മാവോയിസ്റ്റ് വേട്ടയുടെ ഭരണകൂട രാഷ്ട്രീയം...
text_fieldsസംവിധാനം ചെയ്ത ഓരോ ചിത്രവും കൃത്യമായ ഓരോ രാഷ്ട്രീയ നിലപാടുകളെ ഊന്നിപ്പറയാന്‍ കെൽപുള്ളവയാക്കിയ സംവിധായകനാണ് ഡോ. ബിജു. സൈറയും വീട്ടിലേക്കുള്ള വഴിയും പേരറിയാത്തവരും അടക്കം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹത്തിന്‍റെ എല്ലാ ചിത്രങ്ങളും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിവിധ ജനവിഭാഗങ്ങളുടെ കഥ പറയുന്നവയാണ്. 'കാടു പൂക്കുന്ന നേരം' എന്ന ചിത്രവും ഇതേ പാത തന്നെയാണ് പിന്‍തുടരുന്നത്. ഭരണകൂടത്തിന്‍റെയും അധികാരി വര്‍ഗത്തിന്‍റെയും കാടിന്‍റെയും രാഷ്ട്രീയം പറയുന്ന ചിത്രത്തിന് ഇതിനോടകം തന്നെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും മറ്റുമായി നിരൂപക പ്രശംസ പിടിച്ചു പറ്റാന്‍ കഴിഞ്ഞിട്ടുണ്ട്.
ഭരണകൂടം നടത്തുന്ന മാവോയിസ്റ്റ് വേട്ട, യു.എ.പി.എ നിയമം, ആദിവാസി പ്രശ്‌നങ്ങള്‍ തുടങ്ങിയ കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. റീമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്, പ്രകാശ് ബാരെ, ഇന്ദ്രന്‍സ്, ഇര്‍ഷാദ് തുടങ്ങി അഭിനേതാക്കളെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ചിത്രത്തിലെ ഓരോ ഫ്രെയിമും സംഭാഷണവും തന്‍റെ രാഷ്ട്രീയ നിലപാട് ഉറക്കെ പറയാന്‍ സംവിധായകന്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തില്‍ കഥാപാത്രങ്ങളുടെ പേരുകള്‍ക്ക് യാതൊരു പ്രാധാന്യവും എഴുത്തുകാരന്‍ കൂടി ആയ സംവിധായകന്‍ നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മാവോയിസ്റ്റ് വേട്ടക്കായി കാടിനടുത്തുള്ള സ്‌കൂളിലെ താൽകാലിക പൊലീസ് ക്യാമ്പിലെത്തുന്ന ഇന്ദ്രജിത്തിന്‍റെ കഥാപാത്രം ഒരു ഘട്ടത്തില്‍ 'മാവോയിസ്റ്റ്' എന്ന് മുദ്ര കുത്തപ്പെടുന്ന റിമ കല്ലിങ്കലിന്‍റെ കഥാപാത്രത്തോടൊപ്പം കൊടുംകാട്ടില്‍ അകപ്പെട്ടു പോകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ കാതല്‍. ദിവസേനയെന്നോണം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന 'മാവോയിസ്റ്റ്' എന്ന വാക്കിനെ പല തരത്തില്‍ വ്യാഖ്യാനിക്കാന്‍ ഉള്ള ശ്രമം ചിത്രത്തിലുടനീളം കാണാം.
റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരിക്കല്‍ പോലും താന്‍ 'മാവോയിസ്റ്റ്' ആണ് എന്നു പറയുന്നില്ല. തന്‍റെ പേരു ചോദിക്കുന്ന പൊലീസുകാരനോട് മാവോയിസ്റ്റായി കണ്ടാല്‍ മതി, അതാണ് അധികാരി വര്‍ഗത്തിന്‍റെ സൗകര്യം എന്ന് പറയുന്നു. ഒാരോരുത്തരുടെയും കാഴ്ചപ്പാടിന് അനുസരിച്ചാണ് മാവോയിസ്റ്റും അല്ലാത്തവരും ആയി വ്യക്തികള്‍ 'ബ്രാന്‍ഡ്' ചെയ്യപ്പെടുന്നത് എന്നു കൂടി ചിത്രം സമര്‍ഥിക്കുന്നു. ആയുധം ഇല്ലാത്ത അധികാരി എത്രത്തോളം നിസഹായനാണ് എന്നും ചിത്രം കാണിച്ചു തരുന്നു.
