വേവുകളിൽ നിന്നുയിർത്ത ശലഭം
text_fieldsദിവസങ്ങൾ കഴിഞ്ഞാൽ ഫാത്തിമ അസ്ല എന്ന പേരിനു മുന്നിൽ ഡോക്ടർ എന്ന വാക്കുകൂടി ചേരും. ദീർഘനാളത്തെ പ്രയത്നങ്ങളുടെയും വേദനകളുടെയും ഒടുക്കം വന്നുചേരുന്ന തിളക്കം. ചെറിയ യാത്രയായിരുന്നില്ല, കുറഞ്ഞദൂരവും. ദൈർഘ്യമേറിയ ആ യാത്ര അനുഭവസഥയിൽ നിന്ന് വായിച്ചുതുടങ്ങാം. പഠനത്തിനിടയിലെ ആശുപത്രിക്കാഴ്ചകളിൽ നിന്നാണ് തുടക്കം.
ഫിസിയോതെറപ്പിക്ക് വരുന്ന ഓരോ കുഞ്ഞുങ്ങളിലും ഞാൻ കാണാറുള്ളത് കുഞ്ഞിപ്പാത്തുവിനെയാണ്. വേദനിക്കുമോ എന്നുപേടിച്ച് അവർ കരയുമ്പോൾ വരുന്ന ഓരോ കാലൊച്ചകളും ഡോക്ടറുടെ ആയിരിക്കുമെന്ന് കരുതി കരഞ്ഞിരുന്ന കുഞ്ഞിപ്പെണ്ണിെൻറ മുഖം മനസ്സിലേക്ക് ഓടിയെത്തും. അവർ നടക്കുമ്പോൾ വിരൽ പോലും അനങ്ങിയാൽ വേദന കൊണ്ട് പുളഞ്ഞിരുന്ന എെൻറ കാലിലേക്ക് ഞാൻ അറിയാതെ നോക്കിപ്പോകും. കൈ കുത്തി അവർ ഇഴഞ്ഞുനീങ്ങുമ്പോൾ കൈകളുടെ മാർദവം നഷ്ടപ്പെടുമോ, മുറിയുമോ എന്ന് ആകുലപ്പെടും.
അമ്മമാരുടെ മുഖത്തെ പ്രതീക്ഷ കാണുമ്പോൾ ഞാൻ എെൻറ ഉമ്മച്ചിയുടെ മുഖമോർക്കും. അവരുടെ നാളെകൾ എങ്ങനെയായിരിക്കുമെന്ന് ആശങ്ക തോന്നുമ്പോൾ ഞാൻ ഇപ്പോഴത്തെ പാത്തുവിനെ ഓർക്കും. അവർ അതിജീവിക്കുമെന്ന പ്രതീക്ഷ ചിരിയാവും. വേദനിക്കുന്ന, കരയുന്ന ഓരോ കുഞ്ഞിനും പറഞ്ഞുകൊടുക്കാനുള്ളത് എന്നെക്കുറിച്ചു തന്നെയാണ്.
ജീവിതം സന്ദേശമാവുന്നതിലും വലിയ പുണ്യമെന്താണുള്ളത്! അതുതന്നെയല്ലേ അത്ഭുതവും. അതെ, കുഞ്ഞിപ്പാത്തുവെന്ന് സ്വയം വിളിച്ച ഫാത്തിമ അസ്ല അത്ഭുതം തന്നെയാണ്. സ്വയം ഒരു കഥയും സന്ദേശവും അതിലേറെ പ്രചോദനവും.
വാടിനിന്നൊരു പൂവിനെ സഹനത്തിെൻറയും അതിജീവനത്തിെൻറയും പാഠങ്ങൾ പകർന്ന് നിറവും മണവും ഉള്ളതാക്കി വളർത്തിയെടുത്തൊരു കഥയാണിത്. ചെറിയ ദൗർബല്യങ്ങളാൽ ക്ലേശിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ അവസാനിപ്പിച്ച് വിധിയുമായി സഹകരണത്തിലെത്തുന്ന അച്ഛനമ്മമാർ ഇൗ കഥ വായിക്കേണ്ടതുണ്ട്. ഇത് ഫാത്തിമ അസ്ലയുടെ അതിജീവനത്തിെൻറ മാത്രം കഥയല്ല, പ്രചോദനമായിനിന്ന ഒരു മാതാവിെൻറതുകൂടിയാണ്, കരുത്തായി നിന്ന പിതാവിെൻറതുമാണ്. കുഞ്ഞിപ്പാത്തു എന്നത് ഇവിടെ ഒരു വിജയത്തിെൻറ പേരാണ്.
