ആർഷ ഭാരത സംസ്കാരം; ആഭാസം -Review
text_fields'ആഭാസം' മലയാള സിനിമയിൽ അപൂർവ്വമായി മാത്രം വരാറുള്ള പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയാണ്. പുതുമുഖങ്ങളുടെ വലിയ നിര തന്നെയുണ്ട് ചിത്രത്തിൽ. പ്രസക്തമായ വിഷയം കൈകാര്യം ചെയ്യാനുള്ള ആത്മാർത്ഥ ശ്രമം എന്ന നിലക്ക് ആഭാസത്തിന്‍റെ ടീമിനെ അനുമോദിക്കാതെ വയ്യ.
ആർഷഭാരത സംസ്കാരമെന്ന ലേബലിൽ എങ്ങനെയാണ് 'ആഭാസ'കരമായ പുരുഷാധിപത്യ സംവിധാനം പ്രവർത്തിക്കുന്നു എന്നത് ആക്ഷേപഹാസ്യത്തിലൂടെ പറയുകയാണ് ചിത്രം. 'ഡെമോക്രസി' ട്രാവൽസ് ഓടിക്കുന്ന ജിന്ന, മാർക്സ്, ഗാന്ധി, ഗോഡ്സേ, അബേദ്കർ എന്നീ ബസുകളെ ചുറ്റിപറ്റിയാണ് പ്രമേയം വികസിക്കുന്നത്. 'ഗാന്ധി' ബസിലെ ഒരു കൂട്ടം യാത്രക്കാരും അതിലെ രണ്ടു ജീവനക്കാരും ആണ് പ്രധാന കഥാപാത്രങ്ങൾ. മത /ജാതി /വർഗ / രാഷ്ട്രീയ വൈവിധ്യമുള്ള മനുഷ്യർ. ബംഗളൂരുവിൽ നിന്ന് വൈകുന്നേരം പുറപ്പെട്ട് രാവിലെ തിരുവനന്തപുരം എത്തുന്ന ഒരു ദിന യാത്രയാണ് സിനിമയുടെ കാലം. മൊബൈൽ 'പോൺ' വീഡിയോക്ക് അടിമയായ ആയ മധ്യവയസൻ ഡ്രൈവറും ( അലൻസിയർ ) ആൺനോട്ടത്തിന്‍റെ സകല കുതന്ത്രവും പയറ്റുന്ന സുരാജിന്‍റെ കിളിയും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്.
ഇന്ത്യയെന്ന ദേശത്തിന്‍റെ ശരീര സൂചകമാണ് ഈ ബസ്. അത്തരത്തിൽ ഓരോ കഥാപാത്രവും ഉരുവിടുന്ന വാക്കുകളും പ്രവൃത്തിയും നിശിത സാമൂഹ്യ വിമർശനമുനയുള്ളതാക്കി മാറ്റാനുള്ള ബോധപൂർവമായ ശ്രമം ഈ സിനിമയിൽ പ്രകടമായി ഉണ്ട്.
വികലാംഗൻ ആയ 'ഡെമോക്രസി ട്രാവൽസ്' ഉടമയിൽ തുടങ്ങുന്നു ഈ പ്രതീകാത്മകത. സർവോത്തമനായ പ്രജാപതി നെഞ്ചളവിന്‍റെ വലിപ്പം പറഞ്ഞ് അധികാര ഗർവ് കാണിച്ച രാജ്യത്തെ പരിഹസിക്കുക എന്ന സംവിധായക ലക്ഷ്യമാണ് ഈ കഥാപാത്രത്തിന്റെ ശാരീരിക പരിമിതിയിൽ സൂചിതമായത് എന്ന കാര്യം മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, ശാരീരിക ശേഷിയ്ക്കപ്പുറം വിഷലിപ്തവും അധികാരപ്രമത്തതയും കൂടിക്കുഴഞ്ഞ ചിന്തകളാണ് ഫാസിസ്റ്റ് മനസ്സിന്റെ കരുത്ത്. അത് ശാരീരിക വ്യതിയാനത്തിൽ (ജന്മനാ ഉള്ളത്) ആരോപിക്കുന്നതിൽ ശരിയല്ല എന്ന് തോന്നുന്നു. ഇന്ത്യയിൽ ഇന്ന് സ്ത്രീകൾ / കുട്ടികൾ / ദലിത് / മുസ്ലിം / ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന പല വിധ ചൂഷണങ്ങളെ അസമത്വങ്ങളെ പ്രശ്‌നവൽക്കരിക്കാനുള്ള സന്ദർഭമായാണ് ബസിനുള്ളിലെ ഓരോ നിമിഷവും സംവിധായകൻ ശ്രമിക്കുന്നത്. എന്നാൽ, ലൈംഗിക ദാരിദ്യം കൊണ്ട് പൊറുതികേടനുഭവിക്കുന്ന ആൺലോകത്തിന്‍റെ ചിത്രീകരണത്തിനാണ് സിനിമയുടെ ഭൂരിഭാഗം സമയവും ചെലവഴിച്ചിരിക്കുന്നത് എന്നതാണ് 'ആഭാസ'ത്തിന്റെ ഏറ്റവും വലിയ പോരായ്മയായി തോന്നിയത്.
