രണഭൂമിയിലെ കാഴ്ചകൾ -റിവ്യു
text_fieldsപ്രളയത്തിനിടയിൽ മുങ്ങിപ്പോയ മലയാള സിനിമ വീണ്ടും സജീവമാകുന്നതിന്‍റെ പ്രാരംഭമായാണ് 'രണം' തീയേറ്ററുകളിലെത്തി യത്. കറുത്ത വർഗക്കാരുടെ വിപ്ലവത്തിന് മുമ്പ് അമേരിക്കയുടെ ഓട്ടോമൊബൈൽ തലസ്ഥാനമായിരുന്ന ഡെട്രോയ്റ്റിന്‍റെ വർത്തമാന പരിസരത്തിലാണ് 'രണം' കഥപറയുന്നത്. അംബരചുംബികളായ കെട്ടിടങ്ങളുടെ പതിവ് അമേരിക്കൻ കഥകളിൽ നിന്നുമാറി കുടിയേറ്റക്കാരായ അധോലോകങ്ങളുടെയും ലഹരി മാഫിയകളുടെയും അവർക്കിടയിൽനിന്ന് രക്ഷ നേടാൻ ശ്രമിക്കുന്നവരുടെയും അതിജീവനപ്പോരാട്ടമാണ് ചിത്രം പറയുന്നത്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ചിത്രം ഒരുക്കുന്നതിൽ നവാഗത സംവിധായകനായ നിർമൽ സഹദേവ് വിജയിച്ചുവെന്ന് നിസംശയം പറയാം.
കുപ്രസിദ്ധിയാർജ്ജിച്ച അമേരിക്കയിലെ ഡിട്രോയിറ്റ് നഗരത്തിലെ ലഹരി മാഫിയകളുടെ 'ഗ്യാങ് വാറു'കളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സാഹചര്യങ്ങൾക്കിടയിൽ ഈ പോരാട്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആദി എന്ന കാർ മെക്കാനിക്കായാണ് പൃഥ്വിരാജെത്തുന്നത്. ശ്രീലങ്കൻ വേരുകളുള്ള ദാമോദറായി റഹ്മാനും വേഷമിടുന്നു. റഹ്മാന്‍റെ സഹോദരനായ സെൽവനായി അശ്വിൻകുമാറും നായികയായി ഇഷ തൽവാറുമാണ് എത്തുന്നത്.
മലയാള സിനിമകളിൽ ഇതുവരെ കാണാത്ത അമേരിക്കയുടെ മറ്റൊരു മുഖം ക്യാമറയിൽ പകർത്തുന്നതിലും അമേരിക്കൻ പ്രവാസികളെക്കുറിച്ചുള്ള ക്ലിഷേ കേട്ടുകേൾവികൾ തിരുത്തുന്നതിനും സംവിധായകൻ സിനിമയിലൂടെ ശ്രമിക്കുന്നുണ്ട്. സിനിമക്ക് വേണ്ട പശ്ചാത്തല സംഗീതമാണ് ജെയ്‌ക്സ് ബിജോയ് ഒരുക്കിയത്. അദ്ദേഹം തന്നെ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ റിലീസിന് മുൻപേ ഹിറ്റ്ലിസ്റ്റിൽ ഇടം ഇടംപിടിച്ചിരുന്നു .ജിഗ്മെ ടെൻസിങ്ങിന്‍റെ ഛായാഗ്രഹണം സിനിമക്ക് മുതൽ കൂട്ടാണ്. കഥയോട് ചേർന്ന് പോവുന്ന സ്വാഭാവികമായ ആക്ഷൻ സീക്വൻസുകളും സിനിമക്ക് ഗുണം ചെയ്തു.
സമീപകാല സിനിമകളിൽ വെച്ച് ഏറെ സ്റ്റൈലിഷായ വേഷം എന്നത് മാത്രമാകും ഈ സിനിമ പൃഥ്വിരാജ് എന്ന നടന് ബാക്കിവെക്കുക. റഹ്മാൻ എന്ന നടനെ ഉപയോഗിക്കാൻ മലയാള സിനിമ ഇനിയും പഠിച്ചിട്ടില്ല എന്നതിന്‍റെ പുതിയ ഉദാഹരണം കൂടിയാകുന്നുണ്ട് സിനിമ. എടുത്ത് പറയാവുന്ന ഒന്നും തന്നെ റഹ്മാന് തിരക്കഥയിൽ ഒരുക്കിയിട്ടില്ല. അശ്വിൻ കുമാർ ചെയ്ത സെൽവൻ ശരാശരിയിൽ ഒതുങ്ങിയപ്പോൾ നന്ദുവും ഇഷ തൽവാറും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ഒരു ക്രൈം സ്റ്റോറിക്ക് വേണ്ട വേഗതയോ താളമോ ഇല്ലാത്തത് പ്രേക്ഷകരെ നിരാശരാക്കുമെന്നതിൽ സംശയമില്ല. തമിഴും മലയാളവും ഇംഗ്ലീഷും ഇടകലർന്ന സംഭാഷണങ്ങൾ മനസ്സിലാക്കാൻ ശരാശരി പ്രേക്ഷകർ നന്നായി പാടുപെടേണ്ടിവരും. നായികക്ക് രക്ഷകനായി അവതരിക്കുന്ന മലയാള സിനിമകളിലെ കണ്ടു തഴമ്പിച്ച രംഗങ്ങളുടെ അമേരിക്കൻ പതിപ്പായും പലപ്പോഴും ചിത്രം മാറി.
വൈകാരിക രംഗങ്ങളിലൂടെ ഇമോഷണൽ ത്രില്ലറിലേക്ക് ചുവടുമാറാൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെന്ന കാര്യം പറയാതിരിക്കാനാവില്ല. മികച്ച സാങ്കേതിക സാഹചര്യങ്ങളുണ്ടായിട്ടും ഉപയോഗപ്പെടുത്താനാവാത്ത ശരാശരിയോ അതിന് താഴെയുള്ള വിദേശ നിർമിത മലയാളസിനിമകളുടെ ശ്രേണിയിലാകും രണവും അടയാളപ്പെടുത്തുക. രംഗങ്ങളുടെ മികവിനൊത്ത കാമ്പുള്ള കഥയും തിരക്കഥയും ചേർന്നിരുന്നെങ്കിൽ രണത്തിന്‍റെ വിധിമറ്റൊന്നായേനെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.