ലന്‍ വില്‍ഫ്രഡ് മാര്‍ക്കസിന്‍െറ വേഷത്തില്‍ എത്തുന്നത്. അമേരിക്കന്‍ ആക്സന്‍്റില്‍ ഇംഗ്ളീഷ് സംസാരിക്കുന്ന മക്കളുടെ രണ്ടുപേരുടെയും കാസ്റ്റിങ് നന്നായി. ദൃശ്യത്തില്‍ നല്ല തുടക്കം കുറിച്ച നീരജ് മാധവ് തന്‍റെ വേഷം അനായാസമായി അവതരിപ്പിച്ചു. പശുപതി നിയന്ത്രിതമായ ഭാവചലനങ്ങളിലൂടെ ബോംബ് നിര്‍വീര്യമാക്കുന്ന വിദഗ്ധനെ അവതരിപ്പിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jithu josephoozhamPrithviraj Sukumaran
Next Story