ചതിയൻ ചന്തുവിന്‍റെ വീരഗാഥ വീണ്ടും...
text_fieldsഅങ്കക്കലിപൂണ്ട ചേകവന്‍മാരുടെ വീരകഥകള്‍ പറയുന്ന വടക്കന്‍പാട്ടുകള്‍ എക്കാലവും മലയാള സിനിമകള്‍ക്ക് പ്രചോദനമായിരുന്നു. ഉണ്ണിയാര്‍ച്ച, പാലാട്ടു കോമന്‍, തച്ചോളി ഒതേനന്‍, ആരോമലുണ്ണി, പൊന്നാപുരം കോട്ട, കടത്തനാടന്‍ അമ്പാടി, ഒരു വടക്കന്‍ വീരഗാഥയും ഉള്‍പ്പെടെ നിരവധി ഹിറ്റ് സിനിമകള്‍ വടക്കന്‍ പാട്ടുകളില്‍നിന്ന് ജന്മമെടുത്തിട്ടുണ്ട്. ഈ കണ്ണിയിലെ ഒടുവിലെത്തേതാണ് ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'വീരം'. വടക്കന്‍പാട്ടിലെ വീരനായകനായ ചന്തുവും ഷേക്സ്പിയർ കഥാപാത്രമായ മാക്ബത്തും ഇടകലരുന്ന ചിത്രമെന്ന പ്രത്യേകതയും വീരത്തിനുണ്ട്.
ചന്തുവും മാക്ബെത്തും ഒരു കഥാപാത്രമായാണ് ജയരാജ് അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ജീവിതത്തിലെ സമാനതകളാവാം രണ്ട് കഥാപാത്രങ്ങളെയും കോർത്തിണക്കി കഥപറയാൻ സംവിധായകനെ പ്രേരിപ്പിച്ചത്. അതിനാൽ മുന്‍കാല വടക്കന്‍പാട്ട് സിനിമകളില്‍നിന്നും വിഭിന്നമാണ് 'വീരം'. എങ്കിലും, കഥ നാം കണ്ടും വായിച്ചുമറിഞ്ഞ അങ്കത്തളര്‍ച്ചയില്‍ മടിയില്‍ മയങ്ങിയ ആരോമല്‍ ചേകവരെ കുത്തുവിളക്കുകൊണ്ട് കുത്തിക്കൊല്ലുന്ന ചന്തുവിന്‍െറ ചതിയുടെ കഥ തന്നെ.
ചന്തു ചതിയനല്ലെന്ന് പറഞ്ഞ് വടക്കന്‍പാട്ടിന് മറ്റൊരു ആഖ്യാനം നല്‍കിയ സിനിമയായിരുന്നു എം.ടി തിരക്കഥയൊരുക്കിയ 'ഒരു വടക്കന്‍ വീരഗാഥ'. എന്നാല്‍, ചന്തു ചതിയനാണെന്നു തന്നെയാണ് വീരം പറയുന്നത്. ചന്തു എങ്ങിനെ ചതിയനായെന്നും ചിത്രം പറയുന്നുണ്ട്.
വടക്കന്‍പാട്ടിന്‍റെയോ മാക്ബത്തിന്‍െറയോ കാലഘട്ടത്തിന്‍റെ പശ്ചാത്തലത്തിലല്ല സംവിധായകന്‍ കഥ പറയുന്നത്. ഇതുരണ്ടുമല്ലാത്തൊരു പശ്ചാത്തലത്തില്‍ കഥ പറയാനുള്ള സ്വാതന്ത്ര്യം ജയരാജ് കൈക്കൊള്ളുന്നു. അതു കൊണ്ടു തന്നെ കടത്തനാടോ ലോകനാർകാവിലമ്മയോ വാക്കുകളിൽ പോലും വീരത്തിലില്ല. കഥാപാത്രങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും സിനിമയില്‍ പ്രാധാന്യവുമില്ല.