കുറച്ചുവർഷം പിറകിലേക്കുപോകാം. താമരശ്ശേരി തേക്കുതോട്ടത്തിനടുത്ത ചെറിയൊരു വീട്ടിലേക്ക്. അവിടെ ഉമ്മറ വരാന്തയിൽ തനിച്ചൊരു പെൺകുട്ടി പുറത്തേക്ക് നോക്കിയിരിപ്പാണ്. കളിയും ചിരിയുമായി പുറത്ത് കുട്ടികൾ ഉല്ലസിക്കുേമ്പാൾ വേദനചുറ്റിവരിയുമെന്ന
ഭീതിയിൽ അനങ്ങാതെ തനിച്ചിരിക്കുന്ന പെൺകുട്ടി. കളിയില്ല, കൂട്ടുകാരുമില്ല. എഴുന്നേൽക്കാനോ നടക്കാനോ വയ്യ. എല്ലുകൾക്ക് തീരെ ബലമില്ല. ഒന്നു വീണാൽമതി. ഉള്ളാകെ നുറുങ്ങും. വീഴ്ചകൾക്കും വേദനകൾക്കും ഇടയിലൂടെ കടന്നുപോയ എത്രയോ രാപ്പകലുകൾ. അവൾക്ക് ഉമ്മ ആമിന ഇമചിമ്മാതെ കൂട്ടിരുന്നു. വീഴുേമ്പാഴെല്ലാംകുഞ്ഞിനെയുമെടുത്ത് പിതാവ് അബ്ദുന്നാസർ ആശുപത്രിയിേലക്കോടി.
ആദ്യം തുടയെല്ല് പൊട്ടിയത് ജനിച്ചു മൂന്നു ദിവസം ആയപ്പോഴാണത്രെ. അന്ന് മെഡിക്കൽ കോളജിൽ തല മാത്രം താഴെയാക്കി രണ്ട് കാലും മുകളിലേക്ക് ഉയർത്തി കെട്ടിവെച്ച് കിടത്തിയപ്പോൾ അവൾ എത്ര കരഞ്ഞുകാണും...? ഉമ്മച്ചി മുട്ടിലിരുന്നായിരുന്നു പോലും കുഞ്ഞിപ്പെണ്ണിനെ പാലൂട്ടിയത്. പിന്നീട് അപ്പ ഈ കഥ പറയുമ്പോൾ അവൾ സ്വയം കണ്ണാടി നോക്കും, ആ കുഞ്ഞിനെ ഓർത്ത് ആരും കാണാതെ കരയും. വേദനയുടെ ദൂരം താണ്ടാൻ അനുഭവങ്ങളെക്കാൾ വലിയ മരുന്നില്ലെന്ന് കരുതി പിന്നെ ആശ്വസിക്കും. അസ്ഥി ഒടിയൽ രോഗമായിരുന്നു കുഞ്ഞുപ്പാത്തുവിന്. എന്ന് തീരുമെന്നോ ശരിയാകുമെന്നോ അറിയാത്ത ദീനം. ജീവിതത്തിന് മുന്നിൽ നിശ്ചലയായി നെടുവീർപ്പിട്ടു പോകുന്ന ദിനങ്ങൾ!
മകൾ ഒറ്റയായിപ്പോകാതിരിക്കാനുള്ള മാർഗം വിദ്യാഭ്യാസം നൽകലാണെന്ന് രക്ഷിതാക്കൾ തിരിച്ചറിഞ്ഞ നിമിഷംമുതലാണ് ആ ജീവിതത്തിെൻറ ദശാസന്ധി. പ്രയാസങ്ങൾ എല്ലാം നിലനിൽക്കെ തേക്കുതോട്ടം ഗവ. എൽ.പി. സ്കൂളിൽ കുഞ്ഞിനെ ഒന്നാം ക്ലാസിൽ ചേർത്തു. വീട്ടിൽനിന്ന് സ്കൂളിലേക്ക് ദൂരും കുറച്ചുണ്ട്. രണ്ട് കിലോമീറ്ററിലേറെ.
