Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightനിന്നെ പടച്ചോൻ...

നിന്നെ പടച്ചോൻ കാക്കട്ടെ, മൻസൂർ!

text_fields
bookmark_border
നിന്നെ പടച്ചോൻ കാക്കട്ടെ, മൻസൂർ!
cancel

ഓരോരുത്തർക്കും അവരവർ നിൽക്കുന്ന ഇടത്തിന്‍റെ പരിധികളും പരിമിതികളും ഒക്കെയുണ്ടാവും. താൻ നിൽക്കുന്ന ഇടത്തിന്‍റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ആ പരിധികളെ ചെറുതായെങ്കിലും ഒന്നു വികസിപ്പിക്കാനും തന്നെത്തന്നെ മോചിപ്പിക്കാനും നടത്തുന്ന ഒരു ശ്രമമെന്ന നിലയിൽ പ്രസക്തമാണ് പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത 'വിശ്വാസപൂർവ്വം മൻസൂർ'. ഒരുപക്ഷേ അതുകൊണ്ടുതന്നെയായിരിക്കും ഈ പെരുന്നാളിന് ഇങ്ങനെയൊരു സിനിമ ഇറങ്ങിയത് സംവിധായകന്‍റെ കൂടെ ഉണ്ടാവാറുള്ളവർ അടക്കം അധികം ആരും അറിഞ്ഞ ഭാവം കാണാത്തത്. പ്രമുഖ പത്രങ്ങളുടെയൊന്നും ഈദ് സിനിമാ വിശേഷങ്ങളിലും ഈ സിനിമയുടെ പേരുപോലും കാണാൻ കിട്ടിയിരുന്നില്ല.

'വിശ്വാസപൂർവ്വം' മൻസൂറെന്ന പേരുതന്നെ പുരോഗമനകാരികളെന്നും വിപ്ലവകാരികളെന്നും ഒക്കെ അവകാശപ്പെടുന്നവരിൽ നല്ലൊരു പങ്ക് ആളുകളെയും പിന്നോട്ടു വലിച്ചിട്ടുണ്ടാവാം. 'വിശ്വാസ'ത്തിന് പുറത്താണ്, അല്ലെങ്കിൽ വിശ്വാസത്തിൽ നിന്നൊക്കെ പുറത്തുകടക്കുന്നിടത്താണ് പുരോഗമനത്തിന്‍റെയും വിപ്ലവത്തിന്‍റെയും സ്ഥാനം എന്നാണല്ലോ കേരളത്തിന്‍റെ ഇടതുമനസ്സ് പൊതുവേ കരുതുന്നത്. (സിനിമയിലും ആ 'കമ്മ്യൂണിസ്റ്റ് മനസ്സ്' നമുക്കു കാണാം)

കുറ്റാരോപിതരുടെ, വിശേഷിച്ച് മുസ്​ലിങ്ങളുടെ, മനുഷ്യാവകാശങ്ങൾ പാടെ നിഷേധിക്കുന്ന യു.എ.പി.എ പോലുള്ള നിയമങ്ങളും അത്തരം നിയമങ്ങൾക്കെതിരെ നിലകൊള്ളുന്നു എന്നു പറയുന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും പോലും 'ചീത്ത യു.എ.പി.എ' എന്ന ഗണത്തിൽ പെടുത്തുന്ന ദേശദ്രോഹ കേസുകളും എൻ.ഐ.എ അന്വേഷണങ്ങളും മയമില്ലാത്ത പോലീസ് മർദ്ദനമുറകളും മുസ്‌ലിം യുവാക്കളുടെ നീണ്ട വർഷങ്ങളുടെ അടഞ്ഞ മുറിയിലെ ജാമ്യമില്ലാത്ത ജയിൽവാസവും അത്തരം കേസുകളിൽ പെടുന്നതോടെ നാട്ടിലെ പാർട്ടിക്കാരും പൊതുസമൂഹവും അടുത്ത സുഹൃത്തുക്കളുമെല്ലാം അവരെ അകലത്ത് നിർത്തുന്നതും സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതും എല്ലാം വർത്തമാനകാല ഇന്ത്യയുടെ അടയാളങ്ങളാണ്. അവിടേക്ക് പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കാനാണ് ഈ സിനിമ ശ്രമിക്കുന്നത്. അതാകട്ടെ, വെറുമൊരു മുദ്രാവാക്യമായോ പഠന ക്ലാസ്സായോ മാറാതിരിക്കാൻ സംവിധായകൻ ശ്രദ്ധിക്കുന്നുമുണ്ട്.