ആൺനോട്ടങ്ങളിൽ ഏതുനിമിഷവും ചരക്കുവൽക്കരിക്കപ്പെടുന പ്രായ വ്യത്യാസമില്ലാത്ത പെൺജീവിതം സമകാലത്ത് പ്രസക്തമായ കാര്യം തന്നെ. പക്ഷേ രാജ്യം നേരിടുന്ന മറ്റനവധി രൂക്ഷ പ്രതിസന്ധികളെ മുഴുവൻ 'ഹൈജാക്ക് ' ചെയ്യാനുള്ള കാര്യമായി പെൺ വിഷയം ഈ സിനിമയിലും മാറുന്നു. മറ്റു സിനിമ / രാഷ്ട്രീയ സന്ദർഭങ്ങളിലെന്നത് പോലെ രാഷ്ട്രീയം വലിയ പിടിയില്ലാത്ത റോമൻ കത്തോലിക്കാകാരി സ്ത്രീയെ കാണിക്കുമ്പോഴും സംവിധായകൻ പിന്തുടരുന്നത് ക്ലീഷെ സിനിമ സ്ത്രീ വാർപ്പു മാതൃകകളാണ്.
ഇന്ദ്രൻസിന്‍റെ പെയിന്‍റിങ് തൊഴിലാളി, ചെറുതെങ്കിലും മനോഹരമായ പ്രകടനം കൊണ്ട് മനസ്സിൽ പതിയുന്നു. ഒറ്റക്ക് സഞ്ചരിക്കുന്ന, സ്വാതന്ത്ര്യബോധവും ആത്മാഭിമാനവും ധൈര്യവതിയുമായ മുസ്ലിം പെൺകുട്ടിയായി എത്തിയ റിമ കല്ലിങ്കൽ നിരാശപ്പെടുത്തുന്നില്ല. പക്ഷേ ആ കഥാപാത്രത്തിന് വലിയ ഇടം ചിത്രത്തിലില്ല. ആൺനോട്ടത്തിനിരയാവുമ്പോൾ പ്രതികരിക്കുക എന്നതൊഴിച്ച്. സിഗരറ്റ് / ചുരുട്ട് വലിച്ചാൽ ആരോഗ്യത്തിന് കേടുവരും എന്നല്ലാതെ പെൺകുട്ടി ബോൾഡാവുകയൊന്നുമില്ല എന്ന് തോന്നി. ഇത്തരം സൂത്രപണികൾ പുതു ജനുസ് സിനിമക്കാരെങ്കിലും ഒഴിവാക്കണം.
'ധർമപുരി'യിൽ നിന്ന് കയറുന്ന അവശനായ ഭർത്താവും ഭാര്യയും സുരാജിന്‍റെ കിളിയുടെ കപട സഹാനുഭൂതിയിൽ ബസിലിടം നേടുന്നത് മുതലാണ് സിനിമക്ക് ജീവൻ വെക്കുന്നത്. മാവോവാദികൾ ബസിലുണ്ടെന്ന അറിവിൽ പൊലീസ് ഇടപെടൽ ഉണ്ടാവുന്നതും അത് നിരപരാധികളായ മറ്റു മനുഷ്യരിലുണ്ടാക്കുന്ന ഭീതിയും അനിശ്ചിതത്വവും വിശദമായി കാണിച്ചിട്ടുണ്ട്. അവശനായ ഭർത്താവിനൊപ്പം സഞ്ചരിക്കുന്ന യുവതിയോടുള്ള ബസ് കിളിയുടെ ശാരീരിക തൃഷ്ണകൾ, അതു നിറവേറ്റാനുള്ള കുടില ബുദ്ധി നെയ്യുന്ന വല, അതിന് കിട്ടുന്ന തിരിച്ചടി, നാടകീയമായ ഈ നിമിഷങ്ങൾ മികച്ചു നിൽക്കുന്നു. സിനിമയിലെ വ്യവസ്ഥാപിതമായ ഫോർമൂലകളെ 'ആഭാസം' പരിഗണിക്കുന്നില്ല എന്നത് എടുത്തു പറയേണ്ടതുണ്ട്.