കയറ്റവും ഇറക്കവുമുള്ള വഴി. രാവിലെ വീട്ടുജോലികൾ പാതിയിലെത്തിച്ച് ഒരു വശത്ത് മകളും മറുവശത്ത് സ്കൂൾ ബാഗുമായി ഉമ്മ നടന്നുതുടങ്ങും. സ്കൂൾ വിടും നേരം വീണ്ടും. ഫാത്തിമയുടെ ഒരു ദിവസയാത്രക്കായി അവർ സ്കൂളിനും വീടിനും ഇടയിൽ നടന്നത് നാലുതവണ. മഴയും വെയിലും വകവെക്കാതെ നാലുവർഷം. പൂനൂർ യു.പി സ്കൂളിൽ എത്തിയതോടെ യാത്ര ഒാേട്ടാറിക്ഷയിലായി,
അേപ്പാഴും ഉമ്മ കൂട്ടുപോയി. ചില ദിവസങ്ങളിൽ ഓട്ടോറിക്ഷ വരില്ല. കുഞ്ഞിപ്പാത്തുവിന് അപ്പോൾ നല്ല ദേഷ്യം വരും. അവൾക്ക് വീടിന് പുറത്തെ ആകെ ലോകം ക്ലാസ് മുറിയാണല്ലോ, അതും നഷ്ടപ്പെട്ടാൽ! പിന്നൊരുനാൾ മനസ്സിലായി ഓേട്ടാക്കാരന് നൽകാൻ ഉപ്പയുടെ കൈയിൽ പണമില്ലാത്തപ്പോഴാണ് ഓട്ടോ വരാത്തതെന്ന്. ആ നിമിഷം മുതൽ അവൾ വാശി ഉപേക്ഷിച്ചു. താമരശ്ശേരി ഗവ. ഹൈസ്കൂളിൽ പ്ലസ്വണിന് പഠിക്കുേമ്പാൾ മുച്ചക്ര വാഹനം കിട്ടിയതോെട യാത്ര എളുപ്പമായി. ഇതിനിടയിൽ ഫാത്തിമ സഹിച്ച വേദനയെത്ര! എല്ലുകൾ എത്രയോ തവണ പൊട്ടി. എത്രയെന്നുപോലും ഒാർമ പോരാ. തുടർച്ചയായ പ്ലാസ്റ്റർ ഇടലുകൾ മടുത്തതോടെ ഇടക്ക് നാട്ടുവൈദ്യനെ കാണിച്ചുതുടങ്ങി. ഒരിക്കൽ ഒരുകാലിൽ ഉഴിഞ്ഞ് എല്ലുറപ്പിക്കുേമ്പാൾ വേദനകൊണ്ട് ബലം പിടിച്ചതോടെ മറ്റേ കാലും ഒടിഞ്ഞു. ഇതോടെ അതും നിർത്തി. ഉറക്കത്തിൽ തിരിഞ്ഞുകിടക്കാൻ പോലും പേടിച്ചു. പൊട്ടുന്നിടത്ത് ഉപ്പുവെച്ചുകെട്ടി, വേദനയെ മറികടക്കാൻ ശ്രമിച്ചു.
അങ്ങനെയിരിക്കെ ജീവിതത്തിൽ പുതിയൊരു പ്രതീക്ഷ വന്നുചേർന്നു. ഏഴാം ക്ലാസിൽ പഠിക്കുേമ്പാഴായിരുന്നു അത്. കാലിലെ സർജറിക്കായി ഫാത്തിമ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി. ചുറ്റും ഒരുപാടുപേർ- വയ്യാത്തവർ. അവർക്കിടയിൽ സ്നേഹസ്പർശവുമായി ഒാടിനടക്കുന്ന ഡോക്ടർമാരും നഴ്സും. ഫാത്തിമ അവരെയങ്ങനെ നോക്കിയിരിക്കും. അത്തരത്തിലൊരു ദിവസം ഡോക്ടർ രാജു അരികിലെത്തി. 'പഠിച്ച് ഫാത്തിമയും ഡോക്ടറാകണം. നിന്നെപ്പോലുള്ളവർക്ക്, മറ്റനേകം പേർക്ക് സഹായമാകണം'. േഡാക്ടറുടെ വാക്കുകൾ ഫാത്തിമ ഉള്ളിൽ കൊളുത്തിയിട്ടു. ഇളകിപ്പോകാതെ അതവിടെ ചേർന്നുനിന്നു വളർന്നുതുടങ്ങി. അവളത് ഉമ്മേയാട് പറഞ്ഞു. മകളെ ചേർത്തുപിടിച്ച് ആ ഉമ്മ പറഞ്ഞു -മോൾക്കത് കഴിയും, ഉമ്മക്കത് കാണണം.