പ്രകൃതിക്കും അരികുവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ മാവോയിസ്റ്റുകളാക്കി മുദ്രകുത്തപ്പെടുന്ന കാലഘട്ടത്തിന്‍റെ നേര്‍ക്കാഴ്ച കൂടി ആണ് 'കാടു പൂക്കുന്ന നേരം'. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മാവോയിസ്റ്റ് വേട്ടകളെയും കേരളത്തില്‍ അടുത്തിടെ നടന്ന മാവോയിസ്റ്റ് കൊലപാതകങ്ങളെയും കൂട്ടി വായിക്കുമ്പോഴാണ് ചിത്രം പറയുന്ന രാഷ്ടീയം പൂര്‍ത്തിയാകുന്നത്. ആണിന്‍റെ മുന്നില്‍, പെണ്ണ് എവിടെ ആണെങ്കിലും അവള്‍ ആത്യന്തികമായി ദുര്‍ബലയായ ജീവി മാത്രമാണ് എന്നും കൊല്ലുന്നതിനപ്പുറം 'മറ്റു പലതും' ചെയ്യാന്‍ പുരുഷനു കഴിയും എന്നും ഭീഷണിപ്പെടുത്തുന്ന ആണിന്‍റെ ചിന്താഗതിയെ വിമര്‍ശനാത്മകമായി അവതരിപ്പിക്കാന്‍ കൂടി കഥ ശ്രമിക്കുന്നുണ്ട്. ആണ്‍മേൽക്കോയ്മ അടക്കി വാഴുന്ന ഒരു സമൂഹത്തിന്‍റെ കാര്യം കൂടി കഥയില്‍ ഒളിഞ്ഞും തെളിഞ്ഞും സൂചിപ്പിക്കപ്പെടുന്നതായി കാണാം.
ദൃശ്യഭംഗിയിലും സാങ്കേതിക കാര്യങ്ങളിലും ചിത്രം നിലവാരം പുലര്‍ത്തുന്നുണ്ട്. കൂടിയ ചിലവിലുള്ള ആഖ്യാന രീതിയല്ല മറിച്ച് പറയുന്ന വിഷയത്തിന്‍റെ ആവശ്യാനുസരണമാണ് കാമറ, പശ്ചാത്തല സംഗീതം എന്നിവ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ കല്ലുകടി ആയിട്ടുള്ള ഗാനങ്ങളോ കാടിന്‍റെയും കാട്ടുമൃഗങ്ങളുടെയും ഭീകരത ജനിപ്പിക്കുന്ന ദൃശ്യങ്ങളോ ചിത്രത്തില്‍ കാണാനാവില്ല. എന്നാല്‍, കഥ ആവശ്യപ്പെടുന്ന എല്ലാം ചിത്രത്തിലുണ്ടുതാനും. സംവിധായകന്‍റെ മുന്‍ ചിത്രങ്ങളിലെ പോലെ തന്നെ വളരെ ലളിതമായ, വളച്ചു കെട്ടുകളില്ലാത്ത ഒരു കഥയാണ് കാടു പൂക്കുന്ന നേരവും പറയുന്നത്. അവതരണ രീതി കഥക്ക് അനുയോജ്യമായതാെത്സണെന്ന് എടുത്തു പറയേണ്ടതുണ്ട്. എം.ജെ രാധാകൃഷ്ണനാണ് ചിത്രത്തിനു വേണ്ടി കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
2016 സെപ്തംബറില്‍ മോണ്ട്‌റിയല്‍ ഫിലിം ഫെസ്റ്റവലിലാണ് 'കാടു പൂക്കുന്ന നേരം' ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ഐ.എഫ്.എഫ്.കെ അടക്കമുള്ള ചലച്ചിത്രമേളകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. സമീപ കാലത്തിറങ്ങിയ ഒറ്റാല്‍, ഒഴിവുദിവസത്തെ കളി തുടങ്ങിയ ചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ഒരു രാഷ്ട്രീയ ചലച്ചിത്രമാണ് 'കാടു പൂക്കുന്ന നേരം'. കൃത്യമായ നിലപാടുകളില്ലാത്ത നിരവധി ചിത്രങ്ങള്‍ ഇറങ്ങുന്ന ഒരു കാലഘട്ടത്തില്‍ ഈ ചിത്രം നല്‍കുന്ന സന്ദേശത്തിനും അതിന്‍റേതായ പ്രാധാന്യം ലഭിക്കുക തന്നെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.