Podcasts
ഇന്ത്യയിലെ നീതി സംവിധാനത്തിലെ ഗുരുതര വിള്ളലുകൾ വെളിപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കേട്ട ചില വിധികളും പ്രസ്താവങ്ങളും. 'നിസ്സാര' ജാമ്യാപേക്ഷകളല്ല, ഭരണഘടന വിഷയങ്ങളാണ് സുപ്രീംകോടതി പരിഗണിക്കേണ്ടതെന്ന് ലോക്സഭയിൽ നിയമമന്ത്രി കിരൺ റിജിജു പ്രസ്താവിച്ചത്, ജുഡീഷ്യറിയുടെ പ്രവർത്തനത്തിലുള്ള ഭരണഘടന ബാഹ്യമായ ഇടപെടലായി വിലയിരുത്തപ്പെട്ടത് സ്വാഭാവികം. അതിനുള്ള പരോക്ഷ മറുപടിയെന്നോണം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഒരു പ്രസംഗമധ്യേ പറഞ്ഞത്, കേസുകൾക്ക് വലുപ്പച്ചെറുപ്പമില്ലെന്നും വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ ഇടപെടേണ്ട ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ടെന്നുമാണ്. ഇതിന് തുടർച്ചയായി വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങളുടെയും സംരക്ഷകനെന്ന നിലക്ക് ഭരണഘടന ഒരു ധാർമിക പ്രമാണം കൂടിയാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് മറ്റൊരു പ്രഭാഷണത്തിൽ നിരീക്ഷിച്ചു. നിർഭാഗ്യവശാൽ ഈ താത്ത്വിക നിലപാടിന്റെ അന്തസ്സത്തയെ നിരാകരിക്കുന്നതാണ് ഇന്ന് പൗരജനങ്ങൾ ജുഡീഷ്യറിയിൽനിന്ന് അനുഭവിക്കുന്ന ചില നടപടികളും വിധികളും. ലളിതമായി പറഞ്ഞാൽ, നിയമത്തെ അക്ഷരാർഥത്തിൽ പിന്തുടരുന്നതിനിടെ നീതിനിഷേധത്തിന് ബലം നൽകുന്നു, നമ്മുടെ നീതിന്യായ വ്യവസ്ഥ. ദുരുപയോഗത്തിനും ചൂഷണത്തിനും പഴുതുനൽകുന്ന നിയമങ്ങളെ നീതിയുടെ തുലാസ്സിലിട്ട് പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടാകുന്നു. ബിൽക്കീസ് ബാനു കേസിൽ പ്രതികളുടെ മോചനം തീരുമാനിക്കാൻ ഗുജറാത്ത് സർക്കാറിനാണ് അധികാരമെന്ന വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നു. 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്റെ തീരുമാനത്തിന് പിന്നിലെ നീതിയല്ല, നിയമമാണ് കോടതി നോക്കിയത്. ശിക്ഷ വിധിച്ചത് മുംബൈ കോടതിയായതിനാൽ മഹാരാഷ്ട്ര സർക്കാറാണ് മോചനം തീരുമാനിക്കേണ്ടിയിരുന്നതെന്ന് ബിൽക്കീസ് ബാനു വാദിച്ചെങ്കിലും കുറ്റകൃത്യം നടന്നത് ഗുജറാത്തിലായതിനാൽ അവിടത്തെ സർക്കാറാണ് മോചനം തീരുമാനിക്കേണ്ടതെന്ന് കോടതി പറഞ്ഞു. ഈ വ്യാഖ്യാനത്തോടെ നിയമത്തിൽനിന്ന് നീതിയെ നീക്കംചെയ്യുകയാണ് ഫലത്തിൽ ഉണ്ടായത്.