കാലം പിന്നെയും കടന്നുപോയി. കുഞ്ഞുപ്പാത്തു പത്താം തരവും പ്ലസ്ടുവും നല്ല മാർക്കോടെ വിജയിച്ചു. ഉള്ളിൽ മുളപൊട്ടിയ മോഹത്തിെൻറ പുറത്ത് മെഡിക്കൽ എൻട്രൻസും എഴുതി. അങ്ങനെ അവൾ മെഡിക്കൽ ബോർഡിന് മുന്നിലെത്തി. വീൽചെയറിൽ പ്രയാസപ്പെട്ട് കയറിവന്ന പെൺകുട്ടിയെ നോക്കി അവർ പറഞ്ഞു- വലിയൊരു കോഴ്സ് പഠിക്കാനുള്ള ആരോഗ്യം നിങ്ങൾക്കില്ല. ഡോക്ടർ മോഹം ഉപേക്ഷിച്ചുകൊള്ളൂ. അവർ ഫയൽ ക്ലോസ് ചെയ്തു.
പെൺകുട്ടി തിരിച്ചുപോന്നു. മോഹങ്ങൾ അവസാനിപ്പിച്ചില്ല. വൈകാതെ താമരശ്ശേരിയിൽ നിന്നവൾ കോഴിക്കോേട്ടക്ക് വണ്ടികയറി. മെഡിക്കൽ എൻട്രൻസ് പരിശീലനത്തിന് പ്രൈം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. തെറ്റായ തീരുമാനമെന്ന് ചുറ്റുമുള്ളവർ പറഞ്ഞു. ഒരിക്കൽകൂടി അവസരം നിഷേധിക്കപ്പെട്ടാൽ എന്തുചെയ്യും? പഠിക്കാൻ പണവും വേണം. കഷ്ടിച്ചു തള്ളിനീങ്ങുന്ന കുടുംബത്തിന് അത് താങ്ങാനാകില്ല. അപ്പോഴും വിജയിച്ചുവരുമെന്ന വിശ്വാസം അവൾ ഇളക്കം തട്ടാതെ സൂക്ഷിച്ചു. അതിന് ഫലമുണ്ടായി. പഠനത്തിന് സ്പോൺസർഷിപ്പുമായി കാരന്തൂർ മർകസ് അരികിലെത്തി. പിന്നെയെല്ലാം ശരിയായ വഴിയിലായി. 2015ൽ ഫാത്തിമ പിന്നെയും പരീക്ഷയെഴുതി. വീണ്ടും മെഡിക്കൽ ബോഡിന് മുന്നിലേക്ക് പോകേണ്ടിവന്നപ്പോൾ വീൽചെയറിന് പകരം പ്രയാസെപ്പെട്ടങ്കിലും വാക്കർ ഉപയോഗിച്ചു. പഴയപോലെ തടസ്സം ഉണ്ടായില്ല. കോട്ടയം എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളജിലേക്ക് പ്രവേശനം കിട്ടി.
പുതിയ അന്തരീക്ഷത്തിലെത്തിയതോടെ കുഞ്ഞിപ്പാത്തുവിെൻറ ചിന്തകളാകെ മാറി. ശാരീരിക പ്രയാസങ്ങൾ അേപ്പാഴും ബാക്കിയായിരുന്നു. മറ്റുള്ളവർ കോളജിൽ പറന്നുനടക്കുേമ്പാൾ കുഞ്ഞിപ്പാത്തു ചക്രക്കസേരയിലിരുന്ന് കിതച്ചു. അവ കുറച്ചെങ്കിലും മറികടന്നതിന് കൂട്ടുകാരോട് നന്ദിപറയണം. നയന, ശ്രീലക്ഷ്മി, ഹരിപ്രിയ, മെർലിൻ, ഗുരുപ്രഭ, നൂർബിന എന്നിവർ കൂട്ടുകാർ മാത്രമായിരുന്നില്ല. ആൺസുഹൃത്തുക്കൾ എത്രതവണയാണ് അവളെ വീൽചെയറിനൊപ്പം പൊക്കി മുകൾനിലയിലെത്തിച്ചത്. യാത്രകളിലും ടൂറിലും ഉയർത്തിനടന്നത്.
