സൂഫിയും സുജാതയും; പ്രണയവീഞ്ഞുകളുടെ പുതിയ കുപ്പികൾ
text_fieldsനൂറ് ദിവസത്തെ സിനിമ വരൾച്ചക്കുശേഷം മോളിവുഡിൽ റിലീസ്ചെയ്ത സിനിമയാണ് സൂഫിയും സുജാതയും. നിരവധി വിവാദങ്ങളും വിപ്ലവകരമായ പലമാറ്റങ്ങളും സിനിമയുടെ പുറത്തിറങ്ങലുമായി ബന്ധപ്പെട്ട് മലയാളത്തിലുണ്ടായി. ഓവർ ദി ടോപ്പ് (ഒ.ടി.ടി) പ്ലാറ്റ്ഫോമിലൂടെ പുറത്തുവന്ന ആദ്യ മലയാള സിനിമയാണ് സൂഫിയും സുജാതയും. ആമസോൺ ൈപ്രമിലാണ് സിനിമ റിലീസ് ചെയ്തത്. ചെറിയൊരുവിഭാഗം പ്രേക്ഷകരെങ്കിലും ഒ.ടി.ടി എന്ന പുതിയ മേച്ചിൽപ്പുറം അന്വേഷിച്ചെത്തി എന്നതാണ് ഇക്കാലയളവിലുണ്ടായ വിപ്ലവം.
സിനിമയുടെ ഇരുട്ടും വെളിച്ചവും
സിനിമയെ സ്വകാര്യ അനുഭവമാക്കുന്നതിൽ തീയറ്ററുകൾക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. തടസമില്ലാതെ, ഒറ്റ ഇടവേളയിൽ തുടർച്ചയായൊരു കലാനുഭവം ഒരുക്കുന്നതിലും തീയറ്ററുകൾ കാര്യമായ പങ്കുവഹിച്ചിരുന്നു. ഒ.ടി.ടിയിൽ ഇത്തരം സാധ്യതകൾ കുറവാണ്. അവിടെ നിങ്ങൾ സിനിമ കാണുന്നത് ചിലപ്പൊ മൊബൈലിലികാം. അല്ലെങ്കിൽ ലാപ്ടോപ്പിലൊ ഡെസ്ക്ടോപ്പിലൊ ആകാം.
സിനിമയോട് അത്രയധികം അഭിനിവേശമുള്ളവർ സ്വകാര്യമായൊരുക്കുന്ന പ്രൊജക്ടർ ഉപയോഗിച്ചെന്നും വരാം. പക്ഷെ അതൊന്നും ഒരു തീയറ്റർ അനുഭവം സാധ്യമാക്കുകയില്ല. ആസ്വാദനത്തെ തടസപ്പെടുത്തുന്ന മറ്റൊരു പ്രശ്നമാണ് ഇടവേളകൾ. എപ്പോൾ വേണമെങ്കിലും കാണാമെന്ന സൗകര്യം പ്രേക്ഷകനെ അലസനും ഗൗരവമില്ലാത്തവനുമാക്കും. ഒരു മഹാമാരി പടിവാതിൽക്കൽ വന്നുനിൽക്കുന്ന ഇക്കാലത്ത് നമ്മുക്കീ കുറവുകളെല്ലാം മാറ്റിവയ്ക്കാം. പുതിയ സിനിമ ഉത്സവത്തിൽ പങ്കുചേരാം.
സൂഫിക്കും സുജാതക്കുമൊപ്പം
സൂഫിയും സുജാതയും ഒരു കുഞ്ഞ് സിനിമയാണ്. വലിയ ബഹളങ്ങളൊ ആൾക്കൂട്ടമൊ ഒന്നുമില്ലിതിൽ. ഇതൊരു പ്രണയ സിനിമയാണെന്ന് നിസംശയം പറയാം. കാരണം പ്രണയം മാത്രമാണിതിലുള്ളത്. മലയാളത്തിൽ നാം ഇതുവരെ പരിചയിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. കാസർഗോട്ടെ ഒരു അതിർത്തി ഗ്രാമമാണ് സിനിമ നടക്കുന്ന സ്ഥലം. ദർഗകളും ജിന്നുകളും പഴയ തറവാടുകളും പഴഞ്ചൻ മനുഷ്യരും അന്ധവിശ്വാസങ്ങളും നിറഞ്ഞുനിൽക്കുന്ന ഗ്രാമമാണിത്. ഇവിടത്തെ രണ്ട് മനുഷ്യർ തമ്മിൽ ഉടലെടുക്കുന്ന അസാധാരണ പ്രണയമാണ് സൂഫിയും സുജാതയും പറയുന്നത്. സൂഫി പശ്ചാത്തലം ഉള്ളതുകൊണ്ടുതന്നെ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. മനസിൽ തങ്ങിനിൽക്കുന്നില്ലെങ്കിലും കഥാ പശ്ചാത്തലത്തിന് ചേരുന്നതാണ് സംഗീതം.