വ്യവസ്ഥക്കെതിരായി കുതറുന്നവർക്ക് എന്തു സംഭവിക്കുമെന്നത് റോഡിലേക്ക് തെറിച്ച് വീണ് വണ്ടി കയറി ചതയുന്ന 'ഉള്ളി' രൂപത്തിൽ അവതരിപ്പിച്ച പ്രമോ സീക്വൻസ് ഏറെ പ്രതീക്ഷ തന്നിരുന്നു. അത് സിനിമയിലെ മുഖ്യ സ്ത്രീ കഥാപാത്രത്തിന്റെ ജീവിത സൂചികയായി ഇട ചേർത്തു കാണിച്ചതും അർത്ഥവത്തായി തോന്നി. സിനിമ എന്ന രീതിയിൽ ഇങ്ങനെ ചില നിമിഷങ്ങളുടെ മിന്നലാട്ടം 'ആഭാസ'ത്തിൽ ഉണ്ട്. പക്ഷേ ഡെമോക്രസിക്ക് ബദൽ മാവോവാദമാണെന്ന ധ്വനിയോട് യോജിക്കാനാകുന്നില്ല. പുരോഗമന സമൂഹം ആശാസ്യമായി കരുതുന്ന പല മൂല്യങ്ങളുടേയും നിരാകരണം പത്രവാർത്തകളിലെന്നപോലെ രചനയിൽ കോർത്തിണക്കിയിരിക്കുന്നു.
യാത്രക്കാരിലെ പഴയ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐക്കാരനും വെളുത്തവർഗക്കാരനും മലക്ക് പോകുന്ന സ്വാമിയും യാത്രയെ, ശാരീരിക യാത്രയാക്കുന്ന യുവതയും ഒക്കെ പരിചിത സന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുത്ത് കൂട്ടിച്ചേർത്തതാണ്. ചിലപ്പാൾ ബോധപൂർവമുള്ള 'അന്യവല്ക്കരണത്തിനും' സംവിധായകൻ മുതിരുന്നുണ്ട്.
പ്രതിഷേധ കലാരൂപം എന്ന നിലയിൽ 'ആഭാസ'ത്തിൽ ജനപ്രിയ അംശങ്ങളെ സ്വീകരിക്കാതിരിക്കാനും സംവിധായകൻ ശ്രമിക്കുന്നുണ്ട്. പക്ഷേ റിമയുടെ കഥാപാത്രത്തിന്‍റെ ഓർമ / ഭാവനകൾ മിക്കതും പരമ്പരാഗത സിനിമയിൽ സ്ത്രീയെ അടയാളപ്പെടുത്തതിന് ഉപയോഗിക്കുന്നവയുടെ ആവർത്തനം തന്നെ. ഒരു പാട്ട് ശീതളും റിമയും പങ്കിട്ട് കേൾക്കുമ്പോൾ വന്നു പോകുന്ന ദൃശ്യങ്ങളിലും ഈ നിലപാടുകളുടെ ഒത്തുതീർപ്പുണ്ട്. ഊരാളി അവതരിപ്പിക്കുന്ന ആദ്യത്തെ പാട്ടും യുക്തിക്ക് നിരക്കാത്തത്! വേറൊരു ബസ് പിന്തുടരുന്നു, ഒപ്പം യാത്ര ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്‍റെ ലോകം എന്ന നിലയിൽ. അത് സംവിധായകന്റെ സ്വാതന്ത്യമാകാം. എന്നാൽ ഒടുവിലെ ഗാനം കിറുകൃത്യമാണ്.
