ആശയങ്കയേതുമില്ലാതെ ദയാനന്ദനും നാലു കള്ളന്മാരും
text_fieldsഅച്ഛന്‍ ഭരതന്‍റെ ചിത്രം 'നിദ്ര' റീമേക്ക് ചെയ്തു കൊണ്ടായിരുന്നു സിദ്ധാര്‍ഥ് ഭരതന്‍ സംവിധായകന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിച്ചത്. രണ്ടാമത്തെ സിനിമ ദിലീപ് നായകനായ 'ചന്ദ്രേട്ടന്‍ എവിടെയാ' എന്നതായിരുന്നു. പ്രമേയം കൊണ്ടും പരിചരണം കൊണ്ടും അച്ഛന്‍റെ സ്കൂളല്ലെന്ന് രണ്ടാമത്തെ സിനിമയോടെ തന്നെ ന്നിദ്ധാര്‍ഥ് തെളിയിച്ചിരുന്നു. മര്യാദ പുരുഷോത്തമന്മാരായ നായകന്മാര്‍ ഭരതന്‍റെ ഒരു സിനിമയിലുമുണ്ടായിരുന്നില്ല. ഉള്ളിലെ വികാരങ്ങളെ മാനുഷികമായ പ്രയോഗിക്കുന്ന കഥാപാത്രങ്ങളായിരുന്നു ഭരതന്‍ സിനിമകളിലുണ്ടായിരുന്നത്.
പൊതുബോധ സദാചാര ധാരണകളെ തൃപ്തിപ്പെടുത്താന്‍ ഭരതന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല. എന്നാല്‍, ദാമ്പത്യത്തിനു പുറത്തെ ബന്ധങ്ങളില്‍ പെടുത്താതെ ചന്ദ്രേട്ടനെ തിരിച്ചു കൊണ്ടു വന്നു ഭാര്യയെ മുന്നില്‍ നിര്‍ത്തി സിദ്ധാര്‍ഥന്‍ പൊതുബോധത്തിനൊപ്പം പോകുന്നതാണ് കണ്ടത്. പുതിയ ചിത്രമായ 'വര്‍ണ്യത്തില്‍ ആശങ്ക'യില്‍ സിദ്ധാര്‍ഥ് പുതിയൊരു വഴിയാണ് തേടുന്നത്. സംവിധായകന്‍ എന്ന രീതിയില്‍ കൂടുതല്‍ കൈയ്യൊതുക്കം പ്രകടിപ്പിക്കുന്ന ചിത്രം മികച്ച എന്‍റെര്‍ടെയ്നര്‍ എന്ന നിലയില്‍ വിജയം വരിക്കുന്നുണ്ട്. പ്രേക്ഷകനെ തിയേറ്ററിലെത്തിക്കുകയും രണ്ടു മണിക്കൂര്‍ ബോറടിക്കാതെ തിയറ്ററിലിരുത്തുകയും ചെയ്യുക എന്ന കൊമേഴ്സ്യല്‍ ദൗത്യം ഈ ചിത്രം വിജയകരമായി നിര്‍വഹിക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബനുണ്ടെങ്കിലും ഒരു കേന്ദ്ര കഥാപാത്രത്തിന്‍റെ ഭാരം അദ്ദേഹത്തിന്‍റെ ചുമലില്‍ വെച്ചു കൊടുക്കുന്നില്ല സിദ്ധാര്‍ഥ്. സുരാജ് വെഞ്ഞാറമ്മൂടും ഷൈന്‍ ടോം ചാക്കോയും മണികണ്ഠന്‍ ആചാരിയും ചെമ്പന്‍ വിനോദുമൊക്കെ തുല്യ പ്രാധാന്യമുള്ള പങ്കാണ് സിനിമയിലുടനീളം വഹിക്കുന്നത്. വളരെ ചെറിയൊരു സംഭവത്തില്‍ തുടങ്ങി അതിന്‍റെ തുടര്‍ച്ചകളിലൂടെയും മറ്റു സംഭവങ്ങളെ ഈ സംഭവ പരമ്പകളിലേക്ക് കൊണ്ടുവന്നും തൃശൂര്‍ ഗോപാല്‍ജി ഒരുക്കിയ തിരക്കഥ രസച്ചരടു പൊട്ടിക്കാതെ മുന്നോട്ടു പോകുന്നുണ്ട്. പ്രേക്ഷകനു ബോധ്യം വരുന്ന ഒരു ക്ലൈമാക്സിൽ എത്തിക്കുന്നതിലും ഗോപാല്‍ജി വിജയിക്കുന്നു.
