ആധിപത്യത്തിനായുള്ള നെട്ടോട്ടം; ജെല്ലിക്കെട്ട് റിവ്യൂ
text_fieldsമാർകേസ് കഥകളിലെ മാജിക്കൽ റിയലിസത്തിൻെറ സൗന്ദര്യം സിനിമയിലേക്ക് ആവാഹിച്ച് ആമേനുമായി എത്തിയതോടെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകനെ മലയാളം ശ്രദ്ധിച്ചത്. ലിജോയുടേതായി പിന്നീടെത്തിയ അങ്കമാലി ഡയറീസും ഡബിൾ ബാരലും ഈ.മ.യൗവുമെല്ലാം മലയാള സിനിമയിലെ സാമ്പ്രദായിക സംവിധാനങ്ങളിൽ നിന്നുള്ള വഴിമാറി നടത്തമായിരുന്നു. സിനിമ സംവിധായകൻെറ കലയാണെന്ന് മലയാളി പ്രേക്ഷകനെ കൊണ്ട് വീണ്ടും പറയിച്ചതിൽ ലിജോ ജോസ് പെല്ലിശ്ശേരി വഹിച്ച പങ്ക് ചെറുതല്ല.
അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ച് കൈയടി വാങ്ങിയ ജല്ലിക്കെട്ടുമായി ലിജോയെത്തുേമ്പാൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരുന്നു. സിനിമയുടെ ടീസറിലൂടെയും ട്രൈയിലറിലൂടെയും ആരാധകരുടെ നെഞ്ചിടിപ്പേറ്റാനും സംവിധായകന് കഴിഞ്ഞു. നായകനും വില്ലനുമില്ലാതെ ഒരു പോത്തും അതിന് പിറകെയോടുന്ന ഒരുപറ്റം മനുഷ്യരേയുമാണ് സിനിമയിൽ കാണാൻ കഴിയുക.
കേരളത്തിലെ മലയോര കുടിയേറ്റ ഗ്രാമത്തിൽ ഇറച്ചിവെട്ടുകാരൻ വർക്കി(ചെമ്പൻ വിനോദ്) കശാപ്പുചെയ്യാനായി കൊണ്ടു വന്ന പോത്ത് കയറുപൊട്ടിച്ച് ഓടുന്നതും അതിനെ പിടിക്കാനായി ഗ്രാമീണർ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിൻെറ ഇതിവൃത്തം. സിനിമയെ മൊത്തത്തിൽ ഈയൊരു വരിയിൽ ഒതുക്കാമെങ്കിലും സൂക്ഷ്മാർഥത്തിൽ ഇതിലുമേറെ കാര്യങ്ങൾ സിനിമ പറയുന്നുണ്ട്. അതു തന്നെയാണ് ജല്ലിക്കെട്ടിൻെറ ഹൈലൈറ്റ്. എന്തിനെയും കീഴടക്കി മാത്രം ശീലിച്ച ഒരുകൂട്ടം ആളുകൾക്കിടയിൽ നിന്നാണ് പോത്ത് കയറും പൊട്ടിച്ച് ഓടുന്നത്. ആർക്കും കീഴടങ്ങാതെ കുതിച്ച് പായുന്ന പോത്ത് പലപ്പോഴും ആൾക്കൂട്ടത്തിൻെറ അഹംന്തയെ കൂടി മുറിപ്പെടുത്തുന്നുണ്ട്.
പോത്തിനെ പിടിക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് മനുഷ്യരെ മുന്നോട്ട് നയിക്കുന്നതെങ്കിലും ഇവർക്കിടയിലെ ആന്തരിക സംഘർഷങ്ങളെ കൃത്യമായി സിനിമ അടയാളപ്പെടുത്തുന്നുണ്ട്. മരണമുഖത്ത് നിൽക്കുേമ്പാഴും വർഷങ്ങൾ കഴിഞ്ഞിട്ടും അടങ്ങാത്ത പക പലരിലും വീണ്ടും പൈശാചിക ഭാവത്തോടെ ഉണരുന്നത് ചിത്രത്തിൽ കാണാം. സ്വന്തം ഭൂപ്രദേശത്ത് അല്ലെങ്കിൽ ഗ്രാമത്തിൽ അന്യനാട്ടുകാരൻെറ ഇടപ്പെടലുകൾ പരിധി വിടുേമ്പാൾ പോത്തിനെ മറന്ന് അവരോട് കലഹിക്കുന്നവരും ജല്ലിക്കെട്ടിൻെറ മുഖമാണ്. നിയമം നടപ്പാക്കേണ്ട അധികാരികൾ പോലും ആൾക്കൂട്ടത്തിൻെറ രൗദ്രതക്ക് കീഴ്പ്പെട്ട് അവരിലൊരുവനായി ഓടേണ്ടി വരുന്നതും സിനിമയിൽ കാണാം. പോത്തിൻെറ ഭ്രാന്തമായ പലായനത്തിനിടയിലും സദാചാരത്തിൻെറ സംരക്ഷകരാവുന്ന മനുഷ്യരേയും സംവിധായകൻ വരച്ചിടുന്നുണ്ട്.
