ആദിയുടെ വിഷാദവും കുതിച്ചു ചാട്ടവും... Review
text_fieldsസിനിമയില്ലാതെ ജീവിതമില്ല എന്നതും സിനിമ ചെയ്യാതെ ജീവിക്കാൻ സമ്മതിക്കില്ല എന്നതും തീർത്തും വ്യത്യസ്ഥമായ രണ്ടവസ്ഥകളാണ്. നമ്മുടെ പഴയകാല അഭിനേതാക്കളിൽ ഭൂരിഭാഗവും ആദ്യം പറഞ്ഞ വിഭാഗത്തിൽപെടുന്നവരാണ്. പുതിയ തലമുറയിലെ ചിലരെങ്കിലും രണ്ടാമത്തെ വിഭാഗത്തിൽപ്പെടും. നടന്‍റേയോ നടിയുടേയോ മക്കളെന്നത് സിനിമയിലെത്താനുള്ള മുന്നവകാശമായി അടുത്ത കാലത്ത് മാറിയിട്ടുണ്ട്. മലയാളത്തിലെ ഏറെ സ്നേഹിക്കപ്പെടുന്ന താരമായ മോഹൻലാലിന്‍റെ മകൻ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ആദി. സിനിമയുടെ നിർമാണവും വിതരണവുമെല്ലാം അച്ഛന്റേതാകുേമ്പാൾ പ്രേക്ഷകർക്കും ചില മുൻ ധാരണകൾ രൂപപ്പെേട്ടക്കാം. പക്ഷെ തന്‍റേതായ ചില നൈപുണ്യങ്ങൾ ഉള്ളയാളാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ആദിയിൽ പ്രണവ് മോഹൻലാൽ കാഴ്ച്ചവെക്കുന്നത്.
തന്‍റെ ആദ്യ സംരഭത്തിൽ അച്ഛനെ സ്നേഹിക്കുന്നവരുടെ വാത്സല്യം നേടിയെടുക്കാനെങ്കിലും ആദിക്കാകുന്നുണ്ട്. ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ആദിയൊരു കുടുംബ വിനോദ സിനിമയാണ്. പകുതിയോടടുക്കുേമ്പാൾ കഥക്കൊരു സ്തോഭജനകമായ അവസ്ഥ കൈവരുന്നുണ്ട്. മധ്യവർഗ കുടുംബത്തിലെ ഏക മകനായ ചെറുപ്പക്കാരനാണ് ആദി. പഠനമൊക്കെ അവസാനിപ്പിച്ച് സ്വന്തമായൊരു സ്വപ്നത്തിന് പിന്നാലെയാണ് ഇൗ യുവാവ്. അയാളുടെ ജീവിതത്തിേലക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. അത്രയൊന്നും പുതുമയില്ലാത്തൊരു വിഷയമാണിത്. നേർവഴിയിൽ കഥ പറഞ്ഞ് പോകുന്ന രീതി തന്നെയാണ് സംവിധായക ൻ സ്വീകരിച്ചിരിക്കുന്നത്. ആദിയുടെ മാതാപിതാക്കളായി സിദ്ദീഖും ലെനയും വേഷമിട്ടിരിക്കുന്നു.
സിദ്ദീഖ് പതിവ് തെറ്റിക്കാതെ തന്‍റെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. ലെന ചിലപ്പോഴൊക്കെ അൽപ്പം വൈകാരികമായല്ലേ പ്രതികരിക്കുന്നതെന്ന് തോന്നാം. അനുശ്രീ, അദിഥി രവി എന്നിവരാണ് പ്രധാനപ്പെട്ട രണ്ട് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിൽ അനുശ്രീയുടെ തന്മയത്വത്തോടെയുള്ള അഭിനയം രസം പകരും. സിജു വിത്സൺ, മേഘനാദൻ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. പ്രണവിനെ മുന്നിൽകണ്ട് പ്രണവിനായി സൃഷ്ടിക്കപ്പെട്ട കഥാപാത്രമാണ് ആദിയുടേത്. തീർച്ചയായും ഒരു നടനെന്ന നിലയിൽ ഭ്രൂണാവസ്ഥയിൽ തന്നെയാണ് ഇൗ ചെറുപ്പക്കാരനിപ്പോഴും. മുഖഭാവങ്ങളിലും സംഭാഷണങ്ങളിലും ഒരു പതർച്ച പ്രണവിനുണ്ട്.
