‘വരത്തന്‍റെ’ കാഴ്ചകൾ -റിവ്യൂ
text_fieldsഅപരന്‍റെ സ്വകാര്യതയിലേക്ക് കണ്ണുനട്ടിരിക്കുന്ന നിരാശരായ മലയാളികളുടെ നേർക്ക് തുറുന്നുവെച്ച കണ്ണാണ് അമൽ നീരദിന്‍റെ 'വരത്തൻ'. വന്ന് കൂടിയവരെല്ലാം അപരിചിതരാണെന്നും അവരുടെ സ്വകാര്യത തങ്ങളുടെ ഔദാര്യമാണെന്നും കരുതുന്ന കേരളത്തിലെ ഏത് നഗര, ഗ്രാമ സമൂഹത്തോടും നമുക്കീ സിനിമയിലെ വില്ലനെ സാദൃശ്യപ്പെടുത്താം. നാട്ടിൻപുറം നന്മകളാൽ സമൃദ്ധമാണെന്ന പതിവ് മലയാള സിനിമാ ധാരണകളെ തകർത്തെറിയുന്നുണ്ട് ഈ സിനിമ. ദുബൈ നഗരത്തിൽ നിന്നും ഹൈറേഞ്ചിലെ ഗ്രാമത്തിലേക്ക് സ്വാസ്ഥ്യം തേടിയെത്തുന്ന ദമ്പതികളിലൂടെയാണ് സിനിമ തുടങ്ങുന്നത്. തിരക്കേറിയ ടെക്കി ലോകത്ത് നിന്ന് പുറത്താക്കപ്പെടുമ്പോഴുള്ള സ്ട്രെസ്സിനെ അതിജീവിക്കാൻ വേണ്ടി ഒരു താൽകാലിക മാറ്റം ആഗ്രഹിച്ചെത്തുന്ന ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന അവിചാരിത സംഭവവികാസങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.
പതിവ് അമൽ നീരദ് സിനിമകളിൽ നിന്നും ഏറെ മാറ്റമുണ്ട് വരുത്തന്. തുടക്കം മുതലേയുള്ള ചടുലതാളങ്ങളും കാമറാ ചലനങ്ങളുമുള്ള അമൽ നീരജ് സ്റ്റൈലിൽ നിന്ന് മാറി വളരെ പതുക്കെയാണ് ആദ്യ പകുതി സിനിമ സഞ്ചരിക്കുന്നത്. ഹൈറേഞ്ചിലെ വീടും താൻ ജനിച്ചു വളർന്ന വീട്ടിലും പരിസരങ്ങളിലും ആശ്വാസം കണ്ടെത്തുന്ന നായികക്ക് അവിടെ ലഭിക്കുന്നത് അവിചാരിതമായ അസ്വസ്ഥതകളാണ്. തന്നെ നിർത്താതെ പിൻതുടരുന്ന അദൃശ്യ കണ്ണുകളിൽ അസ്വസ്ഥതയാകുന്ന അവൾക്ക് പലപ്പോഴും ഭർത്താവിന്‍റെ സംയമനത്തിൽ വല്ലാതെ തകർന്നു പോകുന്നുമുണ്ട്. പേടിപ്പെടുത്തുന്ന ഒരു സ്വത്വത്തെ പോലെ തന്നെ പിൻതുടരുന്നത് അതീന്ദ്രിയ ശകതികളല്ലെന്നും അത് തന്‍റെ ശരീരത്തെ കാമിക്കുന്ന അപരന്‍റെ ഒളിക്കണ്ണുകളാണെന്നും അവൾ തിരിച്ചറിയുന്നു. കുട്ടികാലം തൊട്ട് തന്നെ ശല്യം ചെയ്തിരുന്ന പുരുഷത്വം ആഘോഷമാക്കിയ ആളുകളിൽ അവയെത്തി നിൽക്കുന്നുവെന്ന ബോധം അവളെ ആകെ ഉലക്കുന്നു.