അച്ഛനെ വധിച്ച മലയനെ അങ്കത്തില്‍ വകവരുത്തുന്ന ചന്തുവിലൂടെയാണ് വീരം ആരംഭിക്കുന്നത്. വീരനായകനാകുന്ന ചന്തു സ്വന്തം കരുത്തിലും മെയ് വഴക്കത്തിലും ആത്മവിശ്വാസത്തിന്‍െറ പരകോടിയിലെത്തുന്നു. അതോടൊപ്പം പകയും വിദ്വേഷവുമെല്ലാം ഉള്ളില്‍ കനലായി എരിയുന്നുണ്ട്. പകക്ക് പകയെന്ന, ചതിക്ക് ചതിയെന്ന ന്യായത്തിലൂടെ ആരോമല്‍ ചേകവരെ ഇല്ലാതാക്കുന്ന ചന്തു പിന്നീട് ചതിയന്‍ ചന്തുവാകുന്നു. അതേസമയം, ചതിക്കറകള്‍ കഴുകിക്കളയാനാവാതെ ഭയത്തിന്‍െറ പടുകുഴിയില്‍ വീഴുന്ന ചന്തുവിനെയും കുറ്റബോധം കൊണ്ട് കുട്ടിയെപോലെ കരയുന്ന ചന്തുവിനെയും ചിത്രത്തിൽ കാണാം. അന്ത്യം അടുക്കാറായെന്ന് തിരിച്ചറിയുമ്പോഴും ചേകവനെപ്പോലെ പടവെട്ടി മരിക്കുമെന്ന് പറയുന്ന വീരനായ ചന്തുവിനെ പ്രേക്ഷകന് കാണാം. സ്നേഹിക്കപ്പെടുന്നവരാല്‍ പലപ്പോഴായി കരുവാക്കപ്പെടുന്ന പ്രണയത്താല്‍ കീഴടക്കപ്പെടുന്ന ചന്തുവിനെയും കാണാം. ഒരര്‍ഥത്തില്‍, ചതിയന്‍ ചന്തുവിന്‍െറ മാനസിക വ്യാപാരങ്ങളാണ് സിനിമ.
വടക്കന്‍പാട്ട് സിനിമകള്‍ നിരവധിയുണ്ടെങ്കിലും കഥാപാത്രങ്ങള്‍ ഇതുവരെ കടത്തനാടന്‍ ഭാഷ സംസാരിച്ചിരുന്നില്ല. വടക്കൻപാട്ട് സിനിമകളിലെ പ്രധാനപ്പെട്ട ഒന്നായ 'ഒരു വടക്കൻ വീരഗാഥ'യിൽ പോലും ആ ദേശത്തിന്‍റെ ഭാഷയോട് വിവേചനം കാട്ടി. വീരം ഇതിനൊരപവാദമാണ്. വടകര, നാദാപുരം, കണ്ണൂരിന്റെ ചില ഭാഗങ്ങൾ ഉള്‍പ്പെടുന്ന കടത്തനാട്ടിലെ സംസാരഭാഷയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ വേഷമോ പശ്ചാത്തലമോ വടക്കന്‍െറയോ മാക്ബത്തിന്‍റെതോ അല്ല.
കളരിപ്പയറ്റെന്ന ലോകത്തിലെ തന്നെ പഴക്കമേറിയ ആയോധനകലയെ ഇതുവരെ കാണാത്ത സാങ്കേതിക തികവോടെയും അതിശയോക്തിയില്ലാതെയും സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. ചൈനീസ് ആയോധനകലകള്‍ക്കുപോലും പ്രചോദനമായ കളരിപ്പയറ്റിനെ സമഗ്രതയോടെ കാണിക്കുന്നുണ്ട്. ഹോളിവുഡ് സിനിമകളുടെ സാങ്കേതിക മികവിലാണ് വീരം ഒരുക്കിയിരിക്കുന്നത്. രണ്ട് മണിക്കൂറിൽ താഴെ മാത്രമാണ് സിനിമയുടെ ദൈർഘ്യം. കാച്ചിക്കുറുക്കിയ സംഭാഷണങ്ങളും മിതത്വമാർന്ന വൈകാരികതയും പ്രത്യേകതയാണ്. ഡോ. എം.ആർ.ആർ. വാരിയർ ആണ് സിനിമക്കായി കടത്തനാടൻ ശൈലിയിൽ സംഭാഷണമൊരുക്കിയത്. അജന്ത- എല്ലോറ ഗുഹകളിലാണ് വീരം ഭൂരിഭാഗവും ചിത്രീകരിച്ചത്.
