കരി കാലൻ കാല-Review
text_fieldsകോർപ്പറേറ്റുകളുടെ ചൂഷണങ്ങൾക്കും രാഷ്ട്രീയ ജീർണതക്കും അഴിമതിക്കുമെതിരായെല്ലാം പോരാടുന്ന നായകർ തമിഴ് സിനിമയിൽ എക്കാലത്തും ഉണ്ടായിട്ടുണ്ട്. സ്റ്റൈൽ മന്നൻ രജനീകാന്തിെൻറ മുൻ ചിത്രങ്ങളും സമാനമായ വിഷയം പ്രമേയമാക്കിയിട്ടുണ്ട്. നല്ലവനായ നായകനും അയാളെ എതിരിടാനെത്തുന്ന ഭരണ-കോർപ്പേററ്റ് രംഗത്തെ സ്വാധീനമുള്ളവരും തമ്മിലുള്ള പോരാട്ടങ്ങളാണ് ഇത്തരം സിനിമകളിലെല്ലാം കാണാൻ കഴിയുക. രണ്ടര മണിക്കൂർ നേരം നായകെൻറ അതിമാനുഷിക പ്രകടനങ്ങൾക്കപ്പുറം കാര്യമായ രാഷ്ട്രീയം മുന്നോട്ട് വെക്കാൻ ഇത്തരം സിനിമകളൊന്നും ശ്രമിക്കാറില്ല. ഇവിടെയാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'കാല' വ്യത്യസ്തമാവുന്നത്. രജനി എന്ന സൂപ്പർതാരത്തിെൻറ ചിത്രമായിട്ട് കൂടി കേവലം മെലോഡ്രാമകൾക്കപ്പുറം കറുപ്പിെൻറ രാഷ്ട്രീയം മുന്നോട്ട് െവക്കാൻ കാലക്ക് കഴിയുന്നുണ്ട്.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം പുറത്ത് വരുന്ന രജനീകാന്തിെൻറ ആദ്യ ചിത്രമാണ് കാല. ബി.ജെ.പി പാളയത്തിലേക്ക് രജനി അടുക്കുന്ന എന്ന വാർത്തകൾക്കിടെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എന്നാൽ, രജിനിയുടെ രാഷ്ട്രീയ നിലപാടുകൾക്കുമപ്പുറം പാ രഞ്ജിത്തിെൻറ ചിത്രമായിട്ടായിരിക്കും കാല അറിയപ്പെടുക. പാ രഞ്ജിത്തിെൻറ മുൻ സിനിമകളിൽ കാണാനാവുന്ന അംബേദ്കർ ദലിത് രാഷ്ട്രീയത്തിെൻറ ബാക്കി തന്നെയാണ് കാലയിലും കാണാനാവുക. പാ രഞ്ജിത്ത് എന്ന സംവിധായകന് അഭിമാനിക്കാൻ വകനൽകുന്ന സിനിമ തന്നെയാണിത്.
കഥാപാത്ര സൃഷ്ടിയിലടക്കം ഒരു പാ രഞ്ജിത്ത് ടച്ച് കാണാം.കാലക്കൊപ്പം തന്നെ മറ്റ് കഥാപാത്രങ്ങൾക്ക് വ്യക്തിത്വം നൽകാൻ സംവിധായകന് കഴിയുന്നുണ്ട്. കാലയെ നിയന്ത്രിക്കാനും ശകാരിക്കാൻ പോലും കഴിയുന്ന ഭാര്യയായിയെത്തുന്ന സെൽവി. തെൻറ നിലപാടുകൾ ആർക്കു മുന്നിലും ഭയമില്ലാതെ പറയുന്ന സറീന. നാട്ടുകാരുടെ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ നിന്ന് വീറോടെ പോരാടുന്ന ചാരുമതി എന്നീ സ്ത്രീകഥാപാത്രങ്ങൾക്ക് പോലും കൃത്യമായ വ്യക്തിത്വം നൽകാൻ സംവിധായകന് കഴിയുന്നുണ്ട്. ഇൗ സൂഷ്മത ഒാരോ കഥാപാത്രസൃഷ്ടിയിലും സംവിധായകൻ പുലർത്തുന്നു.