സമാധാനത്തിന് പകരം അസ്വസ്ഥതയുടെ പരകോടിയിലേക്ക് കൂപ്പുകുത്തുന്ന അവൾ അതിനെതിരെയുള്ള ഭർത്താവിന്‍റെ നിസംഗതയിലും ദേഷ്യം പ്രകടിപ്പിക്കുന്നു. പക്ഷെ ഒളിഞ്ഞു നോട്ടക്കാരുടെ കണ്ണുകൾ അവളുടെ ശരീരത്തെ കീഴ്പെടുത്തുന്നവരിൽ ആദ്യം അവളെ എത്തിക്കുന്നു. അവിടെ നിന്നാണ് സിനിമ അതിന്‍റെ ദ്രുതതാളം കൈവരിക്കുന്നത്. പിന്നീട് സ്വന്തം ശരീരത്തിന് മേലുള്ള കൈയേറ്റത്തിൽ നിന്നുള്ള അതിജീവനത്തിന്‍റെ പോരാട്ടമാണ് സംഭവിക്കുന്നത്. ആക്ഷൻ, സസ്പൻസ് നിറഞ്ഞ അവസാന നിമിഷങ്ങളിലേക്ക് സിനിമ സഞ്ചരിക്കുമ്പോൾ ശ്വാസമടക്കി പിടിച്ചാണ് ഓരോ സീനും സാധാരണ കാണികൾ കണ്ടുതീർക്കുന്നത്.
ഹീറോയിസവും മസിൽ പവറും നിറഞ്ഞ പതിവു വഴികളിലൂടെ സിനിമ സഞ്ചരിക്കുമ്പോൾ അതിലൊക്കെ നിമഗ്നരാകുന്ന/മുഴുകി ആവേശം കൊള്ളുന്ന വലിയ ഒരു യുവ പ്രേക്ഷകരെ നമുക്ക് കാണാം. തന്‍റെ ഭാര്യക്ക് നേരിട്ട ലൈംഗിക ചൂഷണത്തിൽ ക്ഷമ വെടിയുന്ന നായകൻ വില്ലന്മാരായ നാട്ടുപ്രമാണിമാരെ തുരത്തുന്നതോടെ ഈ സസ്പെൻസ് ത്രില്ലർ അവസാനിക്കുന്നു. എന്നാൽ, സിനിമ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ ഒരു ഹീറോയുടെ കാഴ്ച്കളിലല്ല എന്നതാണ് സാധാരണ അമൽ നീരദ് സിനിമകളിൽ നിന്നും വരത്തനെ വ്യത്യസ്ഥമാക്കുന്നത്. ആൾക്കൂട്ട കൊലപാതകങ്ങളും ബലാൽസംഗങ്ങളും സദാചാര കൊലകളും നിറഞ്ഞ കേരള സമൂഹത്തിന്‍റെ പരിച്ഛേദമാണ് ഇവിടെ തെളിയുന്നത്. ഈ സിനിമ ഞാനും നിങ്ങളും അടങ്ങിയ ഒരു ജനതയെ ഈ സമൂഹം സദാചാരത്തിന്‍റെ പേരുപറഞ്ഞ് എങ്ങനെയാണ് ദുരാചാരികളാക്കി മാറ്റുന്നതെന്ന് പറയുന്നു.
തങ്ങൾ കണ്ടു പരിചയിച്ചിട്ടില്ലാത്ത ലോകങ്ങളെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളെ സിനിമ ആദ്യ സ്വീക്വൻസിൽ തന്നെ കാണിച്ചു തരുന്നുണ്ട്. നാട്ടിലെ ചായക്കടയിലെത്തിയ അവരെ അസ്വസ്ഥതയോടെയാണ് നാട്ടുകാർ നോക്കുന്നത്. മറ്റുള്ളവരുടെ വ്യത്യസ്തമാർന്ന വസ്ത്രധാരണം, ഫാഷൻ, സ്റ്റൈൽ, അതിലുപരി അൽപം സെക്സിയായി വസ്ത്രം ധരിക്കുന്ന സ്ത്രീകളോടുള്ള അവജ്ഞ, ശരാശരി മലയാളികളുടെ മാത്രം കുത്തകയല്ലെന്ന് ചില പ്രമുഖരുടെ പീഡന കാരണ പ്രസ്താവനകളിൽ നാം തിരിച്ചറിഞ്ഞതാണ്. സെക്സി എന്ന വാക്കിന്‍റെ യഥാർഥ മലയാളം അറിയുന്ന എത്രയാളുകൾ ഇവിടെ ഉണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്.
പിന്നീട് കഥ മുന്നേറുമ്പോൾ സമൂഹത്തിൽ നാം കേട്ടുപരിചയിച്ച മാനസിക വൈകല്യങ്ങളിലൂടെ അവർ കടന്നു പോകുന്നു. അന്യന്‍റെ കിടപ്പറകളിലേക്കും കുളിമുറിയിലേക്കുമുള്ള നോട്ടങ്ങളെയും സ്ത്രീകളുടെ അടിവസ്ത്രങ്ങളിൽ ഭോഗാസകതി തീർക്കുന്ന ആളുകളെയും ഇവിടെ കാണാം. ചെറിയ ലൈംഗിക വൈകൃതങ്ങളിൽ നിന്നും കടന്നു കയറ്റത്തിലേക്ക് ആ ആസകതികൾ സഞ്ചരിക്കുമ്പോഴാണ് ലൈംഗിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത സെക്സ് എന്നാൽ കീഴടക്കൽ എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗത്തിന്‍റെ ജീർണതയിലേക്ക് സിനിമക്കൊപ്പം നമ്മുടെ മനസും നീങ്ങുന്നത്.
സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത പരസ്പര ബഹുമാനമില്ലാത്ത ജനാധിപത്യ ബോധ്യങ്ങൾ കുറവായ ഒരു കൂട്ടം ജനങ്ങൾ നമുക്കിടയിൽ ഇപ്പോഴും പ്രബലമാണ് എന്നു തന്നെയാണ് സിനിമയിൽ നിന്നും സമകാലിക കേരളത്തിലേക്ക് കാഴ്ചയെ മാറ്റുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത്. സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ടിതമായ ജീവിതവും ലൈംഗികതയും നമുക്കിന്നും അന്യമാണ്. 'എന്‍റെ ശരീരമാണ് എന്‍റെ സ്വാതന്ത്ര്യം' (My body is my right) എന്ന് ഓരോ സ്ത്രീക്കും ഈ രാജ്യത്ത് വിളിച്ചു പറയേണ്ടി വരുന്നതും ഇതുകൊണ്ടു തന്നെയാണ്. എത്രയെത്ര ശാരീരിക, വാക്, നോക്ക് പീഡനങ്ങളിലൂടെയാണ് അവൾ കടന്നു പോകുന്നത്. എന്നാൽ, സദാചാരമൂല്യ സംഹിതകളുടെ കെട്ടുപാടുകൾക്കപ്പുറത്ത് മനുഷ്യനെ മനസിലാക്കുന്ന ഒരു ആഗോള യുവജനങ്ങൾ ഈ ഗ്ലോബലൈസ്ഡ് സൈബർ ലോകത്തുണ്ട് എന്നാണ് ഭാവിയിലുള്ള പ്രതീക്ഷ. സിനിമയുടെ ഓരോ ക്ലൈമാക്സ് രംഗങ്ങളിലും അവരുയർത്തുന്ന ആവേശം അത് സാക്ഷ്യപെടുത്തുന്നുണ്ട്.
വരത്തന്‍റെ കാമറ ചെയ്ത ലിറ്റിൽ സ്വയംപ്, തിരക്കഥയെഴുതിയ സുഹാസ്-ഷറഫ്, ആർട്ട് ഡയറക്ടർ അനീസ് നാടോടി തുടങ്ങിയവരെല്ലാം തങ്ങളുടെ റോളുകൾ മനോഹരമാക്കിയിട്ടുണ്ട്. ചടുല രംഗങ്ങളെ മനോഹരമായി വിഷ്വൽ ചെയ്ത ലിറ്റിൽ സ്വയംപിന്‍റെ പ്രതിഭയും അമൽ നീരദിന്‍റെ സംവിധാനവും ഗംഭീരമാണ്. സ്ലോമോഷൻ സിനിമോട്ടോഗ്രാഫിക്ക് പ്രശസ്തമായ അമൽ നീരദ് സിനിമകളിൽ ഇത്തവണ ആരി ഫാന്‍റം എന്ന അത്യാധുനിക കാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. അഭിനേതാക്കൾ എല്ലാം തങ്ങളുടെ റോളുകൾ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. ആക്ഷൻ ഹീറോയിലേക്കുള്ള ഫഹദ് ഫാസിലിന്‍റെ മാറ്റം കൈയ്യടക്കത്തോട് കൂടിയാണ്. നായികയായി അഭിനയിച്ച ഐശ്വര്യ ലക്ഷ്മി തന്‍റെ റോൾ നന്നായി ചെയ്തിരിക്കുന്നു. അതിലുപരി എടുത്തു പറയേണ്ട റോളുകൾ ചെയ്തവരാണ് ദിലീഷ് പോത്തനും അൽപം ഞരമ്പു രോഗമുള്ള യുവാവായി അഭിനയിച്ച വിജിലേഷും. ഇവർ അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു നല്ല സിനിമ കണ്ട തൃപ്തിയോടെയും അപകർഷം നിറഞ്ഞ ഒരു വേദനയോടും കൂടിയേ നാം തിയറ്ററിൽ നിന്നും പുറത്തിറങ്ങൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.