ബോളിവുഡ് നടൻ കുനാൽ കപൂറാണ് ചതിയൻ ചന്തുവായി വേഷമിടുന്നത്. വീരനായ ചന്തുവെന്ന കഥാപാത്രത്തോട് നീതി പുലർത്താൻ കുനാലിന് കഴിഞ്ഞു. വീരത്വവും ഭീരുത്വവും മാറി മാറി വരുന്ന ചന്തുവിന്‍റെ മനോധർമങ്ങൾ ചിലയിടങ്ങളിൽ മാത്രം വഴുതിപ്പോകുന്നുണ്ട്. ശിവജിത്ത് നമ്പ്യാർ, ഹിമാർഷ വെങ്കട സ്വാമി, ഡിവിന ഠാക്കൂർ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ചന്തുവിന്‍റെയും മാക്ബെത്തിന്റെയും കഥ ഒരിക്കലെങ്കിലും കേട്ടവർക്ക് സിനിമ ഏറെ ആസ്വാദ്യകരമായിരിക്കും. അല്ലാത്തവർ ചിലപ്പോൾ എന്താണ് സംഭവിക്കുന്നതെന്നറിയാതെ കുഴങ്ങിയേക്കും. ചന്തുവാരാണ്, ആരോമൽ ചേകവർ ആരാണ്, അരിങ്ങോടർ ആരാണ് എന്നൊന്നും വിവരണമോ മുഖവുരയോ നൽകുന്നില്ല. ഇവരുടെ ബന്ധങ്ങൾ സംഭാഷണങ്ങളിൽ നിന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഉണ്ണിയാർച്ചയും കുട്ടിമാണിയും എല്ലാം ഇങ്ങനെ കടന്നുവരുന്നു.
സിനിമയിലെ ഫിലോസഫിയുടെ അംശം മാക്ബത്തിൽ നിന്നാണ്. മന്ത്രവാദിനിയുടെ പ്രവചനവും ചന്തുവിന്‍റെ ആത്മഗതങ്ങളും കുട്ടിമാണിയുടെ പശ്ചാത്താപവും ഒടുവിൽ കാടും മഴയും കുന്നിറങ്ങി വരുന്നതുമൊക്കെ മാക്ബത്തിൽനിന്ന് നേരിട്ട് സ്വീകരിച്ചവയാണ്.
മലയാളിയുടെ ജീവിതത്തിലും സംസ്കാരത്തിലും സാഹിത്യത്തിലുമെല്ലാം ആഴത്തിൽ വേരോടിക്കിടക്കുന്നവയാണ് വടക്കൻ പാട്ടുകൾ. അതിലെ ഒരേട് തീർത്തും വ്യത്യസ്തമായ രീതിയിൽ മറ്റൊരു കഥയോട് ചേർത്ത് നിർത്തി അവതരിപ്പിക്കുകയെന്നത് വെല്ലുവിളി തന്നെയാണ്. തന്‍റെ നവരസ പരമ്പരയിലെ അഞ്ചാമത്തെ ചിത്രത്തിലുടെ ആ വെല്ലുവിളി ഏറ്റെടുക്കുകയാണ് ജയരാജ്. 30 കോടിയിലേറെ മുടക്കി ഒരേ സമയം മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് വീരം ചിത്രീകരിച്ചത്.
ഹോളിവുഡിലെ പ്രമുഖരാണ് സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചത്. പ്രമുഖ മ്യൂസിക് ഡയറക്ടർ ജെഫ് റോണയാണ് സംഗീതം. കാവാലം നാരായണപ്പണിക്കരും എം.കെ.അർജുനൻ മാഷും ചേർന്നൊരുക്കിയ പാട്ടും സിനിമയിലുണ്ട്. എസ്. കുമാറിന്റെ ഛായാഗ്രഹണം മികച്ച് നിൽക്കുന്നു. കളരിമുറകൾ അടങ്ങിയ സംഘടന രംഗങ്ങൾ ഒരുക്കിയത് അലൻ പോപ്പിൽട്ടൻ ആണ്. റിലീസിങ്ങിന് മുമ്പ് തന്നെ ഏറെ വാർത്തകളിൽ നിറഞ്ഞ അഭിനന്ദനമേറ്റുവാങ്ങിയ ചിത്രം വ്യത്യസ്തതകളെ സ്വീകരിക്കുന്ന പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്നാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.