'നിരപരാധിയും നല്ലവനുമായ' മുസ്‌ലിം തീവ്രവാദക്കേസിൽ ഫ്രെയിം ചെയ്യപ്പെടുന്ന കഥ മലയാളത്തിൽ തന്നെ ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത 'ബോംബെ മാർച്ച് 12' എന്ന സിനിമയിൽ മുമ്പ് കണ്ടിട്ടുള്ളതാണ്. ആ സിനിമയെ പലപ്പോഴും ഓർമ്മിപ്പിക്കുന്നുണ്ട് 'മൻസൂർ', 'നല്ല മുസ്​ലിമിന്‍റെ' ചിത്രം പൂർത്തിയാക്കാൻ 'ഇരവാദം' പറയുകയും ദീനിന്‍റെ പേര് പറഞ്ഞ് ചെറുപ്പക്കാരെ വലയിലാക്കാൻ നടക്കുകയും ബോംബ് സ്‌ഫോടനങ്ങൾ നടത്തുകയുമൊക്കെ ചെയ്യുന്ന 'ചീത്ത മുസ്​ലിങ്ങളെ' മറുവശത്ത് സ്ഥാപിക്കാതെ വഴിയില്ലെന്ന കെണി രണ്ടു സിനിമയുടെയും ദൗർബല്യമാവുകയും ചെയ്യുന്നുണ്ട്. 'എല്ലാ മുസ്​ലിങ്ങളും 'ഭീകരവാദികളല്ല' എന്നും 'ദേശസ്നേഹികളും മതേതരരുമായ മുസ്​ലിങ്ങളും പൊലീസിന്‍റെയും മാധ്യമങ്ങളുടെയും കഥയെഴുത്തിന്‍റെയും പീഡനങ്ങളുടെയും ഇരയാവുന്നു' എന്നുമുള്ള 'ക്ഷമാപണ' നിലാപാടെടുക്കാൻ ഈ സിനിമയും ബാധ്യസ്ഥമാവുന്നു.

പൊതുസമൂഹത്തോടോ, താൻ കൂടി ഉൾപ്പെടുന്ന ഇടതുപക്ഷത്തോടോ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുക അസാധ്യമാണെന്ന സൂചനയാണത് നൽകുന്നത്. മാത്രവുമല്ല, ആ ബാധ്യത കുടഞ്ഞുകളയാൻ ശ്രമിച്ചാൽ ഒരു മുസ്‌ലിം പേര് പേറുന്ന സംവിധായകനെ ഒറ്റയടിക്ക് പാകിസ്താനിയും ദേശദ്രോഹിയുമാക്കുമെന്ന സാധ്യതയും തള്ളിക്കളയാനാവില്ല. ഫലമോ, എല്ലാ മുസ്​ലിങ്ങളും ഭീകരവാദികളല്ലെങ്കിലും എല്ലാ ഭീകരവാദികളും മുസ്​ലിങ്ങൾ തന്നെ എന്ന് ഇത്തരം സിനിമകൾ അറിഞ്ഞോ അറിയാതെയോ പറഞ്ഞുറപ്പിക്കുകയും ചെയ്യുന്നു. 

