ഞണ്ടുകളുടേയും കീമോ ഭടന്മാരുടേയും യുദ്ധത്തിന്‍റെ കഥ Review
text_fieldsഞണ്ടുകളുമായി നിരന്തരം പോരാടുന്ന മനുഷ്യരേറെയുള്ള നാടാണ് നമ്മുടേത്. ദിനംപ്രതി അത് കൂടിക്കൂടി വരികയുമാണ്. എന്താണീ പോരാട്ടം എന്നേല്ല. അർബുദം എന്ന വ്യാധിയോടുള്ള പോരാട്ടമാണത്. ഞണ്ടുകളും അർബുദവും തമ്മിലെന്താണ്?. ലോക വ്യാപകമായി അർബുദത്തിന്‍റെ പ്രതീകമായി ഉപയോഗിക്കുന്ന രൂപം ഞണ്ടിന്‍റേതാണ്. അൽത്താഫ് സലീം സംവിധാനം ചെയ്ത് നിവിൻ പോളി നിർമ്മിക്കുകയും ഒപ്പം നായകനാവുകയും ചെയ്യുന്ന സിനിമ ഞണ്ടുകളും കീമോ ഭടന്മാരും തമ്മിലെ യുദ്ധത്തിന്‍റെ കഥയാണ്. മികച്ച പ്രമേയമാണിത്. ഗൗരവമായ വിഷയത്തെ മടുപ്പിക്കാതെ, ഭയപ്പെടുത്താതെ ഹൃദയത്തിൽ തൊടുംവിധം അവതരിപ്പിച്ചിരിക്കുന്നു. അൽതാഫിന്‍റെ ആദ്യ സിനിമയാണിത്. അതിന്‍റെ കൈയടക്കക്കുറവൊന്നും സിനിമയിൽ പ്രതിഫലിക്കുന്നില്ല. നല്ലൊരു ടീമിനൊപ്പം ചേർന്നതിന്‍റെ ഗുണം സിനിമയിലെ പുതുക്കക്കാർക്ക് കിട്ടിയിട്ടുണ്ട്.
‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ഒരു വീട്ടമ്മയുടെ കഥയാണ്. ഷീല ചാക്കോ എന്ന കോളജ് അധ്യാപികയാണത്. അവരുടെ കുടുംബത്തിന്‍റെ പോരാട്ടവും അതിജീവനവുമാണ് സിനിമയുടെ പ്രമേയം. ശാന്തികൃഷ്ണയാണ് ഷീല ചാക്കോയെ അവതരിപ്പിക്കുന്നത്. ഏറെക്കാലത്തിന് ശേഷമുള്ള ശാന്തിയുടെ സിനിമയിലേക്കുള്ള മടങ്ങിവരവ് മികച്ചതാണെന്ന് പറയാം. കാൻസറിനെതിരായ പോരാട്ടത്തിന്‍റെ കഥയാണ് സിനിമയെന്ന് പറയുേമ്പാൾ ഗൗരവപൂർണ്ണമായ ചില ചിന്തകൾ കടന്നുവരാൻ സാധ്യതയുണ്ട്. പക്ഷെ ഇൗ സിനിമ അത്ര ഗഹനചിന്തകൾ ഉൾക്കൊള്ളുന്നില്ല. അല്ലെങ്കിൽ തത്വജ്ഞാനത്തെ മൃദുവാക്കുന്ന സെൻ ബുദ്ധിസത്തോടും ബീർബൽ കഥകളോടുമൊക്കെ സാമ്യമുള്ള പ്രമേയ പരിസരമാണ് സിനിമക്ക്. ഇത്തിരി നർമം ചേർത്ത് ബീർബൽ നിറഞ്ഞാടിയ ജീവിതം അക്ബറിനെയെന്ന പോലെ ലോകത്തെയാകമാനം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകും ചെയ്തിട്ടുണ്ട്. ചിലപ്പോഴൊക്കെ പരസ്പരം ചേരാത്ത ഖണ്ഡം ഖണ്ഡമായ രംഗങ്ങൾ ചേർത്തൊരുക്കിയ സിനിമയാണിതെന്ന് തോന്നും. അതൊരുപക്ഷെ തിരക്കഥയിലെ പൊരുത്തക്കേടുകളാകാം.
സിനിമയിൽ എങ്ങിനൊക്കെ തമാശകൾ സൃഷ്ടിക്കാം. തമാശക്കു വേണ്ട രംഗങ്ങൾ സൃഷ്ടിക്കുകയാണ് ഒന്നാമത്തെ മാർഗം. മറ്റൊന്ന് സംഭാഷണങ്ങളിലൂടെ ഹാസ്യം രൂപപ്പെടുത്തുകയാണ്. ആദ്യത്തേതിനെ സിറ്റുവേഷണൽ കോമഡി അഥവാ രംഗഹാസ്യം എന്ന് പറയും. മലയാളത്തിൽ മികച്ച രംഗഹാസ്യങ്ങൾ ഒരുക്കിയ സംവിധായക കൂട്ടായിരുന്നു സിദ്ദിഖ് ലാലിന്‍റേത്. ഇൻ ഹരിഹർ നഗറും, ഗോഡ് ഫാദറും, റാംജീറാവു സ്പീക്കിങ്ങും ഇത്തരം രംഗങ്ങളാൽ സജീവമാണ്. ഇൗ സിനിമകളിലെ മിക്ക രംഗങ്ങളും ഹാസ്യത്തിന്‍റെ മഹിത മാതൃകകളാണ്. സിദ്ദീഖും ലാലും ഒരുമിച്ചുണ്ടായിരുന്നപ്പോൾ ഇതൊരു ക്ലാസിക് നിലവാരത്തിലായിരുന്നു പിറന്നിരുന്നത്. സിദ്ദിഖ് ഒറ്റക്ക് ഒരുക്കിയ ഫ്രണ്ട്സിലെ ശ്രീനിവാസൻ ചിരച്ച് മണ്ണുകപ്പുന്ന രംഗം ഒന്നോർത്ത് നോക്കു. എത്ര തവണ കണ്ടാലും നാം ഇൗ രംഗമെത്തുേമ്പാൾ വീണ്ടും ചിരിച്ചുപോകും.