മനുഷ്യരെ മൃഗങ്ങളിൽ നിന്ന് വേർതിരിക്കുന്നത് വർഷങ്ങളിലൂടെ അവൻ നേടിയ സാംസ്കാരികമായ ഔന്നിത്യമാണ്. എന്നാൽ, ഈ സാംസ്കാരിക മേന്മ തീർത്തും പൊള്ളയായ ഒന്നാണെന്ന് ജല്ലിക്കെട്ട് നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. "അവൻമാര് രണ്ടു കാലിൽ ഓടുന്നെങ്കിലും മൃഗമാ മൃഗം എന്ന് സിനിമയിലെ ഒരു കഥാപാത്രം പറയുന്നുണ്ട്". മനുഷ്യനിലുള്ളിൽ ഒളിഞ്ഞിരിക്കുന്ന മൃഗതീഷ്ണയെ തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ജൈവികമായ ആവാസ വ്യവസ്ഥയിൽ നിന്ന് തനിക്ക് ആവശ്യമില്ലാത്തതിനെയെല്ലാം തുരത്തി ആധിപത്യം ഉറപ്പിച്ച് അവിടെ ഒന്നാമതെത്താൻ പരസ്പരം കലഹിക്കുന്ന സ്വാർഥനായ മനുഷ്യരെയാണ് സംവിധായകൻ ദൃശ്യവൽക്കരിക്കുന്നത്. അവർക്കുള്ളിലെ പകയും പ്രതികാരവും കാമവും ക്രോധവുമെല്ലാം ആശയ തീവ്രവത ഒട്ടും ചോരാതെ ജല്ലിക്കെട്ടിൽ കാണാം.
സാങ്കേതികമായ മേന്മയാണ് സിനിമയുടെ പ്രധാന സവിശേഷത. തിയേറ്റർ വിട്ട് ഇറങ്ങിയാലും ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻെറ ഫ്രെയിമുകൾ നമ്മുടെ മനസിൽ തങ്ങി നിൽക്കുന്നതാണ്. പോത്തിനെ തേടിയിറങ്ങുന്ന ആൾക്കൂട്ടത്തിൻെറ രാത്രിയിലെ എരിയൽ ഷോട്ടുകൾ, കിണറ്റിൽ വീണ പോത്ത് മുകളിലേക്ക് നോക്കുന്ന ഷോട്ട്, ക്ലൈമാക്സിലെ മനുഷ്യ മതിൽ തുടങ്ങി ഗിരീഷ് ഗംഗാധരൻെറ കൈയൊപ്പ് പതിഞ്ഞ ദൃശ്യങ്ങൾ ജെല്ലിക്കെട്ടിൽ നിരവധിയാണ്. ലിജോയും പ്രശാന്ത് പിള്ളയും വീണ്ടും ഒന്നിക്കുേമ്പാൾ പശ്ചാത്തല സംഗീതത്തിലും ജല്ലിക്കെട്ട് ഏറെ മുന്നിലാണ്. സ്വാഭാവികമായ ശബ്ദങ്ങളിലൂടെ വികസിക്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിൻെറ ചടുലതക്ക് ചേരുന്നതാണ്.
എസ്.ഹരീഷിൻെറ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആധാരമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കെട്ട് ഒരുക്കിയിരിക്കുന്നത്. ഒരേ ലക്ഷ്യത്തിനായി ഒരുമിച്ച് ചേരുന്ന ഒരാൾക്കൂട്ടം ഉൾപ്പേറുന്ന ഹിംസ ജെല്ലക്കെട്ട് കാണുന്ന ഓരോ പ്രേക്ഷകനെയും അമ്പരപ്പിക്കുന്നതാണ്. ആൾക്കൂട്ടാക്രമണങ്ങളുടെ സമകാലിക കാലഘട്ടത്തിൽ ആൾക്കൂട്ടത്തിൻെറ രാഷ്ട്രീയം കൂടി സിനിമ പറയുന്നുണ്ട്. സിനിമ കാണുന്ന ഓരോ പ്രേക്ഷകനും വ്യത്യസ്തമായ കാഴ്ചാനുഭവമായിരിക്കും ജല്ലിക്കെട്ട് പകർന്നു നൽകുക.
ആഗോള സിനിമയിൽ മലയാളത്തിൻെറ അടയാളപ്പെടുത്തലാണ് ജല്ലിക്കെട്ട്. ദൃശ്യ മികവിനാലും സാങ്കേതിക മേന്മയാലും ഉൾപ്പേറുന്ന രാഷ്ട്രീയത്താലും മലയാള സിനിമയിൽ ഒരുപാട് ഉയരത്തിലാണ് ചിത്രത്തിൻെറ സ്ഥാനം. കേവലം ഒന്നര മണിക്കൂർ മാത്രമാണ് സിനിമയുടെ ദൈർഘ്യം. ഒന്നര മണിക്കൂറിനുള്ളിൽ പ്രേക്ഷകർക്ക് ദൃശ്യ വിരുന്ന് സമ്മാനിക്കാൻ ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകന് സാധിച്ചിട്ടുണ്ട്. സിനിമ തീരുേമ്പാൾ എഴുന്നേറ്റ് നിന്ന് കൈയടിക്കേണ്ട ചിത്രം തന്നെയാണ് ജല്ലിക്കെട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.