ഉന്നം ഭരണഘടന തന്നെ
text_fieldsനാനൂറിലേറെ സീറ്റുകളുമായി അധികാരത്തിലേറിയിട്ടുവേണം രാജ്യത്തിന്റെ ഭരണഘടന മാറ്റി പ്രതിഷ്ഠിക്കാനെന്നത് ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പിയുടെ അന്തപ്പുര വർത്തമാനമായിരുന്നു. മതനിരപേക്ഷതയും സ്ഥിതിസമത്വവുമുൾപ്പെടെയുള്ള ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിക്കല്ലുകൾ പിഴുതുകളഞ്ഞ് ജാതിമേൽക്കോയ്മയിലും വർഗീയ മാഹാത്മ്യത്തിലും അധിഷ്ഠിതമായി കെട്ടിപ്പടുക്കുന്ന ഹിന്ദുത്വ സമഗ്രാധിപത്യമാണ് സംഘ്പരിവാർ ലക്ഷ്യമിട്ടിരുന്നത്. ബി.ജെ.പി നേതാക്കളിൽ ചിലർ തന്നെ ആവേശത്തള്ളിച്ചയിൽ ഇക്കാര്യം തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ വെളിപ്പെടുത്തുകയുമുണ്ടായി.
ജാതി-വർഗീയ താൽപര്യങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളെ യുക്തിയും ധിഷണയുമുപയോഗിച്ച് ചെറുത്ത് ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ സാധ്യമാക്കിയ നമ്മുടെ മഹത്തായ ഭരണഘടന വർഗീയ-പ്രതിലോമ ശക്തികളുടെ കണ്ണിലെ കരടാവാൻ പലതുണ്ട് കാരണങ്ങൾ. മതനിരപേക്ഷതയുടെ ഉദ്ഘോഷണം തന്നെയാണ് അതിൽ മുഖ്യം. ഒപ്പം രാജ്യത്തെ ദലിത് പിന്നാക്ക ബഹുജനങ്ങൾക്ക് അധികാര പങ്കാളിത്തവും തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ സംവരണവും നൽകാൻ നിർബന്ധിതമാക്കുന്നു എന്നതും സുപ്രധാനമാണ്. വൻ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച നേടിയാൽ മോദി സംഘം ഭരണഘടനയെ ഉന്നമിടുമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ-അഖിലേഷ് കൂട്ടുകെട്ടും ദലിത് ബഹുജന കൂട്ടായ്മകളും ബദൽമാധ്യമങ്ങളും സമൂഹത്തിന്റെ അടിത്തട്ടിൽ നടത്തിയ പ്രചാരണം ഉത്തർപ്രദേശിൽ നന്നായി ഏശിയതോടെയാണ് പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരിണതി മറ്റൊന്നായതും നാനൂറിലേറെ സീറ്റ് എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമായി ഒതുങ്ങിയതും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ചെങ്കോലും ചുഴറ്റി നടന്ന മോദി ഫലപ്രഖ്യാപനത്തിന്റെ മൂന്നാം നാളിൽ എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിന് മുന്നോടിയായി ഭരണഘടനയെ തൊഴുതുവണങ്ങാനും ഡോ. ബാബാസാഹേബ് അംബേദ്കർ നമുക്ക് നൽകിയ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ജീവിതത്തിലെ ഓരോ നിമിഷവും സമർപ്പിക്കുന്നുവെന്ന് പ്രഖ്യാപിക്കാനും വരെ തയാറായതും രാജ്യം കണ്ടു.
പൊതുതെരഞ്ഞെടുപ്പിലെ തിളക്കം മങ്ങിയ വിജയം ഭരണകൂടത്തെ പുനർവിചിന്തനങ്ങൾക്ക് പ്രേരിപ്പിച്ചിട്ടുണ്ടോ? ഭരണഘടനയും സംവരണമുൾപ്പെടെയുള്ള ഭരണഘടന പരിരക്ഷകളും അപായഭീതിയിൽ നിന്ന് മുക്തമാണോ? സർക്കാറിന്റെ രണ്ടര മാസത്തെ ചെയ്തികൾ വിലയിരുത്തിയാൽ അല്ലെന്ന് തന്നെയാണുത്തരം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്രസർക്കാറിലെ ഉന്നത റാങ്കുകളിലേക്ക് കരാർ ജീവനക്കാരെ നിയമിച്ച് സംവരണം അട്ടിമറിക്കാനുള്ള നീക്കം. 24 കേന്ദ്രമന്ത്രാലയങ്ങളിലെ ജോയന്റ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിങ്ങനെ 45 തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്താനാണ് ആഗസ്റ്റ് 17ന് യു.പി.എസ്.സി പരസ്യവിജ്ഞാപനം നടത്തിയിരിക്കുന്നത്. അറുപത് പേജുള്ള വിജ്ഞാപനത്തിൽ സംവരണത്തെക്കുറിച്ച് പരാമർശമേതുമില്ല എന്നു മാത്രമല്ല, പട്ടികജാതി-പട്ടിക വർഗ-പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ സംവരണം നിഷേധിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഒഴിവുകൾ സംവിധാനിച്ചിരിക്കുന്നതു തന്നെ. നാൽപത്തഞ്ച് ഒഴിവുകളെ ഒരുമിച്ച് പരിഗണിക്കുകയാണെങ്കിൽ മാനദണ്ഡപ്രകാരം ആറ് ഒഴിവുകൾ പട്ടിക ജാതി ഉദ്യോഗാർഥികൾക്കും മൂന്നെണ്ണം പട്ടിക വർഗ ഉദ്യോഗാർഥികൾക്കും 12 എണ്ണം മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും നാലെണ്ണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്കും സംവരണം ചെയ്യേണ്ടിവരും. അത് ഒഴിവാക്കാൻ ഓരോ വകുപ്പിലെയും ഒഴിവുകൾ പ്രത്യേകം പ്രത്യേകമായി വിജ്ഞാപനം ചെയ്താണ് സംവരണ നയം മറികടന്ന് സർക്കാർ അട്ടിമറി നടത്തിയിരിക്കുന്നത്.