വലിയ പരീക്ഷണങ്ങൾക്കൊന്നും മുതിരുന്നില്ലെങ്കിലും പി.ടിയുടെ മുൻ സിനിമകളെ അപേക്ഷിച്ച് സാങ്കേതികമായി മികച്ചുനിൽക്കുന്ന ഒന്നായി 'മൻസൂർ' അനുഭവപ്പെട്ടു. 'കലാപങ്ങ'ളുടെ യൂട്യൂബ് ദൃശ്യങ്ങളായി അവതരിപ്പിക്കപ്പെടുന്ന ഭാഗങ്ങളിൽ ആക്രമണോത്സുകമായ ഹിന്ദു ജനക്കൂട്ടങ്ങളെയും ജീവനുവേണ്ടി ഓടുന്ന മുസ്​ലിങ്ങളെയും നമുക്ക് കാണാം. അത്തരം രംഗങ്ങളിലെ ആർട്ടിസ്റ്റുകളുടെ ബാഹുല്യവും പാട്ടിലെ നൃത്തരംഗങ്ങളുമെല്ലാം സാധാരണ 'ആർട്ട് ഹൗസ്' മലയാളം സിനിമകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു.

പ്രയാഗാ മാർട്ടിന് ആദ്യമായി കിട്ടിയ അഭിനയപ്രധാനമായൊരു റോൾ അവർ നന്നായി ചെയ്തു, ആശാ ശരത്തും ആനന്ദം ഫെയിം റോഷൻ മാത്യുവും മോശമാക്കിയില്ല. അടുത്ത കാലത്ത് ചെയ്തിട്ടുള്ള വേഷങ്ങളെല്ലാം സാമാന്യം ബോറാക്കിയിട്ടുള്ള രഞ്ജി പണിക്കരെപ്പോലും ഈ പടത്തിൽ സഹിക്കാവുന്ന നിലയിലെത്തിച്ചിട്ടുണ്ട് സംവിധായകൻ. അതേസമയം, സന്തോഷ് കീഴാറ്റൂർ എന്ന നടന് നാടകത്തിൽ നിന്ന് സിനിമയിലെത്താൻ ഒരുപക്ഷേ ഇനിയും കാലമെടുക്കുമെന്ന് തോന്നി. 

പി.ടി കുഞ്ഞിമുഹമ്മദ്
 

പൊലീസും പൊലീസ് കഥകളെഴുതുന്ന മാധ്യമങ്ങളും മാത്രമല്ല, 'തീവ്രവാദ' കേസുകളിൽ പെടുന്നതോടെ അതുവരെ തങ്ങളുടെ ആളുകളായിരുന്ന മുസ്‌ലിം യുവാക്കളെപ്പോലും സംശയത്തിന്‍റെ നിഴലിൽ നിർത്തുന്ന പാർട്ടി കമ്മിറ്റിയും ഇത്തരം കേസുകളിൽ തനിക്കൊന്നും ചെയ്യാനില്ലെന്നു കൈമലർത്തുന്ന മുഖ്യമന്ത്രിയും ഒക്കെയായി തൻ കൂടിയുൾപ്പെടുന്ന മുഖ്യധാരാ ഇടതുപക്ഷവും സംവിധായകന്‍റെ വിമർശനത്തിന് പാത്രങ്ങളാവുന്നുണ്ട്. ഒടുവിലത്തെ സീനിൽ പ്രതീക്ഷയോടെ നാട്ടിൽ ജീവിതം തുടരാൻ തീരുമാനിക്കുന്ന മൻസൂറും മുംതാസും എന്നായിരിക്കും ഇശ്റത് ജഹാനെയും ജാവേദ് ഷെയ്ഖിനെയും പോലെ അൽ ഖാഇദക്കാരെന്നോ പാകിസ്താനികളെന്നോ മുദ്രകുത്തപ്പെട്ട് എൻകൗണ്ടറിന് ഇരയാവുക എന്ന നടുക്കമായിരുന്നു തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ മനസ്സിൽ. അന്യദേശങ്ങളിൽ ജനിച്ചുവളർന്നവളും ജീവിച്ചവളുമായ മുംതാസ് മൻസൂറിനോളം ദേശസ്നേഹിയോ മുൻ എസ്.എഫ് .ഐക്കാരിയോ അല്ലല്ലോ.....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie reviewpt kunju muhammedviswasapoorvam mansoorPt kunhi mohammedMansoor Reviewmalaylam ReviewSudeep KS
News Summary - Viswasapoorvam Mansoor movie review PT Kunhimuhammed
Next Story