Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightനഷ്ടനായകന്‍െറ കഥപറഞ്ഞ്...

നഷ്ടനായകന്‍െറ കഥപറഞ്ഞ് ക്യാപ്റ്റന്‍- Review

text_fields
bookmark_border
നഷ്ടനായകന്‍െറ കഥപറഞ്ഞ് ക്യാപ്റ്റന്‍- Review
cancel

ഒരു കളി മതി ഒരു ഹീറോയെ സൃഷ്ടിക്കാന്‍. കളിയില്‍ ഹീറോ ആയിരിക്കുവോളം അയാള്‍ ഹീറോ തന്നെയാവും. പക്ഷേ, കളിക്കളത്തിനു പുറത്തുമുണ്ട് അയാളില്‍ ഒരു മനുഷ്യന്‍. ഹീറോ ആയും ചിലപ്പോള്‍ സീറോ ആയും പരകായങ്ങളില്‍ പ്രവേശിക്കപ്പെടുന്ന വേറൊരാള്‍. കളിയിലെ ഹീറോയിസത്തെക്കാള്‍ ഹീറോയിലെ ജീവിതം പറയുന്നു നവഗാതനായ ജി. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘ക്യാപ്റ്റന്‍’. കേരളം കണ്ട മികച്ച ഫുട്ബാളര്‍മാരില്‍ മുമ്പനായ വി.പി. സത്യന്‍െറ ജീവിതത്തിന്‍െറ അറിയപ്പെടാത്ത കഥ പറയുന്ന ഈ ചിത്രം മലയാളത്തിന് ഒട്ടും പരിചയമില്ലാത്ത ‘സ്പോര്‍ട്സ് ബയോപിക്’ ഗണത്തില്‍ പെടുന്നു. കളിക്കളത്തിലെ സത്യനെക്കാള്‍ അതിനു പുറത്തുള്ള സത്യന്‍ എന്ന മനുഷ്യനിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നു പ്രജേഷ് സെന്നിന്‍െറ ക്യാപ്റ്റന്‍.

അയാള്‍ നായകനായിരുന്നു. കളിമൈതാനങ്ങളെ കാല്‍വിരുതിനാല്‍ ചമയം ചാര്‍ത്തിയ നായകന്‍. എതിരാളികളുടെ ഗോള്‍വലയിലേക്ക് തൊടുത്തു വിട്ടതിനെക്കാള്‍, ഗോള്‍ മുഖം നോക്കി പാഞ്ഞുവന്ന എതിരാളികളുടെ ഗോള്‍ ദാഹങ്ങളുടെ മുനമടക്കിയ പ്രതിരോധക്കാരനായിരുന്നു അയാള്‍. ഒരു രാജ്യത്തെ കോടാനുകോടികളുടെ നിശ്വാസത്തെ തുകല്‍പ്പന്തില്‍ നിറച്ച് ലോകത്തോട് പോരടിച്ചവരുടെ നായകന്‍. എന്നിട്ടും, ജീവിതത്തിന്‍െറ ഗോള്‍മുഖത്ത് അയാളുടെ പെനാല്‍റ്റി കിക്ക് ബാറില്‍ തട്ടി പുറത്തുപോയി. ജീവിതത്തിന്‍െറ ഫസ്റ്റ് ഹാഫ് വിസില്‍ മുഴങ്ങുന്ന നേരത്ത് കളി മതിയാക്കി ജീവന്‍െറ കളത്തില്‍ നിന്നു സ്വയം കയറിപ്പോയൊരാള്‍. സംഭവബുഹലമായ ഒരു ജീവിതമായിരുന്നു വി.പി. സത്യന്‍െറത്. കണ്ണൂരിലെ ലക്കി സ്റ്റാര്‍ ക്ളബ്ബില്‍നിന്നും ഇന്ത്യന്‍ ഫുട്ബാളിന്‍െറ നെറുകയിലേക്ക് കയറി ചെന്ന മലയാളി യുവാവ്. 10 തവണ ഇന്ത്യന്‍ ടീമിന്‍െറ നായകനായി. സാഫ് ഗെയിംസില്‍ ഇന്ത്യക്ക് സ്വര്‍ണ മെഡല്‍ നേടിക്കൊടുത്ത സംഘത്തിന്‍െറ പടനായകനായി.

