അമേരിക്കയിലൊരു സഖാവ്
text_fieldsകമ്യൂണിസം, പ്രണയം, യാത്ര യുവത്വത്തിന് ലഹരിയാവുന്നതെല്ലാം സമർഥമായി വിന്യസിച്ചിരിക്കുകയാണ് സി.െഎ.എ (കോമ്രേഡ് ഇൻ അമേരിക്ക) എന്ന തെൻറ പുതിയ ചിത്രത്തിൽ അമൽ നീരദ്. കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സിനിമകൾ എക്കാലത്തും മലയാളത്തിൽ കൈയടിയും കാശും നേടിയിട്ടുണ്ട്. ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ്, അറബിക്കഥപോലുള്ള നിരവധി ഉദാഹരണങ്ങൾ പറയാനുണ്ട്. ഇൗയടുത്ത് തിയേറ്ററുകളിലെത്തിയ മെക്സിക്കൻ അപാരതയും, സഖാവും കഥ പറഞ്ഞത് കമ്യൂണിസ്റ്റ് പശ്ചാത്തലത്തിലായിരുന്നു. സി.െഎ.യും പിൻതുടരുന്നത് ഇൗയൊരു കഥപറച്ചിൽ രീതിയാണ്. രാഷ്ട്രീയത്തിനുമപ്പുറം പ്രണയമാണ് സി.െഎ.എയിൽ മുഖ്യമായി ചർച്ച ചെയ്യപ്പെടുന്ന വിഷയം.
അജി മാത്യൂ എന്ന കമ്യൂണിസ്റ്റ് നേതാവിലൂടെയാണ് സി.െഎ.എ കഥപറയുന്നത്. പാല മുണ്ടക്കൽ കൂടുംബത്തിലെ എകമകനാണ് അജി മാത്യു. കുടുംബത്തിന് ചായ്വ് കേരള കോൺഗ്രസിനോടാണെങ്കിലും അജി മാത്യൂവിന് കമ്യൂണിസത്തോടാണ് അനുഭാവം. അഴിമതിക്കാരാനും പാലാക്കാരാനുമായ മന്ത്രിക്കെതിരായ സമരത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. രണ്ടില ചുവന്ന് നിൽക്കുന്ന സമയത്ത് സി.പി.എമ്മിനുള്ള ഒാർമപ്പെടുത്തൽ കൂടിയാവുന്നുണ്ട് പല ഘട്ടങ്ങളിലും സി.െഎ.എയിലെ സമര രംഗങ്ങൾ. ശേഷം പതിയെ നായകെൻറ ഫ്ലാഷ്ബാക്കിലേക്ക് സിനിമ സഞ്ചരിക്കുന്നു.
ഫ്ലാഷ്ബാക്കിൽ നായകെൻറ പ്രണയവും കാമ്പസ് ജീവിതവുമെല്ലാം നന്നായി ചിത്രീകരിക്കാൻ അമൽ നീരദിന് കഴിഞ്ഞിട്ടുണ്ട്. പ്രണയമായാൽ വിരഹം വേണമെന്ന പതിവ് സിനിമ ഫോർമുല സി.െഎ.എയും പിന്തുടരുന്നു. ഇൗ പ്രണയം നായകൻ അജി മാത്യുവിനെ അമേരിക്കൻ യാത്ര നടത്താൻ പ്രേരിപ്പിക്കുന്നു. പതിവ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി സാഹസികമായ യാത്രയാണ് അജി മാത്യൂ നടത്തുന്നത്. അയാൾ അമേരിക്കൻ യാത്രക്ക് തയാറെടുക്കുന്നിടത്ത് ആദ്യ പകുതി സമാപിക്കുന്നു.