സിദ്ദീഖിന്‍റെ തന്നെ ക്രോണിക് ബാച്ചിലറിലെ മദ്യപനുമായുള്ള മൽപ്പിടിത്ത രംഗമൊക്കെ ഇൗ നിലവാര പരമ്പരയിലെ അവസാന കണ്ണികളിലായിരുന്നു. ഇപ്പോൾ ഇത്തരം രംഗങ്ങൾ അപൂർവ്വമായി മാറിയിരിക്കുന്നു. രംഗഹാസ്യം രൂപപ്പെടുത്തുന്നതിന് നല്ല ശ്രമം വേണം, അനുഭവം വേണം, പ്രതിഭ വേണം. മറ്റൊന്ന് സംഭാഷണ ഹാസ്യമാണ്. പലപ്പോഴും അശ്ലീലമെന്നൊക്കെ നാം പറയുന്ന പുതിയ കാല ഹാസ്യം സംഭാഷണ ഹാസ്യമാണ്. ഇത് വേഗത്തിൽ ദ്വയാർഥങ്ങളിലേക്ക് വഴിെതറ്റാൻ സാധ്യതയുണ്ട്. ഞണ്ടുകളുടെ നാട്ടിൽ സംഭാഷണ ഹാസ്യമാണ് അധികവും. അതൊരു നല്ല നിലവാരത്തിൽ ചെയ്യാൻ അണിയറക്കാർക്കായിട്ടുണ്ട്. അശ്ലീലമോ ദ്വയാർഥ പ്രയോഗങ്ങളോ സിനിമയിലില്ല. വിവിധ രംഗങ്ങൾ തമ്മിലെ ചേർച്ചയില്ലായ്മ ചിലപ്പോഴൊക്കെ കല്ലുകടി ആകുമെങ്കിലും തുടക്കക്കാരുടെ നല്ല ശ്രമമെന്ന് ഇളവ് നൽകാവുന്ന മികവ് ഞണ്ടുകൾക്കുണ്ട്.
സിനിമയുടെ എടുത്തുപറയേണ്ടുന്ന പോരായ്മ കഥാപാത്ര സൃഷ്ടിയിലെ വൈവിധ്യരാഹിത്യമാണ്. ഇതിലെ മിക്കവാറും എല്ലാ കഥാപാത്രങ്ങളും ഒരുപോലെ സംസാരിക്കുന്നവരും ഒരുപോലെ പെരുമാറുന്നവരുമാണ്. സമഗ്രതയിൽ പരിശോധിക്കുേമ്പാൾ സിനിമയെ വികലമാക്കുന്ന പ്രധാനഘടകം കഥാപാത്രങ്ങളുടെ ഇൗ വ്യക്തിത്വമില്ലായ്മയാണ്. മരിക്കാൻ കിടക്കുന്ന വല്യപ്പച്ഛനും അയാളെ പരിചരിക്കാനെത്തുന്ന യേശുദാസെന്ന ചെറുപ്പക്കാരനും നായകൻ കുര്യനും കാമുകി റേച്ചലും ഡോക്ടർ സൈജുവും ഒരുപോലെ പറയുകയും പെരുമാറുകയും ചെയ്യുന്നതിലെ അസഹ്യത പ്രേക്ഷകർക്ക് കുറച്ച് അസ്ക്യത ഉണ്ടാക്കും. സംവിധായകൻ അൽത്താഫ് സലീം നിവിനോടൊപ്പം അഭിനയിച്ച സഖാവ് സിനിമയിലെ അൽത്താഫിന്‍റെ തന്നെ സംഭാഷണങ്ങളുടെ ശൈലിയാണ് ഞണ്ടുകളിലെ എല്ലാ കഥാപാത്രങ്ങളുടേയും വർത്തമാനങ്ങൾക്കെന്ന് പറഞ്ഞാൽ അത് അതിശയോക്തി ആകില്ല.
'ജേക്കബിന്‍റെ സ്വർഗരാജ്യം' എന്ന സിനിമയോടാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളക്ക് സാമ്യം പറയാവുന്നത്. കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും മാതാവിന്‍റെ കേന്ദ്ര സ്ഥാനാേരാഹണവും ക്രിസ്ത്യൻ പശ്ചാത്തലവും ഒക്കെയാകാം കാരണം. എല്ലാ പോരായ്മകൾക്കിടയിലും സിനിമ നിങ്ങളെ ചിരിപ്പിക്കുകയും മടുപ്പിനെ അകറ്റി നിർത്തുകയും ചെയ്യും. ഞണ്ടുകളുടെ ആക്രമണം പെരുകുന്ന കാലത്ത് അത്തരം മനുഷ്യർക്കും കുടുംബങ്ങൾക്കും എളുപ്പത്തിൽ താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന സിനിമയാണിത്. വേദനകൾ പെരുകുന്ന ലോകത്ത് നേർത്ത രസച്ചരട് പൊട്ടാതെ ജീവിതത്തെ മുന്നോട്ട് നയിക്കാൻ സിനിമ ചിലർക്കെങ്കിലും പ്രചോദനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.