'ഗപ്പി' ചെറിയൊരു മീനല്ല
text_fieldsമലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് മേല്‍ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഒരു പിടി പുതിയ സംവിധായകരാണ് ഈ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ടെലിവിഷനിലെ ചലച്ചിത്രങ്ങളില്‍ തുടങ്ങിയ ഈ തലമുറയുടെ സിനിമാ കമ്പം ടോറന്‍റും കടന്നു പോകുമ്പോള്‍ മൂക്കത്ത് വിരല്‍വെച്ച് അതിശയത്തോടെ നോക്കി നില്‍ക്കുകയാണ് മുന്‍ തലമുറ. തങ്ങള്‍ക്ക് ഒരു കാലത്ത് ചെയ്യാനാവാതിരുന്ന കാര്യങ്ങള്‍ പുതിയ സംവിധായകര്‍ സധൈര്യം സിനിമകളില്‍ പരീക്ഷിക്കുന്നു. ആഷിഖ് അബുവിനെ പോലുള്ളവര്‍ തുടങ്ങിവെച്ച ഈ വിപ്ലവം ശിഷ്യന്‍ ദിലീഷ് പോത്തനും ഷാനവാസ് ബാവക്കുട്ടിയും കടന്ന് മുന്നോട്ടു പോവുകയാണ്.
നവാഗതനായ ജോണ്‍ പോള്‍ സംവിധാനം ചെയ്ത 'ഗപ്പി'യും ഈ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ്. ചില ഭാഗത്തുണ്ടായ നീട്ടിപ്പറച്ചില്‍ ആസ്വാധനത്തിന് ചെറിയ തടസം നേരിട്ടുവെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ മനോഹരമാണ് ഗപ്പിയെന്ന കൊച്ചു ചിത്രം. ഒരു സമൂഹത്തിന്‍റെ നെടുംതൂണാണ് കുട്ടികള്‍. സ്വന്തം കുട്ടികളെ ഒഴിച്ച് മറ്റുള്ള കുട്ടികളോടുള്ള ഓരോരുത്തരുടെയും സമീപനം വ്യത്യസ്തമാണ്. പലരും അവരെ മാറ്റിനിര്‍ത്തുകയും മുന്‍ധാരണകളോടെ സമീപിക്കുകയുമാണ് പതിവ്. എന്നാല്‍, നാളെയുടെ ഭാവി അവരാണെന്ന് നാം ഓര്‍ക്കാറില്ല. വഴി തെറ്റുന്ന ഓരോ കുട്ടിയുടെയും ഉത്തരവാദിത്തം ചുറ്റുമുള്ള മുതിര്‍ന്നവര്‍ക്ക് തന്നെയാണ്. നമ്മുടെ കുട്ടികള്‍ നമ്മുടെതല്ല, സമൂഹത്തിന്‍റേതാണെന്ന ഖലീല്‍ ജിബ്രാന്‍ ഫിലോസഫി ചിത്രം പറയാതെ പറയുന്നുണ്ട്.
"ഗപ്പി മത്സ്യം" വളര്‍ത്തി ഉപജീവനം നടത്തുന്ന ഗപ്പിയെന്ന കഥാപാത്രത്തിന്‍റെ ജീവിതവും ആ കഥാപാത്രത്തിന് അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങളുമാണ് സിനിമ. ഗപ്പിയെന്ന കഥാപാത്രത്തെ മാസ്റ്റര്‍ ചേതന്‍ മികച്ചതാക്കി. അരക്ക് താഴെ തളര്‍ന്ന അമ്മക്ക് വേണ്ടിയാണ് അവന്‍ ജീവിക്കുന്നത്. അമ്മക്ക് നല്‍കാനായി ഒരു കടയില്‍ കണ്ടുവെച്ച സാധനം വാങ്ങാനായി പണം സ്വരൂപിക്കുകയാണ് അവന്‍. ഇതിനായി ഗപ്പിയെ വളര്‍ത്തിയും ചായക്കടയില്‍ ജോലി ചെയ്തും പണം ഉണ്ടാക്കുന്ന നെട്ടോട്ടത്തിലാണ്. എന്നാല്‍, ആ നാട്ടിലേക്ക് പാലം പണിയാനായി എഞ്ചിനീയര്‍ വരുന്നതോടെ അവന്‍റെ സ്വപ്നങ്ങള്‍ക്ക് വിള്ളലേല്‍ക്കുന്നു. എഞ്ചിനീയറും ഗപ്പിയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനനുസരിച്ച് രണ്ടു പേരുടെയും ജീവിതത്തെ ഇത് സാരമായി ബാധിക്കുന്നു. വളരെ സാവധാനത്തില്‍ പോയിരുന്ന ചിത്രത്തിന് ചെറിയ മുറുക്കമുണ്ടാകുന്നത് എഞ്ചിനീയറിലും ഗപ്പിയിലും പ്രതികാരം വളരുമ്പോഴാണ്.
