പൈപ്പിൻ ചുവട്ടിൽ പറഞ്ഞ പ്രണയം -Movie Review
text_fieldsലവകുശക്ക് ശേഷം നീരജ് മാധവ് നായകനായി വരുന്ന ചിത്രമാണ് 'പൈപ്പിൻ ചുവട്ടിലെ പ്രണയം'. തെറ്റായ ഗാനങ്ങളും ടീസറുകളും നൽകിയ വലിയ പ്രതീക്ഷകളിൽ നിന്നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഇവിടെ പണ്ടാരത്തുരുത്ത് എന്നറിയപ്പെടുന്ന ഒരു തുരുത്തിനെ പശ്ചാത്തലമാക്കി നവാഗതനായ ഡോമിൻ ഡിസിൽവ തമാശയവും പ്രണയവുമൊക്കെ പറയുമ്പോഴും ഈ ചിത്രത്തിലൂടെ ശക്തമായി വിരൽ ചൂണ്ടുന്നത് ജല ദൗർലഭ്യത സാധാരണക്കാരന്‍റെ ജീവിതത്തിൽ തീർക്കുന്ന ദുരിതങ്ങളിലേക്കാണ്. ചിത്രം പറഞ്ഞുവെക്കുന്നത് അത്രകണ്ട് നിസാരമായ പ്രശ്നങ്ങളല്ല. പണ്ടാരത്തുരുത്തിലെ ജനങ്ങൾകിടയിൽ പിണക്കങ്ങളും സങ്കടങ്ങളും കൂടിച്ചേരലുകളും ഉണ്ട്, പൈപ്പിൻ ചുവട്ടിലെ കാത്തിരിപ്പുകൾ ഉണ്ട്, അവിടെ പ്രണയങ്ങൾ പോലും ഉണ്ടാകപ്പെടുന്നുണ്ട്.
എന്നാൽ, ഇതേ പണ്ടാരത്തുരുത്തിലുള്ളവർക്ക് നേരിടേണ്ടി വരുന്നത് നിരവധി പ്രശ്നങ്ങളാണ്. ജലക്ഷാമം അനുഭവിക്കേണ്ടി വരുന്നുവെന്ന നിലയിൽ ആ പ്രശ്‌നങ്ങൾ കാലിക പ്രസക്തവുമാണ്. നൂറോളം കുടുംബങ്ങൾ ആണ് അവിടത്തെ താമസക്കാർ. ജലക്ഷാമവും ദുരിതങ്ങളും ഇല്ലായ്മകളും മാത്രം അനുഭവിക്കപ്പെടാൻ വിധികപ്പെടുമ്പോഴും ഉള്ളറിഞ്ഞു സ്നേഹിക്കാൻ സാധിക്കുന്ന, സ്നേഹം മാത്രം നൽകാൻ കഴിയുന്നവരാണ് അവിടെയുള്ളത്. ജോലിക്കും വിദ്യാഭ്യാസത്തിനും സമ്പത്തിനും അപ്പുറത്തോട്ട് കുടിവെള്ളം മുടങ്ങാതെ കിട്ടുന്ന ഒരു നാടെന്ന സ്വപ്നത്തെ മുൻനിർത്തി കൊണ്ട് മാത്രം അവിടത്തെ അച്ഛനമ്മമാർ പെണ്മക്കളെ തുരുത്തിനു പുറത്ത് കല്യാണം കഴിച്ചയക്കാനാണ് ആഗ്രഹിക്കുന്നത്.
തിരിച്ചതു പോലെ തുരുത്തിലെ ചെറുപ്പക്കാർക്ക് പെണ്ണ് കിട്ടാനും ബുദ്ധിമുട്ടാണ്. ഇതിനിടയിലാണ് ഒരേ തുരുത്തിലെ താമസക്കാരായ ഗോവിന്ദൻകുട്ടിയും ടീനയും പ്രണയിക്കുന്നത്. വ്യത്യസ്തമായ മതസ്ഥരായ അവരെ ഒന്നിപ്പിക്കുവാൻ അവിടെ തടസപ്പെടുത്തുന്നത് മതമല്ല. വിവാഹാനന്തരവും വെള്ളം കിട്ടാതെ പൈപ്പിൻ ചുവട്ടിൽ തന്നെ കുടവുമായി നിന്നു നരകിക്കേണ്ടി വരുമല്ലോ എന്ന ചിന്തയാണ്. കഥാഗതിയിൽ ഒരിടത്തുവെച്ച് ഇതേ ജലത്തിന്‍റെ പേരിൽ ഒരു ജീവൻ വരേ നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ആവശ്യാനുസരണം അവിടത്തുക്കാർ വ്യത്യസ്ത സമരമാർഗങ്ങൾ സ്വീകരിക്കുന്നത്. അത് വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെടുന്നതോടെ പൈപ്പിൻ ചുവട്ടിലെ പ്രണയം വിജയിക്കുന്നു.
സങ്കീർണമായൊരു കാലിക യാഥാർഥ്യം പറയുവാനായി പതിവ് ശൈലിയായ സമാന്തര സിനിമകൾ വിട്ട് പുതുരീതിയായ കോമർഷ്യൽ ടെക്‌നിക്കുകൾ ഉപയോഗപ്പെടുത്തി എന്നത് ചിത്രത്തെ പ്രേക്ഷകരോടടുപ്പിച്ചു നിർത്തുന്നു. കഥയുടെ ഗൗരവം നഷ്ടപ്പെടാത്ത വിധത്തിൽ ഹാസ്യത്തിൽ കഥ അവതരിപ്പിക്കുന്ന രീതിയാണ് സംവിധായകൻ ഡോമിൻ ഡിസിൽവ ഉപയോഗപ്പെടുത്തിയത്. അതിൽ അദ്ദേഹം വിജയിച്ചു എന്നു തന്നെ പറയാം. നീരജ് മാധവ്, ശരത് അപ്പാനി, അജു വർഗീസ്, റീബ മോണിക്ക, സുധി കോപ്പ, ധർമജൻ ബോൾഗാട്ടി, ഇന്ദ്രൻസ് തുടങ്ങിയവരുടെ മികച്ച പ്രകടനമാണ് ചിത്രത്തിൽ ഉടനീളം കാണുവാൻ സാധിക്കുന്നത്.
അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ താരനിരയും ഈ ചിത്രത്തിലെ തന്നെയാകണം. ഗോവൂട്ടി എന്നറിയപ്പെടുന്ന ഗോവിന്ദൻകുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നീരജിന്‍റെ ഇതുവരെയുള്ള അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ഈ പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലേതാണെന്ന് ഉറപ്പിക്കാം. ജേക്കബിന്‍റെ സ്വർഗരാജ്യതിന് ശേഷം റേബ മോണിക്ക നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ടീന എന്ന കഥാപാത്രത്തിലേക്ക് എത്തി ചേരുവാനായി റെബേക്കക്ക് എളുപ്പത്തിൽ സാധിച്ചു എന്നതും എടുത്തു പറയേണ്ടതാണ്. അതുപോലെ തന്നെ എടുത്തു പറയേണ്ട പ്രകടനമാണ് അയ്യപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി കോപ്പ. ഗംഭീര പ്രകടനമാണ് ഈ സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത്. രമ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രുതി ജയന്‍റെ പ്രകടനവും മികവുറ്റതായിരുന്നു. അങ്കമാലി ഡയറീസിലൂടെ വന്ന ഈ നടി കൂടുതൽ പ്രതീക്ഷയർപ്പിക്കുന്നു.
അജു വർഗീസിന്‍റെ കഥാപാത്രവും തിയറ്ററിൽ ചിരിയലകൾ ഉയർത്തുന്നു. അപ്പാനി രവിയുടെ കീടവും തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ജഫാർ ഇടുക്കിയും ഇന്ദ്രൻസും ഒക്കെ നമുക്കിടയിലെ ഒരാൾ പോലെ ആണെന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് ഈ ചിത്രത്തിൽ സമ്മാനിച്ചത്. കായൽ പശ്ചാത്തലത്തിന്‍റെ അനുഭവവേദ്യമായ കാഴ്ചകൾ പകർത്തുന്നതിൽ പവി കെ. പവന്‍റെ ഛായാഗ്രഹണം സിനിമയുടെ മാറ്റുകൂട്ടുന്നു. മികച്ച ദൃശ്യങ്ങളാണ് ക്യാമറാമാൻ ചിത്രത്തിനായി നൽകിയത്. ബിജിപാൽ ഈണം പകർന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും അതിമനോഹരം. നാടകീയ സംഭാഷണങ്ങൾക്കോ പ്രകടനങ്ങൾക്കോ സിനിമയിൽ സ്ഥാനമില്ല. രണ്ടു മണിക്കൂറോളം പ്രേക്ഷകരെ പണ്ടാരത്തുരുത്തിൽ നിർത്തുമ്പോഴും നിർത്തുമ്പോഴും ആ നിർത്തം ഒരുതരത്തിലും വിരസമായി പ്രേക്ഷകരെ ബാധിക്കുന്നില്ല എന്നതാണ് സിനിമയുടെ പൂർണ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.