സത്യന്‍
 

കളിക്കളത്തില്‍ അതെല്ലാമായിരുന്നപ്പോഴും ജീവിതത്തില്‍ തോറ്റു പോയൊരാളായിരുന്നു സത്യന്‍. ചെറുപ്പത്തിലേ പിടികൂടിയ പരിക്കും നിരന്തരമായ കളികളിലൂടെ ശരീരത്തിന് ഏറ്റുവാങ്ങേണ്ടി വന്ന പിഴകളും ഒക്കെ ചേര്‍ന്നപ്പോള്‍ തകര്‍ന്നു പോയ ഒരു മനുഷ്യന്‍. ഒടുവില്‍ വിഷാദത്തിനടിമയായി സ്വയം മതിയയാക്കിയൊരാള്‍. കളിക്കളത്തില്‍ മിന്നല്‍പ്പിണര്‍ പോലെ നില്‍ക്കുമ്പോഴേ കളിക്കാരനെ കാണികള്‍ക്ക് ആവശ്യമുള്ളു. അതിനു പുറത്തായി കഴിഞ്ഞാല്‍ ഓര്‍ക്കുന്നവര്‍ പോലും അപൂര്‍വമാകും. അത് കളത്തിനു പുറത്തെ എഴുതിവെക്കാത്ത ഒരു ചട്ടംപോലെ ആചരിക്കപ്പെട്ടു പോന്നതാണ്. അത്തരമൊരു വിധിയുടെ ഇരയായിരുന്നു അയാള്‍ എന്ന അറിയപ്പെടാത്ത സത്യന്‍െറ ജീവിതം വെള്ളിത്തിരയിലേക്ക് പകരുന്നുണ്ട് ഈ സിനിമ.

captain-song

ജയസൂര്യയുടെ കരിയര്‍ ബെസ്റ്റ്

കരിയര്‍ ബെസ്റ്റ് പ്രകടനവുമായി ജയസൂര്യ സത്യന്‍ എന്ന ഫുട്ബാളറെ ഉജ്ജ്വലമാക്കിയിരിക്കുന്നു. കളിമൈതാനങ്ങളെ കീഴടക്കിയ നായകനാവാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട് ജയസൂര്യ. അതിന്‍െറ ഫലം ഓരോ സീനിലും തെളിഞ്ഞുനില്‍ക്കുന്നു. കളത്തിനുള്ളിലെ സത്യനെക്കാള്‍ ജയസൂര്യ മികവുറ്റതാക്കിയത് കളത്തിനു പുറത്തെ സത്യനെയാണ്. അല്ളെങ്കിലും കുമ്മായവരക്ക് പുറത്തെ സത്യനെക്കുറിച്ചാണല്ളോ ഈ ചിത്രം പറയുന്നത്. താരപ്പൊലിമകളുടെ കുലംകുത്തിപ്പായലില്‍ സൈഡ് ബെഞ്ചിലായിപ്പോയ ഒരു നടനാണ് ജയസൂര്യ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആദ്യ ചിത്രത്തിലെ ‘ഉരിയാടാപ്പയ്യനി’ലേക്ക് ജയസൂര്യയെ ചുരുക്കിയെഴുതാനായിരുന്നു നമ്മുടെ സിനിമ വ്യാകരണത്തിന് പലപ്പോഴും താല്‍പര്യം. അതിന്‍െറ പുറംതോട് പൊളിച്ച് പുറത്തേക്ക് വരാന്‍ ജയസൂര്യക്ക് അവസരങ്ങള്‍ കുറവായിരുന്നു. ‘മുംബൈ പോലീസ്’, ‘ഡി കമ്പനി’, ‘അപ്പോത്തിക്കിരി’, ‘ഇയ്യോബിന്‍െറ പുസ്തകം’, ‘പുണ്യാളന്‍’... അങ്ങനെ അപൂര്‍വം കുറച്ചു ചിത്രങ്ങള്‍ മാത്രം... 

വൈകാരിക വിക്ഷുബ്ധമായ നിരവധി രംഗങ്ങള്‍ ക്യാപ്റ്റനിലുണ്ട്. ആ രംഗങ്ങളിലെല്ലാം ഇതുവരെ കാണാത്ത കൈയ്യൊതുക്കത്തോടെ, സ്വാഭാവികതയോടെ ജയസൂര്യ സംഭവബഹുലമാക്കി. കരുത്തരായ എതിരാളികളെ തോല്‍പ്പിച്ച് കപ്പടിക്കണമെന്ന് ‘ക്യാപ്റ്റനെ’ ഏല്‍പ്പിക്കുന്ന ഭാരിച്ച വെല്ലുവിളി പോലെ തന്നിലെ നടനെ ഏല്‍പ്പിച്ച കനത്ത വെല്ലുവിളി ഭംഗിയായി ജയസൂര്യ നിര്‍വഹിച്ചിരിക്കുന്നു.... കുറച്ചുകാലത്തേക്കെങ്കിലും ആത്മാവിനെ തന്നിലേക്ക് വിട്ടുനല്‍കിയതിന് സത്യന്, ജയസൂര്യ ഫേസ്ബുക്കിലൂടെ നന്ദി പറഞ്ഞിരിക്കുന്നു. ഇതു വെറുമൊരു ഭംഗിവാക്കല്ളെന്ന് ചിത്രം കണ്ടാല്‍ ബോധ്യമാകും. സത്യന്‍െറ ആത്മാവിനെ ശരിക്കും ആവാഹിച്ച പ്രകടനം.

സിദ്ദീഖ് വേറേ ലെവലാണ്...