ജസ്റ്റിസ് തഹൽ രമണിതന്നെ ഈ നീതിരഹിത നിയമത്തിന്റെ ഇരയല്ലേ എന്ന ചോദ്യം ഉയരാനും ഒരു കാരണമുണ്ടായിരിക്കുന്നു. ബോംബെ ഹൈകോടതിയിലായിരിക്കെ ബിൽക്കീസ് ബാനു കേസ് പ്രതികളുടെ ശിക്ഷ സ്ഥിരപ്പെടുത്തിയത് അവരായിരുന്നു. ഇതുമായി കാര്യകാരണബന്ധമുണ്ടായാലും ഇല്ലെങ്കിലും മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസാകേണ്ടിയിരുന്ന അവരെ മേഘാലയ കോടതിയിലേക്ക് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലെ കൊളീജിയം സ്ഥലംമാറ്റിയത് വിവാദമായിരുന്നു. തുടർന്ന് അവർ രാജിവെച്ചു. സ്ഥലംമാറ്റത്തെ ന്യായീകരിച്ച സുപ്രീംകോടതി പറഞ്ഞത് അത് 'നീതി മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കാനാ'ണ് എന്നായിരുന്നു. അവർ രാജിവെച്ചശേഷം സുപ്രീംകോടതി അവർക്കെതിരെ സി.ബി.ഐക്ക് ആരോപണങ്ങൾ കൈമാറി. കഴിഞ്ഞ ദിവസം പാർലമെന്റിൽ സർക്കാർ പറഞ്ഞതാകട്ടെ, ആരോപണങ്ങൾ ഐ.ബിക്ക് ലഭിച്ച വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സി.ബി.ഐ കണ്ടെത്തി എന്നാണ്. 'നീതിയുടെ മെച്ചപ്പെട്ട പുലർച്ച'യല്ല, നിയമത്തിന്റെ അന്ധമായ നടപ്പാക്കലാണിത്. നിയമമാകട്ടെ പ്രവർത്തിക്കുന്നത് ഏറെയും ക്രിമിനലുകൾക്ക് അനുകൂലമായിട്ടും. ബിൽക്കീസ് ബാനു കേസിൽ, പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജികൾ സുപ്രീംകോടതിക്ക് മുന്നിൽ ബാക്കിയുണ്ട്. കേസ് പരിഗണിക്കേണ്ടിയിരുന്ന ബെഞ്ചിൽനിന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി സ്വയം ഒഴിഞ്ഞതോടെ ആ കേസിന് ഇനി പുതിയ ബെഞ്ചിനെ നിർണയിക്കേണ്ടിവന്നിരിക്കുന്നു. സ്വയം ഒഴിയൽ തീർത്തും നിയമാനുസൃതമാണെങ്കിലും അത് നീതിയുടെ പുലർച്ചക്ക് കാലതാമസമുണ്ടാക്കും. നീതി വൈകുന്നതുതന്നെ ഇരകളോടുള്ള അനീതിയാണ്.
സ്റ്റാൻ സ്വാമി എന്ന 84കാരനോട് നമ്മുടെ ജുഡീഷ്യറി ചെയ്തതും നിയമത്തിൽ ശരിയാവാം. പക്ഷേ, 'ജുഡീഷ്യൽ കൊലപാതകം' എന്ന് വിശേഷിപ്പിക്കപ്പെടുവോളം കടുത്ത അനീതിയായി അത്. ജാമ്യംകിട്ടും മുമ്പേ കസ്റ്റഡിയിൽ രോഗങ്ങളോട് മല്ലിട്ട് മരിച്ച അദ്ദേഹം, അറസ്റ്റിലായതുപോലും കള്ളക്കേസിൽ കുടുക്കപ്പെട്ടിട്ടാണെന്ന വിവരം ഈയിടെ പുറത്തുവന്നു. ഭീമ കൊറേഗാവ് കേസിൽ പ്രതികളാക്കപ്പെട്ട സ്റ്റാൻ സ്വാമി അടക്കമുള്ള പലരുടെയും കമ്പ്യൂട്ടറുകളിൽ ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗസസ് മുഖേന കള്ളത്തെളിവുകൾ ആരോ സ്ഥാപിച്ചു എന്നാണ് അമേരിക്കയിലെ 'ആർസനൽ കൺസൾട്ടിങ്' ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ കേസിലും ആസന്നമരണനായ വയോധികനുപോലും ജാമ്യം കൊടുക്കാതിരുന്ന കോടതി തീർപ്പുകൾ തികച്ചും നിയമാനുസൃതമായിരുന്നു; കാരണം നമ്മുടെ 'ഭീകര'നിയമങ്ങൾ അങ്ങനെയൊക്കെയാണ്. ഭരണകൂടത്തിന് വിരോധമുള്ളവർക്കുമേൽ യു.എ.പി.എ പ്രകാരം കള്ളക്കേസെടുത്താൽ നിയമം മാത്രം നോക്കുന്ന കോടതിക്ക് ഇത്രയൊക്കെയേ കഴിയൂ എന്നാണല്ലോ അനുഭവം. നിയമനടപടിക്രമം പോലും അന്യായശിക്ഷയായി വരുമ്പോൾ ചീഫ് ജസ്റ്റിസ് 'ധാർമിക പ്രമാണ'മെന്ന് വിളിക്കുന്ന ഭരണഘടനയുടെ സ്ഥാനമെവിടെയാണ്? ഓർക്കുക, ജർമനിയിലെ നാസി ഭരണവും ഇറ്റലിയിലെ ഫാഷിസവും ദക്ഷിണാഫ്രിക്കയിലെ അപാർതൈറ്റും കൊളോണിയലിസവും വംശീയതയുമെല്ലാം 'നിയമാനുസൃത'മായിരുന്നു. നീതിയില്ലാത്ത നിയമം ഇരട്ടി ബലമുള്ള അനീതിയാകുമെന്ന് ചരിത്രം.
നിയമ വ്യവസ്ഥ നീതിരഹിതമായാൽ