പെണ്ണിന്‍റെ പ്രണയവും തിരസ്കാരങ്ങളും -Movie Review
text_fieldsപുഴയായൊഴുകുന്ന പ്രണയത്തിന്‍റെ പേരാണത്രെ മായാനദി. പ്രണയ വർണങ്ങളിൽ ഏറ്റവും നിഗൂഢമായ പെൺ കാമനകളുടെ ലോകത്തിനും മായാനദിയെന്ന് പറയാം. സ്വർഗത്തിൽ നിന്നുദ്ഭവിച്ച് ശാദ്വലഭൂമികകളിലൂെട സഞ്ചരിച്ച് അനശ്വരമായൊഴുകുന്ന തെളിനീരുറവ മോഹിക്കാത്തതാരാണ്. ശ്യം പുഷ്കരനും ദിലീഷ് നായരും ചേർന്നെഴുതി ആഷിക് അബു സംവിധാനം ചെയ്ത 'മായാനദി' പ്രണയം നിറഞ്ഞൊഴുകുന്നൊരു പുഴയാണ്. അപ്പുവും മാത്തനും ഒന്നായും വേറിട്ടും ഒഴുകിയൊഴുകിയങ്ങനെ...
പ്രണയത്തിന്‍റെ എത്രയെത്ര നിറഭേദങ്ങളാണ് സിനിമകളിൽ വർണ്ണ ചിത്രങ്ങളൊരുക്കിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും പുരുഷന്‍റെ ഭാവനകളായിരുന്നു. മായാനദി ഇത്തരം കാഴ്ചകളിൽ നിന്ന് അൽപം വ്യത്യസ്ഥമാണ്. രണ്ട് പുരുഷന്മാരുടെ എഴുത്തിലൂടെയാണ് സിനിമ സാന്ദ്രീകരിക്കപ്പെടുന്നതെങ്കിലും മലയാളത്തിൽ അത്ര സാധാരണമല്ലാത്ത നവഭാവുകത്വം മായാനദിയിലുണ്ട്. അപ്പുവെന്ന അപർണയാണ് സിനിമയുെട കേന്ദ്രം. അവളുടെ പ്രണയവും തിരസ്കാരവും തന്നെയാണ് സിനിമയിൽ പ്രസക്തമായിട്ടുള്ളത്.
തന്‍റെ പ്രണയിയായ മാത്തനെന്ന മാത്യൂസിനേക്കാൾ പക്വമാണ് അവളുടെ ചിന്തകൾ. തന്‍റെ ശരീരത്തിലും ചിന്തകളിലും ഒരുവിധ അധിനിവേശവും അവൾ വകവച്ച് കൊടുക്കുന്നില്ല. പ്രണയത്തിലെ വിശ്വാസത്തിനെ പറ്റി ജാഗരൂകയാണവൾ. അത് തകർന്നാൽ ബന്ധം തുടരുക അത്ര എളുപ്പമല്ലെന്നവൾ സുവ്യക്തമായി പറയുന്നുണ്ട്. തന്‍റെ ശരീരത്തിലൂടെ മനസിലേക്ക് കടന്നു കയറാമെന്ന പുരുഷ മോഹങ്ങൾക്ക് മുന്നിലും ധീരമായ 'നോ' പറയാനവൾക്ക് കഴിയുന്നുണ്ട്. ചുരുക്കത്തിൽ പുരുഷാധിപത്യം മനോനിലയായി കൊണ്ടു നടക്കുന്ന പെണ്ണിനൊരപവാദമാണ് അപർണ.
ദൃശ്യങ്ങളിൽ പതിഞ്ഞ താളമാണ് മായാനദിക്ക്. സിനിമക്കുള്ളിലേക്ക് കയറാനായില്ലെങ്കിൽ ഇഴച്ചിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. പക്ഷെ നദിയിലേക്കിറങ്ങിയാൽ ആ അലസ താളത്തിൽ ഒഴുകിയങ്ങനെ നീങ്ങാനാകും. ഡയലോഗുകൾ സ്വാഭാവികമാണ്. മധ്യവർഗ പൊങ്ങച്ചങ്ങളും ആർത്തികളും യഥേഷ്ടം പ്രശ്നവൽക്കരിക്കപ്പെടുന്നുണ്ട് സിനിമയിൽ. ആത്മഗതങ്ങൾക്കു േപാലും അർഥം കടന്നുവരുന്നത് സിനിമയെ ഏറെ സ്വാഭാവികമാക്കുന്നു. ദൃശ്യങ്ങളിലും പ്രമേയങ്ങളിലും ഇൗ നൈസർഗികത ആകർഷകമായി ഉൾച്ചേർന്നിരിക്കുന്നു. എത്ര അനായാസമാണ് ചുംബന രംഗങ്ങൾ പോലും മായാനദിക്കുള്ളിലെത്തുന്നത്. കാഴ്ച്ചകളെ അസ്വസ്തപ്പെടുത്താത്തവണ്ണമുള്ള പ്രമേയ ഭദ്രതയും ദൃശ്യങ്ങളും മായാനദിക്ക് മുതൽക്കൂട്ടാണ്.
നമ്മെ സ്തബ്ദരാക്കുന്ന ആ ശബ്ദങ്ങൾക്കൊടുവിൽ വിഷാദം അണപൊട്ടിയൊഴുകിയേക്കാം. പ്രണയഭരിതമായ ജീവിതങ്ങൾ നൽകുന്ന വേദനകളാണത്. ഒറ്റുകൊടുക്കാനാകില്ലെന്ന് അത്രമേൽ ആത്മാർഥമായി പരസ്പരം വിശ്വസിക്കുന്നരുടെ ജീവിതമെന്ന നിലയിൽ മായാനദി കാണിയുടെ ഉള്ളിലും നൊമ്പരം പടർത്തിയേക്കാം. തേച്ച പെണ്ണിന്‍റെ ചരിത്രം ഇതിഹാസങ്ങളായി അടയാളപ്പെടുത്തപ്പെട്ട കാലത്ത് മാത്തന്‍റെ തിരിച്ചറിവുകളും അപർണയുടെ കാത്തിരിപ്പും നൽകുന്ന പ്രതീക്ഷ ചില്ലറയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.