രണ്ടാം പകുതിയിൽ കൂടുതൽ വിശാലമായ കാൻവാസിലേക്ക് സിനിമ മാറുന്നു. മലയാള സിനിമ ഇതുവരെ കടന്നു ചെന്നിട്ടില്ലാത്ത മെക്സികോ, ബോളീവിയ, നിക്വരാഗ്വേ തുടങ്ങിയ ഭൂപ്രദേശങ്ങളുടെ കാഴ്ചകളിലേക്ക് പ്രേക്ഷകനെ ആനയിക്കുന്നു. അമേരിക്കയിൽ അഭയാർഥികളായെത്തുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജനങ്ങളുടെ ദൈന്യജീവിതത്തിെൻറ നൊമ്പരക്കാഴ്ചകൾ അമൽ നീരദ് അടയാളപ്പെടുത്തുന്നുണ്ട്. അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഒരുപറ്റം ആളുകൾക്കൊപ്പം അജി മാത്യുവിന് ചേരേണ്ടി വരുന്നതാണ് രണ്ടാം പകുതിയിൽ. പിന്നീട് ഇവരുടെ സാഹസിക യാത്രയാണ് സിനിമയി ചിത്രീകരിക്കുന്നത്. ചെഗുവേരയുടെ ‘മോേട്ടാർ സൈക്കിൾ ഡയറീസ്’ എന്ന പുസ്തകത്തെ ഒാർമിപ്പിക്കുന്നതാണ് ഇവരുടെ യാത്ര. വിവിധ ലക്ഷ്യങ്ങളുമായി യാത്ര ചെയ്യുന്ന ഇവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുമോ എന്ന സസ്പെൻസാണ് രണ്ടാം പകുതിയുടെ ഹൈലൈറ്റ്
ദുൽഖർ എന്ന നടെൻറ താരമൂല്യം പരമാവധി ഉപയോഗപ്പെടുത്തുന്ന സിനിമായാണ് സി.െഎ.എ. ആദ്യ സീൻ മുതൽ സിനിമ അവസാനിക്കുന്നതുവരെ സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്നത് ദുൽഖർ സൽമാനാണ്. തിയേറ്ററുകളിൽ ദുൽഖറിന് ആവോളം കൈയടി ലഭിക്കുന്നുമുണ്ട്. സിദ്ദീഖാണ് എടുത്ത് പറയേണ്ട മറ്റൊരു താരം. ദുൽഖറിെൻയും സിദ്ദിഖിെൻറയും അച്ഛൻ മകൻ കോമ്പിനേഷൻ മനോഹരമായിട്ടുണ്ട്. സൗബിനും ദീലിഷ് പോത്തനും അവരവരുടെ വേഷങ്ങൾ മികച്ചതാക്കി. ആദ്യ സിനിമയുടെ പരിഭവങ്ങളൊന്നുമില്ലാതെ സാറ മേരി കുര്യനെ കാർത്തിക ഭദ്രമായി അവതരിപ്പിച്ചു. സുജിത് ശങ്കർ, തമിഴ് നടൻ ജോൺ വിജയ്, ചാന്ദ്നി ശ്രീധരൻ, മാല പാർവതി, മണിയൻപിള്ള രാജു, ജിനു ജോസഫ് എന്നിവരാണ് മറ്റുതാരങ്ങൾ.
യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഷിബിൻ ഫ്രാൻസിസ് സി.െഎ.എയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. സാേങ്കതികമായും സി.െഎ.എ ഒരുപടി മുന്നിലാണ്. മലയാളി ഇന്നുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം. രണദീവിെൻറ ഛായഗ്രഹണവും പ്രവീൺ പ്രഭാകറിെൻറ ചിത്രസംയോജനവും സിനിമയോട് നീതി പുലർത്തി. ഗോപിസുന്ദറിെൻറ സംഗീതമാണ് എടുത്ത് പറയേണ്ട മറ്റൊന്ന്. മനോഹരമായ പശ്ചാത്തല സംഗീതമാണ് സിനിമക്കായി ഗോപീസുന്ദർ ഒരുക്കിയിരിക്കുന്നത്. സിനിമയിലെ പാട്ടുകളും മികച്ച് നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.