കോട്ടയത്ത് വാടക വീടെടുത്ത് ഉപ്പയും ഉമ്മയും മകൾക്ക് മാറിമാറി കൂട്ടിരുന്നു. അവർ ഇല്ലെങ്കിൽ അവളുടെ ലോകം ഇരുണ്ടുപോയേനെ. വർഷങ്ങളായിട്ട് പാത്തുവിെൻറ ഉപ്പ അഞ്ചുമണിക്ക് എഴുന്നേൽക്കും. ഭക്ഷണം ഉണ്ടാക്കും. മകളുടെ ഉടുപ്പും കോട്ടും അലക്കും. വീട് അടിച്ചുവാരും. ഇടക്കിടക്ക് ചൂടുള്ള പാത്രങ്ങൾ അറിയാണ്ട് തൊട്ട് പോവും.
ചിലപ്പോൾ കടുക് പൊട്ടിത്തെറിക്കും. ശരീരം പൊള്ളും. എന്നിട്ടും അയാളൊന്നും മകളോട് പറഞ്ഞതേയില്ല. ആ നിശ്ശബ്ദമായ വേദനയും സങ്കടങ്ങളുമാണ് കുഞ്ഞിപ്പാത്തുവിെൻറ വെളിച്ചം. എല്ലായിടത്തും ജീവിതം തോൽപ്പിക്കാൻ ശ്രമിച്ച രണ്ട് മനുഷ്യർ മകളിലേക്ക് ലോകം ഒതുക്കി അവളിലൂടെ ജീവിച്ചു.
ഇതിനിടെ നെട്ടല്ലിനുള്ള ശസ്ത്രക്രിയ കഴിഞ്ഞു. ഇപ്പോൾ സ്വൽപം എഴുന്നേറ്റുനിൽക്കാം. വാക്കർ പിടിച്ചു നടക്കാം. ഇങ്ങനെയൊക്കെ കഴിയുമെന്ന് ഒരിക്കൽ ഇൗ പെൺകുട്ടി നിനച്ചിരുന്നതേയില്ല. ഏറെ പ്രയാസകരമായിരുന്ന ആശുപത്രിക്കാലം അവൾ പിന്നീട് ഇങ്ങനെ എഴുതിയിട്ടു.
'എത്രയോ കാലമായിട്ട് ചെറിയ വേദനയെങ്കിലും ഇല്ലാത്ത ഒരു ദിവസം പോലും ജീവിതത്തിലൂടെ കടന്നുപോയിട്ടില്ല. പേക്ഷ, scoliosis correction surgery ക്ക് ശേഷം അനുഭവിച്ചത് അതുവരെ അനുഭവിച്ചതിനേക്കാൾ എത്രയോ ആഴത്തിലുള്ള വേദനയാണ്. ബോധം വരുമ്പോൾ വെള്ളത്തിനുവേണ്ടി കരയും, നേരം വെളുക്കട്ടെ വെള്ളം തരും എന്ന് പറയുമ്പോൾ ഐ.സി.യുവിെൻറ ജനലിലൂടെ പുറത്തേക്ക് നോക്കും. എവിടെനിന്നോ വരുന്ന വെളിച്ചം കാണുമ്പോൾ നേരം വെളുക്കാനായല്ലോ എന്ന് ആശ്വസിച്ച് ഉറങ്ങിപ്പോകും. ഇങ്ങനെ എത്രസമയം എഴുന്നേറ്റും കരഞ്ഞും ബഹളംവെച്ചും ഉറങ്ങിയും ഞാൻ ചെലവഴിച്ചു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. രാത്രി ആയിരുന്നോ പകലായിരുന്നോ എന്നും ഓർമയില്ല. ഇടക്കിടക്ക് ഛർദിക്കു േമ്പാൾ വായ് കഴുകാൻ ഒന്നോ രണ്ടോ സ്പൂൺ വെള്ളം തരും. ആരും അറിയാതെ അതിൽ നിന്ന് കുറച്ച് കുടിക്കും. പേക്ഷ അത് ദാഹം കുറക്കുന്നതിന് പകരം ഛർദിയുടെ ശക്തി കൂട്ടി. മരുന്നുകൾ മാറി മാറി കുത്തിവെച്ചിട്ടും പിന്നെയും പിന്നെയും ഛർദിച്ചുകൊണ്ടിരുന്നു. വേദന കൂടിക്കൊണ്ടിരുന്നു. ഡോക്ടർമാരുടെ മുമ്പിൽ ഞാൻ കരയാൻ തുടങ്ങി.