ബസിൽ കാണിക്കുന്ന 'മായാമോഹിനി" സിനിമ അതിലെ ദ്വയാർത്ഥ /അശ്ലീല തമാശ ആസ്വദിക്കുന്ന ചെറുപ്പക്കാരൻ, നിരോധിച്ച ബീഫിന് 'മായാമോഹിനി' എന്ന പേരിട്ട് വിൽക്കുന്നത് ഒക്കെ നിശിത വിമർശനമായി സിനിമയിൽഉണ്ട്. ഒരു നല്ല പൊളിറ്റിക്കൽ സറ്റയറിനുള്ള വിഭവങ്ങൾ എല്ലാം ഇതിലുണ്ട്. ആശയം വളരെ നല്ലത്. രചനയിലും ,നിർവഹണത്തിലും 'സിനിമ 'എന്ന നിലയിൽ ആഭാസം ശരാശരിയാണ്. അത് ചലച്ചിത്രമെന്ന നിലയിൽ 100 % എൻഗേജിങ്ങായി തോന്നിയില്ല . ചിതറി പോവുന്ന ആഖ്യാനരീതിയും പ്രവചന സ്വഭാവമുള്ള 'സ്റ്റീരിയോ ടൈപ്പ് ' ആയ കഥാപാത്ര രൂപികരണവും ഇടക്കെങ്കിലും മടുപ്പുണ്ടാക്കി. ചില കഥാപാത്രങ്ങളുടെ ഓർമകൾ, ചിന്തകൾ, സ്വപ്നങ്ങൾ സമാന്തരമായി ഇഴചേർത്തതും ഘടനയിൽ മുഴച്ചു നിന്നു.
ഒരു ബസിനകത്തെ ചെറു ഇടം യഥാർഥാനുഭവമായി ചിത്രീകരിക്കുന്നതിൽ ഛായാഗ്രാഹകൻ വിജയിച്ചിട്ടുണ്ട്. എന്നാൽ
ആത്യന്തം റിയലിസ്റ്റിക് ആയി തോന്നത്തക്ക രീതിയിൽ അടുത്തു നിന്ന് വീക്ഷിക്കുന്ന കൂടെ യാത്ര ചെയ്യുന്ന ക്യാമറ ശൈലിയിൽ നിന്ന് ഇടക്കിടെ വിട്ടു പോകുന്നത് സിനിമയുടെ ഏകാഗ്രത കളയുന്നു.
ട്രാൻജെന്‍റൻ ആക്ടിവിസ്റ്റും പരിചിത വ്യക്തിത്വവുമായ ശീതൾ ശ്യാമിനെ തന്നെയാണ് ചിത്രത്തിലെ ലൈംഗിക ന്യൂനപക്ഷത്തെ കുറിക്കാനായി ഫ്രെയ്മിൽ അവതരിപ്പിച്ചത്. എങ്കിലും ശീതളിന്‍റെ കഥാപാത്ര സൃഷടിയിൽ മിഴിവാകാമെന്നു തോന്നി. ശീതൾ ശ്യാമിന്റെ off Screen വ്യക്തിത്വത്തിന് on Screen ൽ ലഭിക്കുമായിരുന്ന പിന്തുണ നേടാനായില്ല എന്ന് തോന്നി.
അവസാന 15 മിനിറ്റിൽ സിനിമ എന്ന നിലയിൽ ആഭാസം പിടിച്ചിരുത്തി. അഭിജ, സുജിത്ത് ,സുരാജ് എന്നിവർ ഒരുക്കിയ ക്ലൈമാക്സിലാണ് സിനിമക്ക് ജീവനും ചലനവും.
പ്രകടമായ ഹിംസയും രതിയും ചിത്രത്തിലില്ല. അതൊക്കെ ജീവിതത്തിലെന്ന പോലെ നീലിനമായിരിക്കുന്നു. ചിത്രത്തിനെതിരെ സെൻസർ ബോർഡ് കൈക്കൊണ്ട നിഷേധാത്മക സമീപനത്തോട് യോജിക്കാനാവില്ല. പക്ഷേ ആഭാസം' എന്ന പേര് സാധാരണ കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഒന്നല്ല. ഇത്തരം സിനിമകൾ പ്രേക്ഷകരുടെ വിവേചനബുദ്ധിക്ക് വിടുകയാവും നല്ലത്.
വ്യക്തിപരമായ ആസ്വാദനം മാത്രമാണിത്.'ആഭാസം' തീയറ്ററിൽ കാണണം. ആദ്യ സിനിമയ്ക്ക് ഈ പ്രമേയം തിരഞ്ഞെടുത്ത സംവിധായകനും കൂടെ നിന്ന നിർമാതാവിനും അഭിവാദ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.