കഥയും കഥാപാത്രങ്ങളും
സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ സുജാതയേയും സൂഫിയേയും അവതരിപ്പിക്കുന്നത് അദിതി റാവു ഹൈദരിയും ദേവ് മോഹനുമാണ്. ദേവ് മോഹെൻറ അരങ്ങേറ്റ സിനിമയാണിത്. മറ്റൊരു പ്രധാന കഥാപാത്രമായ രാജീവായി നടൻ ജയസൂര്യയും അഭിനയിക്കുന്നു. സിദ്ദിഖ്, ഹരീഷ് കണാരൻ, കലാരഞ്ജിനി, മാമുക്കോയ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രമുഖമായൊരു നായർ തറവാട്ടിലെ ഒറ്റമോളാണ് സുജാത. അവൾക്ക് സംസാരിക്കാൻ കഴിയില്ല. നൃത്തമാണവളുടെ ലോകം. ഇവിേടക്ക് ദേവ് മോഹെൻറ സൂഫി കടന്നുവരുന്നതും അവർ തമ്മിൽ പ്രണയം ഉടലെടുക്കുന്നതുമാണ് സിനിമ പറയുന്നത്. ജിന്ന് പളളിയെന്ന ദർഗ കേന്ദ്രീകരിച്ചാണ് സിനിമ വികസിക്കുന്നത്. നാട്ടിലെ സിദ്ധനായ അബൂബ് തങ്ങളുടെ ശിഷ്യനാണ് സൂഫി. സൂഫിസത്തിലെ സംഗീതവും നൃത്തവും മിത്തുകളും വിശ്വാസങ്ങളുമെല്ലാം സിനിമയിലുടനീളം ഇഴചേർന്നിരിക്കുന്നു.
സിനിമയുടെ രാഷ്ട്രീയം
പ്രണയമാണ് സൂഫിയും സുജാതയിലേയും രാഷ്ട്രീയം. വിവാദമായേക്കാവുന്ന മറ്റ് വിഷയങ്ങളെയൊന്നും സിനിമ സ്പർശിച്ചിട്ടേയില്ല. സൂഫിയുടേയും സുജാതയുടേയും പ്രണയത്തിൽ പതിവുപോലെ വില്ലന്മാരാകുന്നത് മതവും മാതാപിതാക്കളും തന്നെ. ചിലയിടങ്ങളിലെല്ലാം ലൗ ജിഹാദ് പോലെ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളെ ഒന്ന് പരാമർശിച്ച് പോകുന്നതല്ലാതെ അതൊന്നും കൈകാര്യം ചെയ്യാൻ സംവിധായകൻ നരണിപ്പുഴ ഷാനവാസ് ശ്രമിച്ചിട്ടില്ല. എല്ലാത്തരത്തിലും വ്യത്യസ്തരായ രണ്ടുമനുഷ്യർ തമ്മിലുണ്ടാകുന്ന പ്രണയവും സംഘർഷവും നേർരേഖയിൽ പറഞ്ഞുപോവുകയാണ് അണിയറക്കാർ ചെയ്തിരിക്കുന്നത്. സിനിമയെ വിരസമാക്കുന്നതും ഈയൊരു സമീപനമാണ്. സൂഫിയും സുജാതയും നൽകുന്ന സിനിമാനുഭം ശൂന്യമാണ്.
വിധി
പറഞ്ഞു പഴകിയൊരു കഥാസന്ദർഭത്തെ പുതിയരീതിയിൽ അവതരിപ്പിക്കുകയാണ് സിനിമ ചെയ്തിരിക്കുന്നത്. അതിൽ സംവിധാനപരമായൊരു മേന്മയൊ കലാപരമായ ഉൾക്കാഴ്ചയൊ രാഷ്ട്രീയമായ നവഭാവുകത്വമൊ െകാണ്ടുവരാൻ സിനിമക്കാകുന്നില്ല. ഒരു ടി.വി പരമ്പരക്കുവേണ്ട അസംസ്കൃതവസ്തു മാത്രമാണിതിലുള്ളത്. അതിൽ ദുർബലമായ ചില കൂട്ടിച്ചേർക്കലുകൾ മാത്രമെയുള്ളു. അഭിനേതാക്കൾ തങ്ങളുടെ ഭാഗം നന്നായി പൂർത്തിയാക്കിയിട്ടുണ്ട്. പലർക്കുംകാര്യമായൊന്നും ചെയ്യാനില്ലെന്നതും സത്യമാണ്. സൂഫിക്കും സുജാതക്കും അഞ്ചിൽ രണ്ടര മാർക്ക്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.