മനുഷ്യര്‍ക്കുള്ള ഏറ്റവും വലിയ ദോഷം അവന്‍റെ ദുര്‍വാശിയാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും അവന്‍ വാശിപിടിക്കുന്നു. ആ ദുര്‍വാശി അവനില്‍ പ്രതികാരമായി വളരുകയും തന്‍റെ പ്രതിയോഗിയെ എങ്ങിനെ ഇല്ലാതാക്കുമെന്നും ഓര്‍ത്ത് സമയം കളയുകയും ചെയ്യുന്നു. വളരെ സുഖകരമായി പോകുന്ന ഏതൊരാളുടെയും ജീവിതം ക്ലേശകരമാക്കുന്നതിന് പിന്നില്‍ ഇത്തരം നിരവധി കാരണങ്ങളുണ്ട്. എന്നാല്‍, ആത്യന്തികമായി ഒരു സമൂഹത്തിന് എന്നും നന്മ മാത്രമായിരിക്കും ഗുണകരമെന്ന് ചിത്രം പറയുന്നു. ഒരു ചെറിയ ചിത്രം കൊണ്ട് ഒരു വലിയ സന്ദേശം നല്‍കാനാണ് സംവിധായകന്‍ ശ്രമിച്ചതെന്ന് എടുത്ത് പറയേണ്ടതാണ്. അതിനാല്‍ തന്നെ ചിത്രത്തിന് ഇടക്കുണ്ടായ താളപ്പിഴകള്‍ക്ക് പ്രേക്ഷകര്‍ ചെവി കൊടുക്കാനിടയില്ല.
റിയലിസ്റ്റിക്കിന്‍റേയും അണ്‍ റിയലിസ്റ്റിക്കിന്‍റേയും ഇടയില്‍വെച്ച് സിനിമയൊരുക്കാനാണ് സംവിധായകന്‍ ശ്രമിച്ചുവെന്നാണ് ചിത്രം കാണുമ്പോള്‍ തോന്നുന്നത്. അതിനാല്‍ തന്നെയാവണം ചില രംഗങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരെ 'അണ്‍ റിയലിസ്റ്റി'ക്ക് ആക്കി എന്ന് പറയാതിരിക്കാനാവില്ല. എന്നാല്‍, ഇത് നവാഗത സംവിധായകന്‍റെ ചെറിയ പ്രശ്നങ്ങളായി മാത്രം ഇത് കണ്ടാൽ മതി. ചെറിയ കഥ കൊണ്ട് വലിയ ലോകം വരച്ചിടുകയായിരുന്നു സംവിധായകന്‍. കടലിനോട് ചേര്‍ന്ന മാസ്റ്റര്‍ ചേതന്‍റെ വീടും പരിസരവും കളര്‍ഫുളായി ചിത്രീകരിച്ചിട്ടുണ്ട്. ഒാരോ ഫ്രയിമും കളർഫുളാക്കി ചിത്രീകരിച്ച ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരന്‍റെ മികവ് അഭിനന്ദിക്കേണ്ടതാണ്.
എഞ്ചിനീയറായി വന്ന ടോവിനോയും വില്ലേജ് ഓഫീസറായി ദിലീഷ് പോത്തനും ഓഫീസിലെ ക്ലർക്കായി സുധീര്‍ കരമനയും തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. ചിത്രത്തിലെ ചില രംഗങ്ങളിലെല്ലാം മാജിദ് മജീദിയന്‍ ടച്ച് കൊണ്ടുവരാൻ സംവിധായകന്‍ ശ്രമിച്ചതായും തോന്നും. അതേസമയം, മുസ് ലിം കഥാപാത്രങ്ങള്‍ വരുമ്പോഴെല്ലാം വാര്‍പ്പ് മാതൃകകള്‍ കൊണ്ടു വരാനുള്ള ശ്രമവും കല്ലുകടിയാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.