ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സൗദി ഫിലിം കമീഷൻ പങ്കെടുക്കും
text_fieldsഅൽ ഖോബാർ: കാനഡയിൽ നടക്കുന്ന 48ാമത് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (ടി.ഐ.എഫ്.എഫ്) സൗദി ഫിലിം കമീഷൻ പങ്കെടുക്കും. സൗദി ചലച്ചിത്ര വ്യവസായത്തിന്റെ വികാസത്തിനും സിനിമ ചിത്രീകരണത്തിനുള്ള ലൊക്കേഷനായി രാജ്യത്തെ ഭൂപ്രകൃതിയെ ലോകശ്രദ്ധയിൽ കൊണ്ടുവരാനും സൗദി സിനിമകൾക്ക് കൂടുതൽ പിന്തുണ ലഭിക്കാനും ഈ മാസം ഏഴു മുതൽ 17 വരെ നടക്കുന്ന ചലച്ചിത്രമേള സഹായിക്കുമെന്നാണ് കരുതുന്നതെന്ന് കമീഷൻ വ്യക്തമാക്കി.
അൽ ഉല ഫിലിം, നിയോം, ദ കിങ് എന്നിവയുൾപ്പെടെ സിനിമ വ്യവസായവുമായി ബന്ധപ്പെട്ട നിരവധി ദേശീയ സംഘടനകളുടെ സഹകരണത്തോടെ കമീഷൻ മേളയിൽ സൗദി പവിലിയൻ ഒരുക്കുന്നുണ്ട്. അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചർ (ഇത്റ), റെഡ് സീ ഫിലിം ഫെസ്റ്റിവൽ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പവിലിയൻ സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്ര അവാർഡുകളോ മികച്ച ബോക്സ് ഓഫിസ് വരുമാനമോ നേടിയ പ്രമുഖ സൗദി സിനിമകളെ ഉയർത്തിക്കാട്ടുന്ന സിനിമാറ്റിക് എക്സിബിഷൻ പവിലിയനിലെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്നു.
രാജ്യത്ത് അതിവേഗം വളരുന്ന ചലച്ചിത്ര വ്യവസായത്തെയും ഇതുവരെയുള്ള വിജയങ്ങളെയും ഉയർത്തിക്കാട്ടുക, സൗദിയിലെ പ്രതിഭകളെ പിന്തുണക്കുക, അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലൊന്നായ ടൊറന്റോ മേള വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ മുതലെടുക്കുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് സൗദി ഫിലിം കമീഷൻ അറിയിച്ചു.
‘വിഷൻ 2030’ന്റെ ഭാഗമായി സാംസ്കാരിക, വികസന, വൈവിധ്യവത്കരണ പദ്ധതിയുടെ കീഴിൽ സാംസ്കാരിക വിനിമയം വർധിപ്പിക്കാനുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ വിജയമാണ് ചലച്ചിത്രോത്സവത്തിലെ തങ്ങളുടെ സാന്നിധ്യമെന്നും കമീഷൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.