ആസൂത്രണ ബോർഡ് ഇല്ലാതാക്കി പകരമായി മോദി സർക്കാർ കൊണ്ടുവന്ന നിതി ആയോഗിന്റെ ശിപാർശ പ്രകാരമാണ് സിവിൽ സർവിസിലെ അഗ്നിവീർ പദ്ധതി എന്ന് വിശേഷിപ്പിക്കാവുന്ന മൂന്നു മുതൽ അഞ്ചു വർഷം വരെ നീളുന്ന ഇത്തരം ലാറ്ററൽ എൻട്രി നിയമനങ്ങൾ 2018 മുതൽ കേന്ദ്രസർക്കാർ ആരംഭിച്ചത്. പുതുപ്രതിഭകളെ അവതരിപ്പിക്കാനും മാനവവിഭവശേഷിയുടെ ലഭ്യത വർധിപ്പിക്കാനുമെന്ന അവകാശവാദത്തിന്റെ മറവിൽ ഉദ്യോഗസ്ഥർക്ക് അർഹമായ പ്രമോഷനുകളും പട്ടികജാതി-വർഗ, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് ഭരണഘടനാനുസൃതമായി ലഭിക്കേണ്ട അവസരവും ഇല്ലാതാക്കുകയാണ് സർക്കാർ. സ്വകാര്യ മേഖലക്കായി തുറന്നുവെച്ചതോടെ ധനകാര്യം, തുറമുഖം, കൃഷി ഉരുക്ക്, പരിസ്ഥിതി-കാലാവസ്ഥ മാറ്റം തുടങ്ങിയ തന്ത്രപ്രധാനമായ മന്ത്രാലയങ്ങളിലെ ഉന്നത പദവികളിലേക്ക് സ്ഥാപിതതാൽപര്യക്കാരായ സ്വകാര്യ വ്യവസായികളുടെയും സംഘ്പരിവാർ ഉൾപ്പെടെയുള്ള കൂട്ടായ്മകളുടെയും പ്രതിനിധികൾ പ്രതിഷ്ഠിക്കപ്പെടുമെന്ന കാര്യത്തിലും സംശയം വേണ്ടതില്ല.
സംവരണമില്ലാതാക്കാൻ ഐ.എ.എസിനെ സ്വകാര്യവത്കരിക്കുകയാണെന്നും യു.പി.എസ്.സി നിയമനത്തിന് പകരം ആർ.എസ്.എസ് നിയമനങ്ങളാവും നടക്കുകയെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ആരോപണം ഗൗരവതരം തന്നെയാണ്. പ്രതിപക്ഷ നേതാവിനു പുറമെ, കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സമാജ്‍വാദി പാർട്ടി മേധാവി അഖിലേഷ് യാദവും ഭാരതീയ ആദിവാസി പാർട്ടി, ദ്രാവിഡ മുന്നേറ്റ കഴകം നേതാക്കളും മാത്രമല്ല, ഏറെക്കാലമായി മോദി സർക്കാറിനോട് സൗഹൃദനിലപാട് കൈക്കൊണ്ടുപോരുന്ന ബഹുജൻ സമാജ്‍വാദി പാർട്ടി മേധാവി മായാവതി വരെ സർക്കാറിന്റെ ദലിത് വിരുദ്ധ ദുഷ്ടലാക്കിനെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.
സാമാന്യ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും സങ്കൽപിക്കുക പോലും ചെയ്യാത്ത ഇതുപോലുള്ള ബഹുതല രീതിയിലുള്ള ആയുധങ്ങളാണ് സർക്കാർ പ്രയോഗിക്കുന്നത്. ഭരണഘടനയെ നോക്കുകുത്തിയാക്കി അസ്ഥിരപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുന്നതിൽ ജാഗ്രതയും ആത്മാർഥതയും പുലർത്തിയാൽ മാത്രമേ ജനങ്ങൾ അർപ്പിച്ച വിശ്വാസം നിലനിർത്താനായെന്ന് നമ്മുടെ ജനപ്രതിനിധികൾക്ക് ആശ്വാസം കൊള്ളാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.