കഥാപാത്രങ്ങളുടെ വെല്ലുവിളി സിദ്ദീഖിന് ഒരു പുത്തരിയേയല്ല. കരിയറിലൂടനീളം ഓരോ ചിത്രങ്ങളിലും ഇത്രയേറെ വ്യത്യസ്തത ഏറ്റവും ഭംഗിയായി അവതരിപ്പിച്ച് മികവുറ്റതാക്കിയ മറ്റൊരു നടന്‍ മലയാളത്തിലില്ല. നായക വേഷത്തിനു പുറത്തായിപ്പോയതു കൊണ്ടു മാത്രം അത് നമ്മള്‍ കാണാതെ പോവുകയായിരുന്നു... ഉരുളുന്ന ഫുട്ബാളിന് പിന്നാലെ ജീവിതം ഉരുട്ടിക്കൂട്ടുന്ന ഒരു മലപ്പുറത്തുകാരന്‍െറ ദുരൂഹമായ കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കി സിദ്ദീഖ് മാറ്റിയിരിക്കുന്നു. ഇനിയുമിനിയും ഖനനം ചെയ്തെടുക്കാവുന്ന രത്നങ്ങള്‍ തന്‍െറ ഖനിയില്‍ ഉറഞ്ഞുകിടപ്പുണ്ടെന്ന് സിദ്ദീഖ് വീണ്ടും പറയുകയാണ്... ഏത് ജനറേഷനും ഒപ്പം നിന്ന് പൊരുതാന്‍ പോന്ന കളിക്കാരന്‍... ചിത്രത്തിന്‍െറ ടീസറില്‍ സിദ്ദീഖിന്‍െറ കഥാപാത്രത്തിന്‍െറ പേര് ‘മൈതാനം’ എന്ന ഇരട്ടപ്പേരാണെന്ന് പറഞ്ഞിരുന്നു. പക്ഷേ, ചിത്രത്തില്‍ ഈ കഥാപാത്രത്തിന് പേരില്ല. ഏത് ഇരുട്ടത്തു വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് അഴിഞ്ഞുപോയ ബൂട്ടുറപ്പിക്കുന്ന ദുരൂഹമായ ഒരു കളിഭ്രാന്തനായി സിദ്ദീഖ് ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നു..

അനുവിന്‍െറ അനിത

വി.പി. സത്യന്‍ എന്ന കായിക താരത്തിന്‍െറ നിഴലും നിലാവുമായിരുന്ന അനിത സത്യനെ, അനു സിത്താര അവിസ്മരണീയമാക്കി. മികച്ച കഥാപാത്രങ്ങളെ ഇനിയും ചെയ്യാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തുന്നു അനു സിത്താര. നഷ്ടനായകന്‍െറ നായിക എന്ന വെല്ലുവിളിയാണ് ഈ നടി മറികടന്നിരിക്കുന്നത്..

തുടക്കക്കാരന്‍െറ കൈയ്യടക്കം

നവാഗതനാണെങ്കിലും കൈയൊതുക്കത്തോടെ തന്‍െറ മുദ്ര തിരശ്ശീലയില്‍ വരച്ചിടാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ജി. പ്രജേഷ് സെന്നിന് കഴിഞ്ഞിരിക്കുന്നു. പ്രജേഷ് വര്‍ഷങ്ങളോളം മനസ്സിലിട്ട് പാകപ്പെടുത്തിയ പാകപ്പെടുത്തിയ കഥയാണ് ചലച്ചിത്രരൂപം പ്രാപിച്ചിരിക്കുന്നത്. മൈതാനങ്ങളില്‍ നിന്ന് മൈതാനങ്ങളിലേക്ക് ജ്വലിക്കുന്ന ഒരു കളിക്കാരന്‍െറ ജീവിതത്തെ പിന്തുടരുക അത്ര എളുപ്പമല്ല. സംവിധായകന്‍ തന്‍െറ ആദ്യ സംരംഭത്തില്‍ അത് മികച്ച അനുഭവമാക്കി. റഫീക് അഹമ്മദ്, ഹരിനാരായണന്‍, നവാഗതനായ നിധീഷ് നടേരി എന്നിവരുടെതാണ് വരികള്‍. ഗോപി സുന്ദറും വിശ്വജിത്തുമാണ് സംഗീതമൊരുക്കിയത്. ബോബി വര്‍ഗീസ് രാജിന്‍െറ ക്യാമറ ദൃശ്യങ്ങള്‍ ഭംഗി ചോരാതെ പകരുന്നു. പശ്ചാത്തല സംഗീതത്തില്‍ കാര്യമായ പുതുമ സൃഷ്ടിക്കാന്‍ ഗോപി സുന്ദറിനായിട്ടില്ല.

മുറിവാല്‍: വി.പി. സത്യന്‍െറ ഒപ്പം കേരള ഫുട്ബാളിലും പോലീസ് ടീമിലും ഒക്കെ കളിച്ച മിക്ക കളിക്കാരും കഥാപാത്രങ്ങളായി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പാപ്പച്ചന്‍, ഷറഫലി, കുരികേശ്.. അങ്ങനെയങ്ങനെ... എന്നിട്ടും ഐ.എം. വിജയന്‍ എവിടെപോയി എന്നൊരു ചോദ്യം ബാക്കി നില്‍ക്കുന്നു...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reviewmalayalam moviemoviescaptainActor Jayasuryamalayalam news
News Summary - captain malayalam movie review -movies
Next Story