ഉറങ്ങാനുള്ള മരുന്ന് തരുമോ എന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു. ഒരു ഭാഗത്തേക്കും തിരിഞ്ഞ് കിടക്കാൻ കഴിയാതെ, എഴുന്നേറ്റ് ഇരിക്കാൻ ശക്തിയില്ലാതെ, വേദനസംഹാരികൾ തന്നിട്ടും വേദന മാറാതെ, വയർ നിറയെ ഭക്ഷണം കഴിക്കാൻ കഴിയാതെ, ഉറങ്ങാൻ കഴിയാതെ എത്ര ദിവസങ്ങളാണ് കടന്നുപോയത്. വേദന അസഹ്യമായപ്പോൾ പല തവണ എനിക്ക് ഞാൻ ആവേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഒരു വേദനയും ഇല്ലാത്തവരോട് അസൂയ തോന്നിയിട്ടുണ്ട്. അനുഭവിച്ച വേദന വാക്കുകളിലേക്ക് ഒതുക്കാൻ കഴിയില്ല. അത് അത്രത്തോളം തീവ്രവും ഭയാനകവുമായിരുന്നു. ഈ വേദന മാറി ഇനി എനിക്ക് എഴുന്നേറ്റ് ഇരിക്കാൻ കഴിയുമോ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ആ ഞാൻ ഇന്ന് എഴുന്നേറ്റ് രണ്ടടി ആണെങ്കിലും നടക്കുന്നു. വന്ന വഴികൾ എളുപ്പമായിരുന്നില്ല. തളരാതെ പിടിച്ചു നിർത്തിയത് കൂടെയുള്ളവരുടെ സ്നേഹമാണ്. എന്നെ പരീക്ഷിക്കുമ്പോഴും അഗാധമായി സ്നേഹിക്കുന്ന ഉടയോെൻറ കാരുണ്യമാണ്.'
ഓർമകൾ ഇനിയുമുണ്ട്. ചിന്തകളും സ്വപ്നങ്ങളും. അവയെല്ലാം 'ഡ്രീം ബിയോണ്ട് ഇൻഫിനിറ്റി എന്ന യൂട്യൂബ് ചാനലിൽ' കേൾക്കാം. പിന്നെയും പറയാനുള്ളത് 'നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി' എന്ന പുസ്തകത്തിൽ വായിക്കാം. കോവിഡ് നീട്ടി നീട്ടിക്കൊണ്ടുപോയ അവസാന പരീക്ഷയുടെ തിരക്കുകളിലാണിപ്പോൾ ഫാത്തിമ അസ്ല. അത് തീരുന്നതോടെ ഈ ജീവിതത്തിൽ ഒരു യുഗം അവസാനിക്കും.
എന്തെല്ലാം അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്! തിരിഞ്ഞുനോക്കുേമ്പാൾ ഒരു ശലഭത്തിെൻറ പിറവിപോലെ തോന്നും. ഇരുളും വെട്ടവും അറിയാതെ ഏതോ കൂട്ടിൽ ഉറങ്ങി, ഒടുവിൽ മനോഹരമായ ചിറകുവിരിച്ച് വാനിലേക്ക് ഉയരുന്ന ശലഭം. സഹനവും വേദനയും വഴിയിൽ ഉപേക്ഷിച്ച ആ ശലഭം ഇനി പറന്നു നടക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.