ഇന്ദിര മുതൽ മോദി വരെ; രാഷ്ട്ര നേതാക്കളെ കാമറയിലാക്കി സുരേന്ദ്രൻ
text_fieldsഗുരുവായൂർ: 1987 ഡിസംബര്‍ 16. നാരായണീയം 400ാം വാര്‍ഷികം ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നു. തുലാഭാരത്തിനിടെ രാജീവിെൻറ കണ്ണ് ഫോട്ടോഗ്രാഫറില്‍ ഉടക്കി. ഫോട്ടോഗ്രഫിയില്‍ പ്രിയമുണ്ടായിരുന്ന രാജീവ് അടുത്തെത്തി കാമറ വാങ്ങി. 'ഇത് ഹാസല്ബ്ലാഡിെൻറ കാമറയാണോ' എന്നായിരുന്നു ചോദ്യം. അതേ മാതൃകയിലുള്ള 'മാമിയ 645-ജെ' കാമറ എന്നായിരുന്നു മറുപടി. അല്‍പനേരം കാമറ പരിശോധിച്ച് ഫോട്ടോഗ്രാഫറോട് കുശലം പറഞ്ഞാണ് രാജീവ് പോയത്.
രാജീവിെൻറ മാത്രമല്ല, ഇന്ദിര മുതല്‍ നരേന്ദ്ര മോദി വരെ പ്രധാനമന്ത്രിമാരുടെയെല്ലാം ചിത്രം പകര്‍ത്താന്‍ ഭാഗ്യം ലഭിച്ചയാളാണ് ആ ഫോട്ടോഗ്രാഫര്‍. ഗുരുവായൂര്‍ സരിത സ്റ്റുഡിയോ ഉടമ സുരേന്ദ്രന്‍. ഫോട്ടോഗ്രഫി രംഗത്ത് അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ ആ കാമറക്കണ്ണില്‍ പതിഞ്ഞ ദേശീയ നേതാക്കള്‍ ഏറെയാണ്. ദേവസ്വം ഔദ്യോഗിക ഫോട്ടോഗ്രാഫറുമാണ്.
ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, നരേന്ദ്ര മോദി എന്നിവരെല്ലാം എത്തിയപ്പോള്‍ ചിത്രം പകര്‍ത്തിയത് സുരേന്ദ്രനാണ്. വാജ്‌പേയി, വി.പി. സിങ്, ചന്ദ്രശേഖര്‍, ഐ.കെ. ഗുജ്‌റാല്‍, ദേവഗൗഡ എന്നിവര്‍ പ്രധാനമന്ത്രിമാരല്ലാതെ ഗുരുവായൂരിലെത്തിയപ്പോഴും ചിത്രം പകര്‍ത്തി. ഇന്ദിര മുതൽ ഇന്നുവരെയുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങൾ പകർത്തി. ഇടക്കാലത്ത് മാസങ്ങൾ മാത്രം പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്ന ചരൺ സിങ് മാത്രമാണ് സുരേന്ദ്രനു മുന്നിലെത്താതിരുന്നത്. ഗ്യാനി സെയില്‍ സിങ്, ശങ്കര്‍ ദയാല്‍ ശർമ, ആര്‍. വെങ്കിട്ടരാമന്‍, പ്രണബ് കുമാർ മുഖർജി, രാംനാഥ് കോവിന്ദ് എന്നീ രാഷ്ട്രപതിമാരെയും പകര്‍ത്തി. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആനയെ നടയിരുത്താനെത്തിയപ്പോഴും ശ്രീലങ്കൻ പ്രസിഡൻറായിരിക്കെ രാജപക്സെയും റെനിൽ വിക്രമ സിംഗെയും എത്തിയപ്പോഴും സുരേന്ദ്രെൻറ ഫ്ലാഷുകൾ മിന്നി.
1977 നവംബർ 20ന് കിഴക്കേനടയിൽ സുരേന്ദ്രൻ ആരംഭിച്ച സരിത സ്റ്റുഡിയോ ഗുരുവായൂരിനൊപ്പം സഞ്ചരിക്കുകയായിരുന്നു. ഗുരുവായൂർ ദേവസ്വം ചിത്രീകരിച്ച 'ഗുരുവായൂർ മാഹാത്മ്യം' സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറും സുരേന്ദ്രനായിരുന്നു. ഗുരുവായൂർ മരക്കാത്ത് അപ്പുക്കുട്ടിയുടെയും സൗമിനിയുടെയും മകനാണ്. ഭാര്യ ശോഭ തലപ്പിള്ളി കാർഷിക വികസന ബാങ്ക് സെക്രട്ടറിയാണ്. മകൻ: ഹരിപ്രസാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.