പക്ഷെ ആദിയിൽ പ്രണവിന് മാത്രം കഴിയുന്ന ചില സാമർഥ്യങ്ങൾ സംവിധായകൻ നന്നായി ഉപയോഗിച്ചിട്ടുണ്ട്. സിനിമ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്ന മെയ്വഴക്കവും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളുമാണത്. പാർക്കൗർ എന്നറിയപ്പെടുന്ന ഇൗ രീതി ഹോളിവുഡിലൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. ഒാടിയും ചാടിയും കുത്തിമറിഞ്ഞുമൊക്കെ നീണ്ട് നിൽക്കുന്ന രംഗങ്ങളാണിത്. ഇത്തരം രംഗങ്ങൾ മലയാള സിനിമയിൽ അത്ര സുപരിചിതമല്ല. കാരണം ഇത് ചെയ്യാൻ കഴിയുന്ന നായകർ തൽക്കാലം മലയാളത്തിലില്ല. ഡ്യൂപ്പിനെ ഒഴിവാക്കിയും നന്നായി വിയർത്തും ഇൗ ചെറുപ്പക്കാരൻ തന്‍റെ കഥാപാത്രത്തിനായി അധ്വാനിച്ചിട്ടുണ്ട്. അതിന്‍റെ പേരിൽ നല്ല കൈയ്യടി സിനിമയിൽ പ്രണവ് അർഹിക്കുന്നുണ്ട്.
അനിൽ ജോൺസന്‍റെ സംഗീതം അത്ര കേമമല്ലെങ്കിലും പശ്ചാത്തല സംഗീതം മികച്ച് നിൽകുന്നു. സതീഷ് കുറുപ്പിന്‍റെ കാമറയും മികവോടു കൂടി അതിവേഗ രംഗങ്ങൾ പകർത്തിയിട്ടുണ്ട്. അവസാനമെത്തുേമ്പാൾ സംവിധായകന്‍റെ ഹോളിവുഡ് കമ്പം പതിയെ പുറത്ത് വരുന്നുണ്ട്. ഇവിടങ്ങളിൽ സിനിമക്ക് ചെറുതല്ലാത്ത ഇഴച്ചിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. എങ്കിലും കഥാതന്തുവിൽ നിന്ന് തെന്നിമാറാതെ അന്ത്യത്തിലെത്തിക്കാൻ അണിയറക്കാർക്കായി എന്നത് സിനിമക്ക് മുതൽക്കൂട്ടാണ്.
അൽപ്പം കുടുംബ വൈകാരികതയും ഇച്ചിരി കോമഡിയും മേെമ്പാടിയായി ഉദ്വോഗവും എല്ലാത്തിനും മുകളിൽ വ്യത്യസ്തമായ സംഘട്ടന രംഗങ്ങളും ചേർന്നൊരു ശരാശരി സിനിമയാണ് ആദി. ഒരു തുടക്കക്കാരന് നൽകേണ്ട ആനുകൂല്യങ്ങൾ പ്രേക്ഷകർ തീർച്ചയായും പ്രണവിന് നൽകുകയും ചെയ്യും. പ്രണവിന്‍റെ കഴിവുകൾക്കൊപ്പിച്ച് നന്നായി പ്ലാൻ ചെയ്തെടുത്ത സിനിമയാണിത്. വരും കാലത്തെ ദീർഘദൂര യാത്രകൾക്ക് കൂടുതൽ മികവ് ഇൗ ചെറുപ്പക്കാരൻ ആർജിക്കേണ്ടതുണ്ട്. അതിലേക്ക് ഇൗ യുവാവ് എത്തുമെന്ന് തന്നെയാണ് സിനിമ കണ്ട് കയ്യടിക്കുന്ന ഒാരോ പ്രേക്ഷകനും ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.