പല തരത്തില്‍ പണത്തിനു അത്യാവശ്യക്കാരാണ് ഓരോരുത്തരും. ശിവനും (കുഞ്ചാക്കോ ബോബന്‍) ദയാനന്ദനും (സുരാജ് വെഞ്ഞാറമൂട്) പ്രതീഷും (ഷൈന്‍ ടോം) വില്‍സണും (മണികണ്ഠന്‍ ആചാരി) പിന്നെ ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രവും. മോഷണവും പിടിച്ചുപറിയും പോക്കറ്റടിയുമായി സ്വന്തംനിലക്ക് നടന്നിരുന്നവര്‍ വലിയൊരു മോഷണം ചെയ്യാന്‍ തീരുമാനിക്കുന്നതാണ് കഥാതന്തു. ഇതിനിടയിലുണ്ടാക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങളില്‍ നര്‍മം പുരട്ടി ആനുകാലിക രാഷ്ര്ടീയ സാമൂഹിക സംഭവങ്ങളെ സരസമായി അവതരിപ്പിക്കുകയാണ് സിദ്ധാര്‍ഥ്. ഹര്‍ത്താലും രാഷ്ര്ടീയ കൊലപാതകവും നോട്ടു നിരോധവും ജല്ലറി ഉമടകളുടെ തട്ടിപ്പുകളും സ്വകാര്യ ബാങ്കുകാരുടെ ചൂഷണവും അങ്ങിനെ പലതും വരുന്നുണ്ട്.
സ്ത്രീ കഥാപാത്രങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ദയാനന്ദന്‍റെ ഭാര്യ കീര്‍ത്തനയായി വരുന്ന രചന നാരായണൻകുട്ടി മാത്രമാണ് ഒരു സ്ത്രീ സാന്നിധ്യം. അവര്‍ക്കാണെങ്കില്‍ കാര്യമായി ഒന്നും ചെയ്യാനുമില്ല. കുഞ്ചക്കോ ബോബന്‍റെ മുഖത്തു നിന്നു ചോക് ലേറ്റിന്‍റെ അവസാന തരിയും ചുരണ്ടിക്കളഞ്ഞാണ് സിദ്ധാര്‍ഥ് കള്ളന്‍ ശിവനെ രൂപപ്പെടുത്തിയത്. സുരാജ് വെഞ്ഞാറമൂടിന്‍റെ ദയാനന്ദനും മികച്ച കഥാപാത്രമാണ്. കോമഡി വേഷങ്ങളിൽ നിന്നു മാറി ഇടക്കാലത്ത്, മികച്ച വേഷങ്ങള്‍ ചെയ്ത (ആക്ഷന്‍ ഹീറോ ബിജു, തൊണ്ടിമുതലും ദൃക്സാക്ഷിയും) സുരാജിന് തമാശയോടൊപ്പം ചെയ്യാന്‍ പറ്റിയ മികച്ചൊരു വേഷമാണിത്.
കമ്മട്ടിപ്പാടത്തെ വിറപ്പിച്ച ബാലേട്ടനെ അവതരിപ്പിച്ച മണികണ്ഠന്‍റെ മുഴുനീള കോമഡി വേഷമായി കള്ളന്‍ വില്‍സന്‍. ബഷീറിന്‍റെ പ്രണയ ലേഖനത്തിലും ചെറുതെങ്കിലും മണികണ്ഠന്‍റെ സുലൈമാന്‍ എന്ന കഥാപാത്രം ചിരി പടര്‍ത്തിയിരുന്നു. മഹേഷിന്‍റെ പ്രതികാരം തുടങ്ങിവെച്ച ഒരു ട്രെന്‍റ് ഈ ചിത്രവും പിന്തുടരുന്നുണ്ട്. തിരക്കഥയിലും അഭിനയത്തിലും സംവിധാനത്തിലും അതിന്‍റെ ഓളം അലയടിക്കുന്നതു കാണാം. അതിഭാവുകത്വമില്ലാത്ത, സ്വാഭാവികമായ പെരുമാറ്റത്തിലേക്ക് മാറിയ അഭിനയ ശൈലി, പഴയ രാജാപ്പാര്‍ട്ട് കാലത്തു നിന്ന് മലയാള സിനിമയെ പൂര്‍ണമായും മോചിപ്പിച്ചെടുക്കുമെന്ന് പ്രത്യാശിക്കാം.
ജയേഷ് നായരുടെ ഛായാഗ്രഹണവും ശ്രീകുമാറിന്‍റെ എഡിറ്റിങ്ങും ശ്രദ്ധേയമാണ്. ഇത്തരമൊരു തിരക്കഥയില്‍ എഡിറ്റിങ്ങിനു നല്ല പ്രാധാന്യമുണ്ട്. പ്രശാന്ത്പിള്ളയുടെ പശ്ചാത്തല സംഗീതം മാത്രം ഇടക്ക് കല്ലുകടിയുണ്ടാക്കുന്നുണ്ട്. ആഷിക് ഉസ്മാനും ഉസ്മാന്‍ എം.ഇയും ചേര്‍ന്നു നിര്‍മിച്ച ചിത്രം പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല എന്നതു തന്നെയാണ് വലിയ കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.