ഭൂമിക്ക് വേണ്ടി നടന്ന പോരാട്ടങ്ങളെ ഒാർമിച്ചാണ് കാലയുടെ തുടക്കം. ഭൂമിക്കായുള്ള പോരാട്ടത്തിൽ വിജയിച്ചവർ ഉടമകളും പരാജയപ്പെട്ടവർ അടിമകളുമാവുന്നുവെന്ന് കാല പറയുന്നു. ചരിത്രത്തിലെ പോരാട്ടങ്ങളിൽ നിന്ന് ഇന്നിെൻറ മുംബൈയിേലക്കാണ് കാല പിന്നീട് സഞ്ചരിക്കുന്നത്. തിരുനെൽവേലിയിൽ നിന്ന് മുംബൈയിലെത്തി സ്വന്തം സാമ്രാജ്യം സ്ഥാപിച്ചതാണ് കാല കരികാലൻ. ധാരാവി ചേരിയും അതിന് ചുറ്റമുള്ള മനുഷ്യരുമാണ് അയാളുടെ ലോകം. പക്ഷേ നഗരം വളരുേമ്പാൾ ആ വളർച്ചക്ക് തടസമാകുന്ന ധാരാവിയെ ഇല്ലാതാക്കാൻ മുംബൈയിലെ രാഷ്ട്രീയ നേതൃത്വവും കോർപ്പറേറ്റ് ലോകവും ഒരുപോലെ ശ്രമിക്കുന്നു. രാഷ്്ട്രീയ-ഭരണരംഗങ്ങളിൽ സ്വാധീനമുള്ള ഹരി ദാദയാണ് ധാരാവിയിലെ ഭൂമിയിൽ കണ്ണുവെക്കുന്നത്. ധാരാവിയിൽ തെൻറ താൽപര്യങ്ങൾ നടപ്പാക്കാനായി ശ്രമിക്കുന്ന ഹരിദാദയും കരികാലനും തമ്മിലുള്ള പേരാട്ടമാണ് പിന്നീട് കാലയിൽ.
ഒറ്റനോട്ടത്തിൽ ക്ലിഷേ പ്രമേയമാണ് കാലയെന്ന് തോന്നുമെങ്കിലും ഇത്രത്തോളം രാഷ്ട്രീയം പറഞ്ഞ ഒരു സിനിമ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. കറുപ്പിെൻറ രാഷ്ട്രീയമാണ് കാല പറയുന്നത്. ബി.ആർ അംബേദ്കെറ പോലുള്ള നേതാക്കൾ ഉയർത്തിയ ദലിത് സത്വ രാഷ്ട്രീയത്തിെൻറ അലയൊലികൾ കാലയിൽ കാണാം. ഇതാണ് കാലയെ മറ്റ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
കാലയിലെ പ്രമേയഭൂമിക സൂഷ്മമായി വിശകലനം ചെയ്യുേമ്പാൾ ധാരാവിയിലെ ചേരിയിൽ ജീവിക്കുന്നവരിൽ കറുത്ത നിറമുള്ള ദലിതരായ സാധാരണ മനുഷ്യർക്കൊപ്പം ന്യൂനപക്ഷ വിഭാഗത്തിലെ മുസ്ലിംകളുമുണ്ട്. ഇവർ ചേർന്നാണ് ഹരിദാദക്കും കൂട്ടർക്കുമെതിരായുള്ള പോരാട്ടം നടത്തുന്നത്. സമകാലിക ഇന്ത്യയിൽ ഹിന്ദുത്വ ഫാസിസത്തിനെതിരായ പോരാട്ടങ്ങളിൽ മുന്നണി പോരാളികളായത് ദലിതരും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരുമായിരുന്നു. ഇൗ സമകാലിക പോരാട്ടങ്ങളെ കൂടി അടയാളപ്പെടുത്താനാവും ധാരാവിയിലെ ചേരിയെ പാ രജ്ഞിത്ത് ഇൗ വിധത്തിൽ സൃഷ്ടിച്ചത്.
ഹരിദാദയും കൂട്ടരും ധാരാവിയിലെ ഭൂമിയിൽ കണ്ണുവെച്ചെത്തുേമ്പാൾ ഒരുവേള കരികാലൻ പറയുന്നുണ്ട് ഭൂമി നിങ്ങൾക്ക് അധികാരമാണ് ഞങ്ങൾക്ക് ജീവിതവും. ഇൗ ഭൂമിയുടെ രാഷ്ട്രീയം കാലയിൽ ഉടനീളം കാണാനാവുക. എൻ.ജി.ഒയുടെ മറവിൽ ധാരാവിയിലെ ജനങ്ങൾക്ക് വികസനം കൊണ്ടുവരാനുള്ള ശ്രമത്തിലെ അപകടത്തെ കരികാലൻ കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്. വികസനത്തിനും കുടിയൊഴിപ്പിക്കലിനും തടസമാകുന്നവർക്കെതിരെ എല്ലായിടിത്തും ഭരണകൂടം പ്രയോഗിക്കുന്ന തന്ത്രം കാലയിലെ ധാരാവിയിലും നടപ്പിലാക്കുന്നു. പോരാട്ടം നടത്തുന്നവരെ കൊന്നൊടുക്കുന്ന ആ രാഷ്്ട്രീയ തന്ത്രമാണ് കാലയിലും ഭരണകൂടം പ്രയോഗിക്കുന്നത്. പൊലീസിെൻറ മൗനാനുവാദവും ജനങ്ങളെ കൊന്നൊടുക്കുന്നതിൽ കോർപ്പറേറ്റുകൾക്ക് ലഭിക്കുന്നു. ഇയൊരു സ്ഥിതിവിശേഷത്തിലാണ് അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെ കൊന്നൊടുക്കുന്നത് ഫാസിസമാണെന്ന് കാലയിലെ കഥാപാത്രമായ സെറീനക്ക് പറയേണ്ടി വരുന്നത്.
ഹരിദാദയുടെ ധാരാവിയിലെ ഇടപെടലും സാമൂഹിക മാധ്യമങ്ങളെയടക്കം ഉപയോഗപ്പെടുത്തി അതിനെതിരായ ജനങ്ങൾ നടത്തുന്ന പോരാട്ടങ്ങളും സമകാലിക ഇന്ത്യയിൽ പല സമരങ്ങളെയും ഒാർമിപ്പിക്കുന്നുണ്ട്. ശിവസേനയടക്കം മഹാരാഷ്ട്രയിൽ നടപ്പിലാക്കുന്ന മണ്ണിെൻറ മക്കൾ വാദവും കാലയിൽ പരാമർശിക്കുന്നുണ്ട്. ഇന്ന് മോദി സർക്കാർ ഉപയോഗിക്കുന്ന വികസനത്തിേൻറതായ ചില ബിംബങ്ങളെയും കാല വിമർശിക്കുന്നുണ്ട്. കാലയിൽ കടന്നുവരുന്ന പവർ മുംബൈ കേന്ദ്രസർക്കാറിെൻറ പല പദ്ധതികൾക്കുമുള്ള പരിഹാസമാവുന്നുണ്ട്.
കോർപ്പേററ്റ്, റിയൽ എസ്റ്റേറ്റ്, ഹിന്ദുത്വ രാഷ്ട്രീയത്തെ നിശിതമായി വിമർശിക്കുകയാണ് കരികാലെൻറ പോരാട്ടം. ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ പ്രതിനിധിയായ ഹരിദാദയെ കരികാലൻ എതിർക്കുന്നതോടെ സമകാലിക ഇന്ത്യൻ രാഷ്്ട്രീയത്തെ കൂടിയാണ് സിനിമ വിമർശിക്കുന്നത്. കാണാൻ എത്തുന്നവരോട് കാലുതൊട്ട് വണങ്ങാൻ ആവശ്യപ്പെടുന്ന ഹരിദാദയോട് ഒരുവേള സിനിമയിലെ കഥാപാത്രമായ സെറീന കൈ നൽകി കൊണ്ട് ഇങ്ങനെയാണ് ഒരാളെ ബഹുമാനിക്കേണ്ടതെന്ന് പറയുന്നുണ്ട്. ഇതിലുടെ ഇന്ത്യൻ സംസ്കാരത്തെ പോലും ഒരുവേള കാല വിമർശിക്കുന്നുണ്ട്.
കറുപ്പ്, ചുവപ്പ്, നീല എന്നീ നിറങ്ങളെ സ്ക്രീനിൽ കാണിച്ചാണ് കാല അവസാനിക്കുന്നത്. ഇതിൽ കറുപ്പ് ദലിതെൻറ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുേമ്പാൾ ചുവപ്പ് വിപ്ലവത്തെയും നീല അംബേദ്കർ രാഷ്ട്രീയത്തെയും പ്രതിനിധാനം ചെയ്യുന്നു. അതെ കാല ഒരു ചെറുത്ത് നിൽപ്പാണ് കോർപ്പറേറ്റ്, ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ദലിത്-ന്യൂനപക്ഷ-കമ്യൂണിസ്റ്റ്-അംബേദ്കർ രാഷ്ട്രീയം കൊണ്ടുള്ള ചെറുത്ത് നിൽപ്പ്. ഗെയിലും ദേശീയപാത വികസനവുമായി പാവപ്പെട്ടവെൻറ ഭൂമി പിടിച്ചെടുക്കാൻ കേരളത്തിലെ ഭരണകൂടം പോലും കച്ചകെട്ടിയിറങ്ങുന്നത് നമുക്ക് കാണാനാവും. അതിനെതിരായ പോരാട്ടങ്ങളെ തീവ്രവാദമെന്ന് മുദ്രകുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം പ്രവണതകൾക്കെതിരായ വിമർശനം കൂടിയാണ് രജനിയുടെ കാല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.