ഭയത്തിന്‍റെ ‘നീരാളി’ക്കൈ
text_fieldsമരണത്തിനും ജീവിതത്തിനുമിടയില്‍ ഞാണിന്മേല്‍ തൂങ്ങിക്കിടക്കുന്ന ഒരാള്‍ക്ക് ഭയമെന്ന ഒറ്റ വികാരമെയുണ്ടാകൂ. ആ ഏറ്റമുട്ടല്‍ മണിക്കൂറുകളോളം നീളുമ്പോള്‍ ഭയം തന്നെ ഒരു കഥാപാത്രമായി മാറുന്നു. ഭയം പ്രേക്ഷകരെയും വരിഞ്ഞു മുറുക്കി മുള്‍മുനയില്‍ കൊണ്ട് നിറുത്തുന്ന അനുഭവമാണ് മോഹൻലാൽ -അജോയ് വർമ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘നീരാളി’കാണുമ്പോൾ ഉണ്ടാകുക. അത് കൊണ്ട് തന്നെയാണ് ബോളീവുഡ് സംവിധായകനും എഡിറ്ററും കൂടിയായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമായ ‘നീരാളി’ പുത്തന്‍ അനുഭവമാകുന്നത്. ഒന്നു തെറ്റിയാല്‍ എല്ലാം തീരുമെന്ന ഒറ്റയിരിപ്പില്‍ തന്‍റെ ഭാവ പകര്‍ച്ചകളാല്‍ ഭയത്തെ നിര്‍വചിക്കുകയാണ് ചിത്രത്തിൽ മോഹന്‍ ലാല്‍ എന്ന നടന്‍. ഭയത്തിനു മേല്‍ മുണ്ടുമടക്കി, മീശപിരിക്കുന്ന പതിവ് നായക വേഷങ്ങള്‍ക്കപ്പുറം ഭയവുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രമായി മാറുന്നുണ്ട് അദ്ദേഹം. അവിടെയാണ് ‘നീരാളി’ മലയാള സിനിമയിലെ ഒരു സര്‍വൈവല്‍ ത്രില്ലറായി വേറിട്ടുനില്‍ക്കുന്നത്.
വീരപ്പയും (സൂരജ് വെഞ്ഞാറമൂട്) അയാളുടെ പിക്കപ്പും രത്ന കല്ലുകളുടെ മൂല്യ നിര്‍ണ്ണയ വിദഗ്ദനായ സണ്ണി ജോര്‍ജും (മോഹന്‍ ലാല്‍) അകപ്പെടുന്ന അപകടമാണ് ‘നീരാളി’ എന്ന കഥയുടെ രണ്ട് മണിക്കൂര്‍. വലിയൊരു കൊല്ലിയിലേക്ക് പാതിയിലേറയും കടന്ന പിക്കപ്പിനെ ഒരു മരം താങ്ങി നിറുത്തുന്നിടത്ത് ‘നീരാളി’ കൈകള്‍ വിരിക്കുന്നത്. ഒന്നനങ്ങിയാല്‍ പിന്നെ ശൂന്യതയാകും. ആ വണ്ടിക്കുള്ളില്‍ ആ രണ്ട് പേര്‍ക്കും വില്ലനായി എത്തുന്ന ഭയത്തിനും ഇടയില്‍ പ്രേക്ഷകനെ ശ്വാസമടക്കി ഇരുത്താന്‍ അജോയ് വര്‍മയുടെ സിനിമാ പാടവത്തിന് കഴിഞ്ഞിട്ടുണ്ട്.
12 വര്‍ഷങ്ങള്‍ക്ക് ശേഷം അപ്പനാകാന്‍ പോകുന്ന, അതും ഇരട്ട കുട്ടികളുടെ അപ്പന്‍, സണ്ണി ജോര്‍ജാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാര്യ മോളിക്കുട്ടിയുടെ അടുത്തത്തൊനുള്ള യാത്രക്കിടെ അപകടത്തില്‍ പെടുന്നത്. സാധാ വീട്ടമ്മയായ മോളിക്കുട്ടിയാകട്ടെ ലേബര്‍ റൂമില്‍ കിടന്ന് ഭയത്തിന് അവരുടെതായ അര്‍ഥം മെനയുന്നു. ഇവര്‍ക്കിടയില്‍ മനുഷ്യ ബന്ധങ്ങളുടെ മറ്റൊരു ഭയ നിര്‍വചനമായി സണ്ണിയുടെ സുഹൃത്തായ നൈനയുമെത്തുന്നു.
ബംഗളുവുരിലെ ഓഫീസില്‍ നിന്ന് വീരപ്പക്ക് ഒപ്പം സണ്ണി പുറപ്പെടുമ്പോള്‍ തന്നെ ഭയം ആ പിക്കപ്പിനെ പിന്തുടരുന്നത് കാണാം. ഇടക്ക് അത് വീരപ്പയുടെ കണ്ണുകളില്‍ മിന്നിമറയുന്നുമുണ്ട്. പിക്കപ്പില്‍ ഒളിച്ചുവെച്ച രഹസ്യത്തെ വട്ടമിട്ടാണ് ഭയം ചുറ്റിപറക്കുന്നത്. എന്തൊ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ തുടക്കം മുതല്‍ കാഴ്ചക്കാരെയും പിന്തുടരുന്നു. അവിടേക്ക് കൈതോക്കുമായി മറ്റൊരാളും കടന്നുവരുന്നു. ഭയത്തിന്‍െറ നീരാളി കൈകളിലേക്കാണ് സജി തോമസിന്‍െറ സ്ക്രിപ്റ്റിലൂടെ എല്ലാവരെയും അജോയ് വര്‍മ കൊണ്ടെത്തിക്കുന്നത്. അവിടെ നായകനും പ്രതിനായകനും ഭയം മാത്രമായി മാറുന്നു.
രണ്ട് പതിറ്റാണ്ടായി ബോളീവുഡില്‍ എഡിറ്ററായി സജീവമായിരുന്ന മലയാളി അജോയ് വര്‍മ സംവിധായകനാകുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘നീരാളി’. ‘ചിന്താവിഷ്ടയായ ശ്യാമള’ യുടെ ഹിന്ദി പതിപ്പായ ‘എസ്.ആര്‍.കെ’ (2009), ‘പൊന്‍മുട്ടയിടുന്ന താറാവ്’ എന്ന മലയാള ചിത്രത്തിന്‍െറ ഹിന്ദി പതിപ്പായ മനോജ് വാജ്പേയി നായകനായ ‘ദസ് തോല’ (2010) എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ജോണ്‍ മാത്യു മാത്തന്‍െറയും രാം ഗോപാല്‍ വര്‍മയുടെയും ഇഷ്ട എഡിറ്ററായിരുന്നു അതുവരെ അജോയ്. സുഹൃത്ത് സാജു തോമസുമായി ചേര്‍ന്ന് വികസിച്ച കഥ ഫലിപ്പിക്കണമെങ്കില്‍ മോഹന്‍ ലാല്‍ തന്നെ വേണമെന്ന അദ്ദേഹത്തിന്‍റെ തിരിച്ചറിവ് വിജയിച്ചുവെന്ന് ചിത്രം കണ